എംഗല്‍സിന്‍റെ 200-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് ബ്രിട്ടീഷ് മാര്‍ക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞനായ മൈക്കല്‍ റോബര്‍ട്ട്സ് എഴുതിയ 'എംഗല്‍സ്-200' മുന്‍നിര്‍ത്തി ചില ചിന്തകള്‍.
ജര്‍മ്മന്‍ ചിന്തകനും വിപ്ലവകാരിയുമായ ഫ്രെഡറിക്ക് എംഗല്‍സിന്‍റെ 200-ാം ജന്മദിനമാണ് 2020 നവംബര്‍ 28. 2018 മെയ് അഞ്ചിനായിരുന്നു കാള്‍ മാര്‍ക്സിന്‍റെ 200-ാം ജന്മദിനം. മാര്‍ക്സും എംഗല്‍സും ചരിത്രത്തിലെപ്പോഴും ഒന്നിച്ചെഴുതപ്പെട്ട പേരുകളാണ്. ദൈനംദിന ജീവിതത്തിലും സൈദ്ധാന്തിക വ്യവഹാരങ്ങളിലും സന്തത സഹചാരികളായിരുന്ന മനുഷ്യര്‍. അസാധാരണമായ ആ ധൈഷണിക സഹവര്‍ത്തിത്തത്തിന്‍റെ ഉജ്ജ്വലമായ സൈദ്ധാന്തിക ആവിഷ്ക്കാരങ്ങള്‍ ലോകമെമ്പാടുമുള്ള പൊരുതുന്ന മനുഷ്യര്‍ക്കും തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ക്കും ഇന്നും ഉള്‍ക്കാഴ്ച പകര്‍ന്നു നല്‍കുന്ന ജ്ഞാനസ്രാതസ്സുകളാണ്.
മൈക്കല്‍ റോബര്‍ട്ട്സ് (വലത്ത്) |
എംഗല്‍സിന്‍റെ 200-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് ബ്രിട്ടീഷ് മാര്‍ക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞനായ മൈക്കല്‍ റോബര്‍ട്ട്സ് എഴുതിയ പുസ്തകമാണ്, 'എംഗല്‍സ്-200' (Engels 200- his contribution to political economy) - Michael Roberts, 2020, Published by Lulu.com). മാര്‍ക്സിന്‍റെ 200-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് മാര്‍ക്സ്-200 എന്ന ഒരു പുസ്തകം അദ്ദേഹം പുറത്തിറക്കിയിരുന്നു. അര്‍ത്ഥശാസ്ത്രത്തിലുള്ള എംഗല്‍സിന്‍റെ സംഭാവനയെയാണ് ഈ പുസ്തകത്തില്‍ മൈക്കല്‍ റോബര്‍ട്ട്സ് പരിശോധിക്കുന്നത്.
ഉംമ്രിസ്സെ (Umrisse) ആദ്യത്തെ മാര്‍ക്സിയന്‍ അര്‍ത്ഥശാസ്ത്രഗ്രന്ഥം
22-ാം വയസിലാണ് എംഗല്‍സ് ഉംമ്രിസ്സെ എഴുതുന്നത്. ഉംമ്രിസ്സെ എന്നുപറഞ്ഞാല്‍ രൂപരേഖ (outline). അര്‍ത്ഥശാസ്ത്ര വിമര്‍ശനത്തിന്‍റെ രൂപരേഖകള്‍ (The outlines of a critique of political economy) എന്നാണ് പുസ്തകത്തിന്‍റെ മുഴുവന്‍ പേര്. സമകാലികരായ അര്‍ത്ഥശാസ്ത്രകാരന്മാരുടെ ആശയങ്ങളെ വിശകലനം ചെയ്യുകയും അതിലെ വൈരുദ്ധ്യങ്ങളെ വിമര്‍ശന വിധേയമാക്കുകയുമാണ് എംഗല്‍സ് ചെയ്യുന്നത്. മാര്‍ക്സിസ്റ്റ് അര്‍ത്ഥശാസ്ത്രത്തിലെ അടിസ്ഥാന സങ്കല്പനങ്ങളായ മൂല്യസിദ്ധാന്തം, സാമ്പത്തിക കുഴപ്പങ്ങളെക്കുറിച്ചുള്ള സിദ്ധാന്തം എന്നിവയുടെയെല്ലാം പ്രാഥമിക രൂപം ആദ്യമായി അവതരിപ്പിക്കപ്പെടുന്നത് ഈ പുസ്തകത്തിലാണ്. ആ അര്‍ത്ഥത്തില്‍ മാര്‍ക്സിനു മുമ്പേ തന്നെ മാര്‍ക്സിസ്റ്റായ ആളാണ് എംഗല്‍സ് എന്ന് മൈക്കല്‍ റോബര്‍ട്ടസ് പറയുന്നു.
മാര്‍ക്സിയന്‍ അര്‍ത്ഥശാസ്ത്രത്തില്‍ ചരക്കു വ്യാപാരത്തിന്‍റെ ഊഹാധിഷ്ഠിതവും അരാജകത്വം നിറഞ്ഞതുമായ സ്വഭാവത്തെ ആദ്യം പരിഗണിക്കുന്നതും ഈ പുസ്തകത്തിലാണ്. ക്ലാസ്സിക്കല്‍ അര്‍ത്ഥശാസ്ത്രത്തിന്‍റെ അടിസ്ഥാന ദൗര്‍ബല്യം എന്നു പറയുന്നത് സ്വകാര്യസ്വത്തിനെ സവിശേഷമായി പരിഗണിക്കാനുള്ള അതിന്‍റെ പരാജയമാണെന്ന് എംഗല്‍സ് പറയുന്നു. ആഡം സ്മിത്തും റിക്കാര്‍ഡോയും മാല്‍ത്തസുമെല്ലാം എല്ലാ സമൂഹങ്ങളിലും എല്ലാക്കാലത്തും ഒരേ പോലെ നിലനില്‍ക്കുന്ന ഒന്നായാണ് സ്വകാര്യ സ്വത്തിനെ കാണുന്നത്. ചരിത്രപരമായി നോക്കുമ്പോള്‍ വസ്തുതാവിരുദ്ധമായ ഈ കാഴ്ചപ്പാട് അതുകൊണ്ടുതന്നെ അവരുടെ അര്‍ത്ഥശാസ്ത്ര വിശകലനങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ട് എന്നും എംഗല്‍സ് നിരീക്ഷിച്ചു.
എംഗല്‍സ് എന്ന സൈദ്ധാന്തികന്‍
'ഇംഗ്ലണ്ടിലെ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ അവസ്ഥ' എന്ന എംഗല്‍സിന്‍റെ പുസ്തകത്തെ പരാമര്‍ശിക്കവേ ഒരു പത്രലേഖകന്‍ എംഗല്‍സിനെ വിവരണാത്മക ധന ശാസ്ത്രത്തിന്‍റെ (Descriptive Economics) പിതാവ് എന്നു വിശേഷിപ്പിച്ചു. ഇതിനോടു എംഗല്‍സ് ഇങ്ങനെ പ്രതികരിച്ചു. വിവരണാത്കമ ധനശാസ്ത്രം നിങ്ങള്‍ക്ക് ആഡംസ്മിത്തിലും പെറ്റിയിലും വോബനിലും എല്ലാം കാണാം. തൊഴിലാളിവര്‍ഗ്ഗ പക്ഷത്തു നിന്നുകൊണ്ട് ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരുമായ മറ്റു പണ്ഡിതരും സമാന ശൈലിയില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ആധുനിക വ്യവസായ സമ്പ്രദായത്തിന്‍റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്താന്‍ പറ്റുന്ന തരത്തിലുള്ള അന്വേഷണമാണ് താന്‍ നടത്തുന്നത്. എംഗല്‍സിന്‍റെ അര്‍ത്ഥശാസ്ത്രപദ്ധതിയെക്കുറിച്ചുള്ള കൃത്യമായതും പൊതുവായ ജ്ഞാനശാസ്ത്ര സമീപനത്തെക്കുറിച്ചുള്ള സൂചനാത്മകമായതുമായ ഒരു പരാമര്‍ശമായി ഇതിനെ കണക്കാക്കാം. കേവലം വസ്തുതാവിവരണങ്ങളോ വസ്തുതാനിരപേക്ഷമായ സൈദ്ധാന്തിക പദ്ധതിയോ അല്ല എംഗല്‍സിന്‍റേത്. വസ്തുതകളെ സൈദ്ധാന്തിക പരികല്പനകളുപയോഗിച്ച് ആഴത്തില്‍ മനസ്സിലാക്കുകയും അതില്‍ നിന്നും സാമൂഹ്യപ്രയോഗങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്ന തരം അറിവുകളെ ഉല്‍പാദിപ്പിക്കുകയും ചെയ്യുക എന്നതാണ് എംഗല്‍സിന്‍റെ രീതി. ശാസ്ത്രത്തിന്‍റെ രീതിയും ഇതാണ്. അതുകൊണ്ടുതന്നെ ശാസ്ത്രീയമായ രീതിയുടെയും കാഴ്ചപ്പാടിന്‍റെ യും ശക്തനായ ഒരു വക്താവുകൂടിയായിരുന്നു എംഗല്‍സ്.
എംഗല്‍സ് പോസ്: സാങ്കേതിക വിദ്യയും വേതനസ്തംഭനവും
'ഇംഗ്ലണ്ടിലെ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ അവസ്ഥ' എന്ന പുസ്തകത്തില്‍ അസമമായ വളര്‍ച്ചയെക്കുറിച്ച് എംഗല്‍സ് പറയുന്നുണ്ട്. എംഗല്‍സ് ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന കാലപരിധിയില്‍, വ്യവസായ വിപ്ലവവും സാങ്കേതികവിദ്യാപുരോഗതിയും യന്ത്രവല്‍കൃത ഉല്പാദനവും വന്നതിന്‍റെ ഭാഗമായി, വലിയ രീതിയിലുള്ള ഉല്പാദന വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ പ്രതിശീര്‍ഷ ജി.ഡി.പി വര്‍ദ്ധിക്കുന്ന ഈ കാലയളവില്‍ യഥാര്‍ത്ഥ വേതനം വര്‍ദ്ധിക്കാതെ അതേ പോലെ തുടരുന്നു എന്ന് എംഗല്‍സ് കണ്ടെത്തി. ഇത്തരത്തില്‍ സാമ്പത്തിക വളര്‍ച്ചയ്ക്കൊപ്പം യഥാര്‍ത്ഥ വേതനം വര്‍ദ്ധിക്കാതിരിക്കുന്ന കാലയളവിനെ സാമ്പത്തിക ചരിത്രകാരനായ റോബര്‍ട്ട് അലന്‍ എംഗല്‍സ് പോസ് (Engels's pause) എന്നാണ് വിളിക്കുന്നത്. 2008-09 ലെ സാമ്പത്തികമാന്ദ്യത്തിനുശേഷമുള്ള കാലയളവ് എംഗല്‍സ് പോസിന്‍റെ ആവര്‍ത്തനമാണ് എന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെ ഗവര്‍ണര്‍ മാര്‍ക്ക് കാര്‍നി നിര്‍ദ്ദേശിക്കുകയുണ്ടായി. സാങ്കേതികവിദ്യാപുരോഗതി മൂലധനത്തിന് അനുകൂലമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചരിത്ര സന്ദര്‍ഭങ്ങളിലാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്ന് കെയ്നീഷ്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ പോള്‍ ക്രൂഗ്മാന്‍ നിരീക്ഷിക്കുന്നുണ്ട്. മൂലധന വ്യവസ്ഥയ്ക്കകത്ത് സാങ്കേതിക വിദ്യാ മുന്നേറ്റം സംഭവിക്കുമ്പോഴുണ്ടാകുന്ന പ്രവണതകളെക്കുറിച്ചുള്ള എംഗല്‍സിന്‍റെ വിശകലനങ്ങളുടെ ശക്തി തെളിയുന്ന ഒരു സന്ദര്‍ഭമായി ഇതിനെ കണക്കാക്കാവുന്നതാണ്.
മാക്സിന്‍റെ വ്യാഖ്യാതാവ്
മാര്‍ക്സ് അദ്ദേഹത്തിന്‍റെ മൂലധനത്തിന്‍റെ ഒന്നാം വാല്യം മാത്രമേ അദ്ദേഹത്തിന്‍റെ ജീവിതകാലത്ത് പൂര്‍ത്തിയാക്കിയിട്ടുള്ളു. മൂലധനത്തിന്‍റെ ബാക്കി ഭാഗങ്ങള്‍ മാര്‍ക്സിന്‍റെ കൈയ്യെഴുത്ത് പ്രതികളില്‍ നിന്ന് എഡിറ്റ് ചെയ്ത് ഇന്നത്തെ രൂപത്തില്‍ അവതരിപ്പിച്ചത് എംഗല്‍സ് ആണ്. മാര്‍ക്സിന്‍റെ ധൈഷണികത പങ്കാളി എന്ന നിലയ്ക്ക് ആ കാര്യം ഏറ്റവും നന്നായി നിര്‍വഹിക്കാന്‍ കഴിയുന്നത് എംഗല്‍സിനു തന്നെയാണ്. എന്നാല്‍ മൂലധനം മൂന്നാം വാല്യത്തില്‍ പ്രത്യേകിച്ച് ലാഭനിരക്ക് താഴാനുള്ള പ്രവണതയുടെ നിയമത്തെക്കുറിച്ച് പറയുന്ന ഭാഗത്ത് എംഗല്‍സ് മാര്‍ക്സിനെ വളച്ചൊടിച്ചു എന്ന് ആരോപണം ഉന്നയിക്കുന്ന മാര്‍ക്സിസ്റ്റ് പണ്ഡിതന്‍മാര്‍ ഉണ്ട്. ന്യൂ റീഡിംഗ് സ്കൂള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പണ്ഡിതന്മാരുടെ ഇടയിലാണ് ഈ കാഴ്ചപ്പാട് ഉള്ളത്. അതിലൊരാളായ മൈക്കല്‍ ഹെന്‍റിച്ച് മൂലധനം മൂന്നാം വാല്യം മാക്സിന്‍റെ മൂലധനമായി കാണാന്‍ കഴിയില്ല എന്ന രീതിയില്‍ വരെ പറയുന്നുണ്ട്. റെജിന റോത്തിനെ പോലുള്ള പണ്ഡിതരും സമാന അഭിപ്രായക്കാരാണ്. എന്നാല്‍ ഗ്രുന്‍ഡ്രിസ്സിലെ വസ്തുതകളുടെ അടിസ്ഥാനത്തിലും ഫ്രെഡ് മോസ്ലിയെപ്പോലുള്ള പണ്ഡിതരുടെ പഠനങ്ങളുടെ അടിസ്ഥാനത്തിലും എംഗല്‍സിനെതിരായ പ്രസ്തുത ആരോപണങ്ങള്‍ യാതൊരു കഴമ്പും ഇല്ലാത്തതാണ് എന്ന് മൈക്കല്‍ റോബര്‍ട്ട്സ് തെളിയിക്കുന്നുണ്ട്. മാത്രവുമല്ല മൂലധനവ്യവസ്ഥയിലെ സാമ്പത്തിക കുഴപ്പത്തിന്‍റെ അടിസ്ഥാനം ലാഭനിരക്ക് കുറയാനുള്ള പ്രവണതയുടെ നിയമമാണെന്നും മൈക്കല്‍ റോബര്‍ട്ടസ് കൂട്ടിചേര്‍ക്കുന്നുണ്ട്.
മാര്‍ക്സിന്‍റെ പ്രഭാവലയത്തില്‍ എംഗല്‍സ് എന്ന പ്രതിഭാധനനായ ചിന്തകന്‍റെ മൗലികമായ സംഭാവനകള്‍ക്ക് പലപ്പോഴും വേണ്ടത്ര പരിഗണന ലഭിക്കാതെ പോകാറുണ്ട്. അതുകൊണ്ടു തന്നെ അര്‍ത്ഥശാസ്ത്രത്തിലെ അദ്ദേഹത്തിന്‍റെ സംഭാവനകളെ വളരെ ലളിതമായും സൂക്ഷ്മമായും പരിശോധിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന മൈക്കല്‍ റോബര്‍ട്ട്സിന്‍റെ ഈ പുസ്തകം മാര്‍ക്സിസ്റ്റ് വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഒരു വലിയ മുതല്‍കൂട്ടാണ്. തത്വശാസ്ത്രമടക്കം മറ്റു മേഖലകളിലുള്ള എംഗല്‍സിന്‍റെ മൗലികമായ സംഭാവനകള്‍ പഠിക്കാനും വിലയിരുത്താനും ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനുമുള്ള ഉത്തരവാദിത്വം കൂടി മാര്‍ക്സിസ്റ്റ് ഗവേഷകര്‍ക്കുണ്ട് എന്ന കാര്യം കൂടി ഈയൊരു സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.
മിഥുന്‍ സിദ്ധാര്‍ത്ഥന്‍,അദ്വൈത് പ്രഭാകര്
No comments:
Post a Comment