എട്ടു മണിക്കൂർ ജോലിയെന്ന ലോകം അംഗീകരിച്ച നയം കാറ്റിൽപറത്തി തൊഴിലാളികളെ ദിവസം 12 മണിക്കൂർവരെ പണിയെടുപ്പിക്കാൻ കേന്ദ്രസർക്കാർ ലേബർ കോഡ് കരട് ചട്ടങ്ങളിൽ വ്യവസ്ഥ. തൊഴിലാളികളെ അടിമകളാക്കിമാറ്റുന്ന വിധത്തിൽ തൊഴിൽനിയമങ്ങൾ ഭേദഗതി ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശം. ആഴ്‌ചയിൽ 48 മണിക്കൂർവരെ പണിയെടുപ്പിക്കാനും കരട് വ്യവസ്ഥ ചെയ്യുന്നു. രാജ്യാന്തര തലത്തിൽ അംഗീകരിച്ച ദിവസം എട്ടുമണിക്കൂർ ജോലിയാണ് ഇന്ത്യയും ഇതുവരെ പിന്തുടർന്നിരുന്നത്.
സ്ഥിരം തൊഴിലിനുപകരം കരാർ തൊഴിൽസമ്പ്രദായം പ്രോത്സാഹിപ്പിക്കാനുള്ള വ്യവസ്ഥകളും കരടിൽ ഉൾപ്പെടുത്തി. തൊഴിൽമന്ത്രാലയത്തിന്റെ ശ്രം സുവിധ പോർട്ടലിൽനിന്ന് കരാറുകാർക്ക് ലൈസൻസ് എടുക്കാം. 49 കരാർ തൊഴിലാളിക്കുവരെ ലൈസൻസ് ഫീസ് ഇല്ല.
കരടിലെ മറ്റു നിർദേശങ്ങൾ
●തൊഴിലാളികളെ തുടർച്ചയായി അഞ്ച് മണിക്കൂർ വരെ പണിയെടുപ്പിക്കാം. ഇതിനുശേഷം അരമണിക്കൂർ ഇടവേള നൽകണം.
●അസംഘടിത മേഖല തൊഴിലാളികൾക്കായി ദേശീയ സാമൂഹ്യസുരക്ഷാ ബോർഡ് രൂപീകരിക്കും. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഏഴ് പേരെ കേന്ദ്രസർക്കാർ ബോർഡിലേക്ക് നാമനിർദേശം ചെയ്യും. ലോക്‌സഭയിൽനിന്ന് രണ്ടുപേരെയും രാജ്യസഭയിൽനിന്ന് ഒരാളെയും വിവിധ കേന്ദ്രസർക്കാർ വകുപ്പുകളിൽനിന്ന് ആറ് പേരെയും ഉൾപ്പെടുത്തും. സംസ്ഥാനസർക്കാരുകളുടെ പ്രതിനിധികളായി അഞ്ച് പേരെ കേന്ദ്രം നാമനിർദേശം ചെയ്യും. മൂന്ന് വർഷമാണ് അംഗങ്ങളുടെ കാലാവധി
●വർഷം 180 ദിവസമെങ്കിലും ജോലി ചെയ്‌ത അതിഥിത്തൊഴിലാളികൾക്ക് നാട്ടിൽ പോയിവരാനുള്ള സെക്കൻഡ് ക്ലാസ് ട്രെയിൻ ടിക്കറ്റ് നിരക്കിൽ കുറയാത്ത തുക തൊഴിലുടമ നൽകണം
●അന്തർ സംസ്ഥാന അതിഥിത്തൊഴിലാളികൾക്കായി തൊഴിൽ മന്ത്രാലയം ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ സ്ഥാപിക്കണം.
●അതിഥിത്തൊഴിലാളികളുടെ സുരക്ഷ, ആരോഗ്യം, ക്ഷേമം എന്നിവയെക്കുറിച്ച് കേന്ദ്രസർക്കാർ പഠിക്കണം. ഇക്കാര്യങ്ങളിൽ സംസ്ഥാനസർക്കാരുകളുമായി കൂടിയാലോചന നടത്തണം
No comments:
Post a Comment