സര്‍ക്കാരിനെ ലക്ഷ്യംവെയ്ക്കാനും അട്ടിമറിക്കാനുമാണ് ശ്രമം: സിപിഐ എം
എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കുറ്റകരമായ ക്രിമിനല്‍ ഗൂഢാലോചനയില്‍ ഇ ഡിയും ഭാഗമാണെന്നു വ്യക്തമാക്കുന്നതാണ് അവരുടേതായി ചില മാധ്യമങ്ങളില്‍ വന്ന പ്രതികരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടേതായി പുറത്തു വന്ന ശബ്ദ സന്ദേശത്തെ സംബന്ധിച്ച് ബി. ജെ.പിയും, കോണ്‍ഗ്രസും പറയുന്നത് അതേ പോലെ ആവര്‍ത്തിക്കുകയാണ് ഇ.ഡി ചെയ്തിരിക്കുന്നത്.
ആവശ്യമായത് തെരഞ്ഞടുത്ത് ചോര്‍ത്തി കൊടുത്തുകൊണ്ടിരിക്കുന്ന രീതിയില്‍ തന്നെയാണ് ഔദ്യോഗിക കുറിപ്പല്ലാതെ ഇ.ഡി വൃത്തങ്ങളുടേതായി ഈ വാര്‍ത്തയും വന്നിരിക്കുന്നത്.ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി ഇ.ഡി ശ്രമിച്ചെന്ന അതീവഗൗരവമായ വെളിപ്പെടുത്തലാണ് ശബ്ദസന്ദേശത്തിലുള്ളത്. ഇത് ഒദ്യോഗികമായി നിഷേധിക്കാന്‍ ഇതുവരെ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ല.
ഈ പ്രതിയുടെ മൊഴിയായി ഇഡി സമര്‍പ്പിച്ച രേഖയുടെ വിശ്വാസ്യതയില്‍ കോടതി തന്നെ സംശയം രേഖപ്പെടുത്തിയിരുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ പേരു പറയാന്‍ നിര്‍ബന്ധിക്കുന്നെന്ന ഗൗരവമായ പരാതി മറ്റൊരു പ്രതി കോടതിയില്‍ തന്നെ പരസ്യമായി പറഞ്ഞിരിക്കുന്നു.
ഇഡി യുടെ വിശ്വാസ്യത തകര്‍ക്കാനാണ് നീക്കമെന്ന വിശദീകരണം പരിഹാസ്യമാണ്. ദിവസേന സ്വയം വിശ്വാസ്യത തകര്‍ത്തു കൊണ്ടിരിക്കുന്ന അന്വേഷണ ഏജന്‍സിയായി ഇ ഡി മാറിക്കഴിഞ്ഞു. ഈ കേസില്‍ തന്നെ കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടുകളിലെ വൈരുദ്ധ്യം കോടതി തന്നെ പരാമര്‍ശിക്കുകയുണ്ടായി.
കാലാവധി കഴിഞ്ഞ ഇ ഡി ഡയറക്ടര്‍ക്ക് തികച്ചും അസാധാരണമായ നിലയില്‍ ജോലി നീട്ടിക്കൊടുത്ത കേന്ദ്ര ബിജെപി ഭരണത്തിന്റെ ദുഷ്ടലാക്ക് നിയമവിദഗ്ദ്ധര്‍ തന്നെ തുറന്ന് വിമര്‍ശിച്ചതിന്റെ പശ്ചാത്തലത്തില്‍ വേണം ഇഡിയുടെ വിശ്വാസ്യത വിലയിരുത്തുവാന്‍.സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച് അന്വേഷിക്കാന്‍ വന്നവര്‍ ഇപ്പോള്‍ അതൊഴികെയുള്ളതെല്ലാം അന്വേഷിച്ച് സര്‍ക്കാരിനെ ലക്ഷ്യംവെയ്ക്കാനും അട്ടിമറിക്കാനുമാണ് ശ്രമിക്കുന്നത്.
ബിജെപിയും ഇ ഡിയും പറഞ്ഞ ന്യായങ്ങള്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവര്‍ത്തിച്ചിരിക്കുന്നു. രാഷ്ട്രീയ ഉപകരണമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളെന്ന കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന്റെ നിലപാട് തള്ളി ഇഡി യുടെ വക്താവായി രമേശ് ചെന്നിത്തല മാറിയിരിക്കുന്നു. കേരളത്തിലെ ജ്യോതിരാദിത്യ സിന്ധ്യയായാണ് ചെന്നിത്തലയെ ബിജെപി കാണുന്നത്.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കൂടി ഉള്‍പ്പെടുന്ന അവിശുദ്ധ കൂട്ടുകെട്ടിന്റ നിയമവിരുദ്ധ നടപടികളെ ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി
No comments:
Post a Comment