ആചാര സംരക്ഷണത്തിന്റെ മറവിലാണ‌് കലാപത്തിന‌് ശ്രമിക്കുന്നതെങ്കിലും സംഘപരിവാർ നേതാക്കൾതന്നെ ആചാരലംഘനം നടത്തുന്നതിനും ശബരിമല ചൊവ്വാഴ‌്ച സാക്ഷ്യംവഹിച്ചു. പരിപാവനമായി കണക്കാക്കുന്ന പതിനെട്ടാം പടിയിൽപോലും ഇരുമുടിക്കെട്ടില്ലാതെ ആർഎസ‌്എസുകാർ കയറിയിറങ്ങി. ഭക്തർ മുന്നോട്ടുമാത്രം ദർശനത്തിനായി നിൽക്കുന്ന ക്ഷേത്രനടയിൽ പുറംതിരിഞ്ഞ‌് നിന്നതും ആചാരലംഘനമാണ‌്. 50ന‌് മുകളിൽ പ്രായമുള്ള സ‌്ത്രീകളെ ദേഹോപദ്രവം ഏൽപ്പിച്ചും അപമാനിച്ചും അവർ അഴിഞ്ഞാടി.
സുപ്രീംകോടതി വിധി നടപ്പാക്കുന്നത‌് തടയാനുള്ള തീവ്രശ്രമമാണ‌് സംഘപരിവാർ നേതാക്കൾ നടത്തിയത‌്. ഇത‌് കോടതിയലക്ഷ്യം കൂടിയാണ‌്.
ഇങ്ങനെ നേതാക്കൾ തീവ്രനിലപാട‌് എടുക്കുന്നതിനുപിന്നിൽ ബിജെപിയിലേയും ആർഎസ‌്എസിലേയും ഗ്രൂപ്പ‌് വടംവലിയുമുണ്ട‌്. ആരാണ‌് കൂടുതൽ തീവ്രനിലപാട‌് എടുക്കുന്നതെന്നതിൽ ശ്രീധരൻപിള്ളപക്ഷവും കെ സുരേന്ദ്രൻ പക്ഷവും മത്സരത്തിലാണ‌്. ആർഎസ‌്എസിലെ യുവതീപ്രവേശ അനുകൂല നിലപാടുള്ള വിഭാഗത്തിനെതിരെയാണ‌് വൽസൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ ക്രിമിനൽ സംഘം എത്തിയത‌്.
ബിജെപിയും ആർഎസ‌്എസും കളംനിറഞ്ഞ‌് കളിക്കുന്നത‌് രാഹുൽ ഈശ്വറിനെപ്പോലുള്ള എഎച്ച‌്പിക്കാർ സമരത്തെ ഹൈജാക്ക‌് ചെയ്യുമെന്ന‌് ഭയന്നും. ചുരുക്കത്തിൽ ഇവരുടെയെല്ലാം ലക്ഷ്യം വിശ്വാസ സംരക്ഷണമോ ആചാര സംരക്ഷണമോ അല്ല, വിശ്വാസവും ആചാരവും വച്ചുള്ള മുതലെടുപ്പ‌് രാഷ‌്ട്രീയം മാത്രമാണ‌്.
തന്റെ രഹസ്യപ്രസംഗം പുറത്തുവിട്ടതിന‌് പിന്നിൽ കെ സുരേന്ദ്രനും കൂട്ടരുമാണെന്ന‌് ശ്രീധരൻപിള്ള സംശയിക്കുന്നു. ശബരിമല സമരത്തിന‌് ആദ്യം മുന്നിട്ടിറങ്ങിയത‌് പിള്ളയായിരുന്നു. ഇത‌് പാർടിയിൽ പിള്ളയ‌്ക്ക‌് നേരിയ മുൻതൂക്കം നൽകിയെന്ന‌് സുരേന്ദ്രൻ കണക്കുകൂട്ടുന്നു. ഇതോടെയാണ‌് ശബരിമലയിൽ യുവതീപ്രവേശം വേണമെന്ന അഭിപ്രായക്കാരനായിട്ടും സുരേന്ദ്രൻ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തത‌്. രണ്ട‌് ഗ്രൂപ്പും ബലാബലം നടത്തുന്നതിനിടെയാണ‌് പിള്ളയുടെ പ്രസംഗം പുറത്തുവന്നത‌്. തന്നെ നിർവീര്യമാക്കാൻ നടത്തിയ ഗൂഢാലോചനയാണിതെന്നും ശ്രീധരൻപിള്ള കരുതുന്നു.
ബിജെപിയുടെ അടുത്ത അജൻഡ രഥയാത്രയാണ‌്. 8ന‌് കാസർകോട‌് മധൂരിൽ നിന്നാണ‌് യാത്ര തുടങ്ങുന്നത‌്. മണ്ഡലപൂജയ‌്ക്ക‌് നട തുറക്കുന്നതോടെ നാടെങ്ങും കലാപമഴിച്ചുവിടാനാണ‌് പദ്ധതിയെന്നു വ്യക്തം. ശ്രീധരൻപിള്ള ചൊവ്വാഴ‌്ച പത്തനംതിട്ടയിൽ നടത്തിയ വാർത്താസമ്മേളനവും ഇതിന‌് തെളിവാണ‌്. മുമ്പ‌് പഞ്ചാബിൽ സുവർണക്ഷേത്രത്തിൽ മാത്രമാണ‌് ഇതുപോലെ പൊലീസ‌് ഭീകരത ഉണ്ടായതെന്നാണ‌് പിള്ള പറഞ്ഞത‌്.
ഭിന്ദ്രൻവാല ഉൾപ്പെടെ ഭീകരവാദ നേതാക്കളെ പിടികൂടാൻ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിർദേശ പ്രകാരം 1984 ജൂൺ 1 മുതൽ 8 വരെ സുവർണക്ഷേത്രത്തിൽ നടത്തിയ പട്ടാള ഇടപെടലാണ‌് ഓപ്പറേഷൻ ബ്ലൂസ്റ്റാർ. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന‌് ശേഷം പഞ്ചാബിലും രാജ്യത്തിന്റെ ഇതരഭാഗങ്ങളിലും കണ്ട കലാപങ്ങൾക്ക‌് കാലം സാക്ഷിയാണ‌്.
ഭിന്ദ്രൻവാല സുവർണക്ഷേത്രത്തിൽ കയറിയതിന‌് സമാനമാണ‌് ശബരിമലയിൽ കയറി സംഘപരിവാറുകാർ അഴിഞ്ഞാടാൻ ശ്രമിച്ചതും.
എം രഘുനാഥ‌്
ശബരിമലയില്‍ ആചാരം ലംഘിച്ച് സംഘപരിവാര്‍; കൊലവിളിയുമായി അയ്യപ്പ ഭക്തരെ തല്ലിച്ചതച്ചു
ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയിൽ
ശബരിമല > സന്നിധാനത്ത‌് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘപരിവാറുകാർ സ‌്ത്രീകൾ ഉൾപ്പടെയുള്ള അയ്യപ്പ ഭക്തരെ തല്ലിച്ചതച്ചു. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയും സംഘവും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറി ആചാരവും ലംഘിച്ചു. പതിനെട്ടാം പടിയിൽ ഇരുമുടിക്കെട്ടില്ലാതെ കയറുകയും ഇറങ്ങുകയും ചെയ‌്തതു മാത്രമല്ല പടിയിൽ പുറംതിരിഞ്ഞ‌് നിന്ന‌് ഭക്തരെ തടയുകയും ചെയ‌്തു.
അക്രമികളുടെ ദൃശ്യം പകർത്തിയ മാധ്യമപ്രവർത്തകരെ വളഞ്ഞിട്ട‌് ആക്രമിച്ചു. സന്നിധാനത്തും പരിസരത്തും തമ്പടിച്ച അക്രമികൾ സ‌്ത്രീകളെ തടഞ്ഞുനിർത്തി കൊലവിളി മുഴക്കി. ശബരിമലയിൽ ഇതുവരെയുണ്ടാകാത്ത ആചാരലംഘനമാണ‌് സംഘപരിവാറുകാർ നടത്തിയത‌്.
തിങ്കളാഴ‌്ച രാവിലെ തൃശൂരിൽനിന്ന‌് കുട്ടിയുടെ ചൊറൂണിനെത്തിയവരിൽ യുവതികളുണ്ടെന്ന വ്യാജ പ്രചാരണം നടത്തിയാണ‌് സന്നിധാനത്ത‌് തമ്പടിച്ച അക്രമികൾ പാഞ്ഞടുത്തത‌്. തൃശൂർ മുളങ്കുന്നത്തുകാവ് തിരൂർ വടക്കൂട്ട് വീട്ടിൽ ലളിത രവി(52)യാണ‌് ആക്രമണത്തിനിരയായത‌്. "അടിച്ചു കൊല്ലെടാ അവളെ.....’ എന്ന ആക്രോശത്തോടെയാണ‌് ലളിതക്കുനേരെ അക്രമികൾ പാഞ്ഞടുത്തത‌്. കൈയ്യേറ്റത്തിൽ കുഴഞ്ഞുവീണ ലളിതയെ സന്നിധാനം സർക്കാർ ആശുപത്രിയിലേക്ക‌് മാറ്റി. ലളിതയെ മർദിക്കുന്നതു തടഞ്ഞ സഹോദരീ പുത്രൻ മൃദുൽകുമാറി(23)നെ ഓടിച്ചിട്ട‌് തല്ലി. സംഭവത്തിൽ കണ്ടാലറിയാവുന്ന നൂറ്റമ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമം, കോടതി ഉത്തരവ് ലംഘിക്കൽ, അന്യായമായി സംഘം ചേരൽ, അന്യായമായ തടസ്സമുണ്ടാക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ എന്നീ കുറ്റങ്ങൾക്കാണ‌് കേസ‌്. സന്നിധാനത്തെ അക്രമദൃശ്യങ്ങൾ ചിത്രീകരിച്ച ദൃശ്യ മാധ്യമ പ്രവർത്തകരെയും കയ്യേറ്റംചെയ‌്തു. കസേരയും വടിയും തേങ്ങയും വലിച്ചെറിഞ്ഞു. തേങ്ങയേറിൽ ക്യാമറാമാന‌് പരിക്കേറ്റു.
ചൊവ്വാഴ‌്ച രാവിലെ നിലയ‌്ക്കലിലും പമ്പയിലും സംഘപരിവാറുകാർ ബോധപൂർവ്വം കുഴപ്പമുണ്ടാക്കി. നിലയ‌്ക്കൽ ബേസ‌് ക്യാമ്പിൽനിന്ന‌് വാഹനങ്ങൾ പമ്പയിലേക്ക‌് കടത്തിവിടണമെന്ന‌് ആവശ്യപ്പെട്ട‌് പൊലീസിനോട‌് തട്ടിക്കയറി. ബിജെപി നേതാക്കളായ പി കെ കൃഷ‌്ണദാസ‌്, എ എൻ രാധാകൃഷ‌്ണൻ, പി എം വേലായുധൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഘർഷനീക്കം. പൊലീസ‌് സംയമനം പാലിച്ചതുകൊണ്ടാണ‌് സംഘർഷം ഒഴിവായത‌്. എങ്ങിനെയെങ്കിലും സംഘർഷമുണ്ടാക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം.
ചിത്തിര ആട്ടവിശേഷ പൂജകൾ പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രി പത്തിന‌് ശബരിമല നട അടച്ചു. മേൽശാന്തി എ എൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടക്കുന്ന അവസാന ചടങ്ങാണ് ചൊവ്വാഴ്ച നടന്നത്. വൃശ്ചികമാസത്തിൽ മണ്ഡല ഉത്സവത്തിന് പുതിയ മേൽശാന്തിയാണ് നട തുറക്കുക.
എ ആർ സാബു
മാധ്യമ പ്രവർത്തകരെ വളഞ്ഞിട്ട‌് ആക്രമിച്ചു
സന്നിധാനത്ത‌് സംഘപരിവാർ അക്രമത്തിൽ നിന്ന് രക്ഷപ്പെട്ട മാതൃഭൂമി ചാനൽ ക്യാമറാമാൻ വിഷ‌്ണു പൊലീസ‌് സ‌്റ്റേഷൻ കെട്ടിടത്തിന്റെ സൺഷേഡിൽ അഭയം തേടിയപ്പോൾ
ശബരിമല > സന്നിധാനത്ത‌് ചൊവ്വാഴ‌്ച സംഘപരിവാർ പ്രവർത്തകർ മാധ്യമപ്രവർത്തകരെ വളഞ്ഞിട്ട‌് ആക്രമിച്ചു. ദർശനത്തിനെത്തിയ സ‌്ത്രീകളുൾപ്പെടെയുള്ള കുടുംബത്തെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ ചാനൽ റിപ്പോർട്ടർമാർ, ക്യാമറാമാന്മാർ തുടങ്ങിയവരാണ‌് ആക്രമണത്തിനിരയായത‌്.
മാധ്യമ പ്രവർത്തകരെ പിന്തുടർന്ന് ആക്രമിക്കാൻ പ്രത്യേക സംഘത്തെ തയ്യാറാക്കി നിർത്തിയിരുന്നു. അമൃത ടിവി ക്യാമറാമാൻ ബിജുവിന്റെ നെറ്റിയിൽ തേങ്ങകൊണ്ട് അടിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഏഷ്യാനെറ്റ് റിപ്പോർട്ടർമാരായ ബിനോയ്, അനൂപ് എന്നിവരുടെ പുറത്ത‌് പിന്തുടർന്നെത്തിയവർ അടിച്ചു. മാതൃഭൂമി ന്യൂസിലെ റിപ്പോർട്ടർ ബിജു പങ്കജിനെയും വളഞ്ഞിട്ടാക്രമിച്ചു. ക്യാമറമാൻ വിഷ്ണുവിന‌് കസേരകൊണ്ട് അടിയേറ്റു. വിഷ്ണു പൊലീസ് സ‌്റ്റേഷന്റെ സൺ ഷെയ്ഡിൽ അഭയംതേടി. ഏറെ സമയത്തിനുശേഷം പൊലീസ് എത്തിയാണ് ഇയാളെ രക്ഷിച്ചത്. മനോരമ ചാനലിലെ റിപ്പോർട്ടർ രാജീവ്, ക്യാമറാമാൻ അനൂപ് എന്നിവർക്കും ചവിട്ടേറ്റു.
‘ഞങ്ങൾ പറയുന്നതുപോലെ വാർത്ത കൊടുക്കൂ. ഇല്ലെങ്കിൽ ഇതായിരിക്കും അനുഭവം...’ മാധ്യമപ്രവർത്തകരെ വളഞ്ഞിട്ട് തല്ലുമ്പോഴും ചീത്തവിളിക്കുമ്പോഴും അവർ ആവർത്തിച്ചു കൊണ്ടിരുന്നത‌് ഇതാണ്.
സന്നിധാനത്ത് മാധ്യമപ്രവർത്തകർക്കുനേരേ സംഘപരിവാർ ആക്രമണം; അക്രമത്തിന് ചുക്കാൻപിടിച്ച് ആർഎസ്‌എസ്‐ബിജെപി നേതാക്കൾ
സന്നിധാനത്ത് സംഘപരിവാർ തേങ്ങകൊണ്ട് മർദിച്ച് നെറ്റിക്ക് പരിക്കേൽപ്പിച്ച അമൃത ക്യാമറാമാൻ ബിജു(ഇടത്), ഏഷ്യാനെറ്റ് റിപ്പോർട്ടർക്കു നേരേ പാഞ്ഞടുക്കുന്ന ആർഎസ്‌എസ് പ്രവർത്തകർ(വലത്)
പമ്പ > ശബരിമലയിൽ മാധ്യമപ്രവർത്തകർക്ക്‌നേരേ വീണ്ടും ആർഎസ്‌എസ് ആക്രമണം. മാതൃഭൂമി ന്യൂസ്, മനോരമ ന്യൂസ്, അമൃത ചാനൽ എന്നിവയിലെ മാധ്യമപ്രവർത്തകർക്കാണ് മർദ്ദനമേറ്റത്.
മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ ബിജു പങ്കജിനും ക്യാമറാമാനും മർദ്ദനമേറ്റു. മനോരമാ ന്യൂസിന്റെ 2 റിപ്പോർട്ടർമാരെയും ക്യാമറാമാനെയും അമൃതാ ചാനൽ ക്യാമറാമാനെയും ആർഎസ്‌എസ് ക്രിമിനലുകൾ മർദിച്ചു. ആർഎസ്‌എസ്‐ബിജെപി നേതാക്കളും പ്രവർത്തകരും സന്നിധാനത്തും പതിനെട്ടാം പടിയിലും തമ്പടിച്ച് സംഘർഷം സൃഷ്‌ടിക്കാൻ ശ്രമം തുടരുകയാണ്. കണ്ണൂരിലെ ആർഎസ്‌എസ് നേതാവ് വത്സൻ തില്ലങ്കേരിയും കെ സുരേന്ദ്രനുമടക്കമുള്ളവർ സന്നിധാനത്ത് ക്യാമ്പ് ചെയ്യുന്നു. ഇരുമുടിക്കെട്ടും വ്രതവുമില്ലാതെയാണ് ഇവർ സ്ത്രീകളെ തടയാൻ പതിനെട്ടാം പടിയിലടക്കം നിലയുറപ്പിച്ചിരിക്കുന്നത്.
ശബരിമലയില്‍ കലാപത്തിനു വത്സന്‍ തില്ലങ്കേരി എത്തിയത് കൊലക്കേസില്‍ വിചാരണ നേരിടുന്നതിനിടയില്‍
കണ്ണൂര്‍> കൊലക്കേസില്‍ മുഖ്യപ്രതിയായി വിചാരണ നേരിടുന്നതിനിടെയാണ് ശബരിമല സന്നിധാനത്ത‌് സുപ്രീം കോടതിവിധിക്കെതിരായ കലാപത്തിനു നേതൃത്വം നൽകാന്‍ കണ്ണൂർ ജില്ലയിലെ ആർഎസ‌്എസ‌് നേതാവ് വത്സൻ തില്ലങ്കേരി ചൊവ്വാഴ്ച എത്തിയത്. അക്രമപരിശീലനം നേടിയ ഇരുന്നൂറോളം പേരെയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന‌് സ്വാമിവേഷത്തിൽ വത്സനും ആര്‍ എസ്എസും ശബരിമലയിലെത്തിച്ചിരുന്നു. കൊലക്കേസുകളിലുൾപ്പെടെ പ്രതികളായവരും സംഘത്തിലുണ്ടെന്നാണ‌് പൊലീസ‌് രഹസ്യാന്വേഷണ വിഭാഗത്തിന‌് ലഭിച്ച സൂചന. വത്സൻ തില്ലങ്കേരിക്കായിരുന്നു സന്നിധാനത്തെ ‘ആക‌്ഷൻ’ ചുമതല.
സിപിഐ എം പ്രവര്‍ത്തകന്‍ ഇരിട്ടി പുന്നാട് കോട്ടത്തെക്കുന്ന് യാക്കൂബ് വധകേസില്‍ പ്രതിയാണ് വത്സന്‍. കണ്ണൂരിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) മുമ്പാകെയാണ് വധക്കേസ് വിചാരണ. നവംബര്‍ ഒന്നിനാണ് കേസില്‍ ഒടുവില്‍ വിചാരണയുണ്ടായത്. അന്ന് വത്സന്‍ തില്ലങ്കേരി ഹാജരാവാതെ അവധിയെടുത്തിരുന്നു. ഇതിനുശേഷമാണ് സ്വാമിവേഷത്തില്‍ സന്നിധാനത്തെത്തിയത്. പ്രതികള്‍ ബോംബും വാളും മഴുവുമായി സംഘം ചേര്‍ന്ന് ആക്രമിച്ച് 2006 ജൂണ്‍ 13ന് രാത്രി ഒമ്പതേകാലോടെ സിപിഐ എം പ്രവര്‍ത്തകനായ യാക്കൂബിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. പതിനാറ് ആര്‍എസ്എസ്-ബിജെപിക്കാരാണ് പ്രതികള്‍.
അമ്പതുവയസ്സ‌് പിന്നിട്ട തൃശൂർ സ്വദേശിനിയെ ആചാരം ലംഘിച്ചെന്ന ആക്രോശത്തോടെ ആക്രമിക്കുന്നതിൽ മുഖ്യപങ്കു വഹിച്ചതും കണ്ണൂർ സംഘമാണ‌്. വത്സൻ തില്ലങ്കേരി പതിനെട്ടാം പടിയിൽ കയറിനിന്ന‌് ആചാരം ലംഘിക്കുകയും അക്രമികൾക്ക് നിർദേശം നൽകുകയും ചെയ്‌തു.
വത്സൻ തില്ലങ്കേരി പതിനെട്ടാം പടിയിൽ നിന്ന് അക്രമികൾക്ക് നിർദേശം നൽകുന്നു
വത്സൻ തില്ലങ്കേരിക്ക‌് സമീപം നിലയുറപ്പിച്ചിരുന്ന ചക്കി സൂരജ‌് ചക്കരക്കല്ലിലെ സിപിഐ എം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി ഓഫീസ‌് അടിച്ചുതകർത്ത കേസിലെ മുഖ്യപ്രതിയാണ‌്. തലശേരി ടെമ്പിൾഗേറ്റ‌്, മാക്കൂൽ, കതിരൂർ, ഡയമണ്ട‌്മുക്ക‌്, ആറളം, പയ്യന്നൂർ രാമന്തളി, കക്കംപാറ, വെള്ളൂർ, പാനൂർ സെൻട്രൽ പൊയിലൂർ, കമ്പനി മുക്ക‌്, കേളകം വെള്ളൂന്നി, കൊട്ടിയൂർ, മാടായി വെങ്ങര, ചെങ്ങൽ തുടങ്ങി ജില്ലയുടെ മറ്റു പ്രദേശങ്ങളിൽനിന്നുള്ള ആർഎസ‌്എസ‌് ക്രിമിനലുകളും വത്സൻ തില്ലങ്കേരിയുടെ സംഘത്തിലുണ്ടായിരുന്നു.
പുന്നാട്ട് എന്‍ഡിഎഫ് പ്രവർത്തകൻ മുഹമ്മദ്, വിളക്കോട്ട് സിപിഐ എം നേതാവ് മുഹമ്മദ് ഇസ്മയിൽ, പുന്നാട്ട് കോട്ടത്തെക്കുന്നിൽ സിപിഐ എം പ്രവർത്തകൻ കെ കെ യാക്കൂബ് എന്നിവർ അരുംകൊല ചെയ്യപ്പെട്ട കുരുതിക്കാലവും വത്സന്റെ വളർച്ചാ ഘട്ടവും ഒന്നിച്ചായിരുന്നു. കണ്ണൂരിലെ അക്രമവാഴ്ചയുടെ തിരക്കഥാ ത്രെഡ് എവിടെ രൂപപ്പെട്ടതാണെന്ന് ഇതില്‍ നിന്ന് വായിച്ചെടുക്കാം. ഹിന്ദു ഐക്യവേദി സംസ്ഥാന കൺവീനർ, അധ്യാപകൻ, പ്രഭാഷണ രംഗത്ത് വത്സനെ കടത്തിവെട്ടുന്ന ഗാംഭീര്യമാർന്നയാൾ എന്നീ നിലകളില്‍ പ്രമുഖനായി മാറിയ അശ്വിനികുമാറിനെ ഇരിട്ടി പയഞ്ചേരിമുക്കിൽ ബസ് തടഞ്ഞ് എന്‍ഡിഎഫ് സംഘം വെട്ടിക്കൊന്നതും ഇക്കാലത്താണ്. ഈ കൊലപാതകത്തെ ആര്‍എസ്എസിന് സമ്പത്ത് സമാഹരിക്കാനുള്ള വഴിയാക്കി. കലാപമഴിച്ചുവിട്ട് വീടുകൾ തകർത്ത് കൊള്ളയടിച്ച് അവർ ന്യൂനപക്ഷങ്ങളെ ആട്ടിയോടിച്ചു. കേസുകൾ അനേകമുണ്ടായി. എല്ലാം എന്‍ഡിഎഫുമായി ചേർന്ന് ഒത്തുതീർത്ത് കൊള്ളപ്പണം വീതംവെച്ചതായി ഇരു സംഘടനകള്‍ക്കുള്ളിലും ആക്ഷേപം ഉയര്‍ന്നിരുന്നു.
No comments:
Post a Comment