Tuesday, November 17, 2020

ജനകീയ പ്രതിരോധത്തിന്റെ രാഷ്‌ട്രീയസന്ദേശം - എ വിജയരാഘവൻ എഴുതുന്നു

തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്ത്‌ പുറത്തുവന്നപ്പോൾ അതുസംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവരാനും പിന്നിൽ പ്രവർത്തിച്ചവരെ നിയമ നടപടികൾക്ക് വിധേയമാക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയാണുണ്ടായത്‌. തന്റെ ഓഫീസിലെ ഒരുദ്യോഗസ്ഥന് കള്ളക്കടത്തു കേസിലെ പ്രതികളുമായി പരിധിവിട്ട ബന്ധമുണ്ടെന്ന്‌ കണ്ടയുടനെ നടപടിയെടുത്തു. ഏത്‌ അന്വേഷണത്തിനും സർക്കാർ എതിരല്ലെന്ന നിലപാടാണ്‌ അന്ന്‌ സ്വീകരിച്ചത്‌.

സ്വർണക്കടത്ത്‌ പുറത്തുവന്ന്‌ നാലു മാസം പിന്നിട്ടിട്ടും പ്രതികളെ മുഴുവൻ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാൻ അന്വേഷണഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. അരഡസൻ കേന്ദ്ര ഏജൻസികൾ ഘോഷയാത്രയായി എത്തി അന്വേഷണത്തിൽ മുഴുകി. എന്നാൽ, ഇവയിൽ പലതും സത്യാവസ്ഥ തെരയുന്നതിനു പകരം ചില പ്രത്യേക ലക്ഷ്യത്തോടെ നീങ്ങുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. അവരുടെ രാഷ്‌ട്രീയ യജമാനന്മാർ പ്രത്യേകം പറഞ്ഞുറപ്പിച്ചുവിട്ടുവെന്ന്‌ തോന്നലുളവാക്കുന്ന മട്ടിൽ ചില പ്രത്യേക വ്യക്തികളെ പ്രതിസ്ഥാനത്ത് എത്തിക്കുന്നതിനു വേണ്ടിയെന്ന്‌ ന്യായമായും സംശയിക്കാവുന്ന നീക്കങ്ങളാണ് അന്വേഷണ ഏജൻസികൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്‌. ഇഡി, എൻഐഎ, സിബിഐ, കസ്റ്റംസ് തുടങ്ങിയ ഏജൻസികളുടെ പ്രവർത്തനവഴികളിലെ മുൻഗണന, സത്യം കണ്ടെത്തുന്നതിനു പകരം അന്വേഷണത്തിൽ രാഷ്ട്രീയ അജൻഡ കൂട്ടിച്ചേർക്കുന്നതിനാണ്‌.

ഭരണഘടനാപരമായി വ്യവസ്ഥാപിതമായ അധികാര പരിധിക്കകത്താണ് സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കുന്നത്. അതിലെ അപാകതകൾ പരിശോധിക്കാനുള്ള സംവിധാനവും ഭരണഘടന തന്നെ ഉദ്‌ഘോഷിക്കുന്നുണ്ട്‌. സർക്കാരാകട്ടെ നിയമസഭയുടെ പരിശോധനയ്‌ക്കും വിധേയമാണ്. ഈ നിലയിൽ  നയപരമായ തീരുമാനങ്ങൾക്ക്‌ അനുസരിച്ച് മുൻഗണനാക്രമങ്ങളും വികസന പരിപ്രേക്ഷ്യവും നിർണയിക്കാനുള്ള അധികാരവും ഓരോ സംസ്ഥാന സർക്കാരുകൾക്കുണ്ട്. ഭരണഘടനയുടെ ഈ ഫെഡറൽ മൂല്യങ്ങളുടെ അടിസ്ഥാന ശിലയിളക്കുന്ന പ്രവർത്തനങ്ങളാണ് വിവിധ കേന്ദ്രഏജൻസികൾ നടത്തുന്നത്.

കോവിഡ്കാലത്ത്‌ രാജ്യത്താകെ ജനങ്ങളുടെ ദുരിതം അനേകം മടങ്ങ് വർധിച്ചു. ആഗോളവൽക്കരണ നയങ്ങൾ നടപ്പാക്കുന്ന സർക്കാർനിലപാടുകൾ വഴി കുത്തകകളുടെ കൊള്ളലാഭം 27.3 ശതമാനം ഉയർന്നു. ശതകോടീശ്വരന്മാരുടെ എണ്ണവും വർധിച്ചു. കേന്ദ്ര സർക്കാരിന്റെ ഉത്തേജക പാക്കേജുകളുടെ ഗുണഭോക്താക്കളായി മാറിയത്‌ കോർപറേറ്റുകളാണ്‌. പാർലമെന്റ്‌ പാസാക്കിയ അരഡസൻ നിയമങ്ങൾ തൊഴിലാളിവിരുദ്ധവും കുത്തകകൾക്ക് വേണ്ടിയുള്ളതുമാണ്. ഒരു ദശകത്തിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് ദേശീയതലത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊഴിലില്ലായ്മ പെരുകിയതു കാരണം ഇനിമുതൽ ദേശീയ സാമ്പിൾ സർവേ വേണ്ട എന്നാണ് തീരുമാനം.  തൊഴിലുറപ്പു പദ്ധതിയിലെ മിനിമം കൂലി 171  രൂപ മാത്രമാണ്. വ്യാവസായിക വളർച്ച നിശ്ചലമായി. ജിഎസ്ടി വിഹിതത്തിലെ നഷ്ടപരിഹാരത്തുക സംസ്ഥാനങ്ങൾക്ക് നൽകുന്നില്ല.

അതേസമയം, പട്ടികവിഭാഗക്കാർക്കു നേരെയുള്ള അക്രമങ്ങൾ വർധിക്കുകയും യുപിഎയിലെ ഹാഥ്‌രസിൽ നടന്നതുപോലുള്ള പീഡനങ്ങൾ നിത്യസംഭവങ്ങളാകുകയും ചെയ്യുന്നു. ന്യൂനപക്ഷ വിഭാഗങ്ങളെ വിവിധ കുറ്റം ചുമത്തി ജയിലിലിടുന്നു. ചരിത്രകാരന്മാരും സാമൂഹ്യപ്രവർത്തകരും കള്ളക്കേസിൽ  ജയിലിൽ അടയ്ക്കപ്പെടുന്നു. വർഗീയ വിദ്വേഷ പ്രവർത്തനങ്ങളുടെ നായകത്വം കേന്ദ്ര സർക്കാർ തന്നെ ഏറ്റെടുത്തു. എല്ലാ മനുഷ്യരെയും അസ്വസ്ഥരാക്കുന്നതാണ്‌ ഈ ഗുരുതരാവസ്ഥ.

രാജ്യം തീവ്രമായ ഈ  പ്രതിസന്ധിയെ  അഭിമുഖീകരിക്കുമ്പോൾ കേരളത്തിൽ ജനങ്ങൾക്ക്‌ ആശ്വാസം പകരുന്നതിനും വികസന, ക്ഷേമ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുന്നതിനുമാണ്‌ സംസ്ഥാന സർക്കാർ ഊന്നൽ നൽകുന്നത്‌. സാമൂഹ്യക്ഷേമ പെൻഷനുകളിലായി 28, 856.28 കോടി രൂപ വിതരണം ചെയ്തു. 54 ലക്ഷം പേരാണ്‌ ഇതിന്റെ ഗുണഭോക്താക്കൾ. സൗജന്യ റേഷനും 87 ലക്ഷം കുടുംബത്തിന്‌ തുടർച്ചയായി 4 മാസം ഭക്ഷ്യക്കിറ്റും വിതരണം ചെയ്‌തു ജനങ്ങളുടെ ദുരിതം ലഘൂകരിക്കാനാണ്‌ ശ്രമിച്ചത്‌. മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയപാത എന്നിവയുടെ പ്രവർത്തനവേഗത വർധിച്ചു. ഗെയിൽ പൈപ്പ്‌ ലൈൻ പൂർത്തീകരിച്ചു. കിഫ്ബിയിലൂടെ അരലക്ഷംകോടി രൂപയുടെ വികസനം യാഥാർഥ്യമാക്കി. പച്ചക്കറികൾക്ക് ഇന്ത്യയിൽ ആദ്യമായി താങ്ങുവില പ്രഖ്യാപിച്ചു. വിദ്യാഭ്യാസ, ആരോഗ്യരംഗത്ത് വിശ്വോത്തര നിലവാരമുള്ള മാറ്റമാണ്‌ സംജാതമാക്കിയത്‌. രണ്ടരലക്ഷം വീട്‌ ലൈഫ് പദ്ധതി വഴി നൽകി. ഇന്റർനെറ്റ് സൗകര്യം കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന കെ ഫോൺ പദ്ധതി, വൈദ്യുതി ഉപയോഗിച്ചുള്ള ഇ ബസ്‌ പദ്ധതികൾ, അതിവേഗ റെയിൽപ്പാത പദ്ധതി ആസൂത്രണം  ഇങ്ങനെ അഞ്ചുവർഷംകൊണ്ട്‌ ആർജിച്ച മുന്നേറ്റം  സർക്കാരിനെക്കുറിച്ച്  വലിയ മതിപ്പാണ്‌ ഉണ്ടാക്കിയത്‌.

യുഡിഎഫും ബിജെപിയും ഒരേ താളത്തിൽ സർക്കാർവിരുദ്ധ സമരങ്ങൾ കെട്ടഴിച്ചുവിടുന്ന വിചിത്ര കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഹിന്ദു വർഗീയവാദികളും ജമാ അത്തെ ഇസ്ലാമി പോലുള്ള മുസ്ലിം മതമൗലികവാദികളും കോൺഗ്രസ്, മുസ്ലിംലീഗ് തുടങ്ങിയവരും ഇടതുപക്ഷത്തെ എതിർക്കാൻ കൈകോർത്തിരിക്കുന്നു. ഈ അവിഹിത രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഒന്നിച്ചുള്ള പ്രവർത്തനത്തിന് ഇന്ധനംപകരാൻ കേന്ദ്ര ഏജൻസികൾ ഒത്താശ ചെയ്യുന്നതിന്റെ വിശദാംശം മുഖ്യമന്ത്രി തന്നെ  വിശദീകരിച്ചു. നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും താളത്തിനു തുള്ളുന്ന കളിപ്പാവകളാണ് കേന്ദ്ര ഏജൻസികളെന്ന്‌ സോണിയ ഗാന്ധി വിശേഷിപ്പിച്ചു. ജനാധിപത്യമൂല്യങ്ങൾക്കും ഭരണഘടനാ തത്വങ്ങൾക്കും എതിരായ പ്രവർത്തനമാണ് ഈ ഏജൻസികൾ നടത്തുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാക്കളുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ ഉപയോഗിക്കപ്പെട്ടത്  കോൺഗ്രസ് വക്താക്കൾ നിരവധി തവണ വെളിപ്പെടുത്തി. പക്ഷേ, കേരളത്തിലെ കോൺഗ്രസുകാർ അന്വേഷണ ഏജൻസികളുടെ അമിതാധികാര പ്രവർത്തനങ്ങളെ കണ്ണടച്ച്‌ നീതീകരിക്കുകയാണ്. സ്വർണക്കടത്ത് പ്രതികളുടെ മൊഴി വിശുദ്ധസത്യങ്ങളായി മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും പ്രതിപക്ഷം അത് ഏറ്റെടുക്കുകയുമാണ്‌.

ഈ സാഹചര്യത്തിൽ സർക്കാരിനെതിരെ പൊതുവിലും വികസനപ്രവർത്തനങ്ങൾ നിശ്ചലമാക്കാൻ പ്രത്യേകിച്ചും കേന്ദ്ര ഏജൻസികളും പ്രതിപക്ഷവും നടത്തുന്ന ശ്രമത്തിനെതിരെ ബൃഹത്തായ ജനകീയ മുന്നേറ്റം അനിവാര്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാകാനിടയുള്ള ഇടതുപക്ഷ മുന്നേറ്റം തടയാനുള്ള പ്രതിലോമ രാഷ്ട്രീയ ചേരിയുടെ ഇണക്കുകണ്ണിയായി കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തുന്ന നീക്കത്തെ പ്രതിരോധിച്ചേ മതിയാകൂ. മതനിരപേക്ഷ കേരളം ഈ സമരമുഖത്ത് എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് ഉറപ്പാണ്‌.

2016ൽ അധികാരമേറ്റെടുത്ത എൽഡിഎഫ്‌ സർക്കാർ പ്രകടനപത്രികയിലൂടെ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പാക്കി മുന്നോട്ടുപോകുകയാണ്. വടക്കാഞ്ചേരിയിൽ 140 കുടുംബത്തിന്‌ കിടപ്പാടമൊരുക്കുന്ന മഹത്തായ പദ്ധതി പുരോ​ഗമിക്കവെയാണ് അനിൽ അക്കര എംഎൽഎ, സ്വന്തം നിയോജകമണ്ഡലത്തിലെ വികസനപ്രവർത്തനം തടസ്സപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. സിബിഐ അന്വേഷണം ലൈഫ് മിഷന്റെ പ്രവ‍ർത്തനത്തെ തന്നെ മരവിപ്പിക്കുന്ന അവസ്ഥ വന്നപ്പോഴാണ് മിഷൻ സിഇഒ ജോസ് ഹൈക്കോടതിയെ സമീപിച്ചത്. ലൈഫ് മിഷൻ വിഷയത്തിലെ സിബിഐ അന്വേഷണം രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി പറഞ്ഞത് ശ്രദ്ധേയമായിരുന്നു. ലൈഫ് മിഷൻ വിദേശത്തുനിന്ന് പണം വാങ്ങിയിട്ടില്ല എന്നത് തർക്കമില്ലാത്ത കാര്യമാണ് എന്നാണ് പറഞ്ഞത്. വിദേശ സംഭാവനാ നിയന്ത്രണ നിയമത്തിന്റെ (എഫ്‌സിആർഎ) പരിധിയിൽ ലൈഫ് മിഷൻ ഉൾപ്പെടുന്നില്ലെന്നും ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി.ഈ വിധി നുണപ്രചാരകർക്കേറ്റ തിരിച്ചടിയാണെന്ന് സിപിഐ എം  സംസ്ഥാന സെക്രട്ടറിയറ്റ് വിലയിരുത്തുകയുണ്ടായി. ഒരു നിയമപ്രശ്നവും ഉന്നയിക്കാൻ സിബിഐക്ക് കഴിഞ്ഞില്ലെന്നത് രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന സിപിഐ എം നിലപാടിനെ സാധൂകരിക്കുന്നതാണ്.

മോഡി സർക്കാർ അധികാരത്തിൽ വന്നശേഷം എതിരാളികൾക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗപ്പെടുത്തിയതിന് ധാരാളം ഉദാഹരണമുണ്ട്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ചിദംബരം, കാർത്തി ചിദംബരം, അഹമ്മദ് പട്ടേൽ, മോട്ടിലാൽ വോറ, ഡി കെ ശിവകുമാർ, സച്ചിൻ പൈലറ്റ് തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. മുമ്പ്‌ പല ഘട്ടത്തിലായി മുലായംസിങ്‌ യാദവ്, ലാലുപ്രസാദ് യാദവ്, മായാവതി, ചന്ദ്രബാബു നായിഡു, ഷിബു സോറൻ എന്നിവർക്കെതിരെയും അന്വേഷണങ്ങൾ നടന്നിട്ടുണ്ട്. ഹരിയാന മുൻ മുഖ്യമന്ത്രി ഭുപിന്ദർ സിങ്‌ ഹൂഡ, ശരദ്‌ പവാർ, അജിത് പവാർ, അഖിലേഷ് യാദവ് തുടങ്ങിയവർക്കെതിരെ അന്വേഷണം ആരംഭിച്ചത് വിവിധ തെരഞ്ഞെടുപ്പുകളോട്‌ അനുബന്ധിച്ചാണ്. തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഈ അന്വേഷണങ്ങൾ മരവിച്ചു.

രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധിയുണ്ടായ ഘട്ടത്തിലാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സ ഹോദരൻ അഗ്രിസെൻ ഗെലോട്ടിനെതിരെ അന്വേഷണം നടന്നത്. കർഷകദ്രോഹബില്ലുകൾക്കെതിരെ പഞ്ചാബ് സർക്കാർ രംഗത്തുവന്നപ്പോൾ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മകൻ രണീന്ദർ സിങ്ങിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. തൃണമൂൽ നേതാവായിരുന്ന മുകുൾ റോയ്‌ക്കും അസം മന്ത്രിയായിരുന്ന ഹിമന്ത ബിശ്വയ്‌ക്കും എതിരായ അന്വേഷണം അവസാനിച്ചത്‌ അവർ ബിജെപിയിൽ ചേർന്നതോടെയാണ്‌.

സംസ്ഥാനത്തിന്റെ വികസനത്തിന്‌ തുരങ്കംവയ്‌ക്കുന്നതും ഫെഡറൽ തത്വങ്ങൾ ലംഘിക്കുന്നതും രാഷ്‌ട്രീയ പ്രതിയോഗികൾക്കെതിരായ വൈരനിര്യാതന ബുദ്ധിയോടെയുള്ളതുമായ ഈ പ്രവൃത്തികൾക്കെതിരെ ഇന്ന്‌ കേരളം പ്രതികരിക്കുകയാണ്‌. പ്രതിഷേധം കേരളം വൻ വിജയമാക്കുമെന്നുറപ്പാണ്‌.

*

വികസനനേട്ടങ്ങൾ സംരക്ഷിക്കാൻ തെരുവിലിറങ്ങി സമരകേരളം

സംസ്ഥാനത്തിന്റെ അഭിമാനപദ്ധതികളെ തകർക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി സമരകേരളം തെരുവിലിറങ്ങി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ കേരളത്തിന്റെ വികസനപദ്ധതികളെ തകർക്കാനുള്ള നീക്കത്തിനെതിരെ എൽഡിഎഫ്‌ സംഘടിപ്പിച്ച ജനകീയ പ്രതിരോധം വികസനനേട്ടങ്ങളെ ഹൃദയത്തിലേറ്റിയ ജനതയുടെ ആത്മാവിഷ്‌കാരമായി. സംസ്ഥാനത്തെ ഇരുപത്തയ്യായിരത്തിലധികം ബൂത്ത്‌ കേന്ദ്രത്തിലായി കാൽക്കോടിയിലേറെ ജനങ്ങളാണ്‌ ഒത്തുചേർന്നത്‌. കേരളത്തിന്റെ വികസനനേട്ടങ്ങളെ തുരങ്കംവയ്‌ക്കാൻ പരസ്‌പരം കൈകോർത്ത കോൺഗ്രസിനും ബിജെപിക്കുമെതിരായ നാടിന്റെ വികാരമാണ്‌ ഓരോ കേന്ദ്രത്തിലും പ്രകടമായത്‌. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രക്ഷോഭ പരിപാടി.‌

തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവനും രാജാജി നഗറിൽ പന്ന്യൻ രവീന്ദ്രനും വെട്ടുക്കാട്‌  എം വി ​ഗോവിന്ദനും  പേരൂർക്കടയിൽ ആനാവൂർ നാഗപ്പനും ഉദ്‌ഘാടനം ചെയ്‌തു. കൊല്ലത്ത്‌ കെ എൻ ബാലഗോപാൽ,  ബിനോയ്‌ വിശ്വം എംപി,  പി കെ ഗുരുദാസൻ എന്നിവർ പങ്കെടുത്തു.

എറണാകുളത്ത്‌  പി രാജീവ്‌ പാലാരിവട്ടത്തും  സി എൻ മോഹനൻ മേനക ജങ്‌ഷനിലും  ഉദ്‌ഘാടനം ചെയ്‌തു. ആലപ്പുഴയിൽ  ആർ നാസർ നഗരസഭപാലസ്‌ വാർഡിലും  ടി ജെ ആഞ്ചലോസ് മുല്ലയ്‌ക്കൽ ജങ്ഷനിലും പങ്കെടുത്തു. പത്തനംതിട്ടയിൽ കെ ജെ തോമസും കോട്ടയത്ത്‌ കാനം രാജേന്ദ്രനും ഉദ്‌ഘാടനം ചെയ്‌തു. ജോസ്‌ കെ മാണി പങ്കെടുത്തു. പാലക്കാട്‌ സി കെ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു.

തൃശൂരിൽ ബേബി ജോൺ സി എൻ ജയദേവൻ എന്നിവർ ഉദ്‌ഘാടനം ചെയ്്‌തു.മലപ്പുറത്ത്‌ 2000 കേന്ദ്രങ്ങളിൽ ജനകീയ പ്രതിരോധം നട‌ത്തി. പി കെ സൈനബ എടക്കരയിലും പി നന്ദകുമാർ നടുവട്ടത്തും  ഉദ്‌ഘാടനംചെയ്‌തു. കോഴിക്കോട്‌ എളമരം കരീം എംപി ഉദ്‌ഘാടനം ചെയ്‌തു.

കണ്ണൂരിൽ എം വി ജയരാജൻ ഇരിട്ടിയിലും പി സന്തോഷ്‌ കുമാർ കണ്ണൂർ തെക്കീബസാറിലും കാസിം ഇരിക്കൂർ മട്ടന്നൂരിലും ഉദ്‌ഘാടനംചെയ്‌തു. ‌ കാസർകോട്‌നീലേശ്വരം  കരുവാച്ചേരിയിൽപി കരുണാകരൻ  ഉദ്‌ഘാടനംചെയ്‌തു.

 സംസ്ഥാനത്ത്  ഇരുപത്തയ്യായിരത്തിലേറെ ബൂത്തിലായി 25 ലക്ഷം എൽഡിഎഫ്‌  പ്രവർത്തകർ തിങ്കളാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ ജനകീയ പ്രതിരോധത്തിന്റെ കരുത്തറിയിച്ച്‌ അണിനിരക്കും. ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്ന  സർക്കാരിനെ അട്ടിമറിക്കാനും സ്വപ്‌ന പദ്ധതികളടക്കമുള്ള  വികസന സംരംഭങ്ങളെ കരിവാരിത്തേയ്‌ക്കാനും സ്തംഭിപ്പിക്കാനുമുള്ള ഗൂഢലക്ഷ്യത്തിനെതിരെയാണ്‌ ഈ ജനകീയ മുന്നേറ്റം. കേന്ദ്ര ഏജൻസികളുടെ അതിരുവിട്ട പ്രവർത്തനം കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന്‌ ജനലക്ഷങ്ങൾ മുന്നറിയിപ്പുനൽകും.

No comments:

Post a Comment