മൂക്കുത്തി പറിച്ചെടുത്തു ചോരചിന്തി മുഖം
ആലപ്പുഴ > ശബരിമല അയ്യപ്പനുമായി അഭേദ്യബന്ധമുള്ള പന്തളത്ത് 1860ലായിരുന്നു ആ സംഭവം. വഴിനടന്ന ഈഴവപ്പെണ്‍കുട്ടിയുടെ മൂക്കുത്തി സവര്‍ണ്ണര്‍ പറിച്ചെടുത്ത് അപമാനിച്ചു. ചോരചിന്തിയ മുഖവുമായി പെണ്‍കുട്ടി നടുറോഡില്‍ അധിക്ഷേപത്തിന് ഇരയായി. അക്കാലത്ത് ഈഴവര്‍ അടക്കമുള്ള പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂക്കുത്തിയണിയാന്‍ അനുവാദമില്ലായിരുന്നു.
വിവരമറിഞ്ഞ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ സ്വര്‍ണ്ണപ്പണിക്കാരനെക്കൊണ്ട് ആയിരം മൂക്കുത്തിയുണ്ടാക്കി പന്തളത്തെ സ്ത്രീകളെ വിളിച്ചുകൂട്ടി അണിയിച്ചു. ഇവരെ സവര്‍ണ്ണര്‍ അപമാനിക്കാതിരിക്കാന്‍ ദിവസങ്ങളോളം പന്തളത്തു തങ്ങിയ പണിക്കര്‍ എതിര്‍ക്കാന്‍ വന്ന സവര്‍ണ്ണഗുണ്ടകളെ തല്ലിയോടിച്ചു.
1825 ജനുവരി 11ന് അമ്പലപ്പുഴ മംഗലത്ത് സമ്പന്നമായ കല്ലിശേരില്‍ തറവാട്ടില്‍ ജനിച്ച വേലായുധപ്പണിക്കരായിരുന്നു ചരിത്രത്തില്‍ ഇടംപിടിച്ച ഏത്താപ്പുസമവും സംഘടിപ്പിച്ചത്. കായംകുളത്ത് അവര്‍ണ സ്ത്രീ നാണം മറയ്ക്കാന്‍ മാറില്‍ ഏത്താപ്പിട്ടതു സവര്‍ണപ്രമാണിമാര്‍ക്കു സഹിച്ചില്ല. പൊതുനിരത്തില്‍ അവരുടെ മേല്‍മുണ്ടു വലിച്ചുകീറി മാറില്‍ മച്ചിങ്ങത്തൊണ്ടു പിടിപ്പിച്ച് കൂവിവിട്ടു. ഇതറിഞ്ഞ പണിക്കര്‍ തൊഴിലാളി സ്ത്രീകള്‍ക്കിടയില്‍ മേല്‍മുണ്ടു വിതരണം ചെയ്‌തു. ജന്മികള്‍ക്കു വേണ്ടി കീഴാളരെ ഒരുമിപ്പിച്ചു കൂട്ടിയ വേലായുധപ്പണിക്കര്‍ കൃഷിപ്പണിയും തേങ്ങാപ്പണിയും ബഹിഷ്‌ക്കരിക്കാനും ആഹ്വാനം ചെയ്‌തു. പണി മുടങ്ങിയതോടെ ജന്മിമാരുടെ സാമ്പത്തിക നില പരുങ്ങലിലായി.
തൊഴിലാളികള്‍ക്ക് കഴിഞ്ഞുകൂടാനുള്ള തുക പണിക്കര്‍ തന്നെ നല്‍കി. ദൂരെ നിന്ന് ജന്മികളെത്തിച്ച കൃഷിപ്പണിക്കാരെ കൊന്നുകളയുമെന്ന് പണിക്കര്‍ പരസ്യപ്രഖ്യാപനം നടത്തി. മുണ്ട് ഇറക്കിയുടുത്ത ഈഴവ സ്ത്രീയെ പരിഹസിച്ച കര പ്രമാണിമാര്‍ സമരം ശക്തമായപ്പോള്‍ പരസ്യമായി മാപ്പു പറഞ്ഞു. അവഹേളിക്കപ്പെട്ട സ്ത്രീയ്ക്ക് പ്രായശ്ചിത്തമായി മുണ്ടു വാങ്ങിക്കൊടുക്കാന്‍ പണിക്കര്‍ നിര്‍ദ്ദേശിച്ചു. അനുസരിക്കുകയല്ലാതെ പ്രമാണിമാര്‍ക്ക് മാര്‍ഗമില്ലാതായി.
ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരമായി അത് ചരിത്രത്തില്‍ ഇടംപിടിച്ചു. ശ്രീനാരായണഗുരു 1888 ല്‍അരുവിപ്പുറം പ്രതിഷ്ഠ നടത്തുന്നതിന് 36 വര്‍ഷം മുമ്പ് 1852ല്‍ അവര്‍ണര്‍ക്കായി ഈഴവശിവനെ വേലായുധപ്പണിക്കര്‍ പ്രതിഷ്ഠിച്ചു. കാര്‍ത്തികപ്പള്ളിയിലെ മംഗലത്ത് ജ്ഞാനേശ്വരം ക്ഷേത്രത്തിലായിരുന്നു പ്രതിഷ്ഠ. താഴ്ന്ന ജാതിക്കാര്‍ക്ക് കഥകളി അവതരിപ്പിക്കാന്‍ അനുവാദമില്ലാതിരുന്ന കാലത്ത് അദ്ദേഹം 1861ല്‍ താഴ്ന്ന ജാതിക്കാരെ സംഘടിപ്പിച്ച് കഥകളി പഠിപ്പിച്ച് അവതരിപ്പിച്ചു.
1874 ജനുവരി മൂന്നിനു പാതിരാത്രി തണ്ടുവള്ളത്തില്‍ കായംകുളം കായല്‍ കടക്കുമ്പോള്‍ മറ്റൊരു വള്ളത്തില്‍ എത്തിയ സവര്‍ണഗുണ്ടകള്‍ ഉറക്കത്തിലായിരുന്ന വേലായുധപ്പണിക്കരെ കുത്തിക്കൊല്ലുകയായിരുന്നു.
ലെനി ജോസഫ്
No comments:
Post a Comment