രാജ്യത്തെ ബാങ്കിങ് മേഖലയുടെ സമ്പൂർണ സ്വകാര്യവൽക്കരണത്തിന് വഴിയൊരുക്കി വാണിജ്യബാങ്കുകൾ തുടങ്ങാൻ വൻകിട കോർപറേറ്റ് സ്ഥാപനങ്ങൾക്ക് അനുമതി നൽകണമെന്ന് റിസർവ് ബാങ്ക് വർക്കിങ് ഗ്രൂപ്പിന്റെ ശുപാർശ. വാണിജ്യബാങ്കുകൾ തുടങ്ങാൻ ലൈസൻസിനുവേണ്ടി 2012 മുതൽ കോർപറേറ്റുകൾ ശ്രമിച്ചുവരുന്നതിനിടെയാണ് ശുപാർശ.
കോർപറേറ്റുകൾക്ക് ബാങ്കിങ് ലൈസൻസ് ലഭിക്കാൻ 1946ലെ ബാങ്കിങ് റഗുലേഷൻ നിയമം ഭേദഗതി ചെയ്യേണ്ടതുണ്ട്.
പുതുതായി അപേക്ഷ ക്ഷണിച്ച് ലൈസൻസ് നൽകുകയോ നിലവിൽ ബാങ്കിങ് ഇതര ധനഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങളെ ബാങ്കുകളാക്കി മാറ്റുകയോ ചെയ്യാമെന്ന് വർക്കിങ് ഗ്രൂപ്പ് നിർദേശിച്ചു. 50,000 കോടിയിൽപ്പരം രൂപ ആസ്‌തിയുള്ളതും 10 വർഷത്തിൽ കൂടുതലായി പ്രവർത്തിക്കുന്നതുമായ കോർപറേറ്റ് സ്ഥാപനങ്ങൾക്കാണ് ബാങ്ക് ലൈസൻസ് നൽകേണ്ടത്. മൂന്ന് വർഷമായി പ്രവർത്തിക്കുന്ന പേമെന്റ് ബാങ്കുകളെ സ്‌മോൾ ഫിനാൻസ് ബാങ്കുകളായി മാറ്റാം. ഒരേ കോർപറേറ്റ് സ്ഥാപനം നടത്തുന്ന ബാങ്കും ഇതര സ്ഥാപനങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാട് നിരീക്ഷിക്കാൻ സംവിധാനം വേണമെന്നും വർക്കിങ് ഗ്രൂപ്പ് നിർദേശിച്ചു.
കോർപറേറ്റുകൾക്ക് യഥേഷ്ടം വായ്‌പ നൽകി രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം പെരുകിയ സാഹചര്യത്തിൽ പുതിയ സംവിധാനത്തിന്റെ ഫലപ്രാപ്‌തി സംബന്ധിച്ച് വിമർശനങ്ങളുയരുന്നുണ്ട്. രണ്ടര വർഷത്തിനുള്ളിൽ മൂന്ന് ബാങ്ക് അടക്കം അഞ്ച് ധനസ്ഥാപനമാണ് രാജ്യത്ത് തകർന്നത്. പൊതുപണം ഉപയോഗിച്ചാണ് ഇവയെ കരകയറ്റുന്നത്. 2007–-2008 കാലത്തെ ആഗോളസാമ്പത്തിക മാന്ദ്യത്തിൽ വമ്പൻ ആസ്‌തിയുള്ള ബാങ്കുകൾ അടക്കം തകർന്നിരുന്നു. അക്കാലത്ത് ഇന്ത്യയെ രക്ഷിച്ചത് പൊതുമേഖലാ ബാങ്കുകളാണ്.
ശക്‌തമായി ചെറുക്കണം : സീതാറാം യെച്ചൂരി
ബാങ്കിങ് മേഖലയിൽ ദേശസാൽക്കരണം ഇല്ലാതാക്കുന്ന നടപടിയാണ് കോർപറേറ്റുകൾക്ക് ബാങ്ക് അനുവദിക്കുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. കോടിക്കണക്കിന് ഇന്ത്യക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലമായ ജീവിതസമ്പാദ്യം സ്വകാര്യ കോർപറേറ്റുകൾക്ക് കൊള്ളലാഭം കൊയ്യാൻ മോഡി സർക്കാർ വിട്ടുകൊടുക്കുകയാണ്. ഇതിനെ ശക്തമായി ചെറുക്കണമെന്നും യെച്ചൂരി പറഞ്ഞു.
No comments:
Post a Comment