മുംബൈ > ‘ ഒരു ക്ഷേത്രത്തിലും സ്ത്രീകളെ വിലക്കാനാകില്ല' എന്ന‌് ബോംബെ ഹൈക്കോടതി വിധിച്ചത‌് 2016 മാർച്ചിലാണ‌്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ ശനി ശിംഗ്നപുർ ക്ഷേത്രത്തിൽ സ‌്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടായിരുന്നു അത‌്. ഇൗ ദശകത്തിൽ രാജ്യം കേട്ട ഏറ്റവും ശക്തമായി വിധികളിലൊന്നായിരുന്നു അത്. എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകൾക്ക് പ്രവേശനസ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ട കാലം അതിക്രമിച്ചു എന്ന‌് കോടതി വിധിന്യായത്തില്‍ കുറിച്ചു.
ഈ വിധിക്ക‌് പിന്നാലെ മഹാരാഷ്ട്രയിലെ ഹാജി അലി ദർഗയിലും സ‌്ത്രീപ്രവേശനം അനുവദിച്ച‌് കോടതിവിധിയുണ്ടായി. ഹൈക്കോടതി വിധി അതേപടി മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ നടപ്പാക്കി. സുപ്രീംകോടതിയിലേക്കുപോലും വിഷയത്തെ വലിച്ചിഴച്ചില്ല. മാത്രമല്ല, കോടതിവിധി നടപ്പാക്കുന്നതിന്റെഭാഗമായി മഹാരാഷ്ട്രയിലെ ശനി ശിംഗ്നപൂർ ക്ഷേത്രനടത്തിപ്പ‌് പോലും സർക്കാർ ഏറ്റെടുത്തു.
ബോംബെ ഹൈക്കോടതിയുടെ ചരിത്രപരമായ വിധിയുടെ ചുവടുപിടിച്ചാണ‌് എല്ലാ സ‌്ത്രീകൾക്കും ശബരിമല ക്ഷേത്രത്തിലും പ്രവേശനം അനുവദിച്ച‌് സുപ്രീംകോടതിവിധി വന്നത‌്. എന്നാൽ, മഹാരാഷ്ട്രയിൽ സമാനമായ കോടതിവിധി നടപ്പാക്കിയ ബിജെപി കേരളത്തിൽ രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ തെരുവിലിറങ്ങിയിരിക്കുകയാണ്.
ചരിത്രപരമായ ശ്രീകോവിലും പൂജാരിയുമില്ലാത്ത ക്ഷേത്രം എന്ന നിലയിലാണ‌് ശിംഗ‌്നാപുരിലെ ശനിക്ഷേത്രം പ്രസിദ്ധിയാർജിച്ചത‌്. വിഗ്രഹത്തിനടുത്ത കിണറ്റിൽനിന്ന‌് വെള്ളംകോരി കുളിച്ച‌് ചെറിയ പാത്രത്തിൽ വെള്ളമെടുത്ത‌് ഈറനോടെ മണ്ഡപത്തിൽ കയറി ശനിവിഗ്രഹത്തിൽ അഭിഷേകംചെയ്യുന്നതാണ‌് ഇവിടത്തെ പൂജ. എന്നാൽ, സ‌്ത്രീകൾക്ക‌് ഇതിനുള്ള അനുമതി ഉണ്ടായിരുന്നില്ല. എന്നാൽ, കാലാന്തരത്തിൽ ക്ഷേത്രത്തിലെ പൂജകളെല്ലാം പൂജാരികൾ ഏറ്റെടുത്തു. വിഗ്രഹം സ്ഥിതിചെയ്യുന്ന മണ്ഡപം അവര്‍ക്കുമാത്രമായി. ക്ഷേത്രത്തിൽ സ‌്ത്രീകൾക്ക‌് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട‌് തൃപ്തി ദേശായിയുടെ നേതൃത്വത്തിൽ വിദ്യാ ബാൽ, നിലീമ വർത്ത എന്നിവരാണ‌് ബോംബെ ഹൈക്കോടതിയെ സമീപിച്ചത‌്. ഇതിനിടെ 2016 ജനുവരി 26ന് ശനിക്ഷേത്രത്തിലേക്ക് മാർച്ച് നടത്തിയ നാനൂറോളം സ്ത്രീകളടങ്ങുന്ന സംഘം നിരോധനാജ്ഞ ലംഘിച്ച‌് ശ്രീകോവിലിൽ പ്രവേശിക്കുകയും ആരാധന നടത്തുകയുംചെയ്‌തിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനുപിന്നാലെയാണ് 2016 മാർച്ചിൽ ഹൈക്കോടതിയിൽനിന്ന് അനുകൂലവിധിയുണ്ടായത‌്.
പുരുഷന്മാർക്ക് പ്രവേശിക്കാമെങ്കിൽ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന‌് കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ സ്ത്രീകളുടെ അവകാശം സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ‌്. സ്ത്രീകളുടെ പ്രവേശനം സർക്കാർ ഉറപ്പുവരുത്തേണ്ടതുണ്ട്. നിയമം ഇതിനകംതന്നെ ഇത് അനുവദിക്കുന്നുണ്ട്. ഒരു സ്ഥലത്തും സ്ത്രീകൾ പ്രവേശിക്കുന്നതിനെ വിലക്കുന്ന നിയമമില്ല. സ്ത്രീകൾ പ്രവേശിക്കുന്നത് തടയുന്നവർക്കെതിരെ പൊലീസും കലക്ടറും നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. നിർണായകവിധി വന്നതിനുപിന്നാലെ ചില തീവ്ര ഹൈന്ദവസംഘടനകൾ എതിർപ്പുമായെത്തി. എന്നാൽ, മഹാരാഷ്ട്രസർക്കാർ കോടതിവിധി നടപ്പാക്കി. പുരുഷന്മാർക്കുമാത്രം പ്രവേശനം നൽകിയിരുന്ന ക്ഷേത്രത്തിന്റെ മൂലസ്ഥാനത്തേക്ക് ആർക്കും പ്രവേശനം നൽകില്ലെന്ന നിലപാടാണ് ക്ഷേത്രം അധികൃതർ ആദ്യം സ്വീകരിച്ചത്. എന്നാൽ, രണ്ട് സ്ത്രീകൾ ഇവിടെ പ്രവേശിച്ചതോടെ 400 വർഷം പിന്നിട്ട വിലക്കിന് അന്ത്യമായി. പിന്നാലെ ക്ഷേത്രത്തിന്റെ ഭരണ നിയന്ത്രണം സർക്കാർ ഏറ്റെടുക്കുന്നതായി മഹാരാഷ്ട്ര നിയമസഭ ബിൽ പാസാക്കി. സ‌്ത്രീ പ്രവേശനമടക്കമുള്ള കാര്യങ്ങളിൽ കോടതിവിധി സ്വതന്ത്രമായി നടപ്പാക്കാനും ക്ഷേത്രഭരണം സുതാര്യമാക്കാനുമായിരുന്നു ഏറ്റെടുക്കൽ.
നാസിക്കിലെ ത്രയംബകേശ്വർ ജ്യോതിർലിംഗക്ഷേത്രത്തിലും ആചാരം തിരുത്തി 2016 ഏപ്രിലിൽ സ്ത്രീകൾ പ്രവേശിച്ച് പൂജ നടത്തി. സ്ത്രീകൾക്കുള്ള വിലക്കിൽ പ്രതിഷേധിച്ച് ശ്രീകോവിലിൽ പ്രവേശിക്കാൻ ശ്രമിച്ച വനിതകളെ ഒരുസംഘമാളുകൾ കൈയേറ്റംചെയ്തതോടെ സംഭവം വിവാദമായത‌്. പിന്നീട് ക്ഷേത്രഭരണസമിതിതന്നെ സ്ത്രീകളെ പൂജ നടത്താൻ അനുവദിക്കുകയായിരുന്നു.
മുംബൈയിൽ വർളി തീരത്തുനിന്ന് 500 മീറ്റർ കടലിലേക്കുമാറിയാണ് ഹാജി അലി ദർഗ സ്ഥിതിചെയ്യുന്നത‌്. 15–-ാം നൂറ്റാണ്ടിൽ ജീവിച്ച സൂഫി വര്യൻ സയ്യദ് പീർ ഹാജി അലി ഷാ ബുഖാരിയുടെ കബറിടമാണ് ഹാജി അലി ദർഗ. 1431ൽ സ്ഥാപിച്ച ദർഗയുടെ ഭരണചുമതല ഹാജി അലി ട്രസ്റ്റിനാണ‌് . നേരത്തേ, സ്ത്രീപുരുഷ ഭേദമെന്യേ ദർഗയിൽ പ്രവേശനം ഉണ്ടായിരുന്നു. പുരുഷന്റെ കബറിടത്തിനരികെ സ്ത്രീകൾ പ്രവേശിക്കാന്‍ പാടില്ലെന്നുവാദിച്ച് 2011ലാണ് ട്രസ്റ്റ് സ‌്ത്രീകൾക്ക‌് വിലക്ക‌് ഏർപ്പെടുത്തിയത‌്. അതനുസരിച്ച് സ്ത്രീകൾക്ക് ദർഗയിൽ കടക്കാമെങ്കിലും ശവകുടീരത്തിന്റെ സമീപത്തേക്ക് എത്താൻ കഴിയുമായിരുന്നില്ല. ഇതിനെതിരെ ഭാരതീയ മുസ്ലിം മഹിളാ ആന്ദോളൻ (ബിഎംഎംഎ) എന്ന സംഘടനയാണ് രംഗത്തുവന്നത്.
ട്രസ്റ്റുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ അവർ സംസ്ഥാന ന്യൂനപക്ഷ കമീഷനെയും വകുപ്പിനെയും സമീപിച്ചു. മതപരമായ കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന് അവർ പറഞ്ഞതോടെ 2014ൽ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകി. പിന്നാലെ 2016 ആഗസ‌്തിൽ ദർഗയിലെ കബറിടത്തിൽ സ‌്ത്രീപ്രവേശനം അനുവദിച്ച‌് ബോംബെ ഹൈക്കോടതി സുപ്രധാനവിധി പുറപ്പെടുവിച്ചു. സ‌്ത്രീകൾക്ക‌് പ്രവേശനം വിലക്കുന്നത‌് ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന‌് ഹൈക്കോടതി വ്യക്തമാക്കി. സ‌്ത്രീകൾക്ക‌് പ്രവേശിക്കാനാവശ്യമായ സുരക്ഷ മഹാരാഷ്ട്ര സർക്കാർ ഒരുക്കണമെന്നും കോടതി ഉത്തരവിട്ടു. പിന്നാലെ വിധി അംഗീകരിച്ച ട്രസ്റ്റ‌് സ‌്ത്രീപ്രവേശനം അനുവദിച്ചു.
No comments:
Post a Comment