കേരളത്തിന്റെ വികസനപാത കെട്ടിയടയ്‌ക്കാന്‍ സിഎജി റിപ്പോര്‍ട്ടിന്റെ കരടില്‍ ഇല്ലാത്ത നാലുപേജ് പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. ദേശീയതലത്തില്‍ നടക്കുന്ന വന്‍ ഗൂഢാലോചനയുടെ ഭാഗമാണിത്. വികസനമേ പാടില്ലെന്നാണ് നാല് പേജില്‍ പറയുന്നത്. കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്ത ഈ പേജുകൾ ഡല്‍ഹിയില്‍നിന്ന് കൂട്ടിച്ചേര്‍ത്തതാണ്. കേരളത്തെ വെട്ടിലാക്കാനുള്ള ഈ വമ്പന്‍ ഗൂഢാലോചനക്കെതിരെ എല്ലാ രാഷ്‌ട്രീയ പാർടികളും കേരളത്തെ സ്‌നേഹിക്കുന്നവരും ഒരുമിച്ച് അണിനിരക്കണമെന്ന് വാർത്താസമ്മേളനത്തിൽ ഐസക് ആവശ്യപ്പെട്ടു.
പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുന്നവയാണ്. നിയമപ്രകാരം കൊടുക്കേണ്ട പണവും ബജറ്റിൽ വകകൊള്ളിക്കും. ഭരണഘടനയുടെ 293 അനുച്ഛേദം സംസ്ഥാന സർക്കാരുകൾ എടുക്കുന്ന വായ്‌പയെക്കുറിച്ചാണ്. കിഫ്ബി സംസ്ഥാന സർക്കാരല്ല. സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ഒരു കോർപറേറ്റ് ബോഡിയാണ്. മസാല ബോണ്ട് ഇറക്കിയതിൽ റിസർവ് ബാങ്ക് വ്യവസ്ഥകൾ പാലിച്ചിട്ടുണ്ട്. അനുവാദവും വാങ്ങി. ഭരണഘടനാപരമായി തെറ്റില്ല. സിഎജിക്ക് വ്യത്യസ്‌ത അഭിപ്രായം കാണും. കേരളത്തിന്റെ വികസനപാത കെട്ടിയടയ്‌ക്കുന്നതാണ് സിഎജിയുടെ ഏകപക്ഷീയ നിലപാട്.
ആന്വിറ്റി മാതൃക
‘ആന്വിറ്റി ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്‌റ്റ്‌മെന്റ്’മാതൃകയുടെ വിപുലീകൃതരൂപം മാത്രമാണ് കിഫ്ബി. തിരുവനന്തപുരം സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം ഇതിന് ഉദാഹരണം. പ്രവൃത്തി ടെൻഡർ ചെയ്‌ത് തുക ഉറപ്പിച്ച്, അത് ഏജൻസിയെ ഏൽപ്പിക്കുന്നു. പ്രവൃത്തിയുടെ പണം പത്തോ ഇരുപതോ വർഷംകൊണ്ട് ഗഡുക്കളായി സർക്കാർ നൽകും. കരാറുകാരൻ പലിശകൂടി കണക്കുകൂട്ടിയാണ് ടെൻഡർ വിളിക്കുന്നത്. ഇതാണ് ആന്വിറ്റി രീതി.
കിഫ്ബി പദ്ധതിക്കാവശ്യമായ പണം വിപണിയിൽനിന്ന് സമാഹരിക്കുന്നു. തിരിച്ചടവിനുള്ള തുക സർക്കാർ നിശ്‌ചിത നികുതിവിഹിതമായി എല്ലാവർഷവും കിഫ്‌ബിക്ക് നൽകും.
കിഫ്ബിയുടെ വ്യത്യാസം സർക്കാർ നൽകുന്ന ആന്വിറ്റി സർക്കാരിന്റെ നികുതി വരുമാനം വർധിക്കുന്ന തോതിൽ ഉയർന്നുകൊണ്ടിരിക്കുമെന്നുള്ളതാണ്. ആന്വിറ്റി സ്‌കീമിന് ആരും ഓഫ് ബജറ്റ് വായ്‌പയെന്നോ പ്രത്യക്ഷ ബാധ്യതയെന്നോ ഭരണഘടനയ്‌ക്ക് വിരുദ്ധമെന്നോ കൽപ്പിക്കാറില്ല. കൃത്യമായ അസെറ്റ്, ലയബിലിറ്റി മാച്ചിങ് ഉറപ്പുവരുത്തി മാത്രമേ കിഫ്ബി പുതിയ പ്രോജക്‌ടുകളേറ്റെടുക്കൂ. ഒരുഘട്ടത്തിലും ബാധ്യത ആസ്‌തിയെ കവച്ചുവയ്‌ക്കില്ല. ഈ മോഡലിൽ എന്തെങ്കിലും തെറ്റുണ്ടോ എന്നാണ് സിഎജി പരിശോധിക്കേണ്ടത്. അതവർ നടത്തിയിട്ടുമില്ല, മന്ത്രി പറഞ്ഞു.
കിഫ്‌ബി വായ്‌പകൾ പ്രത്യക്ഷ ബാധ്യതയല്ല
കിഫ്‌ബി വായ്‌പകൾ സംസ്ഥാന സർക്കാരിന്റെ പ്രത്യക്ഷ ബാധ്യതകളല്ല. സിഎജി ഓഡിറ്റ് നടക്കുമ്പോൾ കിഫ്ബി എടുത്ത ആകെ വായ്‌പ മൂവായിരത്തിലധികം കോടി രൂപയുടേതാണ്. എന്നാൽ, അതിനേക്കാൾ കൂടുതൽ തുക നികുതി വിഹിതമായി സർക്കാർ നൽകി. 2500 കോടി രൂപയുടെ കോർപസ് ഫണ്ടുകൂടി ചേർത്താൽ 5871 കോടി രൂപ കിഫ്ബിക്ക് ബജറ്റ് രേഖ പ്രകാരം നൽകി. ഇതെങ്ങനെയാണ് ഭാവിയിൽ പ്രത്യക്ഷ ബാധ്യതയായി മാറുക.
No comments:
Post a Comment