ന്യൂഡല്‍ഹി > സിഎജി(കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) ഗിരീഷ് ചന്ദ്ര മുര്‍മു പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും വിശ്വസ്തന്‍. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു മുര്‍മു. അമിത്ഷാ ഗുജറാത്തില്‍ ആഭ്യന്തരമന്ത്രിയായിരിക്കെ മുര്‍മു വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി. ഗുജറാത്ത് കലാപക്കേസുകള്‍ കൈകാര്യം ചെയ്തത് ഇദ്ദേഹമാണ്. അമിത്ഷാ ജയിലില്‍ കിടന്നപ്പോള്‍ അദ്ദേഹത്തിനുവേണ്ടി കേസ് ഫയലുകള്‍ തയ്യാറാക്കിയതും മുര്‍മു തന്നെ.
ഗുജറാത്ത് കലാപം അന്വേഷിച്ച നാനാവതി കമീഷന്‍ മുമ്പാകെ ഹാജരാവുന്ന സാക്ഷികളെ 'പറഞ്ഞുപഠിപ്പിക്കാന്‍' മുര്‍മുവിനെ സര്‍ക്കാര്‍ നിയോഗിച്ചതായി അന്നത്തെ എഡിജിപി ആര്‍ ബി ശ്രീകുമാര്‍ ആരോപിച്ചു. ഇസ്രത് ജഹാന്‍ ഏറ്റുമുട്ടല്‍ കൊലക്കേസ് അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ഇദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു.
ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ മുര്‍മു മോഡി പ്രധാനമന്ത്രിയായപ്പോള്‍ കേന്ദ്രധനമന്ത്രാലയത്തില്‍ നിയോഗിക്കപ്പെട്ടു. ഇവിടെ നിര്‍ണായക തീരുമാനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു. ജമ്മു-കശ്മീരിനെ കേന്ദ്രഭരണപ്രദേശമായി മാറ്റിയപ്പോള്‍ 2019 ഒക്ടോബര്‍ 31നു അവിടെ ലഫ്. ഗവര്‍ണറായി നിയമിച്ചു. സര്‍വീസില്‍നിന്ന് നവംബര്‍ 30നു വിരമിക്കേണ്ടതായിരുന്നു. ഇക്കൊല്ലം ആഗസ്ത് അഞ്ചിനു ലഫ്. ഗവര്‍ണര്‍സ്ഥാനം രാജിവച്ചു. ആഗസ്ത് എട്ടിനു സിഎജിയായി നിയമിതനായി.
No comments:
Post a Comment