പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ അപകീർത്തിപ്പെടുത്താനുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നീക്കം അദ്ദേഹത്തിനുതന്നെ തിരിച്ചടിയാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. സ്കൂളുകളിൽ സ്ഥാപിച്ച ലാപ്ടോപ്പും പ്രൊജക്ടറുകളുമൊക്കെ ഇ -വെയ്‌സ്റ്റാണെന്ന് ആക്ഷേപിക്കാനുള്ള തൊലിക്കട്ടിയെ നമിക്കാതെ വയ്യ. ആരോപണത്തിലൂടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് അധ്യാപകരെ ആക്ഷേപിക്കുകയാണ് രമേശ് ചെന്നിത്തലയെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
ഒരു പത്രവാർത്ത അതേപോലെ വിഴുങ്ങിയാണ് ചെന്നിത്തല അഴിമതി ആരോപിച്ചത്. എന്താണ് കരാർ, ഏത് സ്ഥാപനത്തിനാണ് നൽകിയത് എന്നുള്ള പ്രാഥമിക വിവരംപോലുമില്ലാത്ത വാർത്ത വെള്ളംചേർക്കാതെ വിഴുങ്ങിയ പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തി അഴിമതി ആരോപിക്കുകയായിരുന്നു.
പൊതുവിദ്യാലയങ്ങൾ ഹൈടെക്കാക്കാൻ രണ്ടു ഘട്ടത്തിലായി നിയമാനുസൃത ടെൻഡറിൽക്കൂടി 1.10 ലക്ഷം ലാപ്ടോപ്പും 65,000 പ്രൊജക്ടറും വാങ്ങി. ഗുണനിലവാരവും അഞ്ച് വർഷ വാറന്റിയും പരാതി പരിഹാര സംവിധാനവുമുൾപ്പെടെ മുഴുവൻ കാര്യത്തിന്റെയും പൂർണ മേൽനോട്ടത്തിന് സർക്കാർ സാങ്കേതിക സമിതിയെയും നിയമിച്ചു. ലാപ്ടോപ് ടെൻഡറിൽ എയ്‌സർ, ഡെൽ, എച്ച്‌പി, ലെനോവ കമ്പനികൾ പങ്കെടുത്തു. ഇതിൽ ഏത് കമ്പനിയുടെ പ്രതിനിധിയാണ് നുണവാർത്തയിൽ വിവരിക്കുന്ന വരിക്കോടൻ അബ്ദുൽ ഹമീദെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ 45 ലക്ഷം കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൊതുപ്രവർത്തകരുടെയും മുന്നിൽ പ്രതിപക്ഷ നേതാവ് കടുകുമണിയോളം ചെറുതായെന്നും ഐസക് കുറിച്ചു.
No comments:
Post a Comment