ഓൺലൈൻ മാധ്യമങ്ങൾക്ക് സെൻസർഷിപ്പും നിയന്ത്രണവും കൊണ്ടുവന്ന് സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനു നേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. സംഘപരിവാറിന്റെ വരുതിക്കുനിൽക്കാത്ത മാധ്യമങ്ങളെ നിയമത്തിന്റെ വാളോങ്ങി നിശ്ശബ്ദമാക്കുകയാണ് ലക്ഷ്യം. ഓൺലൈൻ വഴിയുള്ള വാർത്താപ്രചാരണത്തിനും വിനോദ പരിപാടികളുടെ സംപ്രേഷണത്തിനും നിയന്ത്രണം ഏർപ്പെടുത്തി ബുധനാഴ്‌ച രാഷ്‌ട്രപതി ഒപ്പുവച്ച ഓർഡിനൻസ് മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അവസാന പ്രതീക്ഷയും തല്ലിക്കെടുത്തുന്നതാണ്.
ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സംപ്രേഷണം ചെയ്യുന്ന സിനിമകൾ, വിനോദപരിപാടികൾ എന്നിവയ്‌ക്കൊപ്പം വാർത്താ പോർട്ടലുകളും വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കാനാണ് തീരുമാനം. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ സിനിമകളും ദൃശ്യ, ശ്രാവ്യ പരിപാടികളും വാർത്തകളും സമകാലീന രാഷ്‌ട്രീയ, സാമൂഹ്യ പരിപാടികളുമെല്ലാം മന്ത്രാലയത്തിന്റെ മുൻകൂർ പരിശോധനയ്‌ക്കു വിധേയമാകും. ഇതിനാവശ്യമായ നിയന്ത്രണ സംവിധാനങ്ങൾക്ക് ഉടൻ രൂപംനൽകും. ഇതോടെ അടിയന്തരാവസ്ഥയിലെ മാധ്യമ സെൻസർഷിപ്പിനു സമാനമായ അവസ്ഥയാണ് മാധ്യമരംഗം നേരിടേണ്ടിവരിക. സംപ്രേഷണം ചെയ്യേണ്ട സിനിമകളും വിനോദ പരിപാടികളും വാർത്തകളും വിശകലനങ്ങളുമെല്ലാം ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ ദയാദാക്ഷിണ്യത്തിനു വിട്ട് നിശ്ശബ്ദരായിരിക്കാൻ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും നിർബന്ധിതമാകും.
ദേശീയ–-പ്രാദേശിക അച്ചടി, ദൃശ്യമാധ്യമങ്ങളെ സമ്മർദവും സ്വാധീനവും വഴി മുമ്പേ വരുതിയിലാക്കിയിട്ടുണ്ട് മോഡി സർക്കാർ. മോഡി അനുകൂലികളായ കോർപറേറ്റ് വ്യവസായികളാണ് ഭൂരിഭാഗം മാധ്യമസ്ഥാപനങ്ങളെയും നിയന്ത്രിക്കുന്നത്. അതേസമയം, കേന്ദ്രത്തിന്റെ ദുഷ്‌ചെയ്‌തികൾ തുറന്നുകാണിക്കാൻ സാമൂഹ്യമാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും തയ്യാറാകുന്നു. മുഖ്യധാരാ മാധ്യമങ്ങളേക്കാൾ ജനസ്വാധീനവും വ്യാപകത്വവുമുള്ള ഓൺലൈൻ മാധ്യമങ്ങൾ കേന്ദ്ര സർക്കാരിനോട് ധീരമായി പൊരുതുന്ന അനുഭവങ്ങൾ എത്രയോ ചൂണ്ടിക്കാട്ടാനാകും. അധികാരകേന്ദ്രങ്ങളുടെ ഭീഷണി വകവയ്‌ക്കാതെ സത്യം പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും വേട്ടയാടിയ സംഭവങ്ങളും ധാരാളം. വാർത്ത നൽകിയതിന്റെയും സംഘപരിവാറിനെ വിമർശിച്ചതിന്റെയും പേരിൽ ജാമ്യമില്ലാതെ ജയിലിൽ കിടക്കുന്ന മാധ്യമപ്രവർത്തകരുള്ള നാടാണിത്. അവരുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ നീതിപീഠങ്ങൾ മടിക്കുന്നു. മോഡി സർക്കാരിന്റെ പ്രചാരണം ഏറ്റെടുത്ത മാധ്യമപ്രവർത്തകർക്ക് എത്ര ഗുരുതര കേസിലും ദിവസങ്ങൾക്കകം ജാമ്യം കിട്ടുന്ന അനുഭവവുമുണ്ട്.
അധികാരകേന്ദ്രങ്ങളുടെ ഭീഷണിക്ക് വഴങ്ങാത്ത ധീരവും ഗൗരവപൂർണവുമായ മാധ്യമപ്രവർത്തനത്തിന്റെ ബദൽ വേദിയായി ഓൺലൈൻ വാർത്താരംഗം മാറുകയാണ്. ഭീഷണിയും അടിച്ചമർത്തലുംകൊണ്ട് വരുതിയിലാക്കാൻ കഴിയാത്തത്ര കരുത്തും അംഗീകാരവും ഈ മാധ്യമ മേഖല കൈവരിക്കുന്നു. വ്യക്തികളെയും സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തുന്നത് അടക്കമുള്ള അനഭിലഷണീയ പ്രവണതകൾ ഓൺലൈൻ മാധ്യമരംഗത്തെ ഗുരുതരമായ പ്രശ്‌നമാണെന്നതും ശരിയാണ്. ന്യായത്തിനും നീതിക്കുംവേണ്ടി ധീരമായി പ്രവർത്തിക്കുന്നവരുടെ വായ മൂടിക്കെട്ടാനാണ് കരിനിയമത്തിലൂടെ കേന്ദ്രം ശ്രമിക്കുന്നത്. സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കുകയാകും നിശ്ചയമായും അടുത്ത ലക്ഷ്യം.
വിദ്വേഷപ്രകടനത്തെ അഭിപ്രായ സ്വാതന്ത്ര്യമായും സർക്കാരിനെതിരായ വിമർശനങ്ങളെ രാജ്യദ്രോഹമായും ചിത്രീകരിക്കുന്ന വിചിത്രവും പരിഹാസ്യവുമായ ഇരട്ടനീതിയുടെ കാലമാണിത്. വിദ്വേഷപ്രകടനത്തെ അഭിപ്രായ സ്വാതന്ത്ര്യമായി കണക്കാക്കണമെന്നാണ് സുപ്രീംകോടതി പരിഗണിക്കുന്ന സുദർശൻ ടിവി കേസിൽ സംഘപരിവാർ വാദിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ സംബന്ധിച്ച് സുപ്രീംകോടതിയിലുള്ള കേസുകൾ അപ്രസക്തമാക്കുന്ന നിയമപരമായ കൈയേറ്റമാണ് പുതിയ ഉത്തരവിലൂടെ കേന്ദ്രം നടത്തുന്നത്. ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്നതു സംബന്ധിച്ച കേസും ഇതോടെ അപ്രസക്തമാകും.
ഇന്ത്യൻ സംസ്‌കാരത്തിനു നിരക്കാത്ത പരിപാടികൾ ഒടിടി പ്ലാറ്റ്‌ഫോമിൽ സംപ്രേഷണം ചെയ്യുന്നുവെന്നാണ് സംഘപരിവാറിന്റെ വാദം. ഒടിടി പ്ലാറ്റ്‌ഫോമുകളിലെ പരിപാടികൾ മോഡി സർക്കാരിനെ വിമർശിക്കുന്നതാണ് സെൻസർഷിപ്പിന്റെ യഥാർഥ കാരണം. വിമർശനങ്ങളോടും സ്വതന്ത്രമായ ആവിഷ്‌കാരങ്ങളോടും സംഘപരിവാർ പുലർത്തുന്ന അസഹിഷ്‌ണുതയും വിദ്വേഷവുമാണ് ഇത് കാണിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്നതിൽ ചലച്ചിത്രമേഖലയിൽനിന്ന് വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അടിച്ചേൽപ്പിച്ച സെൻസർഷിപ്പിനെതിരെ ധീരമായി പൊരുതിയ ചരിത്രമുണ്ട് ഇന്ത്യയിലെ മാധ്യമങ്ങൾക്ക്. ‘ദേശാഭിമാനി’ അടക്കം കടുത്ത മുൻകൂർ സെൻസർഷിപ്പിന് അന്ന് വിധേയമായി. അടിയന്തരാവസ്ഥയെ എതിർത്ത ഭൂരിഭാഗം മാധ്യമങ്ങളും മുട്ടിലിഴയുകയാണ് ഇപ്പോൾ. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും സ്വതന്ത്രമാധ്യമ പ്രവർത്തനവും എത്രനാൾ എന്ന ആശങ്കയാണെങ്ങും. പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെയും സംഘപരിവാർ ലക്ഷ്യമിട്ടുകഴിഞ്ഞു. നിശ്ശബ്ദരായിരിക്കാൻ കഴിയാത്തത്ര ഭീഷണിയിലാണ് ഇന്ത്യ എന്ന ആശയവും പൗരന്റെ അവകാശങ്ങളും.
deshabhimani editorial 13112020
No comments:
Post a Comment