കിഫ്‌ബി വഴി നാട്ടിൽ യാഥാർഥ്യമാകുന്ന വികസനം യുഡിഎഫിനെയും ബിജെപിയെയും തുറിച്ചുനോക്കുന്നതാണ് അതിനെതിരായ രാഷ്‌ട്രീയ നീക്കത്തിന് പിന്നിലെ വികാരം. ലൈഫ്, കിഫ്‌ബി തുടങ്ങിയവ തദ്ദേശ തെരഞ്ഞെടുപ്പിൽ ചർച്ചയായതും അത് എൽഡിഎഫിന് കൂടുതൽ ആത്മവിശ്വാസം പകരുകയും ചെയ്യുന്നത് കോൺഗ്രസും ബിജെപിയും തിരിച്ചറിയുന്നുണ്ട്. കിഫ്‌ബിയെ തള്ളിപ്പറഞ്ഞ് രംഗത്തിറങ്ങിയത് തിരിച്ചടി ഭയന്ന്.
സിഎജി റിപ്പോർട്ട് കരടാണോ അന്തിമമാണോ എന്നതിലാണ് തർക്കം. രണ്ടായാലും അതിൽ ഒളിച്ചുവച്ചിരിക്കുന്ന രാഷ്‌ട്രീയ ഒളിയമ്പാണ് വെളിച്ചത്തായത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മുമ്പ് പൊട്ടിക്കാൻ വച്ചിരുന്നത് നനഞ്ഞ പടക്കമായതിന്റെ നിരാശയിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്‌ബിക്കെതിരായ കേസ് ആർഎസ്‌എസ് പിന്തുണയോടെയാണെന്നും അതിന് കോൺഗ്രസ് നേതാവ് വക്കാലത്ത് എടുത്തതും വഴി വലിയൊരു ഗൂഢാലോചനയിലേക്കാണ് വെളിച്ചം വീശിയത്. ഈ സർക്കാരിന് കീഴിൽ നാട്ടിൽ ഒന്നും നടക്കരുത് എന്ന കേന്ദ്ര ബിന്ദുവിലേക്ക് ഓരോരുത്തരായി ഒത്തുകൂടുകയാണ്.
സിഎജി റിപ്പോർട്ടിലെ ഉള്ളടക്കത്തെ കുറിച്ചുള്ള ചർച്ചയ്‌ക്ക് ധനമന്ത്രി തോമസ് ഐസക് വഴിതുറന്നതാണ് പുകിലായത്. സിഎജി റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളല്ല മറിച്ച് അത് ജനങ്ങൾ ചർച്ച ചെയ്യാൻ പാടില്ലത്രേ. നിയമസഭയിൽ സമർപ്പിക്കേണ്ടിയിരുന്ന റിപ്പോർട്ടിലെ വിവരം എംഎൽഎമാർ അറിയുന്നതിന് മുമ്പ് മന്ത്രി പുറത്തുവിട്ടത് അവകാശ ലംഘനമാണെന്നാണ് പ്രതിപക്ഷ വാദം. എന്നാൽ കിഫ്‌ബിയുമായി ബന്ധപ്പെട്ട സിഎജിയുടെ കരട് നിരീക്ഷണങ്ങളാണ് താൻ പങ്കുവച്ചതെന്നും മന്ത്രി വ്യക്തമാക്കി. അവകാശ ലംഘനം നടന്നോ എന്നതൊക്കെ സ്‌പീക്കറും സഭയും പരിശോധിക്കട്ടെ. ഒരു കാര്യം വ്യക്തം. കിഫ്‌ബി വഴിയുള്ള വികസന മുന്നേറ്റങ്ങളും തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽഡിഎഫ് ഉയർത്തിക്കാട്ടും.
പൊലീസിലെ തോക്കും വെടിയുണ്ടയും കാണാതായെന്ന പേരിൽ കഴിഞ്ഞ വർഷം ഇതേ സിഎജി സർക്കാരിനെതിരെ വിവാദത്തിന് തിരികൊളുത്തിയിരുന്നു. അന്ന് സഭയിൽ വരും മുമ്പ് റിപ്പോർട്ടിലെ ഉള്ളടക്കം പ്രതിപക്ഷ എംഎൽഎ പി ടി തോമസിന് ചോർത്തിക്കൊടുത്തിരുന്നു. പി ടി തോമസ് സഭയിൽ ആരോപണം ഉന്നയിച്ചതിന് ശേഷമാണ് സിഎജി റിപ്പോർട്ട് സഭയിൽ എത്തിയത്. തോക്കും വെടിയുണ്ടയും ഭദ്രമായി ഇരിപ്പുണ്ടെന്ന് സർക്കാർ നിർദേശ പ്രകാരം നടത്തിയ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. വിവാദ റിപ്പോർട്ടിന് പിന്നിൽ ചരടുവലിച്ച ഉദ്യോഗസ്ഥനെതിരെ പിന്നീട് ഹൈക്കോടതി പരാമർശമുണ്ടായി. ഇദ്ദേഹത്തെ പിന്നീട് അരുണാചൽ പ്രദേശിലേക്ക് മാറ്റിയെങ്കിലും ഇവിടെ തന്നെ തങ്ങി കരുനീക്കം നടത്തുകയായിരുന്നു. അതാണ് കിഫ്‌ബിക്കെതിരെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
ഭരണപ്രതിപക്ഷ ഭേദമില്ലാതെ എല്ലാ എംഎൽഎമാരുടെ മണ്ഡലങ്ങളിലും കിഫ്‌ബി പദ്ധതികളുടെ നിർമാണം നടക്കുന്നുണ്ട്. സ്‌കൂൾ, ആശുപത്രികൾ, റോഡുകൾ, പാലങ്ങൾ, വ്യവസായ പാർക്കുകൾ ഇങ്ങനെ ജനഹിതത്തിന്റെ സാക്ഷ്യപത്രങ്ങൾ ഏറെയാണ്.
ലൈഫ്, കെ ഫോൺ അടക്കമുള്ള വൻകിട പദ്ധതികൾക്കെതിരെ തിരിഞ്ഞത് സ്വർണക്കടത്ത് അന്വേഷിക്കാൻ വന്ന കേന്ദ്ര ഏജൻസികളാണ്. അതിന് ചുവടുപിടിച്ചാണ് സിഎജി രാഷ്‌ട്രീയ ആയുധം രാകുന്നത്. വികസനമാണ് മുഖ്യമെന്ന സർക്കാർ നിലപാടിന് കരുത്ത് പകരുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കിഫ്‌ബി വികസനം ചർച്ച ചെയ്യാൻ അവസരം ഒരുങ്ങി.
No comments:
Post a Comment