Monday, November 23, 2020

യുഡിഎഫിന്റെ പുതിയ മുദ്രാവാക്യം എല്‍ഡിഎഫ് സര്‍ക്കാരിനുള്ള അംഗീകാരം: എ സി മൊയ്‌തീ‌‌ന്‍

 തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു നല്ല രാഷ്ട്രീയ മുദ്രാവാക്യം പോലും ഉയര്‍ത്താന്‍ കഴിയാത്തത് യുഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് തെളിയിക്കുന്നതെന്ന് മന്ത്രി എ സി മൊയ്തീന്‍. 'അഴിമതിക്കെതിരെ ഒരു വോട്ട് ' എന്നു പറഞ്ഞ് രംഗത്തു വന്നവര്‍ ഇപ്പോള്‍ മുദ്രാവാക്യം മാറ്റിയിരിക്കുന്നു. എംഎല്‍എമാര്‍ ഓരോരുത്തരായി ജയിലില്‍ പോയതും ഇനി ഒരു ഡസനോളം നേതാക്കള്‍ക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുന്നതും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ വ്യാജ അഴിമതി ആരോപണങ്ങളും അതിന്റെ മറവില്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്തു കൊണ്ട് സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളും തങ്ങള്‍ക്കെതിരെ തന്നെ വരുമെന്ന ഭയമാണ് പുതിയ മുദ്രാവാക്യം സ്വീകരിക്കാന്‍ യുഡിഎഫിനെ പ്രേരിപ്പിച്ചത്. 'ഗ്രാമങ്ങള്‍ പുനര്‍ജനിക്കുന്നു, നഗരങ്ങള്‍ ഉണരുന്നു' എന്ന യുഡിഎഫിന്റെ പുതിയ മുദ്രാവാക്യം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ നാലര വര്‍ഷത്തെ നിലപാടുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമാണ്. ഗ്രാമങ്ങള്‍ പുനര്‍ജനിക്കുയാണെന്നും നഗരങ്ങള്‍ ഉണരുകയാണെന്നും ഈ ഘട്ടത്തിലെങ്കിലും യുഡിഎഫ് സമ്മതിച്ചിരിക്കുന്നുവെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

അധിക വിഭങ്ങള്‍ നല്‍കിയും ഭാവനാപൂര്‍ണ്ണമായ പദ്ധതികളിലൂടെയും വിവിധ മിഷനുകളുടെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രവര്‍ത്തനങ്ങളിലൂടെയും അക്ഷരാര്‍ത്ഥത്തില്‍ നമ്മുടെ ഗ്രാമങ്ങളും നഗരങ്ങളും പുനര്‍ജനിക്കുകയായിരുന്നു. ഉപാധിരഹിത ഫണ്ടില്‍ 73 ശതമാനം വര്‍ദ്ധനവിലൂടെ 53,000 കോടിയോളം രൂപയുടെ സാമ്പത്തിക പിന്തുണ, മാലിന്യങ്ങളകന്ന നഗരങ്ങളും ഗ്രാമങ്ങളും, 581 തദ്ദേശസ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ്ണ ശുചിത്വ പദവി, 390 പുഴകളും 41,333 നീര്‍ച്ചാലുകളും തോടുകളും പുനരുജ്ജീവിപ്പിച്ച കാലം, നഗര വികസനത്തിനും മാലിന്യ പരിപാലനത്തിനുമായി 9,193 കോടി രൂപയുടെ പദ്ധതികള്‍, ഉല്പാദന മേഖലയില്‍ 2,448 കോടി രൂപയുടെ പദ്ധതികള്‍ കൂടാതെ സുഭിക്ഷ കേരളത്തിനായി 3,560 കോടി രൂപയുടെ പ്രത്യേക പദ്ധതി, കുടുംബശ്രീ ശക്തിപ്പെട്ട കാലം, കുടുംബശ്രീയിലൂടെ ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴിലും വരുമാനവും നല്‍കിയ കാലം, ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് 28,000 കോടിയിലധികം രൂപ ക്ഷേമ പെന്‍ഷനുകളായി വിതരണം ചെയ്ത കാലം, പരമ്പരാഗത വ്യവസായങ്ങള്‍ ശക്തിപ്പെട്ട കാലം , രണ്ടര ലക്ഷം പേര്‍ക്ക് വീടെന്ന സ്വപ്നം പൂവണിഞ്ഞ കാലം, പട്ടിണിയില്ലാത്ത ക്ഷാമമില്ലാത്ത കാലം. തീര്‍ച്ചയായും എല്‍ഡി എഫ് ഭരണത്തില്‍ ഗ്രാമവും നഗരവും പുനര്‍ജനിക്കുകയായിരുന്നു, ഉണരുകയായിരുന്നു. യുഡിഎഫിന്റെ മുദ്രാവാക്യം ഇതെല്ലാം ഓര്‍ക്കാന്‍ ജനങ്ങളെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

No comments:

Post a Comment