തിരുവനന്തപുരം > മണ്ഡല-മകരവിളക്ക് മഹോത്സവകാലത്ത് പ്രതിവര്‍ഷം ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവിടുന്നത് കോടികള്‍. തീര്‍ഥാടകര്‍ക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റു സൗകര്യങ്ങള്‍ക്കുമായി വിപുലമായ സംവിധാനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ എല്ലാവര്‍ഷവും ഏര്‍പ്പെടുത്തുന്നത്. പ്രതിവര്‍ഷം 300 കോടിയിലധികമാണ് സര്‍ക്കാര്‍ ചെലവിടുന്നത്.
ദേവസ്വംവകുപ്പ് ശബരിമലയില്‍മാത്രം പത്തുകോടിയാണ് കഴിഞ്ഞ വര്‍ഷം അനുവദിച്ചത്. ഈ വര്‍ഷവും ഈ തുക അനുവദിച്ചു. ജില്ലകളിലെ ഇടത്താവളങ്ങളില്‍ തീര്‍ഥാടകര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്താന്‍ രണ്ടുകോടിയും. മണ്ഡല മകരവിളക്ക് കാലയളവില്‍ ശബരിമല റോഡുകളുടെ പുനരുദ്ധാരണത്തിനായി ഇക്കുറി 200 കോടിയാണ് സംസ്ഥാനം അനുവദിച്ചത്. റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പോയവര്‍ഷം 150 കോടിയായിരുന്നു സര്‍ക്കാര്‍ അനുവദിച്ചത്. ദേവസ്വത്തിനു പുറമെ പൊതുമരാമത്ത്, ആരോഗ്യം, ജലവിഭവം, തദ്ദേശസ്വയംഭരണം, ആഭ്യന്തരം, വൈദ്യുതി തുടങ്ങി നിരവധി വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് എല്ലാവര്‍ഷവും ശബരിമലയില്‍ തീര്‍ഥാടകര്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിന് ഈ വര്‍ഷവും 25 കോടി സംസ്ഥാന സര്‍ക്കാര്‍ നീക്കിവച്ചു.
ശബരിമല ഇടത്താവള സമുച്ചയനിര്‍മാണത്തിന് അടുത്തിടെ കിഫ്ബി പദ്ധതിയില്‍ 100 കോടിയുടെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. കിഫ്ബിയില്‍ നടപ്പാക്കുന്ന പദ്ധതിക്കായി ദേവസ്വംബോര്‍ഡ് കരാര്‍ ഒപ്പിട്ടു. ഇതിന്റെ ഭാഗമായി നിലയ്ക്കലില്‍ 35 കോടിയുടെ ഇടത്താവള സമുച്ചയം നിര്‍മിക്കും.
50,000 ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ ടാങ്ക്, ബയോഗ്യാസ് പ്ലാന്റ്, തടയണ, ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയടക്കമുള്ള ഇടത്താവള സമുച്ചയനിര്‍മാണം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. പമ്പയില്‍ അഞ്ച് എംഎല്‍ഡി സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മിക്കുന്നതിന് 45 കോടി ചെലവഴിക്കും. നിലയ്ക്കലില്‍ ആധുനിക വാഹന പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിക്കുന്നതിന് അഞ്ചുകോടിയും നല്‍കും. എരുമേലി, ചെങ്ങന്നൂര്‍, കഴക്കൂട്ടം മഹാദേവ ക്ഷേത്രം, ചിറങ്ങര, ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രം, മണിയന്‍കോട് എന്നീ ക്ഷേത്രങ്ങളില്‍ 10 കോടിവീതം ചെലവിട്ട് ഇടത്താവള സമുച്ചയം നിര്‍മിക്കും. ഇതുകൂടാതെ റാന്നിയില്‍ ആധുനിക പാര്‍ക്കിങ് ഗ്രൗണ്ട് സജ്ജമാക്കാന്‍ അഞ്ചുകോടിയും നല്‍കും.
നിലയ്ക്കല്‍ ബെയ്‌സ് ക്യാമ്പാക്കുന്നതിനും വിപുലമായ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രതിദിനം 60 ലക്ഷം ലിറ്റര്‍ കുടിവെള്ളം നിലയ്ക്കലില്‍ സംഭരിക്കാനുള്ള സംവിധാനമാണ് വാട്ടര്‍ അതോറിറ്റി ഏര്‍പ്പെടുത്തുന്നത്. മഹാപ്രളയത്തെതുടര്‍ന്ന് ശബരിമലയിലും പമ്പയിലും വൈദ്യുതിബോര്‍ഡിനും വാട്ടര്‍ അതോറിറ്റിക്കും ലക്ഷങ്ങളുടെ നാശമുണ്ടായി. എന്നാല്‍, ഇവ യുദ്ധകാലാടിസ്ഥാനത്തില്‍ പുനഃസ്ഥാപിക്കാന്‍ രണ്ട് വകുപ്പിനും കഴിഞ്ഞു.
No comments:
Post a Comment