തലശേരി > തലശേരി ജഗന്നാഥക്ഷേത്രത്തില്‍ ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയപ്പോഴും വിശ്വാസത്തിന്റെപേരില്‍ എതിര്‍പ്പുയര്‍ത്താന്‍ സവര്‍ണ മേധാവികളെത്തിയിരുന്നു. അബ്രാഹ്മണനായ ഒരാള്‍ പ്രതിഷ്ഠ നടത്തുന്നത് ചിന്തിക്കാന്‍പോലും അന്ന് പലര്‍ക്കും സാധിച്ചിരുന്നില്ല. സവര്‍ണപൗരോഹിത്യത്തിന്റെ എതിര്‍പ്പിനുമുന്നില്‍ ഗുരു കീഴടങ്ങിയിരുന്നെങ്കില്‍ ക്ഷേത്രാചാരങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക് ജഗന്നാഥ ക്ഷേത്രമെന്നത് സ്വപ്‌നം മാത്രമാകുമായിരുന്നു.
തൊട്ടുകൂടായ്‌മയും തീണ്ടികൂടായ്‌മയും കൊടുകുത്തിവാണകാലത്താണ് 'ഈഴവ ശിവനെ' പ്രതിഷ്ഠിച്ച് സാമൂഹ്യവിപ്ലവത്തിന് ഗുരുതിരികൊളുത്തിയത്. പ്രതിഷ്ഠക്കെത്തിയ ഗുരുവിനെ തര്‍ക്കത്തില്‍ തോല്‍പിക്കാനെത്തിയവര്‍ അദ്ദേഹത്തിന്റെ വാദമുഖങ്ങള്‍ക്ക് മുന്നില്‍ തോറ്റുമടങ്ങിയതാണ് ചരിത്രം. അന്നതിന് സാക്ഷിയായ മൊയാരത്ത് ശങ്കരന്‍ ആത്മകഥയില്‍ ഇതേക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. മൊയാരം തലശേരി മിഷന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ശ്രീനാരായണഗുരു ശിഷ്യന്മാര്‍ക്കൊപ്പം തലശേരിയിലെത്തി 1906 മാര്‍ച്ച് 23ന് ജഗന്നാഥക്ഷേത്രത്തിന് കുറ്റിയടിച്ചത്. ശ്രീനാരായണഗുരു കൊളുത്തിവിട്ട വിചാരവിപ്ലവത്തിന്റെ അഗ്‌നി വടക്കന്‍കേരളവും ഏറ്റുവാങ്ങിയതിന്റെ ഫലമായിരുന്നു ജഗന്നാഥ ക്ഷേത്രം.
1908 ഫെബ്രുവരി 13നായിരുന്നു പ്രതിഷ്‌ഠ. നാനാജാതിയില്‍പെട്ട ആയിരങ്ങളാണന്ന് ക്ഷേത്രത്തില്‍ തടിച്ചുകൂടിയതെന്ന് 1908 മാര്‍ച്ച് ലക്കം 'നല്ലീശ്വരവിലാസം' മാസിക റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ജഗന്നാഥത്തില്‍ പട്ടികജാതിക്കാര്‍ക്ക് പ്രവേശനം തടഞ്ഞപ്പോള്‍ അതിനുപരിഹാരം കണ്ടതുംഗുരുതന്നെ.
No comments:
Post a Comment