Sunday, November 4, 2018

അവർണർക്ക‌് സവർണരുടെ പേര‌്

കണ്ണൂർ > കീഴ‌്ജാതിക്കാരെന്ന‌് പറഞ്ഞ‌് ആക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന പണ്ടുകാലത്തെ ക്രൂരതകൾ അവസാനിപ്പിക്കാൻ ഭീകരമർദ്ദനമേറ്റുവാങ്ങിയ അനന്തഷേണായിയുടെ ജീവിതം കേരള നവോത്ഥാനത്തിന്റെ സുവർണ ഏടുകളിലൊന്ന‌്. അനന്തഷേണായി മറ്റാരുമായിരുന്നില്ല; സ്വാമി ആനന്ദതീർഥൻ.

അനന്തഷേണായി എന്ന സ്വന്തം നാമധേയം ശ്രീനാരായണ ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ച് സ്വയം തിരുത്തിയാണ് സ്വാമി ആനന്ദതീർഥന്റെ 'നാമകരണ വിപ്ലവ'ത്തിന് തുടക്കം. ജാതിപ്പേരിന്റെ അർഥശൂന്യത വെളിവാക്കാൻ അധഃസ്ഥിത ജാതിയിൽപ്പെട്ട കുഞ്ഞുങ്ങൾക്ക് സവർണരുടെ ജാതിപ്പേരിടുകയാണ് അദ്ദേഹംചെയ്തത്. ശർമ, മാരാർ, നമ്പൂതിരി, ഷേണായി എന്നിങ്ങനെ പേരുള്ള കുട്ടികൾ പയ്യന്നൂരിലെ ശ്രീനാരായണ വിദ്യാലയത്തിൽ വളർന്നു.

ഹരിജനോദ്ധാരണത്തിനും അയിത്തോച്ചാടനത്തിനും നീക്കിവച്ചതായിരുന്നു ആനന്ദതീർഥന്റെ ജീവിതം. ഹരിജനങ്ങളെയുംകൂട്ടി ക്ഷേത്രങ്ങളിൽ എത്തിയതിന്റെ പേരിൽ പലയിടത്തുനിന്നും ഭീകരമർദനത്തിന് ഇരയായി. 1935ൽ കുഞ്ഞിമംഗലം വലിയ അണീക്കര, മാടായിക്കാവ്, പട്ടുവം വടക്കേക്കടവ്, മോറാഴ, എടപ്പാറ എന്നിവിടങ്ങളിൽനിന്നെല്ലാം സവർണരുടെ മർദനമേറ്റു.

ഗുരുവായൂരിലെ  ഊട്ടുപുര പ്രവേശനം

ഗുരുവായൂർ അമ്പലത്തിലെ ഊട്ടുപുരയിൽ അവർണർ ഇന്ന് ഊണിനിരിക്കുന്നത് 1982ൽ ആനന്ദതീർഥൻ സമരം നടത്തിയതിന്റെ ഫലമായാണ്. 1978 ഫെബ്രുവരി 23 മുതൽ 26വരെ  ആനന്ദതീർഥൻ നിരാഹാരം അനുഷ്ഠിച്ചാണ‌് തലശേരി ജഗന്നാഥ ക്ഷേത്രത്തിലെ 'അഹിന്ദുക്കൾക്ക് പ്രവേശനമില്ല' എന്ന ബോർഡ് നീക്കംചെയ‌്ത‌്.

No comments:

Post a Comment