Thursday, November 12, 2020

ഇഡി ആദ്യം പറഞ്ഞത്‌ മാറ്റിപ്പറയുന്നു; വാദത്തിലെ വൈരുദ്ധ്യം തുറന്നുകാട്ടി കോടതി

കൊച്ചി > നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷ്‌ ബാങ്ക്‌ ലോക്കറിൽ സൂക്ഷിച്ചിരുന്ന പണം സംബന്ധിച്ച്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തലിനെ ചോദ്യം ചെയ്‌ത്‌ കോടതി. സ്വർണക്കടത്തിലൂടെ സ്വപ്‌ന സമ്പാദിച്ച പണമാണ്‌ ലോക്കറിൽ ഉണ്ടായിരുന്നതെന്നാണ്‌ ഇഡി ആദ്യം പറഞ്ഞത്‌.

മുൻ ഐടി സെക്രട്ടറി ശിവശങ്കറിന്‌ ലൈഫ്‌ ഭവനപദ്ധതിയിലൂടെ കമീഷനായി കിട്ടിയ പണമാണ്‌ അതെന്ന്‌ പിന്നീട്‌ തിരുത്തി. അങ്ങനെയെങ്കിൽ അത്‌ ഇഡി അന്വേഷണത്തിന്റെ പരിധിയിൽ വരില്ലെന്നും ആ വാദത്തിൽ വൈരുധ്യമില്ലേ എന്നുമായിരുന്നു കോടതിയുടെ ചോദ്യം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വാദംകേൾക്കവെയാണ്‌ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്‌ കോടതിയുടെ സുപ്രധാന നിരീക്ഷണം.

സ്വപ്‌നയുടെ ലോക്കറിലുണ്ടായിരുന്നത്‌ ലൈഫ് മിഷനിൽ ശിവശങ്കറിന്‌ ലഭിച്ച കോഴയാണെന്ന ഇഡിയുടെ കണ്ടെത്തൽ, ഇഡിയുടെതന്നെ കേസിന് എതിരാണെന്ന് കോടതി നിരീക്ഷിച്ചു.  ഇത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ല. മറ്റു പദ്ധതികളിൽനിന്ന് കോഴ ലഭിച്ചതിനെ ഈ കേസുമായി ബന്ധിപ്പിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. വസ്‌തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ്‌ കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ്‌ ഇഡി ശ്രമിക്കുന്നതെന്ന്‌ ശിവശങ്കറിനുവേണ്ടി ഹാജരായ അഡ്വ. രാമൻപിള്ള പറഞ്ഞു. ഇഡിയ്‌ക്ക്‌ വേറെ ലക്ഷ്യമാണ്‌. അവർ തയ്യാറാക്കിനൽകിയ ചോദ്യാവലിയുടെ ഓരോ പേജിലും രണ്ട്‌ ചോദ്യങ്ങൾ മുഖ്യമന്ത്രിയെക്കുറിച്ചാണെന്ന്‌ പ്രതിഭാഗം പറഞ്ഞു.

സ്വപ്‌ന നൽകിയ വിവരമനുസരിച്ചാണ്‌, ലോക്കറിലെ പണം സ്വർണക്കടത്തിൽനിന്ന്‌ സമ്പാദിച്ചതാണെന്ന്‌  പറഞ്ഞതെന്ന്‌ ഇഡി  വാദിച്ചു. ശിവശങ്കറിനെ രക്ഷപ്പെടുത്താനാണ്‌ സ്വപ്‌ന തെറ്റായ വിവരങ്ങൾ നൽകിയത്‌. വാട്‌സാപ്‌ ചാറ്റുകളിൽനിന്നാണ്‌ പുതിയ തെളിവുകൾ കിട്ടിയതെന്നും ഇഡി വാദിച്ചു. ഇതെല്ലാം സ്വപ്‌നയുടെ മൊഴിമാത്രമാണെന്നും ഇഡി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പ്രതിഭാഗം പറഞ്ഞു. ലൈഫ്‌ മിഷനിൽ സ്വപ്‌നയ്‌ക്ക്‌ കമീഷൻ കിട്ടിയതുമായി ബന്ധപ്പെട്ട ഒരു വാട്‌സാപ് ചാറ്റും ഇഡിയുടെ പക്കലില്ല. രണ്ടുദിവസം മുമ്പുമാത്രം സ്വപ്‌ന‌ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഇഡി ഉണ്ടാക്കിയ കഥയാണ്‌ ഇത്‌.

സ്വപ്‌നയുടെ ആവശ്യപ്രകാരം ശിവശങ്കർ ഉന്നത കസ്‌റ്റംസ്‌ ഉദ്യോഗസ്ഥനെ വിളിച്ചെന്ന ഇഡിയുടെ കണ്ടെത്തൽ ശരിയല്ല. കസ്‌റ്റംസിലെ ഏത്‌ ഉദ്യോഗസ്ഥനെ വിളിച്ചെന്ന്‌ ഇഡി പറയുന്നില്ല. ശിവശങ്കർ വിളിച്ചത്‌ കൊച്ചിയിലെ ഫുഡ്‌ ആൻഡ്‌ സേഫ്‌റ്റി കമീഷണറെയാണ്‌. കൊച്ചി വിമാനത്താവളത്തിൽ വന്ന ഭക്ഷ്യപാഴ്‌സലിന്റെ കാര്യത്തിനാണ്‌ അതെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു. ദിവസം മുഴുവൻ നീണ്ട വാദത്തിനുശേഷം 26 വരെ ശിവശങ്കറെ കോടതി റിമാൻഡ്‌ ചെയ്‌തു. ജാമ്യാപേക്ഷയിൽ ചൊവ്വാഴ്‌ച വിധി പറയും.

No comments:

Post a Comment