തിരുവനന്തപുരം > സംസ്ഥാനത്തിന്റെ അധികാരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വെല്ലുവിളിക്കുന്നുവെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. മസാല ബോണ്ടില്‍ ഇഡിയുടെ അന്വേഷണം നടക്കുന്നത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. കേന്ദ്ര ഏജന്‍സിയുടെ നടപടി കേരള നിയമസഭയോടുള്ള അവഹേളനമാണ്. സംംസ്ഥാനസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും തോമസ് ഐസക് പറഞ്ഞു.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനാണ് ഇഡി, ഭരണഘടന വ്യാഖ്യാനം ചെയ്യാനല്ല. അതിന് ഇവിടെ കോടതിയുണ്ട്. ഭരണഘടനയുണ്ടാക്കാന്‍ നിയമസഭയുണ്ട്. ആര്‍ബിഐ അനുമതി നല്‍കിയത് ഭരണഘടനാനുസൃതമല്ലെന്ന പരാമര്‍ശം പിടിച്ച് അന്വേഷണം കൊണ്ടുപോകുകയാണ് ഇഡി. ഇതിനുള്ള മറുപടി ജനങ്ങള്‍ കൊടുക്കും. കേരളത്തിലെ ഭരണത്തെ സ്‌തംഭിപ്പിക്കാനുള്ള ശ്രമങ്ങളാണ്. ഇതിനെ നിയമപരമായും നിയമസഭയിലും ജനങ്ങളെ അണിനിരത്തിയും ചെറുക്കും.
ആര്‍ബിഐ നിബന്ധനകള്‍ പാലിച്ചുതന്നെയാണ് മസാലബോണ്ടിലേക്ക് കടന്നത്. ഡെമോക്ലസിന്റെ വാള്‍ പോലെ സിഎജിയും ഇഡിയും നില്‍ക്കുമ്പോള്‍ വായ്പ തരുന്നവരുടെ ഇടയിലും സ്തംഭനം ഉണ്ടാക്കും.
പ്രതിപക്ഷ നേതാവ് ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ഐസക് പറഞ്ഞു. ബിജെപിയുമായി ഒത്തുകളിച്ച് കിഫ്‌ബിയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് യുഡിഎഫ് പിന്മാറണം. യുഡിഎഫ് അടക്കം ഒരുമിച്ച് നിന്ന് പാസാക്കിയ നിയമത്തെ സംരക്ഷിക്കണം എന്ന് പറയാനുള്ള ആര്‍ജവം പ്രതിപക്ഷ നേതാവില്‍ നിന്ന് ഉണ്ടാകണം. യുഡിഎഫ് സര്‍ക്കാര്‍ എജി ഓഡിറ്റ് ആവശ്യപ്പെട്ടപ്പോള്‍ പറഞ്ഞിതനപ്പുറമൊന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തിട്ടില്ല.
വായ്‌പ എടുക്കാനേ പാടില്ല എന്ന് പറയുന്നത് ശുദ്ധ അസംഭന്ധമാണ്. പൊതുണ്ഡലത്തില്‍ ചര്‍ച്ചചെയ്യണം എന്നതിനാലാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പുറത്തുപറഞ്ഞത്. ഇത് അസാധാരണമായ സാഹചര്യമാണ്. സാധാരണ നടപടി ക്രമങ്ങളിലൂടെ മാത്രം പോയാല്‍ പദ്ധതികളാകെ സ്‌തംഭിക്കും.
നിഷ്‌കളങ്കമായ റിപ്പോര്‍ട്ടല്ല സിഎജിയുടേതെന്ന് നേരത്തേ പറഞ്ഞതാണ്. സുനില്‍ രാജ് എന്ന എജി ആ പദവിക്ക് ഒട്ടും ചേരാത്ത രീതിയിലാണ് പെരുമാറുന്നത്. കേരളത്തില്‍ ഭരണസ്തംഭനം സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വമായ ഇടപെടലിന്റെ ഭാഗമാണ്. കരട് റിപ്പോര്‍ട്ടില്‍ രണ്ട് പാരഗ്രാഫില്‍ മാത്രമാണ് കിഫ്‌ബിയെക്കുറിച്ച് പരമാര്‍ശം ഉണ്ടായിരുന്നത്. എന്നാല്‍ കരടില്‍ ചര്‍ച്ച ചെയ്യാത്ത ഭരണഘടനാസാധുത സംബന്ധിച്ച നിഗമനങ്ങളായി നാല് പേജാണ് അന്തിമ റിപ്പോര്‍ട്ടില്‍ എഴുതിച്ചേര്‍ത്തത്.
സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാതെ സിഎജി ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയതില്‍ അജണ്ടയുണ്ട്. അതിന്മേല്‍ കൊത്തിയിരിക്കുകയാണ് പ്രതിപക്ഷം. കേരളത്തിന്റെ അവകാശത്തെക്കാള്‍ പ്രധാനമായി ഇന്നത്തെ സര്‍ക്കാരിനെ അടിക്കാന്‍ ഒരു വടികിട്ടുമോ എന്ന് നോക്കുകയാണ് അവര്‍. ഇത് കീഴ്‌വഴക്കങ്ങളുടെയും ചട്ടങ്ങളുടെയും പ്രശ്‌നമല്ല, അട്ടിമറി ശ്രമത്തെ ചെറുക്കുക എന്നതാണ് കടമയെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിഎജിയുടെ വാദം വിവരക്കേട് : ടി എം തോമസ് ഐസക്
മസാലാബോണ്ട് ഭരണഘടനാവിരുദ്ധമാണെന്ന വാദത്തിന് പിൻബലം നൽകാൻ ഭരണഘടന ചൂണ്ടിക്കാട്ടി സിഎജി ഉന്നയിക്കുന്ന വാദങ്ങളെ വിവരക്കേടുമാത്രമായേ പരിഗണിക്കാനാകൂവെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്.
മസാലാ ബോണ്ട് ഭരണ ഘടനയുടെ ഏഴാം പട്ടികയിലെ ഒന്നാം ലിസ്റ്റിൽ ഇനം 37 ന്റെ ലംഘനമാണെന്ന നിഗമനത്തിലാണ് സിഎജി എത്തിയിട്ടുള്ളത്. ഇത് ഞെട്ടിപ്പിക്കുന്നതാണ്. ഏഴാം പട്ടികയിലെ ഒന്നാം ലിസ്റ്റിലെ ഇനം 37 പ്രകാരം വിദേശ വായ്‌പ എടുക്കാനുള്ള അവകാശം കേന്ദ്രത്തിനു മാത്രമാണെന്നാണ് സിഎജി പറഞ്ഞുവയ്‌ക്കുന്നത്. ഇത് കേൾക്കുമ്പോൾ ആരുമൊന്ന് പകച്ചു പോകും.
ഭരണഘടനയുടെ ആർട്ടിക്കിൾ 246 പ്രകാരമാണ് ഏഴാം പട്ടിക ഉണ്ടായിട്ടുള്ളത്. യൂണിയൻ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നീ മൂന്നു ലിസ്റ്റുകളാണ് ഏഴാം പട്ടികയിലുള്ളത്. പാർലമെന്റിനുമാത്രം നിയമം നിർമിക്കാവുന്ന വിഷയങ്ങൾ ഏതൊക്കെ എന്ന് ലിസ്റ്റ് ചെയ്തിരിക്കുന്നതാണ് ഒന്നാം പട്ടിക. രണ്ടാം പട്ടികയിൽ പെടുത്തിയിട്ടുള്ളത് സംസ്ഥാന നിയമസഭകൾക്ക് നിയമം നിർമിക്കാവുന്ന വിഷയങ്ങളും. ആർട്ടിക്കിൾ 246 പറയുന്ന വ്യവസ്ഥകൾക്ക് അനുസരിച്ച് രണ്ടു കൂട്ടർക്കും നിയമ നിർമാണ അധികാരമുള്ള വിഷയങ്ങളാണ് മൂന്നാം പട്ടികയിൽ.
ഓരോ വിഷയത്തിലും ആർക്കാണ് നിയമ നിർമാണ അധികാരമെന്നത് ഏഴാം ഷെഡ്യൂൾ പട്ടികപ്പെടുത്തിയിരിക്കുന്നു. ഒന്നാം ലിസ്റ്റിൽ ഇനം 37 അനുസരിച്ച് വിദേശ വായ്‌പ സംബന്ധമായ നിയമം ഉണ്ടാക്കാൻ പാർലമെന്റിനുമാത്രമാണ് അധികാരം. ഇതിനെ, വിദേശ വായ്‌പയെടുക്കാൻ കേന്ദ്ര സർക്കാരിനുമാത്രമേ കഴിയൂവെന്ന് വ്യാഖ്യാനിക്കാനാണ് സിഎജിയുടെ ശ്രമം–- തോമസ് ഐസക് വ്യക്തമാക്കി.
No comments:
Post a Comment