കോഴഞ്ചേരി > ക്ഷേത്രപ്രവേശന വിളംബരത്തിനു ഒരു വ്യാഴവട്ടം മുമ്പ് ചെങ്ങന്നൂര്‍, ആറന്മുള ക്ഷേത്രങ്ങളില്‍ പട നയിച്ചാണ് അന്നത്തെ അധഃസ്ഥിത സമൂഹം ക്ഷേത്രപ്രവേശനാനുമതി നേടിയത്. എന്നിട്ടും അന്ധവിശ്വാസവും ഭയവും ആശങ്കകളുംമൂലം ബഹുഭൂരിപക്ഷവും വര്‍ഷങ്ങളോളം മടിച്ചു നിന്നുവെന്നത് ചരിത്രം.
1936 ലാണ് പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം. 1931 ല്‍ ഗുരുവായൂര്‍ സത്യഗ്രഹം.1924 ലാണ് നവോത്ഥാന നായകനായ കുറുമ്പന്‍ ദൈവത്താന്റെ നേതൃത്വത്തില്‍ ഐതിഹാസികമായ സമരത്തിലൂടെ ക്ഷേത്രപ്രവേശനാനുമതി നേടിയത്.
കൊല്ലവര്‍ഷം 1099 (1924) വൃശ്ചികം ഒമ്പതിന് വൈകിട്ട് അഞ്ചിന് ചെങ്ങന്നൂരിലുള്ള അഡ്വ. കല്ലൂര്‍ നാരായണപിള്ളയുടെ വക്കീല്‍ ഓഫീസിനു മുന്നില്‍നിന്നാണ് ഘോഷയാത്ര നീങ്ങിയത്. തോട്ടപ്പുഴശ്ശേരി, ഇടയാറന്മുള, എരുമക്കാട്, കിടങ്ങന്നൂര്‍, പുത്തന്‍കാവ്, മാലക്കര തുടങ്ങിയ പ്രദേശങ്ങളിലെ നാലായിരത്തോളം പുലയ സമുദായ അംഗങ്ങളാണ് തീണ്ടാപ്പാടു തകര്‍ത്തു നീങ്ങിയത്.
ഘോഷയാത്ര ക്ഷേത്രത്തിലെത്തിയതോടെ തൊഴാന്‍ എത്തിയ സവര്‍ണ സ്ത്രീ പുരുഷന്മാര്‍ കരഞ്ഞുകൊണ്ട് ചിതറി ഓടി. ദേവസ്വം ജീവനക്കാര്‍ കവാടങ്ങള്‍ പുറത്തുനിന്നു പൂട്ടി. അവിടെ ഓടിയെത്തിയ സ്വാമി നിരജ്ഞനാനന്ദ, സ്വാമി വാക് വിശ്വരാനന്ദ, ജസ്റ്റീസ് രാമന്‍ തമ്പി, അഡ്വ. കല്ലൂര്‍ നാരായണപിള്ള, അഡ്വ. പി ജി ഗോവിന്ദപ്പിള്ള തുടങ്ങിയവര്‍ പുറത്ത് തടിച്ചുകൂടിയ സവര്‍ണരോട് വിശദമായി സംസാരിച്ചു. പ്രകോപിതരായ സമൂഹം തിരിച്ചുപോയി. ആ രാത്രി ക്ഷേത്രത്തിനുള്ളില്‍ ഘോഷയാത്രക്കാര്‍ കഴിഞ്ഞു. ദൈവത്താന്‍ വഴിപാടിനായി ഒരു രൂപ അടച്ച് രസീത് വാങ്ങിയിരുന്നു.
തൊട്ടടുത്ത വര്‍ഷം (1925) ഇതേപോലെ ദൈവത്താന്‍ സ്വന്തം നാട്ടിലെ ആറന്മുള ക്ഷേത്രത്തിലും കയറി പ്രവേശനാനുമതി നേടിയിരുന്നു. എന്നാല്‍ പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷമാണ് അധസ്ഥിത സമൂഹത്തിലെ ബഹുഭൂരിപക്ഷവും ക്ഷേത്രത്തില്‍ ഭയാശങ്കകളില്ലാതെ കയറി തുടങ്ങിയത്. സവര്‍ണ സമൂഹത്തിലെ ഉല്‍പ്പതിഷ്‌ണുക്കളുടെ സഹായം കൂടി ലഭിച്ചതുകൊണ്ടു മാത്രമാണ് ഇത്തരം ഇതിഹാസ സമരം വിജയിച്ചത്.
No comments:
Post a Comment