ഗുരുവായൂർ സത്യഗ്രഹത്തിനിടെ കെ കേളപ്പനൊപ്പം എ കെ ജി |
ജാതിഭേദമെന്യേ ഭക്തരെത്തുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ അവർണർക്ക‌് അശുദ്ധി കൽപ്പിച്ചിരുന്ന കാലം. ആചാരത്തിന്റെ ഭാഗമാണിതെന്ന‌് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇത‌്. എന്നാൽ, ദൈവത്തിനുമുന്നിൽ എന്ത‌് ജാതിവ്യത്യാസമെന്ന നവോത്ഥാന നായകരുടെ ചോദ്യത്തിനുമുന്നിൽ ആചാരങ്ങൾ വഴിമാറി. അങ്ങനെയാണ‌് സവർണർക്കുമാത്രം പ്രവേശനം നൽകിയ ക്ഷേത്രത്തിൽ ഗുരുവായൂർ സത്യഗ്രഹമെന്നറിയപ്പെട്ട പ്രക്ഷോഭം നടന്നത‌്. ക്ഷേത്രത്തിന് 200 വാരയകലെ തിയ്യരുടെ അമ്പലം എന്നറിയപ്പെട്ടിരുന്ന തറയിൽനിന്നുമാത്രം തൊഴാനേ അന്ന‌് അവർണർക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. 1930 കളുടെ തുടക്കത്തിലാണ് സത്യഗ്രഹത്തിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. കെപിസിസി വടകര യോഗത്തിൽ എല്ലാ ഹിന്ദുക്കൾക്കും ആരാധനാസ്വാതന്ത്ര്യം ലഭിക്കണമെന്ന പ്രമേയം പാസാക്കി. എ കെ ജിയും കേളപ്പനും മൊയ്യാരത്തു ശങ്കരനും അയിത്തോച്ചാടന പ്രക്ഷാഭത്തിന്റെ മുൻനിരയിൽ വന്നു. 1931 നവംബർ ഒന്നിന് സത്യഗ്രഹത്തിന് തുടക്കമായി. പത്തുനാൾ പിന്നിട്ടപ്പോൾ നിരാഹാരം അവസാനിപ്പിക്കണമെന്നും സമരത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും കേളപ്പന് ഗാന്ധിജിയുടെ സന്ദേശം ലഭിച്ചു. ഇക്കാലത്ത് പൊന്നാനി താലൂക്കിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് ക്ഷേത്രപ്രവേശത്തെ അനുകൂലിക്കുന്നതായി. ചരിത്രപ്രസിദ്ധമായ തിരുവിതാംകൂർ ക്ഷേത്ര പ്രവേശനത്തോടെ ഗുരുവായൂർ സത്യഗ്രഹത്തിന് അർഥപൂർണമായ പരിസമാപ്തിയായി.
"ഉശിരുള്ള നായർ മണിയടിക്കും ഇലനക്കി നായർ പുറത്തടിക്കും'. സവർണർ ബലപ്രയോഗത്തോടെ തുടർന്നിരുന്ന ദുരാചാരത്തെ ചോദ്യം ചെയ‌്ത പി കൃഷ്ണപിള്ളയുടെ ചരിത്രപ്രസിദ്ധമായ വാക്കുകൾ പിറന്നതും അക്കാലത്ത‌്; "ഉശിരുള്ള നായർ മണിയടിക്കും ഇല നക്കി നായർ പുറത്തടിക്കും'. ഗുരുവായൂർ ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിൽനിന്ന് കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപക നേതാവ് പി കൃഷ്ണപിള്ള ഉറക്കെ വിളിച്ചു പറഞ്ഞ വാക്കുകളാണിത്. ആരാധാനാ സ്വാതന്ത്ര്യത്തിനായി നടന്ന സമരത്തിനിടെയാണ് കൃഷ്ണപിള്ള ക്ഷേത്രത്തിനുള്ളിൽ ശ്രീകോവിലിനു മുന്നിലെത്തി സാമൂതിരിപ്പാടിനെ വെല്ലുവിളിച്ച് മണിയടിച്ച സംഭവം. ഇതു കണ്ട സവർണ പ്രമാണിമാർ വലിയ ചൂരലെടുത്ത് കൃഷ്ണപിള്ളയുടെ പുറത്തടിച്ചു. എന്നാൽ പതറാതെ കൃഷ്ണപിള്ള മണി അടിച്ചുകൊണ്ടേയിരുന്നു. തുരുതുരാ തന്റെ പുറത്ത് അടി വീഴുന്നതിനിടെയാണ് സാമൂതിരിയുടെ കിങ്കരന്മാരെ "ഇലനക്കി’ നായന്മാരെന്ന‌്-് പറഞ്ഞ‌് കൃഷ്‌ണപിള്ള വെല്ലുവിളിച്ചത്.
വി എം രാധാകൃഷ്‌ണൻ
No comments:
Post a Comment