തിരുപ്പൂർ > തമിഴ്‌നാട്ടിൽ ദളിതർ ഉപയോഗിച്ചിരുന്ന വഴി തടസ്സപ്പെടുത്തി നിർമിച്ച വേലി ജനകീയ പ്രക്ഷോഭത്തെ തുടർന്ന് നീക്കം ചെയ്‌തു. സിപിഐ എമ്മും തമിഴ്‌നാട് അയിത്ത നിർമാർജന മുന്നണിയും മറ്റ് പുരോഗമന സംഘടനകളും ചേർന്ന് നടത്തിയ സമരത്തെ തുടർന്നാണ് ജില്ലാ റവന്യൂ അധികൃതർ വേലി നീക്കം ചെയ്‌തത്. അധികൃതർ നടപടി സ്വീകരിക്കാത്തപക്ഷം ഞായറാഴ്‌ച വേലി നീക്കം ചെയ്യുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.
അളഗുമല ഗ്രാമത്തിലാണ് ദളിതർ തലമുറകളായി ഉപയോഗിച്ചുപോന്ന റോഡിൽ ഒക്‌ടോബർ 15ന് സവർണവിഭാഗത്തിപ്പെട്ടവർ ചില മത സംഘടനകളുടെ പിൻബലത്തോടെ വേലി ഉയർത്തിയത്. ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷനും എഐഎഡിഎംകെ നേതാവുമായ ഷൺമുഖവും അനുയായികളും ഇതിന് ഒത്താശ ചെയ്‌തു.
അയിത്ത നിർമാർജന മുന്നണി സമര പ്രഖ്യാപന പോസ്റ്റർ
പുറമ്പോക്ക് ഭൂമിയിലൂടെയുള്ള വഴി ദളിതർ 200 വർഷത്തിലധികമായി ദളിതർ ഉപയോഗിച്ചിരുന്നതാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എസ് മുത്തുക്കണ്ണൻ പറഞ്ഞു. ക്ഷേത്രത്തിനടുത്തുകൂടിയുള്ള ഈ വഴി അഞ്ചുകൊല്ലം മുൻപ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്‌തിരുന്നു. പുറമ്പോക്ക് ഭൂമിയിൽ വേലിക്കെട്ടി പൊതുവഴി തടസപ്പെടുത്താനുള്ള ശ്രമത്തിനെതിരെ നടപടി വേണമെന്നും സിപിഐ എം ജില്ലാ റവന്യൂ അധികൃതരോട് ആവശ്യപ്പെട്ടു. റവന്യൂ വകുപ്പ് വേലി നീക്കം ചെയ്‌തില്ലെങ്കിൽ സിപിഐ എം പ്രവർത്തകർ വേലി നീക്കംചെയ്യുമെന്നും എസ് മുത്തുക്കണ്ണൻ മുന്നറിയിപ്പ് നൽകിയിരുന്നു.
വേലി നീക്കം ചെയ്‌ത ജില്ലാ അധികൃതരുടെ നടപടിയെ സിപിഐ എമ്മും തമിഴ്‌നാട് അയിത്ത നിർമാർജന മുന്നണിയും സ്വാഗതം ചെയ്‌തു. സവർണവിഭാഗങ്ങൾ ദളിതർക്ക് വഴി നിഷേധിച്ച് അയിത്തമതിലുകൾ പണിത വാർത്തകൾ തമിഴ്‌നാട്ടിൽ നിന്ന് മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
No comments:
Post a Comment