Monday, November 2, 2020

"കെ സുരേന്ദ്രൻ വഞ്ചിച്ചു'; ബിജെപിയിൽ പൊട്ടിത്തെറി, വിങ്ങിപ്പൊട്ടി പി എം വേലായുധൻ

 സംസ്ഥാന ബിജെപിയില്‍ ഭിന്നത രൂക്ഷമാകുന്നു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് പിന്നാലെ ബിജെപി മുന്‍ ഉപാധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ മുതിര്‍ന്ന നേതാവ് പി എം വേലായുധനും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് പാര്‍ട്ടി പദവി വാഗ്ദാനം ചെയ്‌ത് സുരേന്ദ്രന്‍ പറ്റിച്ചുവെന്ന് വേലായുധന്‍ പറഞ്ഞു.

‘മക്കള്‍ വളര്‍ന്ന് അവര്‍ ശേഷിയിലേക്ക് വരുമ്പോള്‍ അച്ഛനേയും അമ്മയേയും വൃദ്ധസദനത്തിലേക്ക് കൊണ്ടിട്ട പോലയാണ് ഇത്. എന്നെപ്പോലെ ഒട്ടേറെ പേര്‍ ഇതുപോലെ വീടുകളില്‍ ഇരിക്കുകയാണ്. ഈ വിഷമം പറയാനാണ് സംസ്ഥാന അധ്യക്ഷനെ വിളിച്ചത്. ഈ നിമിഷം വരെ അദ്ദേഹം എന്നെ വിളിച്ചിട്ടില്ല. എന്റെ മണ്ഡലമായ പെരുമ്പാവൂരില്‍ ഒന്നോ രണ്ടോ തവണ അദ്ദേഹം വന്നുപോയിട്ടും എന്നെ കണ്ടിട്ടില്ല. ഞങ്ങള്‍ക്ക് പരാതി പറയാനുള്ള ഏക സ്ഥാനം സുരേന്ദ്രനാണ്. അത് കേള്‍ക്കാനുള്ള ബാധ്യത സുരേന്ദ്രനുണ്ട്. അടിയന്തരാവസ്ഥയുടെ സമയത്ത് സമരം ചെയ്ത് തല്ലുകൊണ്ട് ജയിലില്‍ കിടന്നു. രണ്ട് ജയിലിലാണ് കിടന്നത്. ഒരു ആശയത്തില്‍ ഉറച്ചുനിന്നതാണ്. പക്ഷേ ഇന്ന് വളരെ വേദനയുണ്ട്’ , കരഞ്ഞുകൊണ്ടായിരുന്നു വേലായുധന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി നടന്ന വോട്ടിങ്ങില്‍ സുരേന്ദ്രന് വേണ്ടി വോട്ട് ചെയ്‌ത ആളാണ് താനെന്നും എന്നാല്‍ നിരവധി തവണ സുരേന്ദ്രനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സുരേന്ദ്രന്‍ തയ്യാറായില്ലെന്നും പി കെ വേലായുധന്‍ പറഞ്ഞു.

ശോഭാ സുരേന്ദ്രന്റെ പരസ്യമായ വിമര്‍ശനത്തിന് പിന്നാലെയാണ് മുന്‍ ഉപാധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഒരു മുതിര്‍ന്ന നേതാവ് കൂടി സംസ്ഥാന അധ്യക്ഷനെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തുന്നത്. പാര്‍ട്ടിയില്‍ നിന്ന് തന്നെ തഴയുന്നെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ‌ ചെയ്യാന്‍ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ബിജെപി ദേശീയ നേതൃത്വത്തിന് ശോഭാ സുരേന്ദ്രന്‍ കത്തയച്ചിരുന്നു

No comments:

Post a Comment