Friday, November 2, 2018

കൺതുറന്നാൽ കാണാം, മാറിയ ലോകം

ആചാരങ്ങൾ എന്തുകൊണ്ട് എല്ലാക്കാലത്തും ദുർബലർക്ക് എതിരാകുന്നു?

വെളുത്തവന് സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതിന് റോസ പാർക‌്സിനെ ബസിൽനിന്ന് അറസ്റ്റ‌് ചെയ്‌തുകൊണ്ടുപോയി അമേരിക്കയിൽ. അടിമ സമ്പ്രദായത്തെ വേദപുസ്തകത്തിലെ വരികൾ ഉപയോഗിച്ച് ന്യായം ചമച്ചു. ഒരു ആഭ്യന്തരയുദ്ധത്തിനുശേഷമാണ് അമേരിക്കയിൽ അടിമത്തം അവസാനിച്ചത്.
പ്രഫുല്ല ചന്ദ്രറായ്
ഇവിടെ അവർണർ അമ്പലമുറ്റത്തുകൂടി നടക്കുന്നതിലായിരുന്നു ദൈവകോപം. വൈക്കം ക്ഷേത്രത്തിന്റെ മുന്നിലൂടെ നടന്ന അവർണന്റെ കണ്ണിൽ ചുണ്ണാമ്പെഴുതി. അവർണൻ അമ്പലത്തിൽ കയറിയാൽ അശുദ്ധപ്പെടുമെന്ന് തിരുവിതാംകൂർ ഹൈക്കോടതി വിധിയെഴുതിയിട്ടുണ്ട്.

2018ൽ അവർണർ അമ്പലത്തിൽ കയറുന്നതും പ്രതിഷ്ഠയിൽ അഭിഷേകം ചെയ്യുന്നതും  എന്തുകൊണ്ട് കേസാകുന്നില്ല?  ആചാരപരമായി പവിത്രവും താന്ത്രികമായി സമ്പൂർണവും വൈദികവിധിപ്രകാരം ശ്രേഷ്ഠവുമായ അയിത്തം ഒരു നൂറ്റാണ്ടിനുശേഷം എങ്ങനെ അശ്ലീലമായിമാറി.

'വസിഷ്ഠ മഹർഷി അഭിസാരികയുടെ മകനായിരുന്നു. നാരദൻ വേശ്യയുടെ മകനായിരുന്നു. വ്യാസൻ മുക്കുവത്തിയുടെ മകനായിരുന്നു. അന്ന് ഈ ബ്രാഹ്മണർ എവിടെയായിരുന്നു?'‐ ഈ ചോദ്യം ഇന്ത്യൻ രസതന്ത്രത്തിന്റെ ഉപജ്ഞാതാവായ ആചാര്യ പി സി റായിയുടേതാണ്. കാക്കിനട കോൺഗ്രസ് സമ്മേളനത്തിന് അയിത്തോച്ചാടന പ്രമേയം അവതരിപ്പക്കാൻ വന്ന  ടി കെ മാധവനോടാണ് റായി ഇത് പറഞ്ഞത്.

ആചാരവും വിശ്വാസവും

അയിത്തവും ആചാരമാണ്. വിശ്വാസമാണ്. അവർണന്റെ കാലുകൾ താന്ത്രികവിധിപ്രകാരം വിഗ്രഹത്തെ അശുദ്ധമാക്കുന്നതുതന്നെയാണ്. താന്ത്രികവിധി എങ്ങനെ മാറ്റിയെഴുതി?

ആചാരങ്ങളുടെ അധികാരം അതിന്റെ കാലപ്പഴക്കമാണ്. നൂറ്റാണ്ടുകളായി തുടരുന്നു എന്നത് ഇനിയും നൂറ്റാണ്ടുകളായി തുടരാനുള്ള അവകാശരേഖയാണ്. ആചാരങ്ങൾക്കകത്ത് വിശ്വാസങ്ങളെ തളച്ചുനിർത്തുന്നത് അതിന്റെ കാര്യകർത്താക്കളാണ്. പട്ടടയിൽ വാസവദത്ത കത്തിയമരുന്നത് നോക്കി തിരിഞ്ഞുനടന്ന ഉപഗുപ്തനോട്  വീണ്ടും വരണമെന്ന് കുമാരനാശാൻ യാചിക്കുന്നു. 'നമസ്കാരമുപഗുപ്ത, വരിക ഭവാൻ നിർവാണനിമഗ്നനാകാതെ വീണ്ടും ലോകസേവയ്ക്കായ്'. ശ്രീനാരായണഗുരു കണ്ണാടിയിൽ നോക്കി പ്രാർഥിക്കാൻ ആവശ്യപ്പെട്ടു.

ആചാരങ്ങൾ ലംഘിക്കപ്പെട്ടപ്പോൾ വിശ്വാസങ്ങൾ ഇല്ലാതായിട്ടില്ല. അവർണൻ അമ്പലത്തിൽ കയറിയപ്പോൾ ഒരു ദൈവവും പിണങ്ങിപ്പോയില്ല. രണ്ടായിരത്തിലേറെ വർഷം നീണ്ട സതി സമ്പ്രദായം അവസാനിച്ചപ്പോൾ പരമശിവനും സതീദേവിയും കോപിച്ചില്ല. പെൺകുട്ടികളുടെ കല്യാണപ്രായം എട്ടിൽനിന്ന് പത്താക്കിയപ്പോഴും പത്തിൽനിന്ന് പന്ത്രണ്ടാക്കിയപ്പോഴും ആചാരങ്ങളിൽ കൈവയ‌്ക്കുന്നു എന്ന് അലറി കലാപത്തിന്റെ കൊടുംതീ പകർത്തിയവരുടെ പിൻതലമുറ ഇന്ന് അഞ്ചാംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക്ക് വിവാഹം ആലോചിക്കാറില്ല. ബ്രാഹ്മണന്റെ പിതാവിന് സ്വർഗലോകം പൂകാൻ ശൂദ്രന്റെ തലയറുക്കണമോ എന്ന് ചോദിച്ച ചാർവാകന്റെ ശബ്ദംകേട്ട് ഒരു ദൈവവും പരിഭ്രമിച്ചില്ല.

എല്ലാം ആചാരങ്ങളായിരുന്നു. എല്ലാത്തിനുമുണ്ടായിരുന്നു സഹസ്രാബ്ദങ്ങളുടെ കാലപ്പഴക്കം. കാലത്തിനനുസരിച്ച് മനുഷ്യൻ മാറും. മനുഷ്യനുണ്ടാക്കിയതെല്ലാം മാറും. മനുഷ്യനെ സൃഷ്ടിച്ചത് ദൈവമാണെങ്കിൽ ബ്രാഹ്മണനെയും ചെറുമനെയും തീർത്തത് ദൈവംതന്നെയാണോ? എങ്കിൽ എന്തുകൊണ്ട് ദൈവം യൂറോപ്പിൽ ബ്രാഹ്മണനെയും ക്ഷത്രിയനെയും വൈശ്യനെയും ശൂദ്രനെയും തീർത്തില്ല. അമേരിക്കയിൽ കറുത്തവനെയും വെളുത്തവനെയും തീർത്ത ദൈവം എന്തുകൊണ്ട് ജപ്പാനിൽ അങ്ങനെ സൃഷ്ടി നടത്തിയില്ല? വേർതിരിവുകൾ ഭാവനകളാണ്. ആചാരങ്ങൾകൊണ്ട്, ആചാരങ്ങൾ നിർവചിച്ച പെരുമാറ്റരീതികൾകൊണ്ട്, ഭാവനകളെ യാഥാർഥ്യമാക്കി.

അധികാരം

ബ്രാഹ്മണന്റെയും ശൂദ്രന്റെയും ശരീരം തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്? ശൂദ്രന്റെ ശരീരത്തിലുള്ളതിനേക്കാൾ ഏത് അവയവമാണ് ബ്രാഹ്മണന് കൂടുതലുള്ളത്? കറുത്തവന്റെയും വെളുത്തവന്റെയും ഹൃദയമിടിപ്പിന് എന്താണ് വ്യത്യാസം? ഏക വ്യത്യാസമാണ് ഇവർ തമ്മിലുള്ളത്. ബ്രാഹ്മണനും വെളുത്തവനും ആര്യനും അധികാരമുണ്ടായിരുന്നു. ആചാരത്തിന്റെ നടുവിലാണ് അധികാരത്തിന്റെ ശ്രീകോവിൽ. അധികാരം സംസാരിക്കുന്നത് ആലങ്കാരിക ചിഹ്നങ്ങളിലൂടെയാണ്. ആചാരത്തിന്റെ ഒരാണി ഇളകിയാൽ അധികാരത്തിന്റെ മോന്തായം ഇളകും. അധികാരത്തിന്റെ കമ്പിളിപ്പുതപ്പിനകത്ത് സുഖനിദ്ര കൊള്ളുന്നത് കൊടുംഭയമാണ്. അല്ലങ്കിൽ എന്തിന് സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്നു പറഞ്ഞ ജ്യോതിശാസ്ത്രജ്ഞന്മാരെ ജീവനോടെ കത്തിച്ചു?

ഭാവന തീർത്ത കൊടുംക്രൂരമായ ഉച്ചനീചത്വമാണ് സ്ത്രീ‐ പുരുഷൻ. ശാരീരികമായ വ്യത്യാസങ്ങൾ മാറ്റിനിർത്തിയാൽ മറ്റെന്താണ് ഇവർ തമ്മിലുള്ളത്? പക്ഷേ, കാലദേശവർണവ്യത്യാസങ്ങളില്ലാതെ എവിടെയും പുരുഷനാണ് മുന്നിൽ. അത് പ്രകൃതിനിയമമായിപ്പോലും വ്യാഖാനിക്കപ്പെട്ടു. ക്രിസ്തുവിനുമുമ്പ് അഞ്ചാം നൂറ്റാണ്ടിലെ ഏഥൻസിൽ ഗർഭപാത്രം സ്ത്രീക്ക് അയോഗ്യതയായിരുന്നു. പൊതുസഭയും വോട്ടെടുപ്പും സ്ത്രീക്ക് നിഷേധിച്ചതിന്റെ കാരണം ഗർഭപാത്രമായിരുന്നു.

പുരുഷന്റെ ആധിപത്യവും സ്ത്രീയുടെ വിധേയത്വവും പ്രകൃതിനിയമമായി വ്യാഖ്യാനിച്ചു. സരോജിനി നായിഡു കോൺഗ്രസിന്റെ അധ്യക്ഷയായപ്പോഴും ഇന്ദിര ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോഴും പ്രകൃതി കോപിച്ചില്ല. ആണിന്റെ മേൽക്കോയ്മയും പെണ്ണിന്റെ കുടിയായ്മയും പ്രകൃതിനിയമമല്ല, കൃത്രിമമായി സൃഷ്ടിച്ചതാണ‌്. ബാബിലോണിയയിലുണ്ടായ ലോകത്തെ പുരാതന നിയമസംഹിതയായ 'ഹാമുറാബി നിയമാവലി'യിൽ യജമാനൻ ദാസിയെ കൊന്നാൽ 20 വെള്ളിക്കാശുമാത്രമാണ് ശിക്ഷ. മനുവിന്റെ സ്മൃതിയിൽ സ്ത്രീ സ്വാതന്ത്ര്യത്തിന് അർഹയല്ല.

സ‌്ത്രീയുടെ സ്ഥാനം

എന്തുകൊണ്ട് എല്ലാരാജ്യത്തും സ്ത്രീക്ക് എതിരായ നിയമങ്ങളും ആചാരങ്ങളും ഉണ്ടായി. സ്ത്രീക്ക് ആർത്തവമുള്ളതുകൊണ്ടാണോ ഇത്? അല്ലെങ്കിൽ അധികാരമില്ലാതിരുന്നതുകൊണ്ടോ?

സ്ത്രീയെ രണ്ടാംതരക്കാരിയാക്കിയതിന്റെ ആശയപരമായ അടിത്തറ ഒരുക്കിയത് പുരാതന ക്രൈസ്തവചിന്തകളാണ്. വിലക്കപ്പെട്ട കനി സ്ത്രീയുടെ കൈയിലാണ്, പുരുഷന്റെ കൈയിലല്ല ആദ്യം ഏൽപ്പിച്ചത്.

വേദശാസ്ത്രജ്ഞനായ തോമസ് അക്വിനാസിന് അംഗഭംഗം വന്ന പുരുഷനാണ് സ്ത്രീ. ഇടുങ്ങിയ നെഞ്ചും വിടർന്ന അരക്കെട്ടുമുള്ളതിനാൽ സ്ത്രീ വീട്ടിലിരുന്ന് മക്കളെ പ്രസവിക്കട്ടെ എന്ന് ജർമൻ പാതിരി മാർട്ടിൻ ലൂഥർ പ്രഖ്യാപിച്ചു. 'സ്ത്രീയുടെ സ്ഥാനം അടുക്കളയാണ് ’എന്നത് ഇന്ത്യയിലെ അല്ല ഇംഗ്ലണ്ടിലെ ചൊല്ലായിരുന്നു. ക്രിസ്തുവിനും 200 വർഷംമുമ്പ് ഇന്ത്യയിൽ കാമശാസ്ത്രം രചിച്ചു. മാർക്സിന്റെ മകൾ എലീനർക്ക് 1875ൽ ബ്രിട്ടീഷ് ലൈബ്രറിയിൽ അത് വായിക്കാൻ പ്രത്യേക അനുമതി വാങ്ങേണ്ടിവന്നു. ലൈബ്രേറിയന്റെ മേൽനോട്ടത്തിൽമാത്രമാണ് വായന അനുവദിച്ചതും. 'അധാകർമികതയുടെ മായക്കാഴ്ചകൾ' എന്നാണ് അതുകൊണ്ട് എലീനർ ക്രൈസ്തവമതത്തെ നിർവചിച്ചത്. അവിവാഹിതകൾ പൊതുവേദിയിൽ വരരുതെന്ന്  പോപ് സിക്സ്റ്റസ് കൽപ്പന ഇറക്കി. നടികളെയും ഗായികമാരെയും വിലക്കി. സ്ത്രീകൾ ബലഹീനപാത്രങ്ങളെന്ന് വിശുദ്ധ പത്രോസ് ലേഖനമെഴുതി.
വൈദ്യം, നിയമം തുടങ്ങിയ എല്ലാ പ്രൊഫഷണൽ ജോലികളും സ്ത്രീകൾക്ക് നിഷിദ്ധമായി. 1558 മുതൽ 1603 വരെ എലിസബത്ത് രാജ്ഞി ഭരിച്ചപ്പോൾ  ഇംഗ്ലണ്ടിലെ എല്ലാ പാർലമെന്റ് അംഗങ്ങളും ആണുങ്ങളായിരുന്നു.

മാറുന്ന സമൂഹം

എല്ലാം ആചാരങ്ങളായിരുന്നു. എല്ലാം മതത്തിന്റെ പേരിലായിരുന്നു. യൂറോപ്പിൽ, അമേരിക്കയിൽ ഇപ്പോൾ എവിടെയുണ്ട് ഈ ആചാരങ്ങൾ? ഈ ആചാരങ്ങൾ ഇല്ലാതിരുന്നിട്ടും എവിടെയാണ് വിശ്വാസങ്ങൾ ഇല്ലാതായത്? എവിടെയാണ് മതം ഇല്ലാതായത്? കാലപ്പഴക്കംകൊണ്ട് അഴുക്കുപിടിക്കുകയും ജീർണിക്കുകയും ചെയ്ത വസ്ത്രങ്ങളാണ് ആചാരങ്ങൾ. അതുകൊണ്ടുതന്നെ മാറുന്ന സമൂഹത്തെ അലങ്കരിക്കാൻ അത് പോരാതെവരും. ആചാരശാഠ്യത്തിൽ നിക്ഷിപ്ത താൽപ്പര്യങ്ങളുടെ ലാഭക്കൊതിയാണ് ഒളിച്ചിരിക്കുന്നത്. വിശ്വാസങ്ങൾപോലും അകന്ന‌് കാലത്തിലൂടെയാണ് കടന്നുപോകുന്നത്. എസ്തോണിയ സന്ദർശിക്കാനെത്തിയ പോപ്പ് യുവാക്കൾ മതങ്ങളിൽനിന്ന് അകലുന്നതെന്താണെന്ന് പരിശോധിക്കണം എന്നാണ്  ഉപദേശിച്ചത്.

സ്ത്രീയുടെ അശുദ്ധി സങ്കൽപ്പം ഇന്ത്യയുടേതല്ല. അത് ഇംഗ്ലണ്ടിൽനിന്നുള്ള ഇറക്കുമതിയാണ്. സ്ത്രീശരീരം ആർത്തവരക്തത്തിന്റെ കറപിടിച്ച ഉപ്പുതൂണുകളല്ല, അത് ക്ലാവ് പിടിച്ച ചെമ്പുപാത്രമല്ല, തുപ്പൽ കോളാമ്പിയുമല്ല. അത് അഭിമാനംതന്നെയാണ്, ആട്ടിയകറ്റലിന്റെ അഹങ്കാരത്തിന് ഗർജിക്കാനുള്ള സ്ഥലമല്ല. അത് പൂജയ്ക്കെടുക്കാത്ത പൂക്കളല്ല. കൺതുറന്നാൽ കാണാം, മാറിയ ലോകം.

എം എം പൗലോസ്‌

No comments:

Post a Comment