2016ൽ എൽഡിഎഫ് സർക്കാർ അധികാരമേൽക്കുമ്പോൾ കെ സുരേന്ദ്രനെന്ന ഇപ്പോഴത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് നടത്തിയ വെല്ലുവിളിയാണിത്. സുരേന്ദ്രൻ അറിയാൻ; ഗെയിൽപൈപ്പ് ലൈൻ പൂർത്തിയായി കഴിഞ്ഞു. 2010ൽ ആരംഭിച്ച് 2016 വരെ ഒരുതരി മണ്ണ് ഏറ്റെടുക്കാനാകാതെ ഗെയിൽ ഉപേക്ഷിച്ചുപോയ കൊച്ചി– മംഗളൂരു പാചകവാതക പെെപ്പ് ലൈനാണ് അവരെ തിരിച്ചുവിളിച്ച് പിണറായി വിജയൻ സർക്കാർ യാഥാർഥ്യമാക്കിയത്.
ദേശീയപാതയും വികസിക്കുന്നു
ദേശീയപാതാ വികസനത്തിന്റെ കാര്യത്തിലും സമാനമാണ് അവസ്ഥ. സുരേന്ദ്രന്റെ ദേശീയ നേതാവായ കേന്ദ്രമന്ത്രി നിഥിൻ ഗഡ്കരി സർട്ടിഫിക്കറ്റ് നൽകി; പിണറായി വിജയനെന്ന ഭരണാധികാരിയുടെ, എൽഡിഎഫ് സർക്കാരിന്റെ വികസനനേട്ടങ്ങളെക്കുറിച്ച്. വികസന കാര്യത്തിൽ ഈ സർക്കാർ മുൻ സർക്കാരിനേക്കാൾ എത്രയോ മെച്ചം എന്നും അദ്ദേഹം പറഞ്ഞുവച്ചു. അത് കൊണ്ടത് ഉമ്മൻചാണ്ടിക്കുമാത്രമല്ല; സുരേന്ദ്രന്റെ നെഞ്ചിൽ കൂടിയാണ്. ഏത് വികസനത്തിനും എതിരുനിന്ന് മതരാഷ്‌ട്രീയം പയറ്റുന്ന ജമാ അത്തെ ഇസ്ലാമിയുടെ സോളിഡാരിറ്റി അടക്കമുള്ളവരുടെ വെല്ലുവിളികളും പ്രളയമടക്കമുള്ള തടസ്സങ്ങളും അതിജീവിച്ചാണ് കൊച്ചി–മംഗളൂരു പ്രകൃതിവാതക പൈപ്പുലൈൻ എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കിയത്.
പ്രതിപക്ഷ രോഷം മറക്കാമോ
ജമാഅത്തെ ഇസ്ലാമി–- മുസ്ലിംലീഗ് എന്നിവയുടെ എതിർപ്പും ഉമ്മൻചാണ്ടി സർക്കാരിന്റെ അനാസ്ഥയും മൂലം നിർത്തിപ്പോയ ഗെയിൽ പദ്ധതിയാണ് തടസ്സങ്ങൾ എല്ലാം തീർത്ത് പൂർത്തിയായത്. ഈ സർക്കാർ പണി പുനരാരംഭിച്ചപ്പോൾ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലതന്നെ, ഗെയിൽ വിരുദ്ധ സമരം ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. പദ്ധതിയുമായി മുന്നോട്ട് പോയാൽ സർക്കാർ നിന്നുകത്തുമെന്ന് വി എം സുധീരനും കുഞ്ഞാലിക്കുട്ടിയും പരസ്യമായി പ്രഖ്യാപിച്ചു. പിണറായി വിജയനെ സെക്രട്ടറിയറ്റിലേക്ക് കയറാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസും പ്രഖ്യാപിച്ചു. അന്നത്തെ അവരുടെ പ്രസംഗങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കോഴിക്കോട് മുക്കത്ത് യുഡിഎഫ് ‐ ജമാ അത്തെ ഇസ്ലാമി സംയുക്ത സമരക്കാർ റോഡിൽ തീയിട്ടപ്പോൾ, പൊലീസെത്തി കെടുത്തുന്നു (2017 നവംബർ നാലിന്റെ ചിത്രം)
താനെ തുടങ്ങിയതല്ല
ഗെയിൽ പദ്ധതി പൂർത്തിയായത് സംബന്ധിച്ച് വലിയ വാർത്തയാണ് മനോരമയും മാതൃഭൂമിയും കൊടുത്തത്. എന്നാൽ, ആ വാർത്തയെഴുതുമ്പോൾ എടുത്ത ‘സൂക്ഷ്‌മത’ എടുത്തു പറയേണ്ടതാണ്. എൽഡിഎഫ് സർക്കാരിന്റെ നേട്ടമായി കാണാതിരിക്കാൻ വരികൾ അമർത്തിപ്പിടിച്ചെഴുതി.
നിർത്തിവെച്ച പദ്ധതി 2016ൽ വീണ്ടും ആരംഭിച്ചത്രെ. വാർത്ത വായിച്ചാൽ പദ്ധതി താനെ തുടങ്ങിയതാണെന്ന് തോന്നും. 2016ൽ ഏതുസർക്കാരാണ് പദ്ധതി വീണ്ടും തുടങ്ങിയതെന്ന കാര്യവും അതുവരെ പദ്ധതിയെ മൂലയ്‌ക്കിരുത്തിയത് ആരാണെന്നും പറയാൻ ഈ മാധ്യമങ്ങൾക്ക് നാവുപൊന്തിയില്ല. ‘വികസന വാതകം’ എന്നൊക്കെ തലക്കെട്ടിട്ട് പേജുനിരത്തിയെങ്കിലും ആരായിരുന്നു ഈ നേട്ടത്തിന് പിന്നിലെന്ന് ചോദിച്ചാൽ മൗനം മാത്രം മറുപടി.
പൈപ്പിന്റെ റൂട്ട് ഇങ്ങനെ
കൊച്ചി വൈപ്പിനിൽ 2013ൽ പൂർത്തിയാക്കിയ പെട്രോനെറ്റ് എൽഎൻജി ടെർമിനലിൽനിന്നാണ് പൈപ്പുലൈൻ ആരംഭിക്കുന്നത്. അത് പാലക്കാട് ജില്ലയിലെ കൂറ്റനാട്ടെ ജങ്‌ഷനിലെത്തും. ഇവിടെനിന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലൂടെ മംഗളൂരുവിലേക്ക് ഒരു ലൈൻ നീങ്ങും. മറ്റേ ലൈൻ പാലക്കാട് വഴി ബംഗളൂരുവിലേക്കും പോകും. ഭാരതപ്പുഴ, ചാലിയാർ, ഇരുവഴിഞ്ഞി, കുറ്റ്യാടി, ചന്ദ്രഗിരി, മംഗളൂരുവിലെ നേത്രാവതി നദികൾക്കടിയിലൂടെയാണ് പൈപ്പ് ലൈൻ കടന്നുപോകുന്നത്. വിദേശത്തുനിന്ന് പ്രകൃതിവാതകത്തെ ദ്രവരൂപത്തിലാക്കി (എൽഎൻജി) കപ്പലിൽ വൈപ്പിനിലെ ടെർമിനലിൽ എത്തിച്ച്, അതിനെ വാതകമാക്കി മാറ്റിയാണ് പൈപ്പിലൂടെ കടത്തിവിടുന്നത്.
കൊച്ചിയിൽ നിന്നും വരുന്ന ഗെയിൽ പൈപ്പ് ലൈൻ മംഗളൂരുവിലേക്കും ബംഗളൂരുവിലേക്കും തിരിയുന്ന കൂറ്റനാട്ടെ ജംങ്‌ഷൻ
നികുതിവരുമാനം 700 കോടിയിലധികം
5751 കോടി രൂപ ചെലവുള്ള പദ്ധതി മുഴുവൻ ശേഷിയിൽ പ്രവർത്തിച്ചാൽ സംസ്ഥാനത്തിന് നികുതി വരുമാനമായി 500 മുതൽ 720 കോടിവരെ ലഭിക്കും.
നോബ് തുറന്നാൽ വികസനം വീട്ടിൽ
വീട്ടാവശ്യങ്ങൾക്ക് പാചകവാതകം നേരിട്ട് കിട്ടുക; അതും കുറഞ്ഞ വിലയിൽ. ബുക്ക് ചെയ്യൽ, വിതരണക്കാരനെ കാത്തിരിക്കൽ തുടങ്ങി നൂലാമാലകളും ഒഴിഞ്ഞുകിട്ടും.
കൈയടിക്കാം; ഇതാ ഗെയിൽ
‘സ്ഥലം ഏറ്റെടുക്കൽ, നഷ്ടപരിഹാര പാക്കേജ് എന്നിങ്ങനെ എല്ലാം ഒന്നിൽനിന്ന് തുടങ്ങണമായിരുന്നു 2016ൽ അധികാരത്തിലേറിയ പിണറായി സർക്കാരിന്. രാഷ്‌ട്രീയ വെല്ലുവിളികളും പ്രളയവും കോവിഡും അതിജീവിച്ചാണ് ഗെയിൽ പൈപ്പുലൈൻ പദ്ധതി പൂർത്തിയായത്. വീടുകളിൽ പൈപ്പ് വഴി പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയാണ് ഇതിന്റെ മുഖ്യ ആകർഷണം.
ആകെ 510 കി.മി. ; യുഡിഎഫ് കാലത്ത് 40
ഗെയിൽ പൈപ്പ് ലൈൻ കേരളത്തിലൂടെ പോകുന്നത് 510 കിലോമീറ്ററാണ്. യുഡിഎഫ് കാലത്ത് പൂർത്തിയാക്കിയത്‌വെറും 40 കിലോമീറ്റർമാത്രം. ശേഷിച്ച 470 കിലോമീറ്റർ ഏറ്റെടുത്ത് പണി പൂർത്തിയാക്കിയത് ഈ സർക്കാർ വന്ന ശേഷമാണ്. ഏറ്റവും ഒടുവിൽ തടസ്സമായിനിന്ന കാസർകോട് ചന്ദ്രഗിരി പുഴയിലെ അവസാനപണിയും കഴിഞ്ഞ ശനിയാഴ്‌ച രാത്രി പൂർത്തിയായി. പദ്ധതിക്ക് ഏകജാലക അനുമതി കൊടുത്തത് വി എസ് അച്യുതാനന്ദൻ സർക്കാരാണ്. ആദ്യ ഘട്ടം 2010ൽ തുടങ്ങി 2013 ആഗസ്ത് 25ന് കമീഷൻ ചെയ്തു.
2015ൽ മടങ്ങി; പിണറായി തിരിച്ചു വിളിച്ചു
രണ്ടാം ഘട്ടം യുഡിഎഫ് സർക്കാർ 2012 ജനുവരിയിൽ തുടങ്ങി. എന്നാൽ, സ്ഥലമേറ്റെടുക്കാനുള്ള തടസ്സം മൂലം 2013 നവംബറിൽ പണി പൂർണമായും നിർത്തി എല്ലാ കരാറുകളും റദ്ദാക്കി. ഗെയിൽ 2015ൽ പിൻവാങ്ങാൻ ഒരുങ്ങി. എന്നാൽ, കേന്ദ്ര നിർദേശപ്രകാരം ചീഫ് സെക്രട്ടറി മുന്നോട്ടു പോകാൻ ഗെയിലിനോട് ആവശ്യപ്പെട്ടു. പക്ഷേ, ഭൂവുടമകളുടെ എതിർപ്പും പ്രക്ഷോഭങ്ങളും കാരണം മുന്നോട്ടു പോകാൻ സാധിച്ചില്ല.
2016 മെയ് മാസം എൽഡിഎഫ് അധികാരത്തിലെത്തിയപ്പോൾ കഥ മാറി. നഷ്ടപരിഹാരം തുക ഇരട്ടിയാക്കി സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കി. തുടർന്ന് ഗെയിൽ കൊച്ചി–-മംഗളൂരുവരെയുള്ള ഏഴ് സെക്‌ഷനിൽ പുതിയ കരാർ കൊടുത്ത് നിർമാണം പുനരാരംഭിച്ചു. പ്രവർത്തന പുരോഗതി നിരീക്ഷിക്കാൻ പ്രത്യേക പദ്ധതി സെൽ രൂപീകരിച്ചു. 2019 ജൂണിൽ തൃശൂർവരെയും 2020 ആഗസ്റ്റിൽ കണ്ണൂർവരെയും ഗ്യാസ് എത്തി.
വാഹനങ്ങൾക്ക് നേട്ടം
വാഹനങ്ങൾക്ക് കംപ്രസ്‌ഡ് നാച്വറൽ ഗ്യാസ് (സിഎൻജി) ലഭിക്കുന്നതോടെ ഇന്ധനച്ചെലവ് 20 ശതമാനം കുറയും. അന്തരീക്ഷ മലിനീകരണം കുറവാണ്. ടാക്‌സി ഡ്രൈവർമാർക്ക് മാസം 5000 രൂപവരെയും ഓട്ടോകൾക്ക് 3000 രൂപവരെയും ലാഭമുണ്ടാകും.എൽപിജി ഇന്ധനമായി ഉപയോഗിക്കുന്ന വ്യവസായശാലകൾക്കും നേട്ടമാകും. 5000 കിലോ എൽപിജി ദിവസം ഉപയോഗിക്കുന്ന വ്യവസായശാലകൾക്ക് 85,000 രൂപയുടെ ലാഭമുണ്ടാകും. അതായത് ഒരുകിലോ ഇന്ധനത്തിന് 17 രൂപയുടെ കുറവ്.
ചന്ദ്രഗിരിപ്പുഴയും കടന്ന്
നാലുമാസംമുമ്പേ പൂർത്തിയാകേണ്ട ഗെയിൽ പൈപ്പിടലിന്റെ ഒഴുക്ക് തടഞ്ഞത് ചന്ദ്രഗിരി പുഴ. രണ്ട് കുന്നിന്റെ ഇടയിലൂടെ ഒഴുകുന്ന ചന്ദ്രഗിരി പുഴയ്‌ക്ക് കുറുകെ പൈപ്പിടൽ ഏറെ വെല്ലുവിളിയായിരുന്നു. തെക്കിൽ തൈരയിൽനിന്ന് പുഴക്കക്കരെ ബേവിഞ്ചയിലേക്ക് കുന്നിൽനിന്ന് കുന്നിലേക്ക് ഭൂമി തുരന്നുള്ള പൈപ്പിടൽ തുടങ്ങിയത് ജൂലൈ 29ന്. അർധവൃത്താകൃതിയിൽ പുഴയുടെ അടിവശത്തുനിന്ന് 60 മീറ്റർ താഴ്‌ചയിൽ പുഴക്ക് കുറുകെ 1.5 കിലോമീറ്ററാണ് പൈപ്പിടേണ്ടിയിരുന്നത്. ഇതിന് തുരങ്കമുണ്ടാക്കി 540 മീറ്ററായപ്പോൾ തടസ്സം നേരിട്ടു. അത് നീക്കാനായില്ല. രണ്ടുമാസം ശ്രമിച്ചിട്ടും നടക്കാതായതോടെ സെപ്‌തംബർ അവസാനത്തോടെ താൽകാലിക പൈപ്പ്‌ലൈൻ ഇടാൻ തുടങ്ങി. 300 മീറ്റർ മാത്രമാണ് പുഴയുടെ അടിയിലൂടെയുള്ളത്. 24 ഇഞ്ചിന് പകരം ആറ് ഇഞ്ചിന്റെ പൈപ്പാണിട്ടത്.
സ്ഥിരം പൈപ്പ്‌ലൈൻ ഇടുന്ന പണി തുടരുകയാണെന്ന് ഗെയിൽ സീനിയർ മാനേജർ ആന്റണി ഡിക്രൂസ് പറഞ്ഞു. തുരങ്കത്തിൽ മണ്ണോ പാറയോ വീണതാകാം തടസ്സമായതെന്നാണ് നിഗമനം. നിലവിൽ തുരങ്കത്തിനുള്ളിലെ തടസ്സം കണ്ടെത്തി പരിഹരിച്ച് സ്ഥിരം പൈപ്പ്‌ലൈൻ പുനഃസ്ഥാപിക്കാനുള്ള തീവ്രയജ്ഞത്തിലാണ് ഗെയിൽ അധികൃതർ. ഇതും പരാജയപ്പെട്ടാൽ പുഴയുടെ മുകളിലൂടെ പൈപ്പ് സ്ഥാപിക്കാനും ആലോചനയിലുണ്ട്.
തയ്യാറാക്കിയത്: ശ്രീരാജ് ഓണക്കൂർ
No comments:
Post a Comment