കണ്ണൂർ > ക്ഷേത്രാചാരം അതേപടി നിലനിർത്തണമെന്ന് വാദിക്കുന്നവർ അറിയണം പയ്യന്നൂർ കണ്ടോത്ത് ഹരിജനങ്ങളുമായി ക്ഷേത്രപരിസരത്ത് ജാഥ നടത്തിയതിന്റെ പേരിൽ എ കെ ജിയെ ഉലക്കകൊണ്ട് തല്ലിബോധം കെടുത്തിയ സംഭവം. കണ്ടോത്തെ മർദനം ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിന് ഇന്ധനമാവുകയായിരുന്നു. ഗുരുവായൂർ സത്യഗ്രഹത്തിനുമുമ്പാണ് വടക്കേമലബാറിൽ അയിത്തത്തിനെതിരെ നടന്ന ഈ പോരാട്ടം. അനാചാരങ്ങൾക്കും തീണ്ടലിനുമെതിരെ സമരം ശക്തമാക്കാൻ കെപിസിസി തീരുമാനിച്ചിരുന്നു. ചില കോൺഗ്രസ് നേതാക്കൾ ഇതിന് എതിരായിരുന്നു.
പൊന്നാനി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സഞ്ചരിച്ച് സാധാരണക്കാരന്റെ പ്രയാസം നേരിട്ട് മനസിലാക്കാൻ എ കെ ജിക്ക് കഴിഞ്ഞിരുന്നു. അതിനാൽ കെ കേളപ്പൻ, മൊയാരത്ത് ശങ്കരൻ, സുബ്രഹ്മണ്യൻ തിരുമുമ്പ് തുടങ്ങിയ സാമൂഹ്യപരിഷ്കർത്താക്കൾക്കൊപ്പം എ കെ ജിയും ഉറച്ചുനിൽന്നു. പയ്യന്നൂർ കണ്ടോത്ത് തീയ്യ സമുദായക്കാരുടെ ക്ഷേത്രപരിസരത്തെ പൊതുവഴി അന്ന‌് അധ:സ്ഥിതർക്ക‌് ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നില്ല. വടക്കേ മലബാറിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് എത്തിയപ്പോഴാണ് വിഷയം എ കെ ജിയുടെ ശ്രദ്ധയിലെത്തിയത്. സ്ഥലത്തെ പ്രമാണികളോട് സംസാരിച്ചശേഷമാണ് ഇതുവഴി ഘോഷയാത്ര സംഘടിപ്പിക്കാൻ തീരുമാനിച്ചത്.
നിശ്ചിതദിവസം കേരളീയന്റെ നേതൃത്വത്തിൽ പഴയങ്ങാടിയിൽനിന്നും ഹരിജന വിഭാഗത്തിൽപ്പെട്ടവരും എത്തിച്ചേർന്നു. ഘോഷയാത്ര തുടങ്ങിയപ്പോഴേക്കും ജനക്കൂട്ടം ഇരച്ചെത്തി. എ കെ ജിയെയും കേരളീയനെയും മറ്റുള്ളവരെയും മർദിച്ചുതുടങ്ങി. പെണ്ണുങ്ങൾ ഉലക്കകളുമായാണെത്തിയത്. ഘോഷയാത്രയിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും ഒഴിവാക്കി അടി മുഴുവൻ എ കെ ജിയും കേരളീയനും ഏറ്റുവാങ്ങി. ഇരുവരും ബോധരഹിതരാവുകയുംചെയ്തു. ഒരുകാറിൽ ആശുപത്രിയിലെത്തിച്ച കേരളീയന് പിറ്റേന്നാണ് ബോധം തെളിഞ്ഞത്. അദ്ദേഹത്തിന്റെ മരണമൊഴി രേഖപ്പെടുത്തുകയുംചെയ്തു.
എ കെ ജിക്കും കേരളീയനും കഠിന മർദനമേറ്റത് വൻചർച്ചയായി. ഉത്തര മലബാർ മേഖലയിൽ കൂടുതൽ അനാചാരവിരുദ്ധസമരങ്ങൾക്ക് അത് ഊർജമായി. ഡിസ്ട്രിക്ട് ബോർഡ് അധികൃതർ കണ്ടോത്തെത്തി. സമരം വെറുതെയായില്ല. പൊതുവഴി എല്ലാവർക്കുമായി തുറന്നുകൊടുക്കാൻ അധികൃതർ തയ്യാറായി. എല്ലാവർക്കും പ്രവേശനം അനുവദിച്ച് ബോർഡ‌് സ്ഥാപിക്കുകയും ചെയ‌്തു.
No comments:
Post a Comment