വി കെ ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിൽ പൊതുമരാമത്തുവകുപ്പിൽ നടന്നത് തീവെട്ടിക്കൊള്ളയാണെന്ന് വിജിലൻസ് അന്നേ റിപ്പോർട്ട് നൽകിയിരുന്നു. മന്ത്രിക്കും പൊതുമരാമത്ത് സെക്രട്ടറിക്കും നൽകാൻ വകുപ്പിൽനിന്ന് ക്വോട്ട നിശ്ചയിച്ച് കോടികൾ പിരിച്ചെന്നാണ് വിജിലൻസ് ഡയറക്ടറായിരുന്ന വിൻസൻ എം പോൾ യുഡിഎഫ് സർക്കാരിന് റിപ്പോർട്ട് നൽകിയത്. ഒപ്പം ഒമ്പത് ഇനം അഴിമതിയും റിപ്പോർട്ടിൽ അക്കമിട്ട് നിരത്തി. എന്നാൽ, അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഈ റിപ്പോർട്ട് പൂഴ്‌ത്തി. മന്ത്രിക്കും പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി ഒ സൂരജിനുംവേണ്ടി വിവിധ ഡിവിഷനുകളിൽനിന്ന് ചീഫ് എൻജിനിയർ, സൂപ്രണ്ടിങ് എൻജിനിയർ എന്നിവർ ചേർന്ന് പണപ്പിരവ് നടത്തി. ബിൽ തയ്യാറാക്കുമ്പോഴേ കൈക്കൂലിയും നിശ്ചയിച്ച് പൂർത്തിയാക്കാത്ത പണികൾക്കുവരെ തുക പാസാക്കി.
പുതുക്കിയതും പെരുപ്പിച്ചതുമായ എസ്റ്റിമേറ്റ് അനുവദിച്ചു. ടാർ ഉൾപ്പെടെയുള്ളവ മറിച്ചുവിറ്റ് അഴിമതി നടത്തി. പണം വാങ്ങി ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും നടത്തി. ടെലികോം ആവശ്യങ്ങൾക്ക് റോഡ് കട്ട് ചെയ്യുന്നതിലും മണ്ണിട്ട് നികത്തുന്നതിലും ക്രമക്കേട് നടത്തി എന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. പിരിവിൽ പൊറുതിമുട്ടിയ കരാറുകാർ വിജിലൻസിന് നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്. ആദ്യം രഹസ്യപരിശോധനയും പിന്നീട് പ്രാഥമിക അന്വേഷണത്തിനും ഉത്തരവിട്ടു. തുടർന്നാണ് കേസെടുത്ത് അന്വേഷിക്കണമെന്ന് ഡിവൈഎസ്‌പി വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയത്.
റഷീദ‌് ആനപ്പുറം
പാലാരിവട്ടം പാലം അഴിമതി; എല്ലാം അറിഞ്ഞുതന്നെ
കൊച്ചി> പാലാരിവട്ടം പാലം നിർമാണ കരാർ നിയമവിരുദ്ധമായി ആർഡിഎസ് പ്രോജക്ട്‌സിന് നൽകിയതും 8.25 കോടി രൂപ മൊബിലൈസേഷൻ അഡ്വാൻസ് അനുവദിച്ചതും വി കെ ഇബ്രാഹിംകുഞ്ഞെന്ന് വിജിലൻസ് റിപ്പോർട്ട്. മന്ത്രിയുടെ നിർദേശപ്രകാരമാണ് പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് പ്രവർത്തിച്ചത്. നിർമാണത്തിന് പണം നൽകിയ കേരള റോഡ് ഫണ്ട് ബോർഡിന്റെ (കെആർഎഫ്‌ബി) വൈസ് ചെയർമാനും നിർമാണച്ചുമതല ഉണ്ടായിരുന്ന കേരള റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് കോർപറേഷൻ കേരള (ആർബിഡിസികെ) ചെയർമാനും ഇബ്രാഹിംകുഞ്ഞ് ആയിരുന്നു. ഇബ്രാഹിംകുഞ്ഞും ടി ഒ സൂരജും കേസിലെ 10–-ാംപ്രതിയായ ആർബിഡിസികെ എംഡി മുഹമ്മദ് ഹനീഷും ചേർന്നാണ് കരാറിൽ ക്രമക്കേട് നടത്തിയത്.
ടെൻഡർ രേഖകളിൽ കൃത്രിമം കാണിച്ച് ആർഡിഎസ് കമ്പനിയ്‌ക്ക് കരാർനൽകി. മൊബിലൈസേഷൻ അഡ്വാൻസ് ഉണ്ടാകില്ലെന്ന് പ്രീ ടെൻഡർ സമയത്ത് മന്ത്രി മറ്റു കമ്പനികളെ അറിയിച്ചു. എന്നാൽ ഒടുവിൽ മുടങ്ങിപ്പോയ ജോലികൾക്കായി 8.25 കോടി രൂപ അഡ്വാൻസായി അനുവദിക്കുകയും ചെയ്‌തു. ഇതിനെ അക്കൗണ്ടന്റ് ജനറൽ ഓഡിറ്റ് എതിർത്തിരുന്നു. സ്വകാര്യ ബാങ്കുകൾ ഈടാക്കുന്ന 14.75 ശതമാനം പലിശ കണക്കാക്കിയാൽ 85 ലക്ഷം രൂപയുടെ നഷ്‌ടമാണ് ഉണ്ടായതെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്.
പണം കൈപ്പറ്റിയതിന് തെളിവുണ്ട്: വിജിലൻസ്
കൊച്ചി> പാലാരിവട്ടം പാലംനിർമാണ അഴിമതിയുടെ ഭാഗമായി മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് കരാറുകാരായ ആർഡിഎസ് കമ്പനി പണം നൽകിയതിന് തെളിവുണ്ടെന്ന് വിജിലൻസ്. കൊച്ചിയിൽവച്ചാണ് കമ്പനി അധികൃതർ പണം കൈമാറിയത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ തുടരന്വേഷണത്തിൽ പുറത്തുവരുമെന്നും ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയെ എതിർത്ത് മൂവാറ്റുപുഴയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വിജിലൻസ് പറഞ്ഞു.
കരാറുകാരിൽനിന്ന് കൈപ്പറ്റിയ 10 കോടി രൂപയാണ് ലീഗ് മുഖപത്രം ചന്ദ്രിക പ്രസിദ്ധീകരിക്കുന്ന മുസ്ലിം പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയുടെ അക്കൗണ്ടിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ മാർക്കറ്റ് റോഡ് ശാഖയിൽ നിക്ഷേപിച്ചതെന്നു കരുതുന്നു. ചന്ദ്രികയുടെ വരിസംഖ്യയാണ് ഇതെന്നാണ് അവകാശപ്പെട്ടത്. അന്വേഷണം വന്നപ്പോൾ ഇത് കള്ളപ്പണമാണെന്ന് വെളിപ്പെടുത്തി പിഴയടച്ചു. എന്നാൽ, വിജിലൻസിന്റെ ചോദ്യംചെയ്യലിൽ ഇതൊന്നും ഇബ്രാഹിം കുഞ്ഞ് സമ്മതിച്ചിരുന്നില്ല. പിന്നീട് ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ, ബാങ്കിലടച്ച കള്ളപ്പണം സംബന്ധിച്ച് ആദായനികുതിവകുപ്പുമായി നടത്തിയ ആശയവിനിമയത്തിന്റെ രേഖപിടിച്ചെടുത്തു. മാർച്ച് ഒമ്പതിനായിരുന്നു ആലുവയിലെ വീട്ടിൽ റെയ്‌ഡ്.
കരാർ കമ്പനിയിൽനിന്ന് പണം കൈപ്പറ്റിയത് ഗൗരവമുള്ളതാണെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. പാലം നിർമാണത്തിന്റെ മറവിൽ, കുറ്റകരമായ ഗൂഢാലോചനയ്‌ക്കും കള്ളപ്പണം കൈമാറിയുള്ള അഴിമതിക്കും നേതൃത്വം നൽകിയത് ഇബ്രാഹിം കുഞ്ഞാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നാലാം പ്രതി മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്, തനിക്ക് ലഭിച്ച പണമുപയോഗിച്ച് ഭൂമിയും മറ്റും വാങ്ങിയതായി കണ്ടെത്തി.അതേസമയം, പാലാരിവട്ടം പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയ കൺസൾട്ടൻസി ഉടമ ബംഗളൂരു നാഗേഷ് കൺസൾട്ടൻസി ഉടമ ബി വി നാഗേഷിനെ വിളിച്ചുവരുത്തി അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
അഴിമതിപ്പണം വെളുപ്പിച്ചത് ലീഗ് പത്രത്തിലൂടെ
പാലാരിവട്ടം അഴിമതിപ്പണം ഉന്നതർ വെളുപ്പിക്കാൻ ശ്രമിച്ചത് പാർടി പത്രം ‘ചന്ദ്രിക’യിലൂടെ. അഴിമതിയല്ലെന്ന് പറഞ്ഞ് വി കെ ഇബ്രാഹിംകുഞ്ഞിനെ സംരക്ഷിക്കുന്ന ലീഗ് നേതൃത്വത്തിനെ കുടുക്കുന്നതാണ് പാർടി മുഖപത്രം മറയാക്കി അരങ്ങേറിയ കള്ളക്കളികൾ. ഇക്കാര്യം ഇഡി അന്വേഷിച്ചുവരുന്നതും ലീഗിന് ചങ്കിടിപ്പ് കൂട്ടുന്നു. അന്വേഷണം ഊർജിതമായാൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളടക്കം പ്രതിക്കൂട്ടിലാകുമെന്നും നേതാക്കൾക്ക് ബേജാറുണ്ട്. ചന്ദ്രിക പ്രസിദ്ധീകരിക്കുന്ന മുസ്ലിം പ്രിന്റിങ് ആൻഡ് പബ്ലിഷേഴ്‌സ് കമ്പനി ചെയർമാനാണ് ഹൈദരലി ശിഹാബ് തങ്ങൾ.
നോട്ട് നിരോധന കാലത്താണ് ചന്ദ്രികയുടെ അക്കൗണ്ടിൽ 10 കോടി രൂപ നിക്ഷേപിച്ചത്. ഇതിന്റെ പേരിൽ ഇഡി കേസെടുത്തു. പഞ്ചാബ് നാഷണൽ ബാങ്കിന്റെ എറണാകുളം മാർക്കറ്റ് ശാഖ, എസ്‌ബിഐ കലൂർ ശാഖ എന്നിവയിലൂടെ പി എ അബ്ദുസമദാണ് പണം നിക്ഷേപിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കോഴിക്കോട് ചന്ദ്രിക ഓഫീസിൽ വിജിലൻസ് റെയ്‌ഡുമുണ്ടായി.
വാർഷിക വരിക്കാരെ ചേർത്ത പണമെന്നായിരുന്നു ഇതിന് ലീഗ് നൽകിയ വിശദീകരണം. എന്നാൽ ചന്ദ്രിക ഡയറക്ടറായ ഇബ്രാഹിംകുഞ്ഞ് കോഴപ്പണം വെളുപ്പിക്കാൻ പാർടിപത്രത്തെ കരുവാക്കി എന്നാണ് വിവരം. പത്തുകോടിയിൽ അഞ്ചുകോടി രൂപ ഇബ്രാഹിംകുഞ്ഞിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തി.
ശമ്പളം പോലും കൃത്യമല്ല
പത്ത് കോടി രൂപ ചന്ദ്രിക പത്രത്തിന്റെ വികസനത്തിന് എത്തിയെന്ന് പറയുമ്പോൾ, ജീവനക്കാർക്ക് മാസങ്ങളായി ശമ്പളം കൃത്യമായി പോലും കിട്ടുന്നില്ല. ഇതിനെതിരെ പ്രചാരണ ബോർഡുകളുയർത്തിയും പ്ലക്കാർഡുകൾ പിടിച്ചും സ്ഥാപനത്തിനകത്ത് പട്ടിണിസമരം നടത്തി. ഇതിൽ ക്ഷുഭിതരായ മാനേജ്‌മെന്റ് സംസ്ഥാനത്തിന്റെ പല ഭാഗത്തേക്കും ജീവനക്കാരെ സ്ഥലംമാറ്റി ദ്രോഹിച്ചു. ചിലർക്ക് നിർബന്ധിത വിആർഎസും നൽകുന്നുണ്ട്.
No comments:
Post a Comment