ന്യൂഡൽഹി > കോവിഡിനെത്തുടർന്നുള്ള സാമ്പത്തിക പ്രയാസം മറികടക്കാൻ കൂടുതൽ ആശ്വാസനടപടി സ്വീകരിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. മൊറട്ടോറിയം കാലയളവിലെ പലിശയും കൂട്ടുപലിശയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ച് മുമ്പാകെയാണ് സർക്കാർ നിലപാട് ആവർത്തിച്ചത്. കോവിഡിൽ പ്രയാസത്തിലായ മേഖലകളിൽ കേന്ദ്രസർക്കാർ സാധ്യമായ ആശ്വാസനടപടികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത വാദിച്ചു. നിലവിൽ പ്രഖ്യാപിച്ച ആശ്വാസപദ്ധതികൾക്ക് അപ്പുറം ഇളവുകൾ അനുവദിച്ചാൽ ബാങ്കിങ് മേഖലയ്‌ക്ക് താങ്ങാൻ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു.
ഊർജമേഖലയ്‌ക്ക് ആശ്വാസനടപടികൾ ഉണ്ടായിട്ടില്ലെന്ന് പവർ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുവേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി വാദിച്ചു. ഒരോ മേഖലയും ആശ്വാസനടപടികൾക്കായി കോടതിയെ സമീപിച്ചാൽ കേസിന് അവസാനമുണ്ടാകില്ലെന്ന് സർക്കാർ പ്രതികരിച്ചു. കൂടുതൽ ഇളവുകൾ ആവശ്യമുള്ള മേഖലകൾ കേന്ദ്രത്തിനും റിസർവ് ബാങ്കിനും നിവേദനം നൽകാൻ ജസ്റ്റിസ് അശോക്‌ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. വാദംകേൾക്കൽ അടുത്ത ആഴ്‌ച തുടരും.
ക്രെഡിറ്റ് കാർഡ് കുടിശ്ശികയ്‌ക്ക് ഇളവില്ല
ക്രെഡിറ്റ്‌കാർഡ് കുടിശ്ശികകൾക്ക് കൂട്ടുപലിശ ഒഴിവാക്കേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതി. ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെ വായ്‌പകൾ എടുത്തവരായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
No comments:
Post a Comment