ന്യൂഡല്‍ഹി > ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശം ഗുരുതര ഭരണഘടനാ ലംഘനമാണെന്ന് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍. പരാമര്‍ശം ഭരണഘടനാവിരുദ്ധമാണെന്ന് വിരമിച്ച അമ്പതോളം ഉന്നത ഉദ്യോഗസ്ഥര്‍ പ്രസ്താവനയില്‍ പറഞ്ഞു.
വിവാദ പരാമര്‍ശം ശ്രദ്ധയിലെടുത്ത് രാഷ്ട്രപതിയും സുപ്രീംകോടതിയും പ്രധാനമന്ത്രിയും തെരഞ്ഞെടുപ്പ് കമീഷനും ഇടപെടണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ബിജെപിയോട് തെരഞ്ഞെടുപ്പ് കമീഷന്‍ വിശദീകരണം തേടുകയും ഭരണഘടനയുടെ വിശുദ്ധി സംരക്ഷിക്കുംവിധം തുടര്‍നടപടി കൈക്കൊള്ളുകയുംവേണം.
സര്‍ക്കാരിനെ നയിക്കുന്ന വ്യക്തിയെന്ന നിലയില്‍ പ്രധാനമന്ത്രി സ്വന്തം പാര്‍ടിയുടെ അധ്യക്ഷന് ഉപദേശം നല്‍കണം. വിവാദ പരാമര്‍ശങ്ങള്‍ക്ക് ഭരണസംവിധാനത്തിന്റെ പിന്തുണയുണ്ടാവില്ലെന്ന് വ്യക്തമാക്കണം. പൊതുവേദിയില്‍ നടത്തിയ ഗുരുതര കോടതിയലക്ഷ്യ പരാമര്‍ശത്തില്‍ സുപ്രീംകോടതി സ്വയമേവ നടപടിയെടുക്കണം. ഭരണഘടനാപരമായ അന്തസ്സ് പുലര്‍ത്താന്‍ രാഷ്ട്രപതി ഉപദേശിക്കുകയും ശരിയായ ഭരണനടപടി ഉറപ്പുവരുത്തുകയും വേണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശ സെക്രട്ടറിയുമായ ശിവ്ശങ്കര്‍ മേനോന്‍, നയതന്ത്രജ്ഞരായ കെ പി ഫാബിയാന്‍, സുശീല്‍ ദുബെ, വിനോദ് സി ഖന്ന, പി എം എസ് മല്ലിക്, ദേബ് മുഖര്‍ജി, അഫ്താബ് സേത്ത്, അശോക്കുമാര്‍ ശര്‍മ, മുന്‍ വിവരാവകാശ കമീഷണര്‍ വജാഹത്ത് ഹബീബുള്ള, ഐഎഎസ് ഉദ്യോഗസ്ഥരായിരുന്ന എസ് പി അംബ്രോസ്, എന്‍ ബാലഭാസ്‌കര്‍, ജി ബാലചന്ദ്രന്‍, വി ബാലചന്ദ്രന്‍, ജി ബാലഗോപാല്‍, സി ബാലകൃഷ്ണന്‍, ആര്‍ ചന്ദ്രമോഹന്‍, കല്യാണി ചൗധരി, അന്നാ ദാനി, വിഭ പുരിദാസ്, നിതിന്‍ ദേശായ്, നൂര്‍ മുഹമദ്, ബ്രജേഷ് കുമാര്‍, സൊണാലിനി മിര്‍ചന്ദാനി, നിരഞ്ജന്‍ പന്ത്, ജൂലിയോ റിബേറോ, ശോഭാ നമ്പീശന്‍, സജ്ജാദ് ഹസന്‍, എന്‍ ഗോവിന്ദരാജന്‍, പി ആര്‍ പാര്‍ത്ഥസാരഥി, തിര്‍ലോചന്‍ സിങ്, നരേന്ദ്ര സിസോദിയ, അഭിജിത്ത് സെന്‍ഗുപ്ത തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.
അമിത് ഷായുടെ കണ്ണൂരിലെ പരാമര്‍ശങ്ങള്‍ സുപ്രീംകോടതിയുടെ നിയമപരമായ അധികാരത്തെ ചോദ്യംചെയ്യുന്നതും കോടതിക്ക് മേല്‍ സംശയങ്ങള്‍ ഉന്നയിക്കുന്നതുമാണ്. സ്വീകാര്യമല്ലാത്ത കോടതിവിധി മറികടക്കാന്‍ നിയമപരമായ മാര്‍ഗങ്ങളുണ്ട്. അതല്ലാതെ തെരുവു പ്രക്ഷോഭങ്ങളിലൂടെയും രാഷ്ട്രീയ നടപടിയിലൂടെയും ഭരണഘടനാ പ്രക്രിയയെ അട്ടിമറിക്കാന്‍ ആര്‍ക്കും അധികാരമില്ല. ഇവിടെ ഭരണകക്ഷിയുടെ അധ്യക്ഷന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കാതെ വിടുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
No comments:
Post a Comment