Sunday, November 4, 2018

ഗാന്ധിജി പറഞ്ഞിട്ടും കേട്ടില്ല; ഒടുവിൽ സമരമുന്നേറ്റം

തലശേരി > തിരുവങ്ങാട‌് ക്ഷേത്രത്തിൽ പിന്നോക്കജാതിയിൽപെട്ടവർക്ക് പ്രാർഥിക്കാൻ അവസരമുണ്ടാക്കിയതും വടക്കേമലബാറിലെ നവോത്ഥാന മുന്നേറ്റത്തിലെ തിളക്കമാർന്ന സമരങ്ങളിലൊന്ന‌്.  വൈക്കം, ഗുരുവായൂർ ക്ഷേത്രങ്ങൾക്ക‌് സമാനമായിരുന്നു ഒരുകാലത്ത് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെയും സ്ഥിതി. പിന്നോക്കജാതിയിൽപെട്ടവർക്ക് പ്രാർഥിക്കാനോ ചിറയിൽ കുളിക്കാനോ അനുവാദമുണ്ടായില്ല. അവർണർ പ്രവേശിച്ചാൽ ക്ഷേത്രം അശുദ്ധമാവുമെന്നായിരുന്നു  വിശ്വാസം. സവർണ പൗരോഹിത്യം അടിച്ചേൽപിച്ച ഈ ആചാരത്തിന്റെയും അയിത്തത്തിന്റെയും ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞത് മറ്റൊരു ചരിത്രമായി.

ഗാന്ധിജിയുടെ തലശേരി സന്ദർശനകാലത്തുതന്നെ  ദേശീയവാദികൾ തിരുവങ്ങാട് ക്ഷേത്രപ്രവേശന വിഷയം ശ്രദ്ധയിൽപെടുത്തിയിരുന്നു. ഹരിജനോദ്ധാരണത്തിന് ഫണ്ട് ശേഖരിക്കാൻ 1934 ജനുവരി 12ന് രാത്രിയാണ് ഗാന്ധിജി തലശേരിയിലെത്തിയത്. തിരുവങ്ങാട്ടെ ഇടവലത്ത്‌വീട്ടിൽ താമസിക്കുമ്പോൾ ദേവസ്വം ട്രസ്റ്റി കല്യാട്ട് ചാത്തുക്കുട്ടി നമ്പ്യാരുമായി ക്ഷേത്ര പ്രവേശനകാര്യം ഗാന്ധിജി സംസാരിച്ചെങ്കിലും ഫലം കണ്ടില്ല. സവർണ പൗരോഹിത്യത്തെ ചോദ്യംചെയ്‌ത് കമ്യൂണിസ്റ്റ് നേതാവ‌് സി എച്ച് കണാരൻ രംഗത്തെത്തിയതോടെയാണ് നൂറ്റാണ്ടുകളായി നിലനിന്ന അനാചാരം തച്ചുടച്ചത്. തിരുവങ്ങാട് ക്ഷേത്രത്തിലേക്ക് അയിത്ത ജാതിക്കാരുമായി സി എച്ചിന്റെ നേതൃത്വത്തിൽ നടത്തിയ ജാഥ ചരിത്രപ്രസിദ്ധമാണ്. ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിച്ച് പിന്നോക്കജാതിക്കാർ തിരുവങ്ങാട് അമ്പലത്തിൽകയറി പ്രാർഥിച്ചതോടെ നൂറ്റാണ്ടുകളായി നിലനിന്ന അനാചാരത്തിന‌് അന്ത്യംകുറിച്ചു. ജാതിഭേദമില്ലാതെ ആണിനുംപെണ്ണിനും തിരുവങ്ങാട‌് ശ്രീരാമസ്വാമിക്ഷേത്രത്തിൽ കയറി പ്രാർഥിക്കാൻ  ഇന്ന‌് സ്വാതന്ത്ര്യമുണ്ട‌്.

പി ദിനേശൻ

No comments:

Post a Comment