കോട്ടയം > ഹിന്ദുക്ഷേത്രങ്ങൾ സ്ഥാപിച്ചതും അവയുടെ നിലനില്പിനായി ധനവും വസ്തുവകകളും നിക്ഷേപിച്ചതും രാജഭരണ കാലത്താണ‌്. രാജാക്കന്മാരും പ്രഭുക്കളും ജന്മികളും ധനസഹായം നൽകുകയും ഇവയെ സംരക്ഷിക്കുകയും ചെയ്തുവന്നു. നാട്ടിൽ പ്രധാനികളും പ്രാതിനിധ്യ സ്വഭാവമുള്ളവരുമായ ഊരാളരായിരുന്നു ആദ്യകാല ക്ഷേത്ര ഭരണകർത്താക്കൾ. കാലമേറെ കഴിഞ്ഞപ്പോൾ ദേവസ്വത്തിന് സമ്പത്ത് കുമിഞ്ഞുകൂടി. ക്രമേണ ഊരാളർ ഭരണാധിപന്മാർക്കുപോലും ഇടപെടാനാകാത്ത തരത്തിലുള്ള ഭരണവ്യവസ്ഥകളും നിയമാവലികളും ദേവസ്വത്തിന് ഉണ്ടാക്കി. ധനദുർവിനിയോഗത്തിനും ദുർഭരണത്തിനുമിടയായി. അതോടെ ദേവസ്വത്തിനു കൽപിക്കപ്പെട്ടിരുന്ന അപ്രമാദിത്വം നഷ്ടപ്പെടുകയും രാജ്യത്തിന്റെ മേൽക്കോയ്മാധികാരമുപയോഗിച്ച് രാജാക്കന്മാർ ക്ഷേത്രഭരണം ഏറ്റെടുക്കുകയും ചെയ്തു.
സ്വകാര്യ ക്ഷേത്രങ്ങൾ
സ്വകാര്യ വ്യക്തികളോ കുടുംബങ്ങളോ കൈവശംവെച്ചു വരുന്ന ആരാധനാലയങ്ങളാണിവ. എല്ലാവർക്കും ക്ഷേത്രപ്രവേശനമോ ആരാധന നടത്താനുള്ള അവകാശമോ ഇല്ലാതിരുന്ന കാലത്ത‌് കരമൊഴിവായി സർക്കാർ നൽകുന്ന ഭൂമിയിൽനിന്ന‌് വിളവിന്റെ രൂപത്തിൽ ലഭിക്കുന്നതായിരുന്നു ക്ഷേത്രവരുമാനത്തിൽ മുഖ്യവും. ഒപ്പം പാട്ടം പിരിക്കുന്നതിനുള്ള അവകാശത്തിൽ നിന്നുള്ള വരുമാനവും. ഇത്തരം സ്വകാര്യ ക്ഷേത്രങ്ങൾ ഇന്നും സ്വകാര്യ ഉടമസ്ഥതയിൽ തന്നെയാണ്. തിരുമുപ്പം മഹാദേവ ക്ഷേത്രം, തലശേരി ജഗന്നാഥ ക്ഷേത്രം, ആറ്റുകാൽ ഭഗവതി ക്ഷേത്രം തുടങ്ങിയവയും വിവിധ സമുദായ സംഘടനകൾ, സ്വകാര്യ ട്രസ്റ്റുകൾ, ഊരാണ്മ, വ്യക്തികളുടേത‌് എന്നിങ്ങനെ പതിനായിരത്തിലേറെ ക്ഷേത്രങ്ങൾ ഇത്തരത്തിലുണ്ട‌്. 1936 നവംബർ 12ലെ ക്ഷേത്രപ്രവേശന വിളംബരം സർക്കാർ വക ക്ഷേത്രങ്ങളിൽ മാത്രമാണ് ബാധകമായിരുന്നത്.
എന്തുകൊണ്ട‌് പൊതു ക്ഷേത്രങ്ങൾ
നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളുടെ കൈവശമുണ്ടായിരുന്ന ക്ഷേത്രങ്ങളാണ് പിൽക്കാലത്ത‌് പൊതുക്ഷേത്രങ്ങളായത‌്. തിരുവിതാംകൂറിലെ പ്രസിദ്ധമായിരുന്ന മിക്ക ദേവസ്വങ്ങളുടെയും ഭരണം സർക്കാർ ഏറ്റെടുത്തത് ആദ്യ ഇഎംഎസ‌് സർക്കാർ അധികാരത്തിലേറുന്നതിന‌് 146 വർഷംമുമ്പ‌് 1811 ൽ റാണി ഗൗരി ലക്ഷ്മീഭായിയുടെ ഭരണകാലഘട്ടത്തിലാണ‌്. കേണൽ മൺറോ ആയിരുന്നു മഹാറാണിയുടെ ഉപദേഷ്ടാവ്.
1897ൽ ദേവസ്വം വകുപ്പ് ഉണ്ടാവുകയും 1907ൽ അതു പുനഃസംഘടിപ്പിച്ച് നിയമാവലി പുതുക്കി ലാൻഡ് റവന്യൂവിനെ പണപ്പിരിവിനുള്ള ചുമതല ഏൽപ്പിച്ചു. 1906 ൽ ‘ദേവസ്വം സെറ്റിൽമെന്റ്' വിളംബരം പുറപ്പെടുവിച്ചു.
ഇതനുസരിച്ച് ദേവസ്വത്തിന്റെ കാണക്കുടിയാന്മാരുമായുള്ള ബന്ധങ്ങൾ നിയന്ത്രിക്കപ്പെട്ടു. മൂലം തിരുനാൾ രാമവർമ മഹാരാജാവ് ദേവസ്വം ഭരണം റവന്യൂവകുപ്പിൽനിന്നു മാറ്റി പ്രത്യേക വകുപ്പ് ആയി 1922 ഏപ്രിൽ 12ന് ‘ദേവസ്വം വിളംബരം' നടത്തി. അടുത്ത കൊല്ലവർഷം (1098) ആരംഭം മുതൽ ദേവസ്വം വകുപ്പ് ഒരു കമീഷണറുടെ ചുമതലയിലാക്കി. ആകെ ഭൂനികുതി വരുമാനത്തിന്റെ 40 ശതമാനത്തിൽ കുറയാത്ത തുക ‘ദേവസ്വം ഫണ്ട്' എന്ന പേരിൽ നീക്കിവയ്ക്കാനും വ്യവസ്ഥയുണ്ടായി. 1946 ഓടെ ദേവസ്വങ്ങൾക്ക് സർക്കാർ നൽകേണ്ട പ്രതിവർഷ വിഹിതം 25 ലക്ഷം രൂപയായി നിജപ്പെടുത്തി.
1947നുശേഷം ദേവസ്വം ഭരണസമ്പ്രദായത്തിൽ വീണ്ടും മാറ്റങ്ങളുണ്ടായി. ജനപ്രതിനിധികൾ അധികാരമേറ്റപ്പോൾ സർക്കാർ ചുമതലയിൽനിന്നു ദേവസ്വം സ്വതന്ത്രമാവുകയും 1948 മാർച്ച‌് 23ലെ വിളംബരപ്രകാരം ക്ഷേത്രങ്ങൾ വീണ്ടും രാജഭരണത്തിൻ കീഴിലാവുകയും ചെയ്തു. ദേവസ്വം ജോലിക്കാർ സർക്കാർ ജീവനക്കാരല്ലാതായി. തുടർന്ന‌് ഒരു ഓർഡിനൻസ് മുഖേന 1949ൽ ആദ്യ ദേവസ്വം ബോർഡ് രൂപീകരിച്ചു. ഇതിന്റെ അധ്യക്ഷൻ മന്നത്തു പദ്മനാഭൻ ആയിരുന്നു.
1949ലെ നാലാം വിളംബരം, ഒമ്പതാം വിളംബരം, 1950ലെ ഒന്നാം വിളംബരം എന്നിവയനുസരിച്ച് ഈ വ്യവസ്ഥകൾക്ക് നിയമസാധുതയും നല്കി. തുടർന്ന് 1950ലെ ഹിന്ദുമതസ്ഥാപന നിയമം നിയമസഭ പാസാക്കി. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ പുനഃസംഘടന 1956 ൽ പ്രാബല്യത്തിലായതോടെ ദേവസ്വം ബോർഡുകളുടെ ഭരണാധികാരങ്ങൾക്കും മാറ്റമുണ്ടായി. തിരുവിതാംകൂർ ദേവസ്വത്തിലുൾപ്പെട്ട ചില പ്രദേശങ്ങൾ (450ഓളം ക്ഷേത്രങ്ങൾ) തമിഴ്നാടിന്റെ ഭാഗമായി മാറുകയും ഇവ മദ്രാസിലെ ‘ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് ഡിപ്പാർട്ട്മെന്റ്' കമീഷണറുടെ അധികാരപരിധിയിലാവുകയും ചെയ്തു.
ക്ഷേത്രവും രാജഭരണവും
മതവും സിവിൽ ഭരണകൂടവും പരസ്പരം ലയിച്ചുചേർന്ന ഒരു സംവിധാനമായിരുന്നു 1947 നു മുമ്പ‌് നാട്ടു രാജ്യങ്ങളിൽ നിലനിന്നിരുന്നത്. അതിനാൽ രാജ്യത്തിന് മൊത്തം അവകാശപ്പെട്ട ആസ്തികളിൽ നിന്നോ നാനാ ജാതിമതസ്ഥരായ പ്രജകളിൽ നിന്ന് പിരിച്ചെടുത്തിരുന്ന വിവിധ നികുതികളിൽ നിന്നോ ഉള്ള വരുമാനത്തിൽ നിന്നാണ‌് ക്ഷേത്രചെലവുകൾ നടത്തിയിരുന്നത്. ക്ഷേത്രങ്ങളിൽ ഒരിക്കൽ പോലും കയറാൻ അനുവാദം ലഭിക്കാതിരുന്ന അവർണരിൽ നിന്ന‌് പിരിച്ചെടുത്ത അധ്വാനമിച്ചവും ഇതിൽ ഉൾപ്പെടുന്നു.
ക്ഷേത്രം ഒരു സർക്കാർ സ്ഥാപനം തന്നെയായിരുന്നു
സർക്കാർ ക്ഷേത്രഭരണം ഏറ്റെടുക്കുമ്പോൾ പല അമ്പലങ്ങളും തകർച്ചയുടെ വക്കിലായിരുന്നു. വരുമാനവും കുറവായിരുന്നു. തുടർച്ചയായ വരുമാനമില്ലാതിരുന്ന ഈ ക്ഷേത്രങ്ങൾ ബോർഡിന്റെ പരിധിയിൽ എത്തിയതുകൊണ്ടാണ് തകരാതെ നിലനിന്നിരുന്നത്. ഇപ്രകാരം മുൻകാല നാട്ടുരാജ്യങ്ങളിൽ നിന്ന് കൈമാറിക്കിട്ടിയ സർക്കാരിന്റെ സ്വത്താണ് ക്ഷേത്രങ്ങളുടേത‌്.
ആറ് ദളിതരടക്കം 36 അബ്രാഹ്മണ ശാന്തിമാർ
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായി 6 ദളിതർ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാൻ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ശുപാർശ ചെയ്തു. പിഎസ്‌സി മാതൃകയിൽ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് പാർട്ട്ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് തയ്യാറാക്കിയത്. ശാന്തി നിയമനത്തിലെ അഴിമതി ഒഴിവാക്കാനും തീരുമാനിച്ചു.
ജാതിയല്ല മാനദണ്ഡമാക്കേണ്ടതെന്നും പൂജാവിധികളിലെ അറിവാണെന്നും സുപ്രീംകോടതി വിധി കൂടി കണക്കിലെടുത്താണ് സുപ്രധാന തീരുമാനം. റിപ്പോർട്ട് ചെയ്ത ഒഴിവുകളിലേക്ക് ആകെ 62 ശാന്തിമാരെ നിയമിക്കുന്നതിനാണ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ശുപാർശ. പൂജാവിധികളിലുള്ള അറിവടക്കം അളന്ന പരീക്ഷയ‌്ക്കും അഭിമുഖത്തിനും ശേഷം മുന്നോക്ക വിഭാഗത്തിൽ നിന്ന് 26 പേർ മെറിറ്റ് പട്ടിക പ്രകാരം ശാന്തി നിയമനത്തിന് യോഗ്യത നേടി.
പിന്നാക്കവിഭാഗങ്ങളിൽ നിന്ന് 30 പേരും ഇടം പിടിച്ചു. ഇതിൽ 16 പേർ മെറിറ്റ് പട്ടികയിൽ ഉൾപ്പെട്ടവരാണ്. പട്ടികജാതി വിഭാഗത്തിൽ നിന്ന് ആറ് പേരെ ശാന്തിമാരായി നിയമിക്കുന്നത് തിരുവിതാംകൂർ ദേവസ്വത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ്.
ആദ്യ പ്രമേയം: സ‌്ത്രീകളെ ഭാരവാഹികളാക്കണം
എൻഎസ‌്എസ‌് സ്ഥാപകനായ മന്നത്ത‌് പത്മനാഭൻ പ്രസിഡന്റായിരുന്ന (ആർ ശങ്കർ അംഗവും) ആദ്യ ദേവസ്വം ബോർഡ‌് പാസാക്കിയ പ്രമേയം സാമൂഹ്യ പരിഷ‌്കരണം ലക്ഷ്യമിട്ടുള്ളതായിരുന്നു. ക്ഷേത്ര ചടങ്ങുകളും ആരാധനാ സമ്പ്രദായങ്ങളും കാലത്തിന് അനുസരിച്ച് പരിഷ്കരിക്കണം എന്നായിരുന്നു അതിലൊന്ന‌്. ഉച്ചനീചത്വങ്ങൾ അവസാനിപ്പിച്ച് ഏകീകൃത ഹിന്ദു സമുദായം സൃഷ്ടിക്കണം, ക്ഷേത്രഭരണത്തിൽ സ്ത്രീകൾക്കും പ്രാതിനിധ്യം വേണം തുടങ്ങിയ നിർദേശങ്ങളും മുന്നോട്ടുവച്ചു. ബ്രാഹ്മണ ഊട്ട് നിർത്തലാക്കിയതും ബ്രാഹ്മണർക്കു മാത്രം പ്രവേശനമുള്ള തിരുവനന്തപുരം കോട്ടയ്ക്കകത്തെ വൈദിക പാഠശാല നിർത്തലാക്കിയതും ഈ ഭരണസമിതിയാണ‌്.
ജി അനിൽകുമാർ
No comments:
Post a Comment