ന്യൂഡൽഹി > സമ്പദ്‌ഘടന മാന്ദ്യത്തിലാണെന്ന് റിസർവ് ബാങ്ക്. രാജ്യചരിത്രത്തിൽ ആദ്യമായാണ് മാന്ദ്യത്തിൽ പ്രവേശിച്ചതെന്ന് ആർബിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു. പണനയത്തിന്റെ ചുമതലയുള്ള റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്രയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സമ്പദ്‌ഘടനയുടെ എല്ലാ മേഖലയും പരിശോധിച്ചാണ് വിലയിരുത്തൽ. ഇതേക്കുറിച്ചുള്ള കേന്ദ്രസർക്കാർ നിഗമനം 27ന് പ്രസിദ്ധീകരിക്കും.
ജിഡിപി 8.6 ശതമാനം ഇടിഞ്ഞു
ജൂലൈ– -സെപ്‌തംബർ കാലയളവിൽ മൊത്തം ആഭ്യന്തരോൽപ്പാദനം 8.6 ശതമാനം ചുരുങ്ങി. ഏപ്രിൽ–- ജൂൺ പാദത്തിൽ 24 ശതമാനം ഇടിഞ്ഞു. തുടർച്ചയായി രണ്ട് പാദത്തിൽ ജിഡിപിയിൽ ഇടിവുണ്ടാകുമ്പോഴാണ് മാന്ദ്യം ഔദ്യോഗികമായി പ്രഖ്യാപിക്കുക.
നടപ്പ് സാമ്പത്തികവർഷത്തിന്റെ ഒന്നാം പകുതിയിൽ രാജ്യം ആദ്യമായി മാന്ദ്യത്തിൽ പ്രവേശിച്ചു. കുടുംബങ്ങളിലും കോർപറേറ്റ് മേഖലയിലും നിലനിൽക്കുന്ന സാമ്പത്തികപ്രതിസന്ധി ലഘൂകരിച്ചില്ലെങ്കിൽ ധനമേഖലയും കുഴപ്പത്തിലാകുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകി.
കോടിക്കണക്കിനു പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു; സംരംഭകർക്ക് ഭയം
കോടിക്കണക്കിനു പേർക്ക് തൊഴിൽ നഷ്ടപ്പെട്ടത് ഉപഭോഗമേഖലയെ കാര്യമായി ബാധിച്ചു. ജനങ്ങൾ പണം ചെലവിടാൻ മടിക്കുന്നു. കൂടുതൽ പ്രതിസന്ധി ഉണ്ടായാൽ നേരിടാനായി പണം കരുതിവയ്‌ക്കുകയാണ്. ജിഡിപിയിൽ കുടുംബങ്ങളുടെ സമ്പാദ്യത്തിന്റെ പങ്ക് ഏപ്രിൽ–-ജൂൺ കാലത്ത് 21.4 ശതമാനമായി വർധിച്ചു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 7.9 ശതമാനമായിരുന്നു.
ബാങ്കിൽ പണം വർധിക്കുന്നു. നിക്ഷേപം നടത്താനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ട സംരംഭകർ വായ്‌പയെടുക്കുന്നില്ല. പണപ്പെരുപ്പം ഉയർന്ന തോതിൽ തുടരുന്നു. ചില്ലറ വ്യാപാരമേഖലയിലെ പണപ്പെരുപ്പം സെപ്‌തംബറിൽ 7.34 ശതമാനമായി ഉയർന്നു. ഇക്കൊല്ലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
പണനയപരമായ ഇടപെടലുകൾ ഫലിക്കുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു. കേന്ദ്രസർക്കാരിന്റെ സാമ്പത്തികപാക്കേജ് പ്രഖ്യാപനങ്ങൾ ഗുണംചെയ്യുന്നില്ലെന്ന് തെളിയിക്കുന്നതാണ് റിപ്പോർട്ട്.
വീണ്ടും കേന്ദ്രപാക്കേജ്
പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവർക്ക് പ്രോത്സാഹനം നൽകാൻ ആത്മനിർഭർ ഭാരത് റോസ്‌ഗാർ യോജന എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. 1000 തൊഴിലാളികൾവരെയുള്ള സ്ഥാപനങ്ങളിൽ പുതുതായി ഇപിഎഫ്‌ഒയിൽ രജിസ്റ്റർ ചെയ്യുന്നവരുടെയും ഉടമയുടെയും വിഹിതം(മൊത്തം 24 ശതമാനം) രണ്ട് വർഷത്തേക്ക് സബ്‌സിഡിയായി നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൊഴിലാളിയുടെ വിഹിതമായ 12 ശതമാനം നൽകും. തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കും. 2021 ജൂൺ 30 വരെ അംഗങ്ങളായി ചേരുന്നവർക്ക് പ്രയോജനം ലഭിക്കും.
അമ്പത് തൊഴിലാളികളിൽ കുറവുള്ള സ്ഥാപനങ്ങൾ രണ്ട് പേർക്കെങ്കിലും പുതുതായി ജോലി നൽകണം. 50ൽ കൂടുതലുള്ള സ്ഥാപനങ്ങൾ അഞ്ചു പേരെ എടുക്കണം.
● ആദ്യമായി വീട് വാങ്ങുന്നവർക്ക് രണ്ടു കോടി രൂപയ്‌ക്കുവരെ ആദായനികുതി ഇളവ്. മുദ്രപ്പത്രനിരക്കും വാങ്ങൽ ഉടമ്പടി നിരക്കും തമ്മിലുള്ള വ്യത്യാസത്തിന് ആദായനികുതി 20ൽനിന്ന് 10 ശതമാനമാക്കി.
● രാസവളം സബ്‌സിഡി 65,000 രൂപ.
● കോവിഡ് വാക്‌സിൻ വികസിപ്പിക്കാൻ 900 കോടി.
● നഗരങ്ങളിലെ ഭവനനിർമാണമേഖലയ്‌ക്ക് 18,000 കോടി.
● അഞ്ചു വർഷ തിരിച്ചടവിൽ വിവിധ മേഖലകളിൽ വായ്‌പാ പദ്ധതി.
ജനങ്ങളുടെ നിലനിൽപ്പ് അപകടത്തിൽ: പിബി
മോഡി സർക്കാരിന്റെ നയങ്ങൾ സൃഷ്ടിച്ച ഭീമമായ സാമ്പത്തികത്തകർച്ച ജനങ്ങളുടെ നിലനിൽപ്പുതന്നെ അപകടത്തിലാക്കിയെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. ചരിത്രത്തിൽ ആദ്യമായി രാജ്യം സാമ്പത്തികമാന്ദ്യത്തിൽ പ്രവേശിച്ചതായി റിസർവ് ബാങ്ക് സ്ഥിരീകരിച്ചു. സമ്പദ്‌ഘടന തുടർച്ചയായി ഇടിയുന്നത് ജനങ്ങളുടെ ജീവിതമാർഗം തകർക്കുകയും കോടിക്കണക്കിനുപേരെ ദാരിദ്ര്യത്തിലാക്കുകയും ചെയ്യും. പട്ടിണിയും ദുരിതവും പടരും.
പൊതുനിക്ഷേപം ഉയർത്തിയും അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ആഭ്യന്തരവാങ്ങൽശേഷി വർധിപ്പിക്കുന്ന വിധത്തിൽ തൊഴിലുകൾ സൃഷ്ടിച്ചും മാത്രമേ സമ്പദ്‌ഘടനയെ കരകയറ്റാനാകൂ. ദേശീയ ആസ്‌തികളുടെ കൊള്ള അവസാനിപ്പിക്കണം. ഇലക്ടറൽ ബോണ്ട് സംവിധാനം, പ്രധാനമന്ത്രിയുടെ സ്വകാര്യഫണ്ട് എന്നിവ പിൻവലിക്കണം. ഈ പണവും പൊതുഫണ്ടിലേക്ക് വകമാറ്റുകയും ജനങ്ങൾ പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വിനിയോഗിക്കുകയും ചെയ്യണം–- പ്രസ്‌താവനയിൽ പറഞ്ഞു.
No comments:
Post a Comment