Friday, November 20, 2020

ഹൈടെക്‌ സ്‌കൂൾ പദ്ധതിക്കെതിരെ അധിക്ഷേപം: കുടുങ്ങുമെന്നായപ്പോൾ വിജിലൻസിന്‌ കത്തുമായി ചെന്നിത്തല

തെളിവില്ലാതെ അഴിമതിയാരോപണം ഉന്നയിച്ച സംഭവത്തിൽ കുടുങ്ങുമെന്നായപ്പോൾ അന്വേഷണം ആവശ്യപ്പെട്ട്‌ വിജിലൻസിന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല കത്ത്‌ നൽകി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായ ഹൈടെക്‌ സ്‌കൂൾ പദ്ധതിക്കെതിരെയായിരുന്നു ചെന്നിത്തലയുടെ ആരോപണം.

സർക്കാർ സ്‌കൂളുകളിൽ ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യാനുള്ള കരാർ ഉറപ്പിച്ചത് സ്വർണക്കള്ളക്കടത്തു കേസ് പ്രതികളാണെന്നാണ്‌ ആരോപിച്ചത്‌. ഏത്‌ കമ്പനിയുമായുള്ള കരാറാണെന്നുപോലും വ്യക്തമാക്കാൻ ചെന്നിത്തല തയ്യാറായിട്ടില്ല.  മാധ്യമങ്ങളിൽ വാർത്തയുണ്ടെന്നായിരുന്നു എന്നു മാത്രമാണ്‌ ന്യായം. എന്നാൽ, ഇതിനെതിരെ കൈറ്റ്‌ രംഗത്ത്‌ വന്നതോടെ വാർത്ത നൽകിയ പത്രം വിശദീകരണക്കുറിപ്പ്‌ നൽകി തടിയൂരി. ചെന്നിത്തല ആരോപണം ആവർത്തിച്ചതോടെ കൈറ്റ്‌ വക്കീൽ നോട്ടീസ്‌ അയച്ചു. ഇതോടെയാണ്‌ തെളിവില്ലാത്ത ആരോപണത്തിന്‌ ബലമുണ്ടാക്കാൻ അന്വേഷണം ആവശ്യപ്പെട്ട്‌ ചെന്നിത്തല വിജിലൻസ്‌ ഡയറക്ടർക്ക്‌ കത്ത്‌ നൽകിയത്‌. ഹൈടെക്‌ സ്‌കൂൾ പദ്ധതിയുടെ ഭാഗമായി കൈറ്റ്‌ നടത്തിയ എല്ലാ പർച്ചേസുകളും വാറന്റിയോടെയും ഇൻഷുറൻസ്‌ പരിരക്ഷയോടെയും ഉള്ളതാണ്‌. നടപടിക്രമം മുഴുവൻ പാലിച്ചിട്ടുമുണ്ട്‌. ഇടപാടുകളുടെ മുഴുവൻ രേഖകളും സുതാര്യമായി ആർക്കും പരിശോധിക്കാവുന്നതാണ്‌. ആരോപണം ആവർത്തിക്കരുതെന്നും ആവശ്യപ്പെടുന്ന ഏത്‌ രേഖയും ഹാജരാക്കാമെന്നും കൈറ്റ്‌ പ്രതിപക്ഷനേതാവിന്‌ കത്തും നൽകിയിരുന്നു.  എന്നിട്ടും ആരോപണം ആവർത്തിച്ചതോടെയാണ്‌ കൈറ്റ്‌ നിയമനടപടിയുടെ ഭാഗമായി വക്കീൽ നോട്ടീസ്‌ അയച്ചത്‌.

No comments:

Post a Comment