ആലപ്പുഴ>ശബരിമലയിലെ ആചാരനുഷ‌്ഠാനങ്ങൾ സംരക്ഷിക്കാനെന്നപേരിൽ വിശ്വാസികളെ തെരുവിലിറക്കുന്നവർ ക്ഷേത്രദ്രോഹികളാണെന്ന‌് അയ്യപ്പന്റെയും മാളികപ്പുറത്തമ്മയുടെയും ഐതിഹ്യവുമായി ബന്ധമുള്ള മുഹമ്മ ചീരപ്പൻചിറ തറവാട്ടിലെ കാരണവർ സി കെ മണി. എല്ലാ പ്രായത്തിലുമുള്ള സ‌്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നതുകൊണ്ട‌് അയ്യപ്പന‌് ഒന്നുംസംഭവിക്കില്ല. സ‌്ത്രീകൾ മുമ്പ‌് കയറിയതിന‌് രേഖകളുമുണ്ട‌്. എന്നിട്ടും അയ്യപ്പചൈതന്യം കുറഞ്ഞില്ല. കോടതിവിധിയുടെ പേരിലുള്ള സമരം രാഷ്ട്രീയലക്ഷ്യത്തോടെയാണ‌്.
സമരക്കാരുടെ ലഷ്യം വോട്ട‌്
വിശ്വാസികളെ തെരുവിലിറക്കി സംസ്ഥാന സർക്കാരിനെതിരെ ആയുധമാക്കുകയാണ‌് ബിജെപിയും കോൺഗ്രസും. വോട്ടാണ‌് ഇതിനുപിന്നിലെ ലക്ഷ്യമെന്ന‌് യഥാർഥ ഭക്തർ തിരിച്ചറിയണം. രാഹുൽ ഇൗശ്വർ അല്ല ശബരിമലയിലെ കാര്യങ്ങൾ തീരുമാനിക്കുന്നത‌്. തന്ത്രി കുടുംബത്തിന‌് മാത്രം അവകാശം എന്നുപറയുന്നത‌് ശരിയല്ല. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത‌് ഏതെങ്കിലും ക്ഷേത്രഭാരവാഹികളോടോ തന്ത്രിമാരുമായിട്ടോ ആലോചിച്ചായിരുന്നില്ല. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിച്ചപ്പോൾ ശബരിമല ക്ഷേത്രവും കേരള സർക്കാരിന്റെ അധീനതയിൽ വന്നു. ദേവസ്വംബോർഡ‌് നടത്തിപ്പുകാർ മാത്രം.
ചീരപ്പൻചിറ കുടുംബത്തിന‌് ശബരിമലയിൽ അവകാശപ്പെട്ട വെടിവഴിപാട‌് അവകാശം ദേവസ്വംബോർഡ‌് കേസിലൂടെ കൈക്കലാക്കിയപ്പോൾ തന്ത്രിയും പന്തളം കൊട്ടാരവും മതസംഘടനകളും ഒരുവാക്കുപോലും പറഞ്ഞില്ല. അതും ഒരു ആചാര നിഷേധമായിരുന്നു. തന്ത്രി കുടുംബത്തിന്റെ അധികാരങ്ങൾ പുനർനിർണയിക്കേണ്ട കാലംകഴിഞ്ഞു. അയ്യപ്പഹിതം അറിയുന്നതിനുള്ള പ്രശ‌്നവിധിയും ഒരു സംഘത്തിന്റെ പിടിയിലാണ‌്.എല്ലാദിവസവും നിത്യപൂജയോടെ തുറക്കുന്ന തരത്തിൽ ആചാരത്തിലും മാറ്റം വരുത്തണം. എല്ലാമതക്കാർക്കും കയറാവുന്ന ക്ഷേത്രമാണ‌് ശബരിമലയെന്നും അദ്ദേഹം പറഞ്ഞു.
സിബി ജോർജ്
No comments:
Post a Comment