Sunday, November 4, 2018

ശബരിമല: സത്യവാങ്മൂലത്തിലെ യാഥാര്‍ഥ്യം

1 ഉം 5 ഉം എതിർകക്ഷികൾക്ക്‌ വേണ്ടി ബോധിപ്പിക്കുന്ന സത്യവാങ്മൂലം

തിരുവനന്തപുരം, സർക്കാർ സെക്രട്ടറിയറ്റിൽ, ജോയിന്റ് സെക്രട്ടറി, എസ് കോമളൻ, 53 വയസ്സ‌് എന്ന ഞാൻ സത്യത്തിനുമേൽ താഴെ പറയുംപ്രകാരം ബോധിപ്പിക്കുന്ന സത്യവാങ്മൂലം.

(ശ) ഞാൻ കേരള സർക്കാരിന്റെ ജോയിന്റ് സെക്രട്ടറിയാണ്, ശരിയാംവണ്ണം സർക്കാർ എന്നെ ചുമതലപ്പെടുത്തിയതിനാൽ 1ഉം 5ഉം എതിർകക്ഷികൾക്കുവേണ്ടി സത്യവാങ്മൂലം ബോധിപ്പിക്കാൻ യോഗ്യനുമാണ‌്.
(ശശ) ഞാൻ റിട്ട് ഹർജിയും അനുബന്ധങ്ങളും വായിച്ചിട്ടുള്ളതും അതിന്റെ ഉള്ളടക്കം മനസ്സിലാക്കിയിട്ടുള്ളതുമാണ്. അതിന്റെ മറുപടിയായി ഞാൻ താഴെ പറയുംപ്രകാരം ബോധിപ്പിക്കുന്നു.

സാമൂഹ്യനീതി ഉറപ്പുവരുത്തുക

(1) ശബരിമല ക്ഷേത്രത്തിലും വിശുദ്ധമായ ശബരിമലയിലും 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ഈ ഹർജി  ണ ജ(രശ്ശഹ) 373/2006 ബഹുമാനപ്പെട്ട ഈ കോടതി മുമ്പാകെ ബോധിപ്പിച്ചിട്ടുള്ളത്. ഉന്നയിക്കപ്പെട്ടിട്ടുള്ള ചോദ്യം പ്രായഭേദമില്ലാതെ എല്ലാവിഭാഗം സ്ത്രീകളെയും മല ചവിട്ടാനും ക്ഷേത്രത്തിൽ ആരാധന നടത്താനും അനുവദിക്കാൻ കഴിയുമോ എന്നതാണ്. മേൽ വിഷയത്തിൽ ഛജ 9015/1990 ആയി നിലവിൽ 05/04/1991ലെ ഹൈക്കോടതി വിധിയുണ്ട്. അത് അകഞ 1993 ഗഋഞ 42ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൻപ്രകാരം ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലനിൽക്കുന്ന ആചാരങ്ങൾക്ക് വിരുദ്ധമായി സർക്കാരിന് സ്വതന്ത്രമായ ഒരു നിർദേശം കോടതി തെളിവുകളുടെ അടിസ്ഥാനത്തിൽ അന്തിമതീർപ്പ് ഉണ്ടാക്കുന്നതിനുമുമ്പായി പുറപ്പെടുവിക്കാൻ കഴിയില്ല.

സ്ത്രീകൾക്കോ സമൂഹത്തിലെ ഏതെങ്കിലുമൊരു വിഭാഗത്തിനോ എതിരെ ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണിക്കുന്നതിന് എതിരാണ് സർക്കാരിന്റെ നിലപാട്. ഹർജിയിൽ ഉന്നയിച്ചിട്ടുള്ള വാദങ്ങൾക്ക് സർക്കാർ എതിരല്ല. സാമൂഹ്യനീതി ഉറപ്പുവരുത്തുകയെന്നത് നിലവിലുള്ള കേരള സർക്കാർ ഉയർത്തിപ്പിടിക്കുന്ന നയമാണ്. സാമൂഹ്യനീതി ഉറപ്പാക്കുന്നതിനും ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനുമാണ് 1950ലെ ട്രാവൻകൂർ കൊച്ചിൻ ഹിന്ദു ഇൻസ്റ്റിറ്റ്യൂഷൻ നിയമം ഭേദഗതി വരുത്തി 2007ലെ 5 –ാം നിയമം സർക്കാർ ഉണ്ടാക്കിയത്. അപ്രകാരം തിരുവിതാംകൂർ, കൊച്ചിൻ ദേവസ്വം ബോർഡുകളിൽ ഒരു സ്ത്രീക്ക് വീതം സംവരണം ഉറപ്പുവരുത്തിയിട്ടുണ്ട്.

ജാതി, മതം, വംശം, മതവിശ്വാസം, ലിംഗം  എന്നിവയ്ക്കതീതമായി എല്ലാ പൗരന്മാരുടെയും മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. ലിംഗസമത്വവും മതവിശ്വാസ സ്വാതന്ത്ര്യവും സർക്കാർ ഉറപ്പുവരുത്തേണ്ടതാണ്. എല്ലാ വ്യക്തികൾക്കും വിശ്വസിക്കാനും ആരാധിക്കാനുമുള്ള തുല്യസ്വാതന്ത്ര്യം ഭരണഘടന പ്രദാനം ചെയ്യുന്നുണ്ട്. അതിനാൽ ഒരുവിഭാഗം സ്ത്രീകൾക്കുമാത്രം ശബരിമല ക്ഷേത്രത്തിൽ പ്രവേശനവും ആരാധനാവകാശവും നിഷേധിക്കുന്നത് നീതിയല്ല. ശാരീരികമായി ശബരിമലയിൽ വരാൻ കഴിവുള്ള എല്ലാവർക്കും ക്ഷേത്രം സന്ദർശിക്കാനും ആരാധന നടത്താനുമുള്ള അനുവാദം നൽകണം. ഒരു പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകൾക്കുമാത്രം അനുവാദം നിഷേധിക്കുന്നത് തീർച്ചയായും പൊതു അവകാശത്തെ ബാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇത് തീർച്ചയായും ഒരു പൊതുതാൽപ്പര്യ വിഷയമാണ‌്.

പഴയകാലങ്ങളിൽ സ‌്ത്രീവിലക്ക‌് ഇല്ലായിരുന്നു

(2) ശബരിമലയിൽ നിലനിന്നിരുന്ന മതപരമായ കീഴ്വഴക്കങ്ങൾക്കും ആചാരങ്ങൾക്കും കഴിഞ്ഞ 50 വർഷത്തിനിടയ‌്ക്ക് മാറ്റംവന്നിട്ടുണ്ട്. പ്രത്യേകിച്ച് തീപിടിത്ത ദുരന്തത്തെ തുടർന്നുണ്ടായ പുനരുദ്ധാരണത്തിനുശേഷം. മുൻ ആചാരങ്ങൾ നിലനിന്നിരുന്നപ്പോൾ പോലും സ്ത്രീകൾ ശബരിമല ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നതായി അറിവുള്ളതാണ്. തിരുവിതാംകൂർ മഹാരാജാവ് ക്ഷേത്രം സന്ദർശിച്ചപ്പോൾ മഹാറാണിയും സന്ദർശിച്ചിരുന്നതായി തെളിവുകൾ ലഭ്യമാണ്. അതിൽനിന്നും വ്യക്തമാകുന്നത് പഴയകാലങ്ങളിൽ സ്ത്രീകളെ വിലക്കിയിരുന്നില്ല എന്നാണ്.

മാറ്റങ്ങൾ സാമൂഹ്യനവീകരണത്തിന്റെ ഭാഗമാണ‌്

(3) രസകരമായ വസ്തുത എന്തെന്നാൽ ശബരിമലക്ഷേത്രം വളരെ പഴക്കംചെന്ന ക്ഷേത്രമായതിനാൽ എങ്ങനെയാണ് അതിന്റെ ചട്ടങ്ങൾ വന്നതെന്ന് ആർക്കും അറിയില്ല. എന്നിരുന്നാലും പൊതുവായി പറഞ്ഞാൽ മാറ്റങ്ങൾ എല്ലായ്‌പ്പോഴും എതിർക്കപ്പെട്ടിട്ടുണ്ട്, ഒരിക്കലും സുഗമമായി സ്വീകരിക്കപ്പെട്ടിട്ടില്ല. ശരിയായതും പുരോഗമനാത്മകവുമായ ഏതു മാറ്റവും സാമൂഹ്യ നവീകരണത്തിന്റെ ഭാഗമാണ്. നീതിബോധമുള്ള ഒരു സമൂഹവും ലിംഗ വേർതിരിവും മുൻവിധിയും സ്വീകരിക്കുകയില്ല. അത് ശക്തമായ സ്വതന്ത്ര ചിന്തയുടെ തത്വങ്ങളിൽ അധിഷ്ഠിതമായിരിക്കണം. സർക്കാരിന്റെ അഭിപ്രായം എന്തെന്നാൽ ഹിന്ദുമത ആചാരത്തിലും ദൈവത്തിലും ക്ഷേത്ര ആരാധനയിലും വിശ്വസിക്കുന്ന ഒരാളെയും ശബരിമലക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിനോ ആരാധന നടത്തുന്നതിനോ പ്രായവ്യത്യാസമില്ലാതെ അനുവദിക്കണം എന്നതാണ്.

ഹിന്ദുധർമ ശാസ‌്ത്രത്തിൽ ആധികാരിക പരിജ്ഞാനമുള്ള പണ്ഡിതരുടെ കമീഷൻ

(4 ) ആയതിനാൽ സർക്കാരിന്റെ അഭിപ്രായം ആരെയും ആരാധനാ സ്വാതന്ത്ര്യത്തിൽനിന്നും വിലക്കാൻ പാടില്ല എന്നാണ്. എന്നാൽ, ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള പ്രവേശനവിഷയം വർഷങ്ങളായി തുടർന്നുവരുന്ന ആചാരമായതിനാലും അത് വിശ്വാസത്തിലും മൂല്യങ്ങളിലും ബന്ധപ്പെട്ടതായതിനാലും അത് ജനങ്ങൾ സ്വീകരിച്ചതായതിനാലും  സർക്കാർ നടപ്പാക്കാൻ ബാധ്യതപ്പെട്ട ഒരു ഹൈക്കോടതി വിധി നിലവിലുള്ളതിനാലും  ബഹുമാനപ്പെട്ട കോടതിയോട് സർക്കാരിന് അപേക്ഷിക്കാനുള്ളത് ഹിന്ദുധർമ ശാസ്ത്രത്തിൽ ആധികാരിക പരിജ്ഞാനമുള്ള പ്രമുഖ പണ്ഡിതരും അഴിമതിയില്ലാത്തവരും ബഹുമാന്യരുമായ സാമൂഹ്യപരിഷ്കർത്താക്കളും ഉൾക്കൊള്ളുന്ന ഒരു കമീഷൻ രൂപീകരിച്ച് അവരോട് പ്രായവ്യത്യാസമില്ലാതെ എല്ലാവിഭാഗം സ്ത്രീകൾക്കും ക്ഷേത്രാരാധന അനുവദിക്കാമോ എന്നതിൽ അവരുടെ നിർദേശങ്ങളും കാഴ്ചപ്പാടുകളും ലഭ്യമാക്കാൻ നിർദേശിക്കണമെന്നാണ്.

(5) സർക്കാർ അത്തരത്തിലുള്ള ഒരു പണ്ഡിതന്മാരുടെ കമീഷൻ ഉണ്ടാക്കണമെന്ന്  കോടതിയിൽ ആവശ്യപ്പെടുന്നത്, പരമോന്നതമായ ഈ കോടതിക്ക് നീതിയുക്തമായതും ശരിയായതുമായ ഒരു തീരുമാനത്തിൽ എത്തിച്ചേരാനും തർക്കവിഷയത്തിൽ എല്ലാവർക്കും സ്വീകാര്യമാകുന്ന കൃത്യമായ ഒരു കണക്കെടുപ്പും വിലയിരുത്തലും സാധ്യമാകാനുമാണ്. പ്രവേശനത്തെ എതിർക്കുന്നവരുടെ ഒരു വാദം 10നും 50നും ഇടയിലുള്ള സ്ത്രീകളുടെ പ്രവേശനം അനുവദിച്ചാൽ ക്രമസമാധാനപ്രശ്നവും നിയമവിരുദ്ധ പ്രവർത്തനങ്ങളും ഉണ്ടാകുമെന്നതാണ്. ആ പേടി ശരിയാണെങ്കിൽ സ്ത്രീകൾക്ക് പ്രത്യേക സന്ദർശന കാലം നിശ്ചയിച്ച് ആയത് പരിഹരിക്കാവുന്നതാണ്. എന്നാൽ, സർക്കാർ ആ പേടിയെ പിന്താങ്ങുന്നില്ല.

സ‌്‌‌ത്രീകൾക്ക‌് പ്രവേശനം നിഷേധിക്കുന്നത‌് താന്ത്രികവിധിപ്രകാരമല്ല

(6) വിഖ്യാത മലയാളം എഴുത്തുകാരനായ  കെ എൽ മോഹനവർമയുടെ അഭിപ്രായത്തിൽ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് എന്തെങ്കിലും താന്ത്രികവിധിപ്രകാരമല്ല. ക്ഷേത്രം സ്ഥിതിചെയ്യുന്നത് നിബിഡവനത്തിലാണ്. വിശ്വാസികൾക്ക് അയ്യപ്പഭഗവാനെ ആരാധിക്കുന്നതിനുവേണ്ടി നിബിഢ വനത്തിലൂടെ രാപ്പകലുകൾ യാത്ര ചെയ്യേണ്ടിയിരുന്നു. വന്യമൃഗങ്ങളാൽ ആക്രമിക്കപ്പെടാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നു. ഈ അപകടം മാത്രമാണ് ശബരിമലയിൽ സ്ത്രീകളുടെ സന്ദർശനത്തെ നിയന്ത്രിക്കാൻ ആദ്യകാലത്ത് കാരണമായത്. വിശ്വാസികൾ അയ്യപ്പഭഗവാനെ കാനനവാസൻ എന്നാണ് വിളിക്കാറുള്ളത്. മാംസഭുക്കായ പുലിയാണ് അയ്യപ്പന്റെ വാഹനം.

പ്രത്യേക സീസൺ പരിഗണിക്കാവുന്നതാണ‌്

(7)  ഇപ്പോൾ ശബരിമല ഒരു ടൗൺഷിപ്പായി മാറിയിട്ടുണ്ട്. വിശ്വാസികൾക്ക് വാഹനത്തിൽ ക്ഷേത്രത്തിന്റെ അടുത്തുവരെ എത്താം. ഗതാഗതസൗകര്യത്തിന്റെയും ആശയവിനിമയത്തിന്റെയും ആധുനിക കാലത്ത് പഴയകാല നിയന്ത്രണങ്ങൾക്ക് പ്രസക്തിയില്ല. എന്നാൽ, ഒരുവിഭാഗം അയ്യപ്പഭക്തരുടെ അഭിപ്രായം നവംബർ മുതൽ ജനുവരി വരെയുള്ള സീസണിൽ ദശലക്ഷക്കണക്കിന് തീർഥാടകർ ഒരുമിച്ച് ശബരിമലയിൽ വരുന്നതിനാൽ നിലവിലുള്ള പരിമിതമായ സൗകര്യങ്ങൾ പരിഗണിച്ച് പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണം തുടരുന്നതാണ് പ്രായോഗിക സമീപനമെന്നാണ്. സ്ത്രീകൾക്ക് മാത്രമായി ഒരു പ്രത്യേക സീസൺ അനുവദിക്കുകയോ അല്ലെങ്കിൽ മണ്ഡലമകരവിളക്ക് സീസൺ ഒഴികെ മറ്റ് എല്ലാ സീസണിലും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും അയ്യപ്പദർശനം അനുവദിക്കുകയോ ചെയ്യുന്നത് പരിഗണിക്കാവുന്നതാണ്. മോഹനവർമ വ്യക്തമാക്കിയിരിക്കുന്നത് നിലവിലുള്ള തന്ത്രികുടുംബത്തെ നിയമിച്ചത് പാണ്ഡ്യ രാജവംശത്തിലെ ഭരണാധികാരികളാണ്. അന്ന് അവരാണ് പന്തളം ഭരിച്ചിരുന്നത്. ഇത് അർഥമാക്കുന്നത് രാജ്യത്തിന്റെ ഭരണാധികാരി മാത്രമാണ് തന്ത്രിമാരെ നിയമിച്ചത് എന്നാണ്.

(8) പ്രത്യേക സീസണിൽ സ്ത്രീകൾക്ക് ശ്രീകോവിലിനു മുമ്പിലുള്ള സ്ഥാനത്ത് ദർശനത്തിന് അനുമതി നൽകുന്നതും മാമൂൽ പ്രകാരമുള്ള 41 ദിവസത്തെ വ്രതം കുറയ്ക്കാൻ കഴിയുമോ എന്നുള്ളതും പരിശോധിക്കണം. പ്രത്യേക സീസണിൽ തന്ത്രിയും ശാന്തിക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഒഴികെ ആരാധന നടത്തിപ്പ് സ്ത്രീകൾക്ക് നിർവഹിക്കാമെന്ന് നിർഷ്കർഷിക്കാം.

ആചാരങ്ങളിൽ മാറ്റംവന്നിട്ടുണ്ട‌്

(9) പ്രമുഖ ഹിന്ദു തത്വചിന്തകനും സർവകലാശാലാ അധ്യാപകനും സാംസ്കാരിക‐വിശ്വാസവിഷയങ്ങളിൽ എഴുത്തുകാരനുമായ  അമ്പലപ്പുഴ രാമവർമയുടെ അഭിപ്രായം രേഖപ്പെടുത്തുന്നത് ഈ അവസരത്തിൽ ഗുണകരമാകും. ആചാരങ്ങൾ മാറുകയാണ്. കൊടിയേറ്റവും പടിപൂജയും മുമ്പ് ഉണ്ടായിരുന്നവയല്ല. ക്ഷേത്രത്തിന് ചുറ്റുമുണ്ടായിരുന്ന ധാരാളം കിണറുകൾ നികത്തപ്പെട്ടു. ഭസ്മക്കുളത്തിനും പാത്രക്കുളത്തിനും മാറ്റമുണ്ടായി. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ് തിരുവിതാംകൂർ രാജാവിന്റെ കൂടെ രാജ്ഞിയും പതിനെട്ടാം പടി കയറാതെ വടക്കുഭാഗത്തുകൂടി ക്ഷേത്രദർശനം നടത്തിയതിന് തെളിവുകൾ ലഭ്യമാണ്.

(10) അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് ചുറ്റുവട്ടത്തുള്ള സ്ത്രീകൾ കുട്ടികൾക്കൊപ്പം ആരാധനാമൂർത്തിയെ സന്ദർശിച്ചതായി അറിവുണ്ട്. അവർ വടക്ക് ഭാഗത്തുകൂടി പടികയറാതെയാണ് ദർശനം നടത്തിയത്. അയ്യപ്പക്ഷേത്രത്തോടു ചേർന്നാണ് ആരാധനാമൂർത്തിയായ മാളികപ്പുറത്തമ്മയുടെ ഇരിപ്പിടം. ആചാരപ്രകാരം മാലയിട്ട സ്ത്രീകളെ മാളികപ്പുറത്തമ്മ എന്നാണ് വിളിക്കുക. മുൻകാലങ്ങളിൽ മാളികപ്പുറത്തമ്മയ്ക്ക് ഒരു പൂജയും ചെയ്തിരുന്നില്ല. ഇപ്പോൾ അയ്യപ്പനെന്നപോലെ ദിവസത്തിൽ രണ്ടു നേരം മാളികപ്പുറത്തമ്മയ്ക്കും പൂജ നടത്തുന്നുണ്ട്. വനം വെട്ടിമാറ്റിയാണ് കോൺക്രീറ്റ് കെട്ടിടങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്. ശ്രീകോവിലിനു മുമ്പാകെയുള്ള തുറന്നമേടയേക്കാൾ ഉയരത്തിലുള്ള ഒരു ഫ്ളൈഓവറും മുൻകാലത്ത് ഉണ്ടായിരുന്നില്ല. ഇക്കോ സ്മാർട്ട് എന്ന സ്ഥാപനമുണ്ടാക്കിയ മാസ്റ്റർ പ്ലാൻ പ്രകാരം അടുത്ത കാലത്തായി നിർമിച്ചിട്ടുള്ള കെട്ടിടങ്ങൾ ഈ കോടതി നിയമിച്ചിട്ടുള്ള സെൻട്രൽ എംപവേർഡ് കമ്മിറ്റിയുടെ അനുമതിയോടെ പൊളിച്ചുമാറ്റാൻ നിർദേശമുണ്ട്. ഇപ്പോഴത്തെ ആരോപണം 10നും 50നും  ഇടയിലുള്ള സ്ത്രീകൾ രഹസ്യമായി സന്ദർശനം നടത്തുന്നു എന്നാണ്. നിയമഗ്രന്ഥമായ 'മനുസ്മൃതി' പരാമർശിക്കുന്നത് ‐ 'എവിടെയാണോ സ്ത്രീകൾ ആരാധിക്കപ്പെടുന്നത് അത് ദേവകളുടെ ഗൃഹമാണ്.' ശ്രീ ശങ്കരാചാര്യൻ അദ്ദേഹത്തിന്റെ 'സൗന്ദര്യലഹരി'യിൽ 'മഹാദേവൻ പാർവതിയുടെ / ശക്തിയുടെകൂടെ ചേർന്നുനിൽക്കുമ്പോൾ മാത്രമാണ് അദ്ദേഹം പൂർണത പ്രാപിക്കുന്നത്, അല്ലെങ്കിൽ അദ്ദേഹത്തിന് ഒന്ന് ചലിക്കാൻ പോലും കഴിയില്ല.'

പ്രമുഖ പണ്ഡിതനായ പ്രൊഫ. അമ്പലപ്പുഴ രാമവർമ 02/08/2007ൽ എഴുതിയത്, രേഖകളുടെ അടിസ്ഥാനത്തിൽ അമ്മ മഹാറാണി ജനിച്ചത് മലയാളവർഷം 1072 (എഡി 1897)ലാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ 1939ൽ ശബരിമല സന്ദർശിക്കുമ്പോൾ അമ്മ മഹാറാണിയുടെ പ്രായം 42  മാത്രമായിരിക്കണം. തിരുവിതാംകൂർ രാജവംശത്തിന്റെ ചരിത്രമെഴുതിയ ജോൺ ജെ കട്ടക്കയം, അദ്ദേഹത്തിന്റെ 'നമ്മുടെ രാജകുടുംബം' എന്ന പുസ്തകത്തിൽ പറയുന്നത്, അമ്മ മഹാറാണി മലയാളവർഷം 1114 (എഡി 1939)ൽ ശബരിമല സന്ദർശിച്ചു എന്നാണ്.
പ്രമുഖ നാടകകൃത്തും രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നതും തിരുവിതാംകൂർ രാജവംശത്തിന്റെ ആധികാരിക ചരിത്രമെഴുതിയതുമായ ടി എൻ ഗോപിനാഥൻ, 'അവസാനത്തെ നാടുവാഴിയുടെ അമ്മ' എന്ന പുസ്തകത്തിന്റെ 1999ൽ പ്രസിദ്ധീകരിച്ച രണ്ടാം വാല്യത്തിൽ മേൽനിലപാടുകൾ ശരിവയ്ക്കുന്നുണ്ട്. അതിലുപരിയായി ജോൺ ജെ കട്ടക്കയത്തിന്റെ പുസ്തകം തിരുവിതാംകൂറിൽ ആറാം തരത്തിൽ പാഠപുസ്തകമായിരുന്നു. ആലപ്പുഴ ജില്ലയിലെ കലവൂർ പോലുള്ള കേരളത്തിലെ ഒട്ടനവധി അയ്യപ്പക്ഷേത്രങ്ങളിൽ ഇന്നും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ആരാധനയ്ക്ക് അനുവദിക്കുന്നുണ്ട്.

(11) രാജാവിന് ഭാര്യയോടു ചേർന്നുമാത്രമേ യാഗം നടത്താൻ പാടുള്ളൂ. സീതയെ ഉപേക്ഷിച്ച ഭഗവാൻ രാമൻ യാഗം നടത്തിയത് സാങ്കൽപ്പിക പ്രതിഷ്ഠയായ കാഞ്ചനസീതയുടെ സാന്നിധ്യത്തിലായിരുന്നു. മുമ്പ് സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചിട്ടുണ്ട്. ആയതിനാൽ ഒരു പുതിയ അവകാശം സ്ഥാപിച്ചെടുക്കുകയല്ല, പഴയ അവകാശം പുനഃസ്ഥാപിക്കലാണ്.

തുടർമാറ്റങ്ങൾ അനിവാര്യമാണ‌്

(12) 1936ലെ ക്ഷേത്രപ്രവേശനവിളംബരം പണ്ടുകാലത്ത് നിലനിന്നിരുന്ന ഒട്ടുമിക്ക ആചാരങ്ങൾക്കും വിപ്ലവകരമായ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. മതപരമായ ആചാരങ്ങൾ മാറ്റത്തിനു വിധേയമാണ്. സ്ത്രീകളുടെ പ്രവേശന കാര്യത്തിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. തുടർമാറ്റങ്ങൾ അനിവാര്യമാണ്. ഇപ്പോൾ എല്ലാ മലയാളമാസത്തിലും ആദ്യത്തെ  അഞ്ചു ദിവസം പൂജ നടക്കുന്നുണ്ട്. ഈ കീഴ്വഴക്കം തുടങ്ങിയത് ജനത്തിരക്ക് കുറയ്ക്കാനാണ്. ഇപ്പോൾ ഭഗവാൻ അയ്യപ്പനെന്നപോലെ ദിവസത്തിൽ മൂന്നു നേരം നിവേദ്യവും പൂജയും മാളികപ്പുറത്തമ്മയ്ക്കും അർപ്പിക്കപ്പെടുന്നുണ്ട്. മുമ്പില്ലാതിരുന്ന തുലാഭാരം എന്ന ആചാരം ഇപ്പോൾ പുതുതായി ആരംഭിച്ചിട്ടുണ്ട്.

ഭരണഘടന എല്ലാവർക്കും തുല്യമായ മത അവകാശങ്ങൾ ഉറപ്പുനൽകുന്നു

(13) ഒരു മതത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും ഇന്ത്യൻ ഭരണഘടന തുല്യമായ മത അവകാശങ്ങൾ ഉറപ്പുനൽകുന്നുണ്ട്. ആയതിനാൽ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചാൽ അത് ഭരണഘടനയുടെ ലംഘനമാകും. ശാസ്താവ് സ്ത്രീവിരുദ്ധ ആരാധനാമൂർത്തിയല്ല. ശാസ്താവിന്റെ അഷ്ടോത്തര ശാസ്തക പ്രകാരം ശാസ്താവിന് പൂർണ എന്നും പുഷ്കല എന്നും പേരുള്ള രണ്ട് ഭാര്യമാരും സത്യകൻ എന്നുപേരുള്ള മകനും ഉണ്ടായിരുന്നതായാണ് വിശ്വസിക്കപ്പെടുന്നത്. അയ്യപ്പൻ തന്റെ മനുഷ്യാവതാര ലക്ഷ്യം പൂർത്തീകരിച്ചശേഷം ശാസ്താവിൽ വിലയംപ്രാപിച്ചെന്നും വിശ്വസിക്കപ്പെടുന്നുണ്ട്. ആയതിനാൽ അയ്യപ്പനെയും ശാസ്താവിനെയും ഒന്നായി കണക്കാക്കേണ്ടതാണ്. ഇന്ത്യയുടെ പാരമ്പര്യം സ്ത്രീകളെ ബഹുമാനിക്കുക എന്നുള്ളതാണ്. അതിന് ബ്രഹ്മചാരിയെന്നോ സന്യാസിയെന്നോ യോഗിണിയെന്നോ ഉള്ള ഭേദമില്ല. ബുദ്ധദേവൻ പ്രസന്നജിത്ത് രാജാവിനുള്ള തന്റെ ഉപദേശത്തിൽ പറഞ്ഞത് ഭരണാധികാരി ഒരിക്കലും സത്യത്തിനും നന്മയ‌്ക്കും എതിരായ ഒന്നിനും പരിഗണന നൽകരുത് എന്നാണ്. വിഡ‌്ഢികൾക്കു മാത്രമേ ഇന്നലെ ചെയ്ത തെറ്റ് ഇന്ന് ആചാരമായും നാളെ ശാസ്ത്രമായും കാണാൻ കഴിയൂ. ഒരു ഭരണാധികാരി അത്തരം തെറ്റുകളെ പിന്തുണയ്ക്കരുത്. കുരുടൻ കുരുടനെ അനന്തമായ അന്ധകാരത്തിലേക്ക് നയിക്കുന്നത് പരിതാപകരമാണെന്ന് ബുദ്ധദേവൻ ഉപദേശിച്ചിട്ടുണ്ട്.

(14) കേരളത്തിന്റെ പുരാതന ചരിത്രത്തിൽ പ്രാവീണ്യമുള്ള ചില ചരിത്രകാരന്മാർ പറയുന്നത് ശബരില ശാസ്താവിന്റെ പ്രതിഷ്ഠയെന്നത് ഒരിക്കൽ ബുദ്ധദേവാലയമായിരുന്നുവെന്നതാണ്. ശബരിമല തീർഥാടകർ ഉരുവിടുന്ന മന്ത്രം ബുദ്ധന്റെ അനുയായികൾ ഉരുവിടുന്ന ശരണത്രയത്തിന്റെ പര്യായമാണ് (ബുദ്ധം ശരണം ഗച്ചാമി, ധർമം ശരണം ഗച്ചാമി, സംഘം ശരണം ഗച്ചാമി).

അവകാശങ്ങൾ നിഷേധിക്കരുത‌്

(15) എന്തുതന്നെയാണെങ്കിലും സർക്കാരിന് ഒരു വിവാദം ഉണ്ടാക്കാൻ താൽപ്പര്യമില്ല. സർക്കാർ രാജാവിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും എല്ലാ തരത്തിലും ബഹുമാനിക്കുന്നു. അമ്മ മഹാറാണി 50 വയസ്സ‌് പൂർത്തീകരിക്കുന്നതിനുമുമ്പേ ശ്രീകോവിലിന് മുമ്പിൽ നിന്ന് പൂജാകർമങ്ങളിൽ പങ്കെടുത്തെങ്കിലും സർക്കാർ അതിൽ അനുചിതമായി എന്തെങ്കിലും കാണുന്നില്ല. ഈ പണ്ഡിതരുടെ വാക്കുകൾ ശരിയാണെങ്കിൽ സർക്കാരിന് കോടതി മുമ്പാകെയുള്ള അപേക്ഷ ഒന്നേയുള്ളൂ. അയ്യപ്പഭഗവാനെ ആരാധിക്കാനും ശബരിമലയിൽ പ്രവേശിക്കാനുമുള്ള അവകാശവും സൗകര്യവും രാജ്യത്തെ എല്ലാ സ്ത്രീകൾക്കും ലഭിക്കണം. അവർക്ക് അതിനുള്ള അവകാശം നിഷേധിക്കരുത്.

ഇത്തരത്തിലുള്ള ഒരു വിശദമായ സത്യവാങ്മൂലം ബഹു. കോടതി മുമ്പാകെ വിനീതമായി സമർപ്പിക്കാനുള്ള കാരണം, ബഹുമാനപ്പെട്ട കോടതി ഈ വിഷയത്തിൽ സർക്കാരിന്റെ അഭിപ്രായം അറിയിക്കാൻ ആവശ്യപ്പെട്ടു എന്നതുമാത്രമാണ്. നിലവിലുള്ള കോടതി നിർദേശത്തിന്റെ ഭാഗമായി സർക്കാർ 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ തടയുന്നതിനുള്ള സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. സർക്കാർ ഈ വിഷയത്തിൽ ഒരു പുതിയ നിയമനിർമാണം നടത്താൻ ഉദ്ദേശിക്കുന്നില്ല. സർക്കാർ ഈ കോടതിയിൽനിന്നുമുള്ള വിധിക്കായി കാത്തിരിക്കുകയാണ്. വിധിപ്രകാരം സർക്കാർ പ്രവർത്തിക്കുകയും ചെയ്യും.

(16) പരാമർശിച്ചിട്ടുള്ള ചരിത്രവിവരങ്ങളും വിശദാംശങ്ങളും പ്രമുഖ വ്യക്തികളിൽനിന്നും പുസ്തകങ്ങളിൽനിന്നും വിവരശേഖരണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ്, അത് ഞാൻ സത്യവും ശരിയുമാണെന്ന‌് വിശ്വസിക്കുന്നു.

No comments:

Post a Comment