Monday, November 16, 2020

കിഫ്ബി: സർവതല സ്‌പർശി

ആലപ്പുഴ ജില്ലയിൽ കിഫ്‌ബി നടപ്പാക്കുന്നത്‌ സർവതല സ്‌പർശിയായ വികസനം. വേമ്പനാട്‌ കായലിനു കുറുകേ 1110 മീറ്റർ നീളത്തിൽ പെരുമ്പളത്തേക്ക്‌ പാലം നിർമിക്കുന്നതു മുതൽ ആലപ്പുഴയുടെ പ്രൗഢിയും  പൈതൃകവും വീണ്ടെുക്കാനുള്ള ബൃഹദ്‌ പദ്ധതികൾ വരെ കേരള അടിസ്ഥാന സൗകര്യ വികസന നിധി വഴി നടപ്പാക്കുന്നുണ്ട്‌. കിഫ്‌ബിയെ മലർപ്പൊടിക്കാരന്റെ സ്വപ്‌നം എന്നു വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ മണ്ഡലത്തിൽ 194 കോടിരൂപയുടെ പദ്ധതികളാണ്‌ നടപ്പാക്കുന്നത്‌. 

 

കിഫ്ബി പദ്ധതിയില്‍‍ നിര്‍‍മിച്ച കലവൂര്‍‍ ഗവ. ഹയര്‍‍ സെക്കന്‍‍ഡറി സ്കൂള്‍‍


ആരോഗ്യം

ആരോഗ്യ മേഖലയിൽ 763.75 കോടിയുടെ പദ്ധതികളാണ്‌ ജില്ലയിൽ നടപ്പാക്കുന്നത്‌. ആലപ്പുഴ ജനറൽആശുപത്രി –- 117,  ചെങ്ങന്നൂർ–- 97.71 , മാവേലിക്കര –- 102.8 കോടി, പുളിങ്കുന്ന് –-144.06, തുറവൂർ–-51.4, ചെട്ടികാട്–-101.10, കായംകുളം 64.70,  ചേർത്തല 84.98 കോടി രൂപയുമാണ്‌  വിവിധ ആശുപത്രികൾക്ക്‌ അനുവദിച്ചത്.

മികവിന്റെ കേന്ദ്രം

കിഫ്‌ബിയുടെ 113 കോടി രൂപ വിനിയോഗിച്ച്‌ 45 വിദ്യാലയങ്ങളാണ്‌ നവീകരിക്കുന്നത്‌.  അഞ്ചുകോടി മുടക്കി ഒമ്പത്‌ സ്‌കൂൾ അന്താരാഷ്‌ട്ര നിലവാരത്തിൽ പുനർനിർമിച്ചു‌. മൂന്നുകോടിയുടെ പട്ടികയിൽ 16ഉം ഒരുകോടിയുടെ വികസനം 20 സ്‌കൂളുകളിലുമുണ്ട്‌. 

ജില്ലയിൽ വിവിധ സ്‌റ്റേഡിയങ്ങളുടെ നിർമാണത്തിനും നവീകരണത്തിനുമായി 99.91 കോടി രൂപയുടെ പദ്ധതികളാണ്‌ നടപ്പാക്കുന്നത്‌. 

രാജ പാതകൾ

അമ്പലപ്പുഴ–- തിരുവല്ല സംസ്ഥാനപാതയാണ്‌ കിഫ്‌ബിയിലെ റോഡ്‌ ‌ വികസന പദ്ധതിയിൽ ഏറ്റവും പ്രധാനം. 69 കോടി‌ രൂപ മുടക്കിയായിരുന്നു ഒന്നാം ഘട്ടം പൂര്‍ത്തീകരണം. രണ്ടാം ഘട്ടത്തിന്‌ ‌ 73 കോടി. 200 കോടി രൂപ ചെലവിലാണ്‌  ചെങ്ങന്നൂർ ബൈപാസ്‌ നിർമിക്കുന്നത്‌. ആലപ്പുഴ–-പുന്നമട കായൽ ടൂറിസം റോഡ‌് നെറ്റ‌്‌വർക്ക‌് (60 കോടി), എഎസ‌് കനാൽമുതൽ കിഴക്കേക്കര റോഡുവരെ (20), ആലപ്പുഴയെയും -അമ്പലപ്പുഴയെയും ബന്ധിപ്പിക്കുന്ന കളര്‍കോട് പഴയനടക്കാവ് റോഡ് (20) , മാരാരിക്കുളം റെയിൽവേ സ‌്റ്റേഷൻ–- തുമ്പോളി റോഡ‌് (20), കായംകുളം ഭഗവതിപ്പടി -–- മല്ലിക്കാട് കടവ് ബാക്ക് വാട്ടർ റോഡ്  (20) തുടങ്ങിയവയാണ്‌ പ്രധാന പദ്ധതികൾ.  

കര തൊടാൻ പാലം

 13 പാലങ്ങൾക്കായി 696.224 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. 100 കോടി ചെലവിൽ നിർമിക്കുന്ന  പെരുമ്പളം–-പാണാവള്ളി പാലമാണ് ഇതിലെ വമ്പൻ‌. 191 കോടിയുടെ നിർമാണത്തിന‌് ടെൻഡറായി. 1110 മീറ്റർ നീളത്തിൽ വേമ്പനാട‌് കായലിന‌് കുറുകെയാണ്‌ പാലം ഉയരുക. നങ്ങ്യാർകുളങ്ങര (37 കോടി), പള്ളിപ്പാട്‌ (44), കല്ലുമല (37), കൃഷ്‌ണപുരം (31.2) എന്നീ റയിൽവേ മേൽപ്പാലങ്ങളും നിർമിക്കുന്നു. 

മോഡേൺ ആലപ്പുഴ

 ആലപ്പുഴ മൊബിലിറ്റി ഹബിനായി ‌ 493.06 കോടി രൂപയാണ്‌ മുടക്കുന്നത്‌. ആറ്‌ നിലകളിലായാണ‌് ഹബ്‌‌‌. മൊത്തം 40,170.03 സ‌്ക്വയർ മീറ്റർ. ബസ‌് ടെർമിനൽ, വർക്ക‌്ഷോപ‌്, ബോട്ട‌് ടെർമിനൽ, അറ്റകുറ്റപ്പണിക്കുള്ള ഡെക്ക‌്വാ, കനാലിന്‌ മുകളിലൂടെ പാലം എന്നിവയാണ‌് പ്രധാന നിർമിതികൾ.

പൈതൃകം വീണ്ടെടുക്കാൻ

ആലപ്പുഴ നഗരത്തിലെ കനാൽ നവീകരണം പുരോഗമിക്കുന്നു. 184 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്‌. പൈതൃകം വീണ്ടെടുക്കാൻ 122.8 കോടി രൂപയാണ്‌ മുടക്കുന്നത്‌. 20 മ്യൂസിയങ്ങളുടെ ശൃംഖല കനാൽകരകളിലെ പൗരാണിക കെട്ടിടങ്ങളിൽ ഒരുങ്ങുന്നുണ്ട്‌.   

പ്രതിപക്ഷ നേതാവിന്‌‌ 194 കോടി

കിഫ്‌ബിയെ നിരന്തരം അക്രമിക്കുന്ന പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്‌ നടപ്പാക്കുന്നത്‌ 194 കോടി രൂപയുടെ പദ്ധതികൾ. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ ആറാട്ടുപുഴ, പതിയാങ്കര, വട്ടച്ചാൽ മേഖലകളിൽ കടൽഭിത്തി നിർമിക്കുന്നതിന് ‌81 കോടി രൂപ അനുവദിച്ചു. ടെൻഡർ നടപടി പൂർത്തിയാക്കി. ഹരിപ്പാട് ഗവ. ഗേൾസ് ഹൈസ്‌കൂൾ അഞ്ച്‌ കോടിയിൽ മുടക്കി അന്താരാഷ്‌ട്ര നിലവാരത്തിൽ പുനർനിർമിച്ചു. പുറമേ നിരവധി സ്‌കൂളുകൾ കോടികൾ മുടക്കി നവീകരിച്ചിട്ടുണ്ട്‌. ഇലഞ്ഞിമേൽ–- ഹരിപ്പാട് റോഡ്‌ (17 കോടി ), നങ്ങ്യാർകുളങ്ങര റെയിൽവേ മേൽപ്പാലം (37) പള്ളിപ്പാട്–- കൊടുന്താർ മേൽപ്പാലം (44 ) എന്നിവയാണ്‌ മറ്റ്‌ പ്രധാന പദ്ധതികൾ.

കിട്ടാക്കനിയല്ല കുടിനീർ

കണ്ണൂർ: കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്‌ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ്‌ കിഫ്‌ബി വഴി ജില്ലയിൽ നടപ്പാക്കിയത്‌. വേനലിലും മഴക്കാലത്തും ഒരുപോലെ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന മേഖലകളിലാണ്‌ കൃത്യമായ ആസൂത്രണത്തിലൂടെ പരിഹാരമൊരുങ്ങുന്നത്‌. 

ധർമടത്ത്‌ 16.50 കോടിയുടെ കുടിവെള്ള വിതരണ പദ്ധതിയാണ്‌ നടപ്പാക്കിയത്‌. പഞ്ചായത്തിലെ ഭൂരിഭാഗം കുടുംബങ്ങളും പദ്ധതിയുടെ ഗുണഭോക്താക്കളാണ്‌. ജില്ലയിൽ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നായിരുന്നു ഇത്‌. മട്ടന്നൂർ–- ഇരിട്ടി നഗരസഭകളിലെ ജനങ്ങൾക്കായി 100 കോടി യുടെ കുടിവെള്ളപദ്ധതി അവസാന ഘട്ടത്തിലാണ്‌. 

ചെറുതാഴം കുഞ്ഞിമംഗലം കുടിവെള്ളപദ്ധതിക്ക്‌ 57 കോടി രൂപ അനുവദിച്ചു. 90 ശതമാനം പൂർത്തിയായി. ചൊക്ലിയിലും പാനൂരിലും കുടിവെള്ളമെത്തിക്കാൻ 85.86 കോടിയുടെ പദ്ധതിക്ക്‌ ഭരണാനുമതിയായിട്ടുണ്ട്‌. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക്‌ തുരങ്കം വയ്‌ക്കാനുള്ള ചിലരുടെ നീക്കം കുടിവെള്ളവും മുട്ടിക്കുന്ന സ്ഥിതിയിലേക്കാണ് നീങ്ങുന്നത്‌.

മലബാർ ക്യാൻസർ സെന്ററിന്‌ 643.93 കോടി

കണ്ണൂർ: കിഫ്‌ബിയെ തകർക്കാൻ ശ്രമിക്കുന്നവർ ഇല്ലാതാക്കുന്നത്‌ ക്യാൻസർരോഗികളുടെ അഭയകേന്ദ്രമായ ആശുപത്രി വികസനം. കിഫ‌്ബിയിൽ മലബാർ ക്യാൻസർ സെന്ററിൽ 643.93 കോടിരൂപയുടെ വികസന പദ്ധതിയാണ്‌ നടപ്പാക്കുന്നത്‌. ആദ്യഘട്ടമായുള്ള 81.69 കോടിയുടെ റേഡിയോ തെറാപ്പി ബ്ലോക്ക‌് നിർമാണവും ഒപി ബ്ലോക്ക‌് നവീകരണവും ആരംഭിച്ചിരുന്നു. രണ്ടാംഘട്ടത്തിൽ 14 നിലയുള്ള കെട്ടിടവും അനുബന്ധ സംവിധാനങ്ങൾക്കുമായി 562.24 കോടിയുടെ പദ്ധതിക്കാണ്‌ ഭരണാനുമതി ലഭിച്ചത്‌. എംസിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനമാണ‌് കിഫ‌്ബിയിലൂടെ നടപ്പാവുന്നത‌്. പിജി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ആക്കി സെന്ററിനെ ഉയർത്താനുള്ള നടപടികളും  പുരോഗമിക്കുന്നുണ്ട്‌.

കിഫ്ബി നിലച്ചാല്‍‍ കുരുക്കിട്ട പാത

മാവേലിക്കര: മനോഹര സ്വപ്‌നം പോലെ വിവരണാതീതമാണ് ഈ വികസന വിസ്‌മയം. മാവേലിക്കര കല്ലുമലറോഡിൽ റെയിൽവേ ക്രോസിൽ ദിവസേന നിരവധി ബസുകളും ആയിരക്കണക്കിന് വാഹനങ്ങളുമാണ് ഇതുവഴി കടന്നു പോകുന്നത്. മിക്കപ്പോഴും അടഞ്ഞു കിടക്കുന്ന റെയിൽവേക്രോസിൽ ഏറെ നേരം വാഹനങ്ങളും യാത്രക്കാരും കുടുങ്ങിക്കിടക്കുന്ന പതിവുകാഴ്‌ച ഓർമയാകുമെന്നും യാത്രദുരിതം അവസാനിക്കുമെന്ന ആശ്വാസത്തിലായിരുന്ന നാടിന്റെ ഹൃദയത്തിലേക്കാണ്‌ ബിജെപി–- കോൺഗ്രസ്‌ സഖ്യം ഇപ്പോൾ തീകോരിയിടാൻ ശ്രമിക്കുന്നത്‌. 

കല്ലുമലമേൽപ്പാലം നിർമാണത്തിന് 38.22 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്.  റെയിൽവേ മേൽപാലത്തിനായുള്ള നാടിന്റെ 62 വർഷത്തെ കാത്തിരിപ്പിന് വിരാമമാകുകയാണ്. പ്രാഥമികാനുമതി ഒരു വർഷം മുമ്പ് ലഭിച്ചിരുന്നു. ആർബിഡിസികെ (റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡവലപ്‌മെന്റ് കോർപറേഷൻ ഓഫ് കേരള) പ്രൊജക്‌ടിനാണ് കിഫ്ബി ഗവേണിങ് ബോഡി അന്തിമാനുമതി നൽകിയത്. മുഴുവൻ പണവും സംസ്ഥാന സർക്കാർ കിഫ്ബിയിൽ നിന്നും മുടക്കും. റെയിൽവേയുടെ അന്തിമാനുമതിക്കായി പദ്ധതി സമർപ്പിച്ചിട്ടുണ്ട്. അനുമതി കിട്ടിയാലുടൻ ഭൂമിയേറ്റെടുക്കലിലേക്കും ടെൻഡർ നടപടികളിലേക്കും നീങ്ങും. 

മാവേലിക്കര- കല്ലുമല റോഡിൽ റെയിൽവേസ്‌റ്റേഷനു വടക്കുവശത്തെ പ്രധാന റെയിൽവേഗേറ്റിൽ മേൽപാലം നിർമിക്കുന്നതിനുള്ള പദ്ധതി 2018–--19 ലെ ബജറ്റിലാണ് ഉൾപ്പെടുത്തിയത്. ആർ രാജേഷ് എംഎൽഎയുടെ ആവശ്യപ്രകാരം റെയിൽവേ ചുമതലയുള്ള മന്ത്രി ജി സുധാകരൻ സംസ്ഥാന ലിസ്‌റ്റിൽ കല്ലുമല മേൽപാലവും ഉൾപ്പെടുത്തുകയായിരുന്നു. മന്ത്രി തോമസ് ഐസക് ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചു.  

കല്ലുമല റെയിൽവേ മേൽപാലം പിങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ടതിനു ശേഷം സംസ്ഥാന സർക്കാർ ഇടപെട്ടില്ല എന്നും ബജറ്റിൽ തുക വെച്ചില്ല എന്നുമുള്ള കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വസ്‌തുതകൾക്ക് നിരക്കാത്ത പ്രചാരണത്തിനുള്ള മറുപടി കൂടിയായിരുന്നു തുക അനുവദിച്ച പ്രഖ്യാപനം. 

നാടിന്‌ കിഫ്‌ബിയുടെ കൈയൊപ്പ്‌

അടൂർ: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അടൂർ ടൗണിൽ ഇരട്ടപ്പാലത്തിനും നഗര സൗന്ദര്യവൽക്കരണത്തിനും 11.10 കോടിരൂപ. കെഎസ്ആർടിസി ജങ്ഷന് സമീപം വലിയതോടിന് കുറുകെയുള്ള ഇരട്ടപ്പാല നിർമാണം തുടങ്ങി. ഇവിടെ ഗതാഗത യോഗ്യമല്ലാതെ കിടന്ന പഴയപാലത്തിന് സമാന്തരമായി പാലം നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. യുഡിഎഫ് ഭരണത്തിൽ അടൂരിന് രണ്ട് മന്ത്രിമാരുണ്ടായപ്പോൾ അടൂർ നിവാസികൾ ആഗ്രഹിച്ച പാലം നിർമിക്കാൻ യാതൊന്നും ചെയ്തില്ല. എൽഡിഎഫ് സർക്കാർ ജനങ്ങളുടെ സ്വപ്നത്തിന് പകരം രണ്ട് പാലം ഒരുമിച്ച് ഒരിടത്ത് നിർമിക്കാൻ നടപടി സ്വീകരിക്കുകയും നഗരസൗന്ദര്യവൽക്കരണം ഇതോടൊപ്പം നടത്താനും പണം അനുവദിച്ചു. ഏഴര മീറ്റർ വീതിയിലും 25.2 മീറ്റർ നീളത്തിലുമാണ് ഓരോ പാലവും നിർമിക്കുന്നത്.ഇതോടൊപ്പം നാല് ആധുനിക വെയിറ്റിങ് ഷെഡും നടപ്പാതയും ഓടയും നിർമിക്കും. ഇരട്ടപ്പാല നിർമാണം പൂർത്തിയാകുന്നതോടെ അടൂരിന്റെ മുഖഛായ തന്നെ മാറും.ഇതോടൊപ്പം സെൻട്രൽ ജങ്ഷൻ വികസനവും നടപ്പിലാക്കും. കെഎസ്ആർടിസി ജങ്ഷനിലെ ഓട്ടോറിക്ഷ സ്റ്റാൻഡും നവീകരിക്കും. ഇരട്ട പാലം നിർമാണം പൂർത്തിയാകുന്നതോടെ ഒരിടത്ത് ഓരേ ദിശയിൽ മൂന്ന് പാലം ഉണ്ടാകും.

No comments:

Post a Comment