ശബരിമലയെ മുൻനിർത്തി സംസ്ഥാനത്ത‌് വൻകലാപവും നിയമരാഹിത്യവും ലക്ഷ്യമാക്കി ബിജെപി നടത്തിയ ഗൂഢാലോചന സംസ്ഥാന അധ്യക്ഷന്റെ വാക്കുകളിലൂടെതന്നെ പുറത്തുവന്നിരിക്കുന്നു. ബിജെപിക്ക‌് ഇതൊരു സുവർണാവസരമാണെന്നും തങ്ങൾ നിശ്ചയിച്ച അജൻഡയിലേക്ക‌് ഓരോരുത്തരായി വീണുവെന്നും യുവജന വിഭാഗത്തിന്റെ നേതൃയോഗത്തിലാണ‌് പി എസ‌് ശ്രീധരൻപിള്ള വെളിപ്പെടുത്തിയത‌്. തുലാമാസപൂജക്കാലത്ത‌് ശബരിമലയിൽ വിശ്വാസികളെ തടയാനും പൊലീസിനെയും മാധ്യമപ്രവർത്തകരെയും ആക്രമിക്കാനും നേതൃത്വം നൽകിയ യുവമോർച്ചയെ കൂടുതൽ ആക്രമണോത്സുകരാക്കാനുള്ള ആസൂത്രണമാണ‌് കോഴിക്കോട്ടെ യോഗത്തിൽ നടന്നത‌്. എല്ലാ പ്രായത്തിലുമുള്ള സ‌്ത്രീകൾക്ക‌് ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകേടതിവിധിക്കെതിരെ വിശ്വാസികളാണ‌് സമരം നടത്തുന്നതെന്ന അവകാശവാദം ഇതോടെ പൊളിഞ്ഞു. ബിജെപി ജനറൽസെക്രട്ടറിമാർ നിലയ‌്ക്കലിലും പമ്പയിലും സന്നിധാനത്തുമൊക്കെ ക്യാമ്പ‌് ചെയ‌്ത‌് നടത്തിയ നീക്കങ്ങളും യുവതികൾ ദർശനത്തിന‌് എത്തിയ ഘട്ടത്തിൽ യുവമോർച്ച ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിരോധവും പ്രസംഗത്തിൽ എടുത്തു പറയുന്നുണ്ട‌്. തികഞ്ഞ ആസൂത്രണത്തോടെ നടത്തിയ ഈ രാഷ‌്ട്രീയസമരത്തിൽ വിശ്വാസികൾക്ക‌് ഒരുപങ്കും ഇല്ലെന്നും വ്യക്തമായി.
ശബരിമല ഗൂഢാലോചനയിൽ തന്ത്രി കുടുംബത്തേയും ബിജെപി പങ്കാളിയാക്കിയെന്ന ഞെട്ടിപ്പിക്കുന്ന വിവരംകൂടിയാണ‌് തെളിവുസഹിതം പുറത്തുവന്നത‌്. തന്ത്രിക്ക‌് ബിജെപിയിലുള്ള വിശ്വാസം, തീരുമാനങ്ങൾ എടുക്കുന്നതിന‌് മുമ്പുള്ള കൂടിയാലോചന എന്നിവയെല്ലാം ഗുരുതരമായ വിശ്വാസ, നിയമ പ്രശ‌്നങ്ങൾക്കാണ‌് വഴിതുറക്കുന്നത‌്. യുവതികൾ സന്നിധാനത്തിലേക്ക‌് അടുത്തുകൊണ്ടിരുന്നപ്പോൾ മറ്റൊരാളുടെ ഫോണിൽനിന്ന‌് ബിജെപി സംസ്ഥാന അധ്യക്ഷനെ തന്ത്രി വിളിച്ചു. നട അടച്ചാൽ കോടതിയലക്ഷ്യമാകുമെന്ന തന്ത്രിയുടെ ആശങ്കയ‌്ക്ക‌് അറുതിവരുത്തിയത‌് പിള്ളയാണ‌്. സുപ്രീംകോടതിവിധി ലംഘിക്കാനുള്ള പ്രേരണയ‌്ക്ക‌് ‘സാറിന്റെ ഒറ്റവാക്ക‌് മതി ’ എന്ന പ്രതികരണമാണ‌് തന്ത്രിയിൽനിന്നുണ്ടായത‌്. കേസ‌് വന്നാൽ തന്ത്രി ഒറ്റയ‌്ക്കാവില്ല എന്ന ഉറപ്പിലാണ‌് നട അടയ‌്ക്കാനുള്ള തീരുമാനമുണ്ടാകുന്നത‌്. സന്നിധാനത്ത‌് രക്തം വീഴ‌്ത്താൻ 20 പേർ സന്നദ്ധരായി നിന്നുവെന്ന തന്ത്രി കുടുംബാംഗത്തിന്റെ വെളിപ്പെടുത്തലും ഇതുമായി ചേർത്തുവായിക്കണം.
എങ്ങനെയും കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ ആസൂത്രണമാണ‌് ശബരിമലയിൽ നടന്നത‌്. അയ്യപ്പവേഷം കെട്ടിയും അല്ലാതെയും ആയിരക്കണക്കിന‌് ക്രിമിനലുകളെയാണ‌് തുലാമാസപൂജക്കാലത്ത‌് സന്നിധാനത്ത‌് എത്തിച്ചത‌്. ദർശനത്തിനെത്തിയ സ‌്ത്രീകൾ പ്രായഭേദമെന്യേ കൈയേറ്റത്തിനിരയായി. മാധ്യമ പ്രവർത്തകരുടെ വാഹനങ്ങളും സാങ്കേതിക സംവിധാനങ്ങളും വ്യാപകമായി നശിപ്പിച്ചു. അക്രമികൾക്കുമുന്നിൽ കൈകൂപ്പി യാചിക്കേണ്ടിവന്ന വനിതാ മാധ്യമപ്രവർത്തകരുടെ ദൈന്യതയും കേരളം കണ്ടു. ശാരീരിക ആക്രമണ സാധ്യത കണക്കിലെടുത്ത‌് നട അടയ‌്ക്കുന്നതിന്റെ തലേന്നുതന്നെ മാധ്യമപ്രവർത്തകർ ഒന്നിച്ചു മലയിറങ്ങി. പൊലീസിനുനേരെ കടുത്ത പ്രകോപനമാണ‌് സമരക്കാരുടെ ഭാഗത്തുനിന്നുണ്ടായത‌്. സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യവും പൊലീസിന്റെ സംയമനവുമാണ‌് വലിയൊരു ദുരന്തത്തിൽനിന്ന‌് ശബരിമലയെ രക്ഷിച്ചത‌്.
സുപ്രീംകേടതിവിധി ആദ്യം സ്വാഗതം ചെയ‌്ത ബിജെപിയും കോൺഗ്രസും നിലപാടുമാറ്റി സമരത്തിനിറങ്ങിയത‌് വിശ്വാസികളെ വഴിതെറ്റിച്ച‌് രാഷ‌്ട്രീയനേട്ടം കൊയ്യാമെന്ന വ്യാമോഹത്തിലാണ‌്. ഹൈക്കമാൻഡിൽനിന്നുള്ള എതിർപ്പുകാരണം പ്രത്യക്ഷ സമരത്തിൽനിന്ന‌് കോൺഗ്രസ‌് പിൻമാറിയെങ്കിലും ബിജെപിക്ക‌് അരുനിൽക്കുകയാണ‌്. നേതാക്കളും അണികളും ബിജെപിയിലേക്ക‌് കൊഴിയാൻ തുടങ്ങിയിട്ടും അവസരവാദനിലപാട‌് ഉപേക്ഷിക്കാൻ കോൺഗ്രസ‌് തയ്യാറായിട്ടില്ല. ബിജെപിയാകട്ടെ എന്തുനെറികേട‌് ചെയ‌്തിട്ടായാലും പാർടി വളർത്തുക എന്ന നിലപാടിലാണ‌്. നുണപ്രചാരണവും വിശ്വാസികളിൽ തെറ്റിദ്ധാരണ പടർത്തലുമാണ‌് അവരുടെ വഴി. ഒരു അയ്യപ്പഭക്തനെ പൊലീസ‌് കൊലപ്പെടുത്തിയെന്നാരോപിച്ച‌് പത്തനംതിട്ടയിൽ ജില്ലാ ഹർത്താൽ സംഘടിപ്പിച്ചതും ബിജെപി നടത്തിയ കൈവിട്ട കളിയായിരുന്നു. പൊലീസ‌് നടപടിക്ക‌് രണ്ടുനാൾശേഷം ഇദ്ദേഹം വീട്ടിലേക്ക‌് വിളിച്ചുവെന്ന‌് വ്യക്തമായതോടെ ആ കള്ളക്കളി പൊളിഞ്ഞു. സംഘപരിവാരിന്റെ ഇത്തരം ഗൂഢനീക്കങ്ങൾക്കെതിരെ ഭരണ സംവിധാനങ്ങളും പൊതുസമൂഹവും പുലർത്തുന്ന ജാഗ്രത കാരണമാണ‌് പല അട്ടിമറിനീക്കങ്ങളും ഫലംകാണാതെ പോയത‌്. എന്നാൽ, ജനങ്ങളോടോ നിയമസംവിധാനത്തോടോ ഒരുകാലത്തും പ്രതിബദ്ധത പുലർത്താത്ത സംഘപരിവാർ ഉയർത്തുന്ന ഭീഷണി വളരെ വലുതാണെന്ന‌് വ്യക്തമാക്കുന്ന സംഭവങ്ങളാണ‌് ശബരിമലയുടെ പേരിൽ അരങ്ങേറുന്നത‌്.
വിശേഷപൂജയ‌്ക്കായി വീണ്ടും നട തുറക്കുന്നതിന്റെ തലേന്നാൾ യുവമോർച്ചയുടെ യോഗംവിളിച്ച‌് ബിജെപി സംസ്ഥാന പ്രസിഡന്റ‌് പറഞ്ഞ കാര്യങ്ങൾ യുവാക്കളെ ഉത്തേജിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നുവെന്ന‌് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട‌്. രാഷ‌്ട്രീയ സ്വാധീനം ഉറപ്പിക്കാൻ, അടുത്ത തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടുനേടാൻ ശബരിമലയെ സംഘർഷ ഭൂമിയാക്കാനാണ‌് ബിജെപി ആഗ്രഹിക്കുന്നത‌്. എന്നാൽ, ഭരണഘടനയെയും നിയമവ്യവസ്ഥയെയും അട്ടിമറിക്കാൻ മതവിശ്വാസത്തെ തെറ്റായവഴിയിൽ ഉപയോഗിക്കുന്നത‌് തടഞ്ഞേ മതിയാകൂ. ശബരിമലയിൽ നടന്ന എല്ലാ അക്രമപ്രവർത്തനങ്ങളുടെയും കേന്ദ്രബിന്ദു ആരെന്ന‌് വ്യക്തമായ സാഹചര്യത്തിൽ അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരേണ്ടത‌് അനിവാര്യമായിരിക്കുന്നു. വിശ്വാസവും ആചാരവും പിന്തുടരുന്ന തന്ത്രിമാരും പുരോഹിതരും സംഘപരിവാർ അജൻഡയുടെ ഭാഗമായി മാറുന്നതും ഗൗരവപൂർവം കാണണം. സമഗ്രമായ അന്വേഷണവും തുടർനടപടികളിലൂടെയും മാത്രമേ ഇൗ ദുഷ്ടശക്തികളെ നിലയ‌്ക്കു നിർത്താനാകൂ.
deshabhimani editorial 061118
No comments:
Post a Comment