നിങ്ങള്‍ക്ക് സ്വന്തമായി നിലപാടൊന്നുമില്ലേ, എന്നുചോദിക്കേണ്ട അവസ്ഥയാണ‌് ശബരിമല സ‌്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിക്കുശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ‌് ശ്രീധരൻപിള്ളയുടെ ഓരോദിവസത്തെയും പ്രസ്‌താവനകൾ കാണുമ്പോൾ തോന്നുക. ആർഎസ‌്എസ‌് കേന്ദ്രനേതൃത്വം വിധിയെ അനുകൂലിച്ചപ്പോൾ പിന്തുണച്ച ശ്രീധരൻപിള്ളയും ആർഎസ‌്എസ‌് സംസ്ഥാന നേതൃത്വവും രാഷ്ട്രീയ മുതലെടുപ്പിനായി പിന്നീട‌് നിലപാട‌് മാറ്റുന്നതും കേരളം കണ്ടു.
വിധി വന്നദിവസം
സ‌്ത്രീകളോട‌് വിവേചനമരുത‌്
കോടതിവിധി വന്നദിവസം ആരാധനാസ്വാതന്ത്യത്തിൽ സ്ത്രീകളോട് വിവേചനം പാടില്ലെന്ന നിലപാടാണ് ബിജെപിക്കുള്ളത് എന്നാണ് ശ്രീധരൻപിള്ള മാധ്യമങ്ങളോട് പ്രതികരിച്ചത്. ശബരിമല സന്നിധാനമോ ഇതര ക്ഷേത്രങ്ങളോ സംഘർഷകേന്ദ്രങ്ങളാക്കി മാറ്റാൻ അനുവദിക്കരുതെന്നും ഭരണഘടനയോടു പ്രതിബദ്ധത പുലർത്തുന്ന സമീപനം ഇക്കാര്യത്തിൽ സ്വീകരിക്കണം എന്നുംപറഞ്ഞ ശ്രീധരൻപിള്ള ക്ഷേത്രാചാരങ്ങളെ ചൊല്ലി വിവാദമുയർത്താനുള്ള പ്രവണതയെ അപലപനീയമാണെന്നും പ്രസ്താവിച്ചു.
ഒക്ടോബർ 7
നിർണായകവിധി നിർഭാഗ്യവിധിയായി
പിന്നീട‌് രാഷ്ട്രീയ മുതലെടുപ്പിനുള്ള നിർദേശംവന്നപ്പോൾ സ്ത്രീ പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള നാമജപ ഘോഷയാത്രകൾക്കും പ്രതിഷേധ മാർച്ചുകൾക്കും ശ്രീധരൻപിള്ള പച്ചക്കൊടി കാട്ടി. ഈ നിലപാടുകളായിരുന്നു യഥാർഥത്തിൽ കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് തുടക്കമിട്ടത്. സംഘർഷങ്ങൾ സൃഷ്ടിക്കരുതെന്ന‌് വാദിച്ച ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ ആയിരുന്നു ഒക്ടോബർ ഏഴിന് ദേവസ്വംമന്ത്രിയുടെ ഓഫീസിലേക്ക് സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. നിർണായകമായ സുപ്രീംകോടതിവിധി എന്നുപറഞ്ഞ ശ്രീധരൻപിള്ള അന്ന‌് വിധിയെ നിർഭാഗ്യകരമാക്കി മാറ്റി.
സെപ‌്തംബർ 29
ജന്മഭൂമി ഒന്നാംപേജിൽ ആർഎസ‌്എസ‌് വിധിയെ മാനിച്ചു
സുപ്രീംകോടതിവിധിയെ ആർഎസ്‌എസ് മാനിക്കുന്നുവെന്നാണ‌് പ്രാന്ത കാര്യവാഹക് പി ഗോപാലൻകുട്ടി ആദ്യം പ്രസ‌്താവിച്ചത‌്. ജാതി, ലിംഗ ഭേദമില്ലാതെ എല്ലാവർക്കും ക്ഷേത്രത്തിൽ തുല്യാവകാശമാണ് ഉള്ളതെന്നായിരുന്നു ആർഎസ്എസ‌് നിലപാട്. വിധിയെ മാനിക്കുന്നുവെന്ന പി ഗോപാലൻകുട്ടിയുടെ പ്രസ്താവന സെപ്തബർ 29ന് ജന്മഭൂമിയിൽ ഒന്നാംപേജിൽ നൽകി. പിന്നീട‌് വിധിയെ രാഷ്ട്രീയലക്ഷ്യത്തോടെ ഏറ്റെടുത്ത് പ്രതിഷേധത്തിനിറങ്ങാൻ ഒരുങ്ങിയ ബിജെപിയെ വെട്ടിലാക്കിക്കൊണ്ടായിരുന്നു ആർഎസ്എസ് കാര്യകാര്യസമിതി അംഗമായ ആർ സഞ്ജയന്റെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച ജന്മഭൂമി ലേഖനം. മതവികാരത്തെ വ്രണപ്പെടുത്തുന്ന വിധിയല്ല ഇതെന്ന് ലേഖനത്തിൽ ഉടനീളം സഞ്ജയൻ വാദിക്കുന്നു.
ശബരിമല: വിധി മാനിക്കണമെന്ന‌് ആർഎസ‌്എസ‌്
ന്യൂഡൽഹി > ശബരിമലയിലെ സ‌്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ‌് മാനിക്കേണ്ടതുണ്ടെന്ന‌് ആർഎസ‌്എസ‌്. ആർഎസ‌്എസ‌് സർകാര്യവാഹ‌് ഭയ്യാജി ജോഷിയാണ‌് പ്രസ‌്താവനയിൽ ഇക്കാര്യമറിയിച്ചത‌്.
ശബരിമല കേസിലെ സുപ്രീംകോടതി വിധി രാജ്യത്താകെ പ്രതിഫലനം സൃഷ്ടിച്ചിട്ടുണ്ട‌്. സുപ്രീംകോടതി വിധി പരിഗണിക്കുമ്പോൾത്തന്നെ ഭക്തരുടെ വികാരത്തെ അവഗണിക്കരുത‌്. വിശ്വാസികളുടെ വികാരം പരിഗണിക്കാതെ വിധി നടപ്പാക്കുന്നതിനുള്ള തിരക്കിട്ട നടപടികളുമായി നീങ്ങുകയാണ‌് കേരള സർക്കാരെന്ന‌് ആരോപിച്ചു. സുപ്രീംകോടതി വിധി മാനിക്കുന്നതിനൊപ്പം ആത്മീയ സാമുദായിക നേതാക്കളടക്കം ബന്ധപ്പെട്ട എല്ലാവരും യോജിച്ച‌് വിഷയം വിലയിരുത്താനും ജുഡീഷ്യൽ മാർഗങ്ങളിലൂടെയടക്കം പരിഹാരംതേടണം.
ആശങ്ക വിശ്വാസത്തിനും ഭക്തിക്കും അനുസൃതമായ രീതിയിൽ സമാധാനപരമായ മാർഗത്തിൽ അറിയിക്കുകയാണ‌് വേണ്ടതെന്നും പ്രസ‌്താവനയിൽ പറഞ്ഞു.
No comments:
Post a Comment