നാടുവാണിരുന്ന കൊച്ചി മഹാരാജാവ് ഈഴവരാദി പിന്നോക്ക സമുദായങ്ങൾക്ക് ക്ഷേത്രപ്രവേശനം അനുവദിക്കാൻ വിസമ്മതിച്ചിരുന്ന കാലത്ത് സ്വന്തം ഇല്ലം വക ക്ഷേത്രം പട്ടികജാതിക്കും ഈഴവർക്കും ഇതരമതസ്ഥർക്കുമൊക്കെ തുറന്നുകൊടുത്ത് യാഥാസ്ഥിതികത്വത്തെ ഞെട്ടിച്ച സംഭവം നവോത്ഥാനകേരളത്തിലെ സമുജ്വല അധ്യായങ്ങളിലൊന്ന‌്.
അയിത്താചരണം ബ്രാഹ്മണ്യത്തിന്റെ കൊടിയടയാളമായിരുന്ന കാലത്ത് ജാതിയുടെയും മതത്തിന്റെയും വേർതിരിവുകൾക്കെതിരെ പോരാടിയ വിപ്ലവകാരിയാണ് തൃശൂർ ജില്ലയിലെ വെള്ളത്തിട്ട് ചെറുവത്തേരി ഇല്ലത്തെ വിരൂപാക്ഷൻ നമ്പൂതിരി. സ്ത്രീകൾക്ക് വേദപഠനം വിലക്കിയിരുന്ന ആൺകോയ്മയുടെ ഇരുണ്ട കാലത്ത് പെൺകുട്ടികൾക്ക് സ്വന്തം വേദപാഠശാലയിൽ പ്രവേശനം നൽകി പഠിപ്പിച്ച ഉൽപ്പതിഷ്ണു. ആയിരത്തിനും ആയിരത്തഞ്ഞൂറിനും ഇടയിൽ വർഷം പഴക്കമുള്ള ഒരു യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തിലെ ഇളമുറക്കാരൻ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഉണ്ടാക്കിയ ഭൂകമ്പങ്ങൾ നിസ്സാരമല്ല. ദളിതർക്ക് അമ്പലം തുറന്നു കൊടുത്തതിനു പുറമെ ഇരുപതിലേറെ അവർണ്ണബാലകർക്ക് പൂണൂൽ നൽകി അവരെ മന്ത്രതന്ത്രങ്ങൾ പഠിപ്പിച്ചു.
സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു. ഖദർ ധരിച്ചു. കള്ളുഷാപ്പുകൾ പിക്കറ്റുചെയ്തു. വൈക്കം‐ ഗുരുവായൂർ സത്യാഗ്രഹങ്ങളുടെ സംഘാടകനും പ്രചാരകനുമായി. ഇതൊരു കൊടുങ്കാറ്റായിരുന്നു. രാഷ്ട്രീയപ്രവർത്തനവും അനാചാരനിർമ്മാർജ്ജനപ്രവർത്തനവും രണ്ടല്ല, ഒന്നുതന്നെയാണെന്ന് ത്യാഗനിർഭരവും പ്രബുദ്ധവുമായ സ്വജീവിതം കൊണ്ട് അദ്ദേഹം തെളിയിച്ചു. നാലു വോട്ടിനും അധികാരത്തിനും വേണ്ടി അനാചാരങ്ങളോടും അകറ്റിനിർത്തലുകളോടും വർണ്ണ‐ലിംഗ വിവേചനങ്ങളോടും സന്ധി ചെയ്യുന്ന രാഷ്ട്രീയജീർണ്ണത തെരുവുകളിൽ പിശാചനൃത്തം ചെയ്യുന്ന ഇക്കാലത്ത് വിരൂപാക്ഷൻ നമ്പൂതിരി കുന്നത്തു വെച്ച തീപ്പന്തമാണ്.
1911ൽ ചെറുവത്തേരിയിൽ ജനിച്ച വിരൂപാക്ഷൻ നമ്പൂതിരി 1929ൽ ആലത്തൂർ സിദ്ധാശ്രമത്തിൽ എത്തി ബ്രഹ്മാനന്ദശിവയോഗിയുടെ ശിഷ്യത്വം സ്വീകരിച്ചു രാജയോഗം പഠിച്ചു. ബ്രഹ്മാനന്ദശിവയോഗിയാണ് സാമൂഹ്യപരിഷ്ക്കരണചിന്തയിലേക്ക് ശിഷ്യനെ നയിച്ചത്. വിദ്യാവിഹീനരായ താഴ്ന്ന ജാതിക്കർക്ക് ആത്മജ്ഞാനത്തിന്റെ മഹാപ്രകാശം പകരുന്നത് അദ്ദേഹം സിദ്ധാശ്രമത്തിൽ കണ്ടറിഞ്ഞു. ബ്രാഹ്മണസമുദായത്തിൽ നിന്ന് ആദ്യമായി സിദ്ധാശ്രമത്തിൽ എത്തിയത് വിരൂപാക്ഷൻ നമ്പൂതിരിയായിരുന്നു.
അധികം താമസിയാതെ കൂർക്കഞ്ചേരിയിൽ വെച്ച് ശ്രീനാരായണഗുരുവിനെ കണ്ടു. ന്യായം, വൈശേഷികം, സാംഖ്യം, യോഗം, അർത്ഥശാസ്ത്രം തുടങ്ങിയവ ഗുരുവുമായി ചർച്ച ചെയ്തു. സ്വാതന്ത്ര്യസമരം വീശിയടിക്കുന്ന അക്കാലത്ത് ഗാന്ധിയെ സന്ദർശിച്ചു. 1942 ജനുവരിയിൽ ഇരിങ്ങാലക്കുടയിൽ നടന്ന പ്രജാമണ്ഡലം വാർഷികസമ്മേളനത്തിൽ പങ്കെടുത്തു. ദിവാന്റെ വിലക്കിനെ അവഗണിച്ച‌് നടന്ന സമ്മേളനത്തിന് വി ആർ കൃഷ്ണനെഴുത്തച്ഛൻ, നീലകണ്ഠയ്യർ, ഇക്കണ്ടവാരിയർ, പനമ്പിള്ളി ഗോവിന്ദമേനോൻ, ആർ എം മനക്കലാത്ത് എന്നിവരാണ് നേതൃത്വം നൽകിയത്. തുടർന്ന് നൂൽ നൂൽക്കാനും കള്ളുഷാപ്പുകൾ പിക്കറ്റുചെയ്യാനും പോയി.
ജ്യോതി, അശ്വതി, ശ്രീദേവി എന്നീ പെൺകുട്ടികളെ വിലക്കപ്പെട്ട വേദപഠനം നൽകി ചരിത്രം സൃഷ്ടിച്ചു. ( സ്വന്തം ഇല്ലത്തുതന്നെ ഉഉള്ളവരായിരുന്നു. ഈ പെൺകുട്ടികൾ). ജാതി‐മത യാഥാസ്ഥിതികർ ഇളകിമറിഞ്ഞു. ഭ്രഷ്ടു കൽപ്പിച്ചു. ചെറുവത്തേരിലെയും വയനാട്ടിലെയും ഇല്ലം വക കൃഷിഭൂമി കൃഷിക്കാർക്കു വീതിച്ചുകൊടുത്തു. കിഴക്കേടത്തു മനയുടെ വകയായ വയനാട്ടിലെ എരനെല്ലൂർ നരസിംഹക്ഷേത്രം ആദിവാസികൾക്കു വിട്ടുകൊടുത്തു. കൃഷിഭൂമിയും ക്ഷേത്രവും വിട്ടുതരികയും സമത്വഭാവേന പെരുമാറുകയും തങ്ങളെ ചികിത്സിക്കുകയും ചെയ്ത വിരൂപാക്ഷൻ നമ്പൂതിരി വയനാട്ടിലെ ആദിവാസികൾക്ക് ദൈവം തന്നെയായിരുന്നു. 1970ൽ മകൾ സാവിത്രിയെ അന്യജാതിയിൽപ്പെട്ട ഒരാൾക്ക് വിവാഹം ചെയ്‌തുകൊടുത്തു.
തിരുവതാംകൂറിൽ ക്ഷേത്രപ്രവേശനവിളംബരം വന്ന് പത്തുകൊല്ലത്തേക്ക് കൊച്ചിയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങൾ തുറന്നുകൊടുക്കാൻ ദിവാൻ തയ്യാറായില്ല. എല്ലാജാതിയിലും മതത്തിലും പെട്ടവർക്കായി സ്വയം തുറന്നു കൊടുത്തു വിരൂപാക്ഷൻ നമ്പൂതിരി. അങ്ങനെ കൊച്ചിയിൽ അവർണ്ണരും അഹിന്ദുക്കളും ആദ്യമായി ക്ഷേത്രത്തിൽ പ്രവേശിച്ചു. ഊരുവിലക്കായിരുന്നു സ്വസമുദായം ഇതിനൊക്കെ നൽകിയ സമ്മാനം.
മക്കളായ നീലകണ്ഠൻ നമ്പൂതിരിയും ബ്രഹ്മദത്തൻ നമ്പൂതിരിയും പേരക്കുട്ടി മാധവൻ നമ്പൂതിരിയും (മികച്ച കവിയുമാണ് മാധവൻ ) വിരൂപാക്ഷൻ നമ്പൂതിരിയുടെ പാതയിലാണ് സഞ്ചരിച്ചത്. ലിംഗവിവേചനത്തിനും അനാചാരങ്ങൾക്കും ജാതി‐ മത വിവേചനത്തിനുമെതിരെ കൊടുങ്കാറ്റായി വീശിയ ഈ മനഷ്യസ്നേഹി 1983ൽ അന്തരിച്ചു.
No comments:
Post a Comment