കൊല്ലം > 1915 ഒക്ടോബർ 24 അഥവാ 1091 തുലാം എട്ട്. അന്ന് പെരിനാട്ട് ഉണർന്നെണീറ്റ ജനമനസിന് ഏതുഭരണകൂടത്തെയും തകർക്കാനുള്ള ആർജവമുണ്ടായിരുന്നു. ചാതുർവർണ്യവ്യവസ്ഥയിലെ ജാതിഘടനയിൽ അവസാനപട്ടികയിൽപ്പെട്ടവർ ഒരു മൈതാനത്ത് ഒത്തുചേർന്ന് തെളിച്ച തിരി നവോത്ഥാന പോരാട്ടങ്ങൾക്ക‌് വെളിച്ചം പകർന്നു. മാറുമറയ്ക്കാനും സഞ്ചാരസ്വാതന്ത്യത്തിനുംവേണ്ടി ഉയർന്ന ഇവിടുത്തെ കാഹളം കൊല്ലത്തെ പ്രക്ഷോഭചരിത്രപുസ്തകത്തിലെ ഒന്നാം പാഠമാണ‌് .
ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി അയ്യൻകാളിയുടെ നേതൃത്വത്തിൽ പുലയ സമുദായത്തിൽപ്പെട്ടവർ സംഘടിക്കുന്ന കാലഘട്ടത്തിലായിരുന്നു പെരിനാട് സമരം. വെടിപ്പുള്ള വസ്ത്രം ധരിക്കാനും ചെരിപ്പ്, കുട,സ്വർണാഭരണം എന്നിവ ധരിക്കാനും വിദ്യാഭ്യാസം നേടാനുള്ള അവകാശത്തിനുംവേണ്ടി സമരരംഗത്തിറങ്ങുവാൻ അയ്യൻകാളി നടത്തിയ ആഹ്വാനം പെരിനാട്ടിലും ആവേശമുയർത്തി. പട്ടികജാതി സ്ത്രീകൾക്ക് കല്ലുമാല ധരിക്കാനുള്ള അവകാശമേ അന്നുണ്ടായിരുന്നുള്ളൂ. 1915 ഒക്ടോബറിൽ പെരിനാട‌് നായന്മാരും പുലയരും തമ്മിൽ ലഹള നടന്നു.
ഇതെത്തുടർന്ന് ഗോപാലദാസ് എന്നയാൾ പെരിനാട്ടും ചെറുമൂട്ടിലും യോഗങ്ങൾ വിളിച്ചുകുട്ടി. ഒരു സമ്മേളനത്തിൽ സംസാരിക്കവെ ഗോപാലദാസിനെ സവർണർ ആക്രമിച്ചു. പട്ടികജാതിക്കാർ പ്രക്ഷുബ്ധരായി. സവർണരും അവർണരും തമ്മിൽനാട്ടിലുടനീളം സംഘട്ടനങ്ങൾ നടന്നു. പുലയരുടെ വീടുകൾ വ്യാപകമായി തീവെച്ചു. ഗത്യന്തരമില്ലാതെ പലരും നാടുവിട്ടു. വ്യാപകമായ അക്രമം നിയന്ത്രണാധീനമാക്കാൻ അയ്യൻകാളി മുന്നിട്ടിറങ്ങി.
സമാധാന ശ്രമങ്ങൾക്കൊടുവിൽ പുലയരുടെയും നായന്മാരുടെയും സംയുക്ത സമ്മേളനം കൊല്ലം റെയിൽവേ മൈതാനത്ത് വിളിച്ചുചേർത്തു. സ്ത്രീകൾ ഉൾപ്പെടെ ആയിരക്കണക്കിന് പുലയർ തടിച്ചുകൂടി. സവർണരുടെ ആക്രമണം ഭയന്ന് ഒളിവിൽ പോയവരും പങ്കെടുക്കാനെത്തി. സമ്മേളനത്തിൽ പട്ടികജാതി സ്ത്രീകളോട‌് കല്ലുമാല പൊട്ടിച്ചെറിയാൻ അയ്യൻകാളി ആഹ്വാനം ചെയ്തു. നിമിഷങ്ങൾക്കകം സ്ഥലം കല്ലുമാലകൾകൊണ്ട് നിറയുകയായിരുന്നു. ഇതെക്കുറിച്ച് മഹാകവി കുമാരനാശാൻ വിവേകോദയത്തിൽ ‘ലഹളേ നീ തന്നെ പരിഷ്‌കർത്താവ്' എന്ന തലക്കെട്ടിൽ മുഖപ്രസംഗവുമെഴുതി.
ജയന്‍ ഇടയ്ക്കാട്
No comments:
Post a Comment