കൊച്ചി > നായര്‍സ്ത്രീകള്‍ റൗക്ക ധരിച്ച് അമ്പലത്തില്‍ കയറുന്നത് വിലക്കുകയും ധരിച്ചെത്തിയവരെക്കൊണ്ട് അഴിപ്പിക്കുകയും ചെയ്ത കാലമുണ്ടായിരുന്നു കേരളത്തില്‍. 113 വര്‍ഷംമുമ്പ് കൊച്ചി രാജ്യത്തായിരുന്നു സംഭവം. തൃപ്പൂണിത്തുറയിലെ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ അധികാരിയും അത് ശരിവച്ചുകൊണ്ട് അന്നത്തെ കൊച്ചി രാജാവുമാണ് ഉത്തരവ് ഇറക്കിയത്. 1905 ഡിസംബറില്‍. സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ വിലക്കുണ്ടായിരുന്ന കാലമായിരുന്നു അത്. നാലഞ്ചു നായര്‍സ്ത്രീകള്‍ റൗക്ക ധരിച്ച് പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇത് കണ്ട ക്ഷേത്ര തന്ത്രി പുലിയന്നൂര്‍ ഇല്ലത്തെ നമ്പൂതിരി അത് പാടില്ലെന്ന് പറഞ്ഞു. കൊച്ചി രാജാക്കന്മാരുടെ കുലദൈവമായി ആരാധിക്കുന്ന പൂര്‍ണത്രയീശന്റെ നടയില്‍ രാജകുടുംബത്തിലെ സ്ത്രീകള്‍ക്കുപോലും മാറുമറക്കാന്‍ അനുവാദമില്ലായിരുന്നു. ക്ഷേത്ര തന്ത്രി പറഞ്ഞത് കൊച്ചി രാജാവും വേദപണ്ഡിതനുമായിരുന്ന രാജര്‍ഷി രാമവര്‍മ സ്ഥിരപ്പെടുത്തി. തുടര്‍ന്ന് സ്ത്രീകളെക്കൊണ്ട് റൗക്ക അഴിപ്പിച്ചു. നായര്‍സ്ത്രീകളുടെ സംബന്ധക്കാര്‍ ഇതുസംബന്ധിച്ച് ഹജൂര്‍ കച്ചേരിയില്‍ സ്വകാര്യ അന്യായം സമര്‍പ്പിച്ചു. 1905 ഡിസംബര്‍ 23ന് ഇതുസംബന്ധിച്ചുള്ള അന്യായത്തെക്കുറിച്ച് മലയാളമനോരമ പത്രത്തില്‍ ക്ഷേത്ര ദര്‍ശനം എന്ന തലക്കെട്ടോടെ വാര്‍ത്തകള്‍ വന്നു.
കെ പി പത്മനാഭമേനോന്റെ 'കൊച്ചി രാജ്യ ചരിത്ര'ത്തിലും ഇതുസംബന്ധിച്ച് വ്യക്തമായ സൂചനയുണ്ട്. അമ്പലത്തില്‍ ഉത്സവം കാണാന്‍ വന്ന സ്ത്രീകളോട് ക്ഷേത്രവളപ്പില്‍ കയറണമെങ്കില്‍ റൗക്ക അഴിക്കണമെന്ന് പറയുകയും തയ്യാറാകാത്തവര്‍ തിരിച്ചുപോകുകയും മറ്റു ചിലര്‍ മടിച്ചുമടിച്ച് റൗക്ക അഴിക്കുകയും ചെയ്തതായി അദ്ദേഹം പറയുന്നു. ഇക്കാര്യങ്ങള്‍ താന്‍ നേരിട്ടുകണ്ടതായാണ് കെ പി പത്മനാഭമേനോന്‍ പറയുന്നത്. കാലോചിതമല്ലാത്ത, കൊച്ചി രാജാവിന്റെ ഉത്തരവിനെ രൂക്ഷ ഭാഷയിലാണ് പത്മനാഭമേനോന്‍ വിമര്‍ശിച്ചിട്ടുള്ളത്.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം' എന്ന പുസ്തകത്തില്‍ ചരിത്ര ഗ്രന്ഥകാരന്‍ ഭാസ്‌കരനുണ്ണി ഇതേക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. കുടുമ മുറിച്ച് മുടി ക്രോപ്പ് ചെയ്തുവരുന്ന പുരുഷന്മാരെയും ഓലക്കുട വെടിഞ്ഞ് ശീലക്കുടയുമായി വരുന്നവരെയും ക്ഷേത്രത്തിനകത്ത് കയറ്റരുതെന്നുകൂടി രാജാവ് ഉത്തരവിട്ടിരുന്നു. കാണിപ്പയൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ 'എന്റെ സ്മരണകള്‍' എന്ന പുസ്തകത്തിലും ഇതേക്കുറിച്ച് പറയുന്നുണ്ട്.
മഞ്ജു കുട്ടികൃഷ്‌ണന്‍
No comments:
Post a Comment