പരിപാവനമെന്നും പവിത്രമെന്നും വിശ്വാസികൾ കരുതുന്ന സന്നിധാനത്ത് രക്തം വീഴ‌്ത്താൻ ഇരുപതു പേരെ ഒരുക്കി നിർത്തിയിരുന്നു എന്ന രാഹുൽ ഈശ്വറിന്റെ വെളിപ്പെടുത്തൽ കലാപമുണ്ടാക്കാനുള്ള ഒരു വഴി മാത്രമായിരുന്നു. കോടതി വിധിയുടെ ബലത്തിൽ ശബരിമല കയറാൻ പൊലീസ‌് സംരക്ഷണം തേടിയ രഹ്ന ഫാത്തിമ ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനുമായി ശബരിമല വിഷയത്തിലെ അഭിപ്രായം പങ്കിട്ട വ്യക്തിയാണെന്നതിനു തെളിവ് വന്നു. സ്ത്രീകൾക്കെന്തിന് വിലക്ക് എന്നാണ് സുരേന്ദ്രൻ അന്ന് ചോദിച്ചത്. ആ അഭിപ്രായം രഹ്‌നയുടേതുമാണ്. അക്കാര്യം മറച്ചുവയ‌്ക്കാതെ സുരേന്ദ്രൻ സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെട്ടിട്ടുണ്ട്. തന്ത്രി കുടുംബം വിവാദത്തിലുണ്ട്. തന്ത്രിക്ക് നിർദേശം കൊടുക്കുന്നത് താനാണ് എന്ന് ശ്രീധരൻപിള്ള പറഞ്ഞിരിക്കുന്നു.
ശ്രീധരൻപിള്ള നിയമജ്ഞനാണ്; അഭിഭാഷകനാണ്; ബിജെപി നേതാവാണ്. അതിലൊന്നും ആരും തർക്കിക്കുന്നില്ല. അതിനൊക്കെ പുറമെ മറ്റൊരു ജോലികൂടി അദ്ദേഹം ഏറ്റെടുത്തിരിക്കുന്നു എന്നതാണ് പുതിയ വെളിപ്പെടുത്തൽ. യുവമോർച്ച യോഗത്തിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്: ‘‘അതിനു പല തട്ടുകളുണ്ട്. അവർ കൊണ്ടുപോയി എന്ന് കരുതുക. കൊണ്ടുപോയാൽ എന്ത് ചെയ്യണമെന്ന് ചിന്തിക്കാൻ കഴിവുള്ള, അതിനു സജ്ജമാക്കപ്പെട്ട തന്ത്രി സമൂഹമുണ്ട്. ആ തന്ത്രി സമൂഹത്തിന‌് ഇന്ന് കൂടുതൽ വിശ്വാസം എന്നെ സംബന്ധിച്ചിടത്തോളം ബിജെപിയിലുണ്ട്. അല്ലെങ്കിൽ സംസ്ഥാന അധ്യക്ഷനിലുണ്ട്. അന്ന് സ്ത്രീകളെയുംകൊണ്ട് അവിടെ അടുത്തെത്തിയ അവസരത്തിലാണ‌് ആ തന്ത്രി വിളിച്ചത്, മറ്റൊരു ഫോണിൽനിന്ന‌് വിളിച്ചു എന്നോട് സംസാരിച്ചപ്പോൾ അദ്ദേഹത്തോട് ഒരു വാക്ക് പറഞ്ഞു. എന്തോ അറം പറ്റിയതുപോലെ ആ വാക്ക് ശരിയാകുകയും ചെയ‌്തു. അദ്ദേഹം വിളിച്ചു, അദ്ദേഹം അല്പം അസ്വസ്ഥനായിരുന്നു. ഇത് പൂട്ടിയാൽ കോടതി വിധി ലംഘിച്ചു എന്ന് വരില്ലേ. കോടതി അലക്ഷ്യമാകില്ലേ. പൊലീസുകാർ അദ്ദേഹത്തെ ഭയപ്പെടുത്തി. ആ സമയത്ത് അദ്ദേഹം വിളിച്ച കൂട്ടത്തിൽ ഒരാൾ ഞാനായിരുന്നു. ഞാൻ പറഞ്ഞു, തിരുമേനി, തിരുമേനി ഒറ്റയ‌്ക്കല്ല, ഇത് കണ്ടിട്ടും കൂട്ട് നിൽക്കലല്ല, കൺടംപ്റ്റ് ഓഫ് കോർട്ട് കേസെടുക്കുന്നുവെങ്കിൽ ആദ്യം ഞങ്ങളുടെ പേരിലായിരിക്കും എടുക്കുക. പതിനായിരക്കണക്കിന് ആളുകൾ ഉണ്ടാകും. കൂട്ടത്തിൽ തിരുമേനി ഒറ്റയ‌്ക്കല്ല എന്ന് പറഞ്ഞപ്പോൾ രാജീവരര് എനിക്ക് "സാറ് പറഞ്ഞ ആ ഒരൊറ്റ വാക്ക് മതി’ എന്ന് പറഞ്ഞുകൊണ്ട് ഒരു ദൃഢമായ തീരുമാനം അന്ന് എടുക്കുകയുണ്ടായി. ആ തീരുമാനമാണ് വാസ‌്തവത്തിൽ പൊലീസിനെയും ഭരണകൂടത്തെയും അങ്കലാപ്പിലാക്കിയത്. അദ്ദേഹം വീണ്ടും അതുപോലെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.’’
"താങ്കൾ ഒറ്റയ‌്ക്കല്ല, പതിനായിരക്കണക്കിന് ആളുകൾ ഉണ്ടാകും’ എന്നാണ് പിള്ള ശബരിമല തന്ത്രിയോട് പറയുന്നത്. ശബരിമല ക്ഷേത്രം പൂട്ടുക; കോടതി വിധി ലംഘിക്കുക എന്നാണ് പിള്ളയുടെ ആഹ്വാനം. അങ്ങനെ ലംഘിച്ചാൽ സംരക്ഷിക്കാൻ പതിനായിരക്കണക്കിന് ആളുകളെ സപ്ലൈ ചെയ്യും എന്ന്. അതിനർഥം നിയമോപദേശകന്റെയും രാഷ്ട്രീയ നേതാവിന്റെയും ചുമതലയ്ക്കപ്പുറം, നിയമ ലംഘനത്തിന് ആളുകളെ വിട്ടു കൊടുക്കുന്ന ക്വട്ടേഷൻ ജോലി കൂടി ശ്രീധരൻപിള്ള നടത്തുന്നു എന്നാണ്.
ആർഎസ്എസ് നിയന്ത്രിക്കുന്ന പാർടിയാണ് ബിജെപി. ആർഎസ്എസ് തീരുമാനിക്കുന്നതെന്തോ അത് നടപ്പാക്കാൻ ആ പാർടി ബാധ്യസ്ഥമാണ്. ഗാന്ധിജിയെ കൊല്ലാനുള്ള പരിസരം ആർഎസ്എസ് ഒരുക്കിയത് നിരന്തരമായ നുണപ്രചാരണത്തിലൂടെയാണ്. ""ഗാന്ധിവധ വാർത്ത എന്നെ ദുഃഖിതനാക്കി. ഒരു എളിയ ദേശസ‌്നേഹിപോലും ഗാന്ധിയുടെ നിലപാടുകളോട് യോജിക്കില്ല. ജമ്മു കശ്മീരിൽ ആക്രമണം നടത്തിക്കൊണ്ടിരുന്നിട്ടും പാകിസ്ഥാന് 55 കോടിരൂപ പ്രതിഫലം നൽകാൻ അദ്ദേഹം നിർബന്ധിച്ചു. ആ വധം അദ്ദേഹത്തിന്റെ വികാരത്തിന്റെ ഫലമാണ്.'’ എന്നാണ് ആർഎസ്എസിന്റെ ആരാധ്യ പുരുഷൻ വിനായക് ദാമോദർ സവർക്കർ പറഞ്ഞത്. ഗാന്ധി വധത്തിൽ ആർഎസ്എസിന് എന്താണ് ബന്ധമെന്ന് ഈ വാക്കുകളിലുണ്ട്. ഗോധ്രയിൽ സബർമതി എക‌്സ‌്പ്രസ‌് കത്തിയപ്പോൾ ഹിന്ദു സ്ത്രീകളെ കൂട്ട ബലാൽസംഗം നടത്തി എന്ന പച്ച നുണയാണ് പ്രചരിപ്പിച്ചത്. തീവണ്ടിയിൽ സ്‌ഫോടനമുണ്ടായത് അകത്തു നിന്നാണെന്നും അതിനു കാരണമായ രാസവസ‌്തു കണ്ടെത്തി എന്നുമുള്ള ഫോറൻസിക് റിപ്പോർട്ട‌് ചോദ്യം ചെയ്യപ്പെടാതെ ഇന്ന് നമ്മുടെ മുന്നിലുണ്ട്. അന്ന്, തീപിടിത്തത്തിന് ശേഷം സ്വിച്ചിട്ടപോലെയാണ് ഗുജറാത്തിൽ കലാപം ആളിപ്പടർന്നത്. ഒരു കലാപത്തിന് സർവസജ്ജമായ ശേഷമാണ്, തീവെപ്പ് നടത്തിയത് എന്നർഥം. സ്‌ഫോടനത്തിനു മുമ്പ‌് സബർമതി എക്സ്പ്രസിൽനിന്ന് ചില സംഘ ബന്ധുക്കളെ ഇറക്കിക്കൊണ്ടുപോയി എന്ന വാർത്തയും നിഷേധിക്കപ്പെട്ടിട്ടില്ല.
ഒരു കലാപത്തിനുള്ള ഒരുക്കം നടത്തിയ ശേഷമാണ് ബിജെപി ശബരിമല "സമരം’ തുടങ്ങിയത്. നിലയ‌്ക്കലിൽ നടത്തിയ ആക്രമണങ്ങൾ അതിന്റെ തുടക്കമായിരുന്നു.- എന്നിട്ടും ബിജെപി നേതാക്കൾ ആണയിട്ടത്, "അത് വിശ്വാസികൾ’ ആണ് എന്ന് തന്നെയാണ്. റിക്രൂട്ട് ചെയ്തുകൊണ്ട് വന്ന ക്രിമിനലുകളെക്കൊണ്ട് അക്രമം നടത്തിച്ച‌് വിശ്വാസികളുടെ തലയിലിടുകയായിരുന്നു "സ്ട്രാറ്റജി’.
ശ്രീധരൻപിള്ളയുടെ വാക്കുകളെ തന്ത്രി തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാൽ, അതിനുമപ്പുറം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് പിള്ളയുടെ പ്രസംഗം. സുപ്രീംകോടതി വിധിക്കെതിരെ അക്രമസമരത്തിന് പ്രേരണ നൽകി എന്നാണ‌് ശ്രീധരൻപിള്ള സമ്മതിക്കുന്നത്. 1988 ലെ മതസ്ഥാപനങ്ങൾ ദുരുപയോഗം തടയൽ നിയമം അനുസരിച്ച് മതസ്ഥാപനമോ അതിന്റെ അധികാരിയോ ആരാധനാലയ പരിസരം രാഷ്ട്രീയ പാർടിയുടെ പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ല. കോടതി വിധികൾക്ക് വിരുദ്ധമായ എല്ലാ പ്രവർത്തനങ്ങളും നിയമ വിരുദ്ധമാണ്. നിയമ വിരുദ്ധപ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആരാധനാലയത്തിലെ അധികാരിയോ ജീവനക്കാരനോ പൊലീസിനെ അറിയിക്കാതിരുന്നാൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 176–-ാം വകുപ്പനുസരിച്ച് കുറ്റമാണ്. ഇവിടെ, തന്ത്രി നിഷേധിച്ചാലും ശ്രീധരൻപിള്ള തന്ത്രിയെ കടുത്ത നിയമക്കുരുക്കിലാണാ ക്കിയത്. സുപ്രീംകോടതി വിധി ലംഘിക്കുന്നതിനു ഗൂഢാലോചന നടത്തുകയും നിയമലംഘനത്തിന് രാഷ്ട്രീയ പാർടിയുടെ സഹായം തേടുകയും ചെയ‌്ത തന്ത്രിക്ക് നിയമത്തിനു മുന്നിലും അധികൃതർക്ക് മുന്നിലും ജനങ്ങൾക്ക് മുന്നിലും ഉത്തരം പറയേണ്ടിവരും. ആചാരലംഘനം വലുതാണ്- അതിനു "പ്രായശ്ചിത്തം’ അനിവാര്യവും.
"സുവർണാവസരം’ കലാപം സൃഷ‌്ടിച്ച‌് മുതലെടുക്കാനുള്ളതാണ്; തന്ത്രി തന്റെ കൃത്യ നിർവഹണം കളങ്കപ്പെടുത്തിയിരിക്കുന്നു -ഈ രണ്ടു കാര്യങ്ങൾ സംശയരഹിതമായി പിള്ള പറഞ്ഞിട്ടുണ്ട്. അതിലൂടെ ഒരേസമയം ആർഎസ്എസ് പ്രക്ഷോഭത്തിന്റെ ഉയിരും തന്ത്രി കുടുംബത്തിന്റെ വിശ്വാസ്യതയും തുറന്നു പറച്ചിലിലൂടെ ശ്രീധരൻപിള്ള ഇല്ലാതാക്കിയിരിക്കുന്നു. പ്രസംഗത്തിലെ ഓരോ ഭാഗവും നിശിത പരിശോധന നടത്തേണ്ടതുണ്ട്. അതിൽ രാഷ്ട്രീയമായും നിയമപരമായും നേരിടേണ്ട അനേകം ഘടകങ്ങളുണ്ട്.
പി എം മനോജ്
(http://www.deshabhimani.com/articles/bjp-sabarimala/762204)
No comments:
Post a Comment