പത്തനംതിട്ട > ആരാണീ ചന്ദ്രാനന്ദന്‍. പുരാണ കഥാപാത്രമാണോ. പന്തളത്തെ പഴയ രാജാക്കന്മാരില്‍ ആരെങ്കിലുമാണോ. മരക്കൂട്ടത്തുനിന്നാരംഭിക്കുന്ന ചന്ദ്രാനന്ദന്‍ റോഡിലൂടെയെത്തുന്നവരുടെ സംശയങ്ങള്‍ നിരവധി. ഇതൊന്നുമല്ല, ചന്ദ്രാനന്ദന്‍ ഒരുകമ്യൂണിസ്റ്റ് നേതാവാണ്. കമ്യൂണിസ്റ്റ് നേതാവിന്റെ പേരില്‍ ക്ഷേത്രത്തിലേക്കുള്ള റോഡോ എന്ന് അത്ഭുതംതോന്നാം.
അതെ ശബരിമലയില്‍ വിപ്ലവകരമായ പുരോഗതി ഉണ്ടായത് 1967 ല്‍ പി കെ സിയെന്ന ചുരുക്കപേരില്‍ അറിയപ്പെട്ട പി കെ ചന്ദ്രാനന്ദന്‍ ദേവസ്വം ബോര്‍ഡില്‍ അംഗമായി എത്തിയപ്പോഴാണ്. സിപിഐ എം സംസ്ഥാന കമ്മറ്റിയംഗവും പുന്നപ്ര വയലാര്‍ സമരസേനാനിയുമായിരുന്ന ഇദ്ദേഹം ബോര്‍ഡംഗമായ കാലത്താണ് കാനനമധ്യത്തിലുള്ള ക്ഷേത്രത്തിലേക്ക് പുതിയൊരുപാത വെട്ടിതുറന്നത്. ഈ പാതയാണ് ചന്ദ്രാനന്ദന്‍ റോഡ് എന്നറിയപ്പെടുന്നത്. ശബരിമലയിലേക്ക് ഒരുവ്യക്തിയുടെ പേരില്‍ അറിയപ്പെടുന്ന ഏക റോഡാണിത്. നിര്‍മാണത്തിന് തൊഴിലാളികളെ കിട്ടാതെ വന്നപ്പോള്‍ പി കെ സി നാട്ടില്‍നിന്ന് തൊഴിലാളികളെ എത്തിക്കുകയായിരുന്നു. കാട്ടില്‍ തൊഴിലാളികളോടൊപ്പം ഒരാളായി ആ നേതാവും പണിയെടുത്തു. നാലുകിലോമീറ്ററോളമുള്ള റോഡ് ഇന്ന് തീര്‍ഥാടകര്‍ ആശ്രയിക്കുന്ന പ്രധാന പാതയാണ്. ആദ്യ കാലങ്ങളില്‍ ദേവസ്വം ബോര്‍ഡില്‍ ശാന്തി, കഴകം, തളി, നാദസ്വരം, പഞ്ചവാദ്യം, തകില്‍ തുടങ്ങിയ തസ്തികകളില്‍ ജോലിചെയ്‌തിരുന്ന ബ്രാഹ്മണര്‍ക്ക് കൂലി നിശ്ചയിച്ചിരുന്നത് ഭാഗവാന് നിവേദിക്കുന്ന പടച്ചോറിന്റെ എണ്ണം നോക്കിയായിരുന്നു. ഇവര്‍ക്കുള്ള തുച്ഛമായ ശമ്പളം പോലും യഥാസമയം കൊടുക്കുമായിരുന്നില്ല. തീര്‍ഥാടന കാലത്ത് കിട്ടുന്ന നടവരവില്‍നിന്നാണ് ശമ്പളം കൊടുത്തിരുന്നത്. അതും സഞ്ചിയില്‍ നിറച്ച നാണയ തുട്ടുകള്‍.
എന്നാല്‍, ഇതിനൊരു മാറ്റംവന്നതും ചന്ദ്രാനന്ദന്‍ ബോര്‍ഡ് അംഗമായിരിക്കുമ്പോള്‍ കൊണ്ടുവന്ന ശമ്പള സ്‌കെയില്‍ മുഖാന്തരമാണ്. ദേവസ്വംബോര്‍ഡിന്റെ ചരിത്രത്തിലെ വിപ്ലവകരമായ കാല്‍വയ്പ്പായിരുന്നു അത്. പിന്നീട് നിരവധി മാറ്റങ്ങള്‍ ഉണ്ടായെങ്കിലും ഇതിന് അടിസ്ഥാനപരമായ തുടക്കം കുറിക്കുന്നത് പി കെ സി ആയിരുന്നു. ബോര്‍ഡിന്റെ കീഴിലുള്ള സ്‌കൂളുകളുടെയും കോളേജുകളുടെയുമെല്ലാം വളര്‍ച്ചയ്ക്കും വിദ്യാഭ്യാസപരമായ പുരോഗതിക്കും ഇത്തരം നയങ്ങളും നിലപാടുകളും നിര്‍ണായക പങ്കുവഹിച്ചു.
ഏബ്രഹാം തടിയൂര്‍
No comments:
Post a Comment