Saturday, November 3, 2018

അന്ന് ബൗദ്ധിക് പ്രമുഖ് പറഞ്ഞു, 'ഇത് ആചാര വിഭ്രാന്തി'

ന്യൂഡല്‍ഹി > 'എവിടെ  പുരുഷന് പ്രവേശനമുണ്ടോ അവിടെ സ്ത്രീക്കും പ്രവേശനം കൊടുക്കണം.  ഇതാണ് സംഘത്തിന്റെ പൊതുവായ നിലപാട്'. മാറ്റുവിന്‍ ചട്ടങ്ങളെ എന്നപേരില്‍ ആര്‍എസ്എസ് അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖ് ആര്‍ ഹരി കേസരി വാരികയില്‍ 2017 ജൂണില്‍ എഴുതിയ ലേഖനപരമ്പരയില്‍ വ്യക്തമാക്കിയത് ഇങ്ങനെയാണ്.

സുപ്രീംകോടതി വിധിയുടെപേരില്‍ സംഘരിവാറുകാര്‍ കലാപനീക്കം നടത്തുമ്പോള്‍ ഹരിയുടെ ലേഖനത്തിന് പ്രസക്തിയേറുന്നു.

ലേഖനപരമ്പയില്‍നിന്ന്:

'ശബരിമലയില്‍ യുവതികള്‍ക്ക് എന്തുകൊണ്ട് പോകാന്‍പാടില്ല? ചിലര്‍ പറയുന്നത് 41 ദിവസത്തെ വ്രതത്തെക്കുറിച്ചാണ്. അതുസ്ത്രീകള്‍ക്ക് സാധ്യമല്ലല്ലോ? ഈ വ്രതം നിശ്ചയിച്ച യോഗത്തില്‍ ഒരുസ്ത്രീയും പങ്കെടുത്തിട്ടുണ്ടാകില്ല.  41  ദിവസത്തെ വ്രതം ആര്  നിശ്ചയിച്ചു? പുരുഷവിഭാഗം നിശ്ചയിച്ചു. പുരുഷന്‍ പുരുഷനുവേണ്ടി മാത്രം നിശ്ചയിക്കുമ്പോഴേ  41 ദിവസമെന്ന ചിന്ത വരൂ. അന്നത്തെ ആ വേളയില്‍ അയാള്‍ സ്ത്രീകളെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കില്‍ കുടുംബസ്ഥനും ഈശ്വരഭക്തനുമായ അയാള്‍ അവര്‍ക്കുവേണ്ടി വേറെ  ചിന്തിച്ചേനെ.' 2016 മാര്‍ച്ചില്‍ രാജസ്ഥാനിലെ നഗൗറില്‍ ചേര്‍ന്ന ആര്‍എസ്എസ് അഖിലേന്ത്യാ പ്രതിനിധിസഭയില്‍ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ക്ഷേത്രങ്ങളില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനംവേണമെന്ന് പറഞ്ഞ് നടത്തിയ  പ്രസംവും ഹരി  ഉദ്ധരിച്ചിരുന്നു. സുരേഷ് ഭയ്യാജിയുടെ വാക്കുകള്‍ക്കുശേഷം ആര്‍ ഹരിയുടെ ലേഖനം ഇങ്ങനെ തുടര്‍ന്നു:

'മഹാരാഷ്ട്രയിലെ ശനിക്ഷേത്രത്തിലെ സ്ത്രീവിലക്കായിരുന്നു വിഷയം. കോടതിയുടെ സ്ത്രീപ്രവേശനാനുകൂല വിധി മൂലം ആ പ്രശ്‌നം ശാന്തമായി അവസാനിച്ചു. രണ്ട് മാസം കഴിഞ്ഞ് പുണെയില്‍ നടന്ന ഐടി മിലന്‍ പ്രവര്‍ത്തകരുടെ അഖിലേന്ത്യാ ശിബിരത്തില്‍ പങ്കെടുക്കാന്‍പോയ പ്രായംകുറഞ്ഞ മലയാളിദമ്പതികള്‍ ആ ക്ഷേത്രത്തില്‍ പോയി ശനിയഭിഷേകംചെയ്ത് നിര്‍വിഘ്‌നം മടങ്ങിവരികയുമുണ്ടായി'. ആചാരബന്ദികള്‍ക്ക് ലക്ഷ്യമാര്‍ഗ വിഭ്രാന്തിയാണ്. ആചാരത്തെ മുറുകെപ്പിടിക്കുന്നവര്‍ സമൂഹം തകര്‍ന്നടിഞ്ഞാലും പ്രശ്‌നമില്ലെന്ന് കരുതുന്നവരാണെന്നും ഹരി  ലേഖനത്തില്‍ പറയുന്നു.

No comments:

Post a Comment