രാജ്യത്തെ ഫലപ്രദമായ ബദലായി ജനങ്ങൾ കോൺഗ്രസിനെ കാണുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ഇന്നത്തെ രാഷ്ട്രീയ യാഥാർഥ്യങ്ങൾ മനസ്സിലാക്കാൻ ശേഷിയുള്ളവരെ നേതൃത്വത്തിൽ കൊണ്ടുവരണമെന്നും കപിൽ സിബൽ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നേതൃത്വത്തിന്റെ പോരായ്‌മകൾ ചൂണ്ടിക്കാട്ടി ആഗസ്‌തിൽ സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളെ ആക്രമിക്കാനാണ് ഹൈക്കമാൻഡ്‌പക്ഷം തയ്യാറായത്. 2014ലെ ദയനീയ പരാജയത്തിനുശേഷം ആറു വർഷം കഴിഞ്ഞു. തെറ്റ് തിരുത്താൻ തയ്യാറാകാത്തതാണ് പ്രശ്‌നം. അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ വേദിയില്ല. ഹൈക്കമാൻഡിനെ ചുറ്റിപ്പറ്റി നിൽക്കുന്നവരാണ് പ്രതികരിക്കുന്നത്.
പ്രവർത്തക സമിതിയിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യുന്നത് അവസാനിപ്പിക്കണം. ജനങ്ങളുമായി ബന്ധമുള്ളവരെ സംഘടനാ തെരഞ്ഞെടുപ്പു വഴി എത്തിക്കണം. ജനങ്ങളും പ്രവർത്തകരും പറയുന്നത് കേൾക്കാൻ നേതൃത്വം തയ്യാറാകണം. സഖ്യകക്ഷികളെ കണ്ടെത്തണം. ആരും ഇങ്ങോട്ട് വരുമെന്ന് കരുതരുത്.
കെട്ടിവച്ച കാശ് കിട്ടാതായി
ഗുജറാത്തിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റിൽ മൂന്നിടത്ത് കോൺഗ്രസിന് കെട്ടിവച്ച കാശ് കിട്ടിയില്ല. യുപി ഉപതെരഞ്ഞെടുപ്പിൽ പല മണ്ഡലത്തിലും പോൾ ചെയ്‌തതിന്റെ രണ്ട് ശതമാനം വോട്ടുപോലും ലഭിച്ചില്ല. അടുത്തകാലംവരെ അധികാരത്തിലിരുന്ന മധ്യപ്രദേശിലെ 28 നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലും പ്രകടനം ദയനീയമാണെന്നും -സിബൽ പറഞ്ഞു.
കപിൽസിബലിന്റെ വാദത്തെ പിന്തുണച്ച് കാർത്തി ചിദംബരം ട്വീറ്റ് ചെയ്‌തു. ബിഹാറിൽ മഹാസഖ്യത്തിന് കിട്ടുമായിരുന്ന അധികാരം നഷ്ടപ്പെടുത്തിയത് കോൺഗ്രസിന്റെ മോശം പ്രകടനമാണെന്ന് മുതിർന്ന നേതാക്കളായ താരിഖ് അൻവർ, പി എൽ പുനിയ തുടങ്ങിയവരും പരസ്യമായി പ്രതികരിച്ചിരുന്നു.
സിബൽ മുന്നോട്ടുവയ്‌ക്കുന്നത് നേതൃമാറ്റം ; നയങ്ങളിൽ വ്യക്തത വരുത്തണമെന്നും നാമനിർദേശ സംവിധാനം പാർടിയിൽ അവസാനിപ്പിക്കണമെന്നും സിബൽ
കപിൽ സിബലിന്റെ നേതൃത്വത്തിൽ വീണ്ടും ഉന്നയിക്കപ്പെടുന്നത് കോൺഗ്രസിലെ നേതൃമാറ്റം. സമകാല രാഷ്ട്രീയസ്ഥിതിയെക്കുറിച്ച് ധാരണയുള്ളവർ നേതൃത്വത്തിൽ വരണം. കോൺഗ്രസ് നയങ്ങളിൽ വ്യക്തത വരുത്തണമെന്നും നാമനിർദേശ സംവിധാനം പാർടിയിൽ അവസാനിപ്പിക്കണമെന്നും സിബൽ ആവശ്യപ്പെടുന്നു.
നാമനിർദേശംവഴി സ്ഥാനങ്ങൾ ലഭിച്ചവർ ചോദ്യങ്ങൾ ഉന്നയിക്കില്ലെന്ന് ചൂണ്ടിക്കാണിച്ച സിബൽ കോൺഗ്രസിൽ മുഖസ്‌തുതി സംസ്‌കാരമാണ് തുടരുന്നതെന്ന് പരോക്ഷമായി പറഞ്ഞുവച്ചു. പാർടിയെ രക്ഷപ്പെടുത്താൻ എന്താണ് ചെയ്യേണ്ടതെന്ന് എല്ലാവർക്കും അറിയാമെങ്കിലും ആരും ഒന്നും ചെയ്യുന്നില്ല. മുമ്പ് ഇക്കാര്യം പറഞ്ഞവരെ ആക്രമിക്കുകയാണ് ഹൈക്കമാൻഡ് അനുകൂലികൾ ചെയ്‌തത്. ജനങ്ങൾക്ക് കോൺഗ്രസിൽ വിശ്വാസം നഷ്ടപ്പെട്ടു. ഇനി ഘടകകക്ഷികളെപ്പോലും ലഭിക്കില്ലെന്നും സിബൽ പറയുന്നു.
യാഥാർഥ്യങ്ങൾക്കുനേരെ കണ്ണടയ്‌ക്കാൻ കോൺഗ്രസിന് ഇനിയും കഴിയില്ലെന്നതിന് തെളിവാണ് കപിൽ സിബലിന്റെ അഭിപ്രായപ്രകടനം. ഹൈക്കമാൻഡിനെത്തന്നെ സിബൽ വിചാരണ ചെയ്യുന്നു. കഴിഞ്ഞ ആഗസ്‌തിൽ സിബലും ഗുലാം നബി ആസാദും ആനന്ദ് ശർമയും മനീഷ് തിവാരിയും അടക്കം 23 നേതാക്കൾ സോണിയ ഗാന്ധിക്ക് എഴുതിയ കത്തിൽ മുഖ്യമായും വിമർശിച്ചത് ഹൈക്കമാൻഡിന്റെ ഉപഗ്രഹങ്ങളായി നിൽക്കുന്നവരെയാണ്. കോൺഗ്രസ് ദയനീയ പരാജയങ്ങൾ തുടരുന്ന സാഹചര്യത്തിൽ സിബൽ കൂടുതൽ കൃത്യമായ ഉന്നംവയ്‌ക്കുന്നു.
ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയെക്കുറിച്ച് ആർജെഡി നേതാക്കൾ പരസ്യമായി പറയുന്നു. ഉത്തർപ്രദേശിൽ 2017ൽ സമാജ്‌വാദി പാർടി സമാനമായ പരാതി ഉന്നയിച്ചു. മഹാരാഷ്ട്രയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കൾ മാളത്തിലൊളിച്ചു. എൻസിപി നേതാവ് ശരദ് പവാറാണ് മുന്നണിയെ നയിച്ചത്. ഹരിയാനയിൽ കോൺഗ്രസ് മുൻകൂർ പരാജയം സമ്മതിച്ച മട്ടിലായിരുന്നു. ഇതൊന്നും പാർടിയിൽ ചർച്ചയായിട്ടില്ല.
സാജൻ എവുജിൻ
No comments:
Post a Comment