സ്വാതന്ത്ര്യത്തിന‌് തൊട്ടുപിന്നാലെ നാട്ടുരാജാക്കന്മാരും കേന്ദ്രസർക്കാരും ചേർന്ന‌് പലയിടത്തും ഇത്തരം കവനന്റുകളും കരാറുകളും ഉണ്ടാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ നാട്ടുരാജ്യ പ്രതിനിധികൾക്ക‌് ചില പ്രത്യേക ആനുകൂല്യങ്ങളും പ്രിവി പേഴ‌്സും നൽകി. ഭരണഘടന നിലവിൽ വന്നശേഷം കവനന്റുകൾ ഇല്ലാതായെങ്കിലും ആനുകൂല്യങ്ങൾ പഴയ രാജപ്രതിനിധികൾക്ക‌് ലഭിച്ചിരുന്നു. അധികാരം നഷ്ടപ്പെട്ട രാജാക്കന്മാർക്ക‌് മാന്യമായ പരിഗണന നൽകുന്നതിന്റെ ഭാഗമായി ഭരണഘടനയുടെ 291, 362 അനുഛേദങ്ങൾ പ്രകാരമായിരുന്നു ഇത‌്. എന്നാൽ, 1971ലെ 26–ാം ഭരണഘടനാ ഭേദഗതിയിലൂടെ ഈ ആനുകൂല്യങ്ങളും റദ്ദാക്കപ്പെട്ടു. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ‌് ഈ ഭേദഗതി കൊണ്ടുവന്നത‌്. ഇതിനെതിരെ ചിലർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഭരണഘടനാ ബെഞ്ച‌് ഭേദഗതി ശരിവച്ചു. ഇതോടെ കവനന്റിന്റെ അവശിഷ്ടഭാഗവും ഇല്ലാതായി.
തിരുവിതാംകൂറിലെ സ്വകാര്യവ്യക്തികളുടേതടക്കമുള്ള ക്ഷേത്രങ്ങളും അവയുടെ സ്വത്തുക്കളും 1811ലാണ‌് അന്നത്തെ രാജാവ‌് ഏറ്റെടുത്തത‌്. 1936ലെ ക്ഷേത്രഭരണത്തിനായി പ്രത്യേക ദേവസ്വംവകുപ്പ‌് രൂപീകരിച്ചു. തിരു–കൊച്ചി സംസ്ഥാനം രൂപീകരിച്ചതോടെയാണ‌് പന്തളം രാജകുടുംബം ഉദ്ധരിക്കുന്ന കവനന്റ‌് ഉണ്ടാകുന്നത‌്.
കവനന്റിൽ ഒപ്പിട്ടത‌് തിരുവിതാംകൂർ, കൊച്ചി രാജാക്കന്മാരും കേന്ദ്രസർക്കാർ പ്രതിനിധി വി പി മേനോനുമായിരുന്നു. നാട്ടുരാജ്യങ്ങൾ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത‌്. തിരുവിതാകൂറിലെയും കൊച്ചിയിലെയും ക്ഷേത്രങ്ങളുടെ ചുമതലയ‌്ക്കായി പ്രത്യേകം ബോർഡുകൾ രൂപീകരിക്കണമെന്ന‌് കവനന്റിൽ വ്യക്തമാക്കുന്നുണ്ട‌്.
തിരുവിതാംകൂർമേഖലയിൽ പത്മനാഭസ്വാമി ക്ഷേത്രമൊഴിച്ചുള്ള എല്ലാ ക്ഷേത്രങ്ങളുടെയും ഹിന്ദുമത സ്ഥാപനങ്ങളുടെയും ഭരണം തിരുവിതാംകൂർ ദേവസ്വബോർഡിലും കൊച്ചിയിലെ ക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങൾ കൊച്ചി ദേവസ്വംബോർഡിൽ നിക്ഷിപ‌്തമാക്കി. ഈ ബോർഡുകളുടെ അധികാരവും ചുമതലയും നടപടിക്രമങ്ങളും ദേവസ്വം ആക്ടിലും വ്യക്തമായി പറയുന്നുണ്ട‌്. കവനന്റിൽ പന്തളം കൊട്ടാരം കക്ഷിയല്ല എന്നുമാത്രമല്ല, ഒരിടത്തും ഇവരുടെ ക്ഷേത്രാവകാശത്തെപ്പറ്റി പരാമർശവുമില്ല. കവനന്റ‌് ഒപ്പിടുമ്പോൾ പന്തളം എന്നൊരു രാജവശം തന്നെയില്ല. പന്തളം ഉൾപ്പെടുന്ന പ്രദേശം അന്ന‌് തിരുവിതാംകൂറിന്റെ കീഴലായിരുന്നു.
സ്വകാര്യ വ്യക്തികളിൽനിന്ന‌് കടംവാങ്ങിയ 2.20 ലക്ഷത്തിലേറെ രൂപയും അതിന്റെ പലിശയും തിരിച്ചുകൊടുക്കാതിരുന്നതിനെത്തുടർന്നുള്ള സംഭവങ്ങളാണ‌് ഇതിന‌് കാരണമായത‌്. പണം കടം കൊടുത്തവർ നിയമനടപടികളിലേക്ക‌് നീങ്ങിയപ്പോൾ തിരുവിതാംകൂർ രാജാവ‌് പണം നൽകി പന്തളത്തെ തിരുവിതാകൂറിനോട‌് ചേർത്തു . 996 കർക്കടകമാസം എട്ടിനായിരുന്നു ഇത‌്. ശബരിമല ഉൾപ്പെടുന്ന 48 ക്ഷേത്രങ്ങളടക്കമാണ‌് കൈമാറിയത‌്. ശബരിമല ക്ഷേത്രത്തിൽ ഏറ്റവുമൊടുവിൽ തീപിടിത്തമുണ്ടായപ്പോൾ പുനർനിർമാണമടക്കമുള്ള കാര്യങ്ങൾ നിർവഹിച്ചതും തിരുവിതാംകൂർ രാജകുടുംബമായിരുന്നു.
1950ൽ തിരുവിതാകൂർ കൊച്ചി ഹിന്ദുമത ആക്ട‌് നിയമസഭ പാസാക്കിയതോടെ ക്ഷേത്രഭരണ നിർവഹണമടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തതയുണ്ടായി. തിരുവിതാംകൂർ രാജാവ‌് ദേവസ്വം ബോർഡിന‌് കൈമാറിയ 1200ൽ അധികം ക്ഷേത്രങ്ങൾ ഒന്നാം പട്ടികയാക്കി ആക്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട‌്. ശബരിമല ഒന്നാം പട്ടികയിലുള്ള ക്ഷേത്രമാണ‌്.
ഇവിടെ സുപ്രീംകാടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ 93ലെ വിധിയിലെ പരാമർശം ശ്രദ്ധേയമാണ‌്. ഭരണഘടന നിലവിൽ വന്നുകഴിഞ്ഞാൽ ഭരണഘടന പ്രഖ്യാപിക്കുന്ന അവകാശങ്ങൾക്കും കടമകൾക്കും മാത്രമാണ‌് പ്രസക്തി. ഭരണഘടന നിലവിൽവരും മുമ്പുള്ള ഇത്തരം കവനന്റുകൾക്ക‌് ഒരു നിലനിൽപ്പുമില്ല.
No comments:
Post a Comment