ജനസംഖ്യയിൽ പകുതിയിലധികമുള്ള സ‌്ത്രീകളുടെ തുല്യതയ‌്ക്കും അന്തസ്സിനുമായുള്ള പോരാട്ടങ്ങൾ നൂറ്റാണ്ടുകളായി തുടരുമ്പോഴും അവയെല്ലാം പുരുഷമേധാവിത്വ സമൂഹത്തിൽ തെറ്റായ രീതിയിലാണ‌് വിലയിരുത്തപ്പെടുന്നത‌്. ദുർബലയും പുരുഷന‌് കീഴ‌്പ്പെട്ട‌് ജീവിക്കേണ്ടവളുമാണ‌് സ‌്ത്രീയെന്ന ധാരണ ശക്തമായതിനാൽ പുരുഷന‌് കീഴിൽ ജീവിച്ചുവരികയാണ‌് സ‌്ത്രീസമൂഹം. ജനിക്കുമ്പോൾമുതൽ പെൺകുട്ടികൾക്കെതിരായ വിവേചനം തുടങ്ങുന്നതായി കാണാം. വിവാഹശേഷം കുടുംബിനികളായി വീടിനുള്ളിൽ ഒതുങ്ങുന്നവരാണ‌് ഏറെയും. സതിയടക്കമുള്ള ദുരാചാരങ്ങളിലൂടെ പണ്ടുമുതലേ സ‌്ത്രീസ്വാതന്ത്ര്യത്തിന‌് വിലക്കേർപ്പെടുത്താൻ സമൂഹം ഇടപെട്ടിരുന്നു. ഭർത്താവ‌് മരിച്ചാൽ ആ ചിതയിൽ ഭാര്യയെ ജീവനോടെ തീകൊളുത്തിക്കൊല്ലുന്ന സമൂഹം ഭാര്യയുടെ മരണാനന്തരം ഭർത്താവിന‌് മറ്റൊരു വിവാഹം ചെയ്യാൻ തടസ്സം നിന്നില്ല.
സ‌്ത്രീകളെ വരുതിയിൽ നിർത്താനുള്ള ചട്ടക്കൂടുകൾ എല്ലാ വിശുദ്ധ മതഗ്രന്ഥങ്ങളിലുമുണ്ട‌്. നിരന്തരമുള്ള ത്യാഗനിർഭരമായ പോരാട്ടങ്ങളിലൂടെയാണ‌് സ‌്ത്രീകൾക്കെതിരായ കടുത്ത വിവേചനങ്ങളെ ചെറുതായെങ്കിലും പ്രതിരോധിക്കാൻ സാധിച്ചത‌്. പല ദുരാചാരങ്ങളും വഴിമാറിയെങ്കിലും പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ ചിന്താഗതിയിൽ വലിയ മാറ്റം വന്നിട്ടില്ലെന്ന‌് വ്യക്തമാക്കുന്നതാണ‌് ശബരിമല സ‌്ത്രീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ ഉയരുന്ന കോലാഹലങ്ങൾ. സാമൂഹ്യമായും വിദ്യാഭ്യാസപരമായും രാജ്യത്ത‌് മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽപ്പോലും ശബരിമല സ‌്ത്രീപ്രവേശവുമായി ബന്ധപ്പെട്ട‌് പ്രശ‌്നങ്ങളുണ്ടാക്കാൻ പുരോഹിതന്മാരടക്കമുള്ള വരേണ്യവർഗത്തിന‌് കഴിയുന്നു. ഉയർന്ന ജാതിക്കാരും അവരെ പിന്തുണയ‌്ക്കുന്ന രാഷ്ട്രീയ കക്ഷിയും മതവികാരം ഇളക്കി അധികാരമുറപ്പിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തുകയാണ‌്.
സ‌്ത്രീകൾക്കനുകൂലമായ വിധിയെ പൊളിക്കാൻ സ‌്ത്രീകളെത്തന്നെ തെറ്റിദ്ധരിപ്പിച്ച‌് സമരരംഗത്തിറക്കാൻ ഇവർക്ക‌് കഴിയുന്നു. ക്രിസ‌്തീയ പുരോഹിതന്മാർക്കെതിരെ കന്യാസ‌്ത്രീകൾ ശക്തമായി സമരരംഗത്തിറങ്ങിയതിനു പിന്നാലെയാണ‌് ശബരിമല വിഷയത്തിൽ ചില വിഭാഗക്കാർ പിന്തിരിപ്പൻ നിലപാട‌് സ്വീകരിക്കുന്നത‌്.
മതവികാരം ഇളക്കിവിട്ട‌് നാമജപയാത്രയിലും മറ്റ‌് പിന്തിരിപ്പൻ പ്രക്ഷോഭങ്ങളിലും സ‌്ത്രീകളടക്കമുള്ളവരെ അണിനിരത്താനും സുപ്രീംകോടതി വിധി മതാചാരങ്ങൾക്കെതിരാണെന്ന‌് വരുത്തിത്തീർക്കാനുമാണ‌് രാഷ്ട്രീയപ്രേരിതമായ സമരങ്ങൾ നടക്കുന്നത‌്. സതി, തൊട്ടുകൂടായ‌്മ തുടങ്ങിയ നിരവധി ദുരാചാരങ്ങൾ നിർത്തലാക്കാൻ തീരുമാനിച്ചപ്പോഴും അതിനെതിരെ നിരവധി പോരാട്ടങ്ങൾ നടന്നിരുന്നു. ശക്തമായ ഇടപെടലുകളിലൂടെയും പ്രതിഷേധങ്ങളിലൂടെയുംമാത്രമേ സമൂഹത്തിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കൂ.
ഏത‌് ദൈവത്തിന്റെ ആഗ്രഹപ്രകാരമാണ‌് ആചാരങ്ങളെന്ന പേരിൽ പല കാര്യങ്ങളും നിലനിൽക്കുന്നത‌്, തന്ത്രിമാരും
ബിഷപ്പുമാരുമെല്ലാം അടങ്ങുന്ന പുരോഹിതവർഗത്തോടൊപ്പം അധികാരം പങ്കിടാൻ ഉന്നതജാതിയിലുള്ളവരെ ചുമതല
പ്പെടുത്തിയതാര‌് എന്നീ ചോദ്യങ്ങൾ ഉയർന്നുവരുന്ന സമയമാണിത‌്.
നിങ്ങൾ വിശ്വാസിയാണോ, നിങ്ങൾക്ക‌് അമ്പലം സന്ദർശിക്കാൻ ആഗ്രഹമുണ്ടോ എന്നീ ചോദ്യങ്ങളല്ല ശബരിമല സ‌്ത്രീപ്രവേശവുമായി ബന്ധപ്പെട്ട‌് ഉയരേണ്ടത‌്. സ‌്ത്രീയാണെന്നതിന്റെ പേരിൽ ഒരു മനുഷ്യൻ എന്ന നിലയിലുള്ള പരിഗണനപോലും സമൂഹത്തിൽ പകുതിയിലധികമുള്ള വിഭാഗത്തിന‌് നിഷേധിക്കപ്പെടുന്നതുമായി ബന്ധപ്പെട്ടാണ‌് ചോദ്യമുയരേണ്ടത‌്. 52 വർഷംമുമ്പ‌് കേരളത്തിൽത്തന്നെയാണ‌് താഴ‌്ന്നജാതിക്കാർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചത‌്. വിപ്ലവകരമായ ഈ മാറ്റം ഇന്ത്യയിലാദ്യമായി കേരളത്തിലാണ‌് തുടക്കംകുറിച്ചത‌്. തൊട്ടുകൂടായ‌്മയും തീണ്ടിക്കൂടായ‌്മയുമെല്ലാം നവോത്ഥാനത്തിന്റെ ഭാഗമായി വഴിമാറി.
ദുരാചാരങ്ങൾ നിറഞ്ഞ ഇരുണ്ടകാലത്തേക്ക‌്, നൂറ്റാണ്ടുകൾക്ക‌് പുറകിലേക്ക‌്, തിരിച്ചുപോകാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത‌് എന്ന പ്രസക്ത ചോദ്യമാണ‌് കേരള സമൂഹത്തിന‌് മുന്നിൽ ഇന്ന‌് ഉയരുന്നത‌്.
ആനന്ദ‌്
(കടപ്പാട‌് ന്യൂസ‌് ക്ലിക്ക‌്)
No comments:
Post a Comment