താന്ത്രിക കര്‍മങ്ങള്‍ പഠിച്ച അബ്രാഹ്മണന് ശബരിമലയില്‍ മേല്‍ശാന്തിയാകാന്‍ പറ്റുമോ?. ചോദിക്കുന്നത് എല്ലാ പൂജാവിധികളും പഠിച്ചിട്ടും കീഴ്‌ജാതിക്കാരനായതുകൊണ്ടുമാത്രം ആര്‍എസ്എസുകാര്‍ ക്ഷേത്ര ശ്രീകോവിലില്‍ പ്രവേശിപ്പിക്കാത്ത ശാന്തിക്കാരന്‍ എസ് സുധികുമാര്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലെ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ പൂജാരിയായി നിയമിതനായെങ്കിലും കീഴ്ജാതിക്കാരനായതിനാല്‍ പൂജചെയ്യിക്കില്ല എന്ന് പ്രഖ്യാപിച്ചത് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള അനൗദ്യോഗിക ക്ഷേത്ര കമ്മിറ്റിയായിരുന്നു. 'അബ്രാഹ്മണന്‍ പൂജ ചെയ്താല്‍ ദേവി കോപിക്കും' എന്ന തന്ത്രിയുടെ വാക്കുകേട്ട് സുധികുമാറിന്റെ നിയമനം മരവിപ്പിച്ചെങ്കിലും പ്രക്ഷോഭത്തെ തുടര്‍ന്ന് ദേവസ്വംബോര്‍ഡ് ഇടപെട്ട് റദ്ദാക്കി. പിന്നീട് കീഴ്ശാന്തിയായി ചാര്‍ജെടുത്തെങ്കിലും ആര്‍എസ്എസ് ഭീഷണികാരണം ഇതുവരെ സുധികുമാറിന് ശ്രീകോവിലിനുള്ളില്‍ കയറാനായിട്ടില്ല.
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ സമരംചെയ്യുന്നവര്‍ മുതലെടുപ്പാണ് നടത്തുന്നതെന്ന് സുധികുമാര്‍ പറഞ്ഞു. ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ രഞ്ജന്‍ ഗൊഗോയ് മുമ്പ് പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് താന്ത്രികകര്‍മങ്ങള്‍ പഠിച്ച എല്ലാവര്‍ക്കും ശാന്തിക്കാരാകാനുള്ള സ്ഥിതിയുണ്ടായത്. എന്നാല്‍, ബിജെപി ഭരിക്കുന്ന ഒരുസംസ്ഥാനത്തും പിന്നോക്കക്കാര്‍ക്ക് ശാന്തിപ്പണിചെയ്യാന്‍ ആകില്ല. എന്നാല്‍, അവര്‍ണര്‍ക്കും ക്ഷേത്രങ്ങളില്‍ ശാന്തിക്കാരാകാമെന്ന് സധൈര്യം തീരുമാനിച്ച കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടി പുരോഗമനാത്മകമാണെന്നും സുധികുമാര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡില്‍ നൂറ്റമ്പതോളം ഈഴവര്‍ പൂജാരികളായിട്ടുണ്ടെങ്കിലും ചെട്ടികുളങ്ങര പോലുള്ള വലിയ ക്ഷേത്രങ്ങളില്‍ പൂജ ചെയ്യാന്‍ അനുവദിക്കാത്തതിനുപിന്നിലും ആര്‍എസ്എസ് ആണ്.
സുപ്രീംകോടതിവിധി ഇറങ്ങിയ സമയത്ത് ഒരു മനുഷ്യന്‍പോലും വിധിക്കെതിരെ അപ്പീല്‍ കൊടുക്കാന്‍ തയ്യാറായില്ല. വിധിയെ ആരും ചോദ്യംചെയ്തില്ല. തങ്ങളെപ്പോലുള്ള പിന്നോക്കക്കാരെ സംരക്ഷിച്ച സംസ്ഥാന സര്‍ക്കാരിനെ ചവുട്ടിതേയ്ക്കുക എന്നതുമാത്രമാണ് സമരക്കാരുടെ ലക്ഷ്യം. സവര്‍ണ-ബ്രാഹ്മണാധിപത്യത്തെ ഉറപ്പിക്കാനുള്ള സമരമാണിത്. സുപ്രീംകോടതി വിധിവന്നപ്പോള്‍ ഭൂരിപക്ഷം സമുദായ നേതാക്കളും ഒരു പ്രസ്താവനപോലും ഇറക്കിയിരുന്നില്ല. എങ്കിലും സമുദായത്തിന്റെ പിന്തുണയുണ്ടെന്നുപറഞ്ഞ് ജനങ്ങളെ ഇറക്കി കേരളത്തെ കലാപഭൂമിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ശബരിമലയിലെ മുന്‍ മേല്‍ശാന്തി പ്രായപൂര്‍ത്തിയായ സ്വന്തം മകളെ സന്നിധാനത്ത് കയറ്റിയപ്പോള്‍ എതിര്‍പ്പുണ്ടായില്ല. ആചാരങ്ങള്‍ സര്‍വണര്‍ തെറ്റിച്ചാല്‍ ഒരു നടപടിയുമുണ്ടാകാറുമില്ല.
ഇപ്പോള്‍ നടക്കുന്ന സമരം വിജയിക്കുകയും ശബരിമലയില്‍ സ്ത്രീപ്രവേശം സാധിക്കാതിരിക്കുകയും ചെയ്യുന്ന ഘട്ടമുണ്ടായാല്‍, ഒരുകാലത്തും അവിടെയൊരു പിന്നോക്ക ശാന്തി ഉണ്ടാകില്ല. തന്നോട് അയിത്തംകാട്ടുന്നവര്‍ തന്നെയാണ് ശബരിമല വിധിക്കെതിരെ സമരം ചെയ്യുന്നത്. പൂജാദി കര്‍മങ്ങളിലൊക്കെ അയിത്തം ഇന്നും നില്‍ക്കുകയാണ്. ഓണാട്ടുകരക്കാരനായ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ചെട്ടികുളങ്ങര ദേവിയെ പൂജിക്കുക എന്നത്. എന്നാല്‍, ആര്‍എസ്എസിന്റെ സവര്‍ണ മനോഭാവം അതിനനുവദിക്കാത്ത അവസ്ഥയാണെന്നും സുധികുമാര്‍ പറഞ്ഞു.
(സുധികുമാര്‍ നാരദ ഓണ്‍ലൈന്‍ പോര്‍ട്ടലിന് അനുവദിച്ച അഭിമുഖത്തില്‍നിന്ന്)
No comments:
Post a Comment