ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനുണ്ടായ തിരിച്ചടി ആ പാർടിയുടെ അവസ്ഥയെ തുറന്നു കാട്ടുന്നു. ബിഹാറിൽ മഹാസഖ്യത്തിന്റെ ഭാഗമായി 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 19 സീറ്റിൽ മാത്രമേ വിജയിക്കാൻ കഴിഞ്ഞുള്ളു. 2015ൽ ആർജെഡിക്ക് ഒപ്പം 41 സീറ്റിൽ മത്സരിച്ച് 27 സീറ്റിൽ വിജയിച്ച കോൺഗ്രസിനാണ് ഏറ്റവും വലിയ തകർച്ചയുണ്ടായത്. 2015ൽ 65.9 ശതമാനം വിജയ നിരക്കുണ്ടായിരുന്ന ആ പാർടിക്ക് ഇത്തവണ അത് 27.1 ശതമാനമായി ഇടിഞ്ഞു.
മഹാസഖ്യത്തിലെ ദുർബലമായ കണ്ണിയായി കോൺഗ്രസിനെ വിശേഷിപ്പിച്ച ആർജെഡിയുടെ മുതിർന്ന നേതാവ് ശിവാനന്ദ് തിവാരി ശക്തമായ വിമർശനമാണ് ഉയർത്തിയത്. കോൺഗ്രസിന് സീറ്റു കുറച്ച്, ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ഇടതുപക്ഷത്തിന് കൂടുതൽ സീറ്റുകൾ നൽകിയിരുന്നെങ്കിൽ എൻഡിഎയെ പരാജയപ്പെടുത്താൻ കഴിയുമായിരുന്നെന്ന് പൊതുവായ വിശകലനങ്ങൾ വ്യക്തമാക്കുന്നു.
ബിജെപിക്ക് ബദലായി കോൺഗ്രസിനെ കാണാൻ തയ്യാറാകാത്ത വോട്ടർമാർ മറ്റൊരു അപകടംകൂടി കണ്ടിട്ടുണ്ടാകും. മറ്റു പല സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ വിജയിപ്പിച്ച വോട്ടർമാർ വഞ്ചിക്കപ്പെട്ടത് ബിഹാറിലെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാകണം.
ഗുജറാത്തിൽ എട്ടു സീറ്റിലും ഉപതെരഞ്ഞെടുപ്പ് നടന്നത് കോൺഗ്രസ് എംഎൽഎമാർ കൂറുമാറി രാജിവച്ചതിന്റെ ഭാഗമായാണ്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയമുറപ്പിക്കുന്നതിന് വേണ്ടിയാണ് ഇവർ രാജിവച്ചത്. ഈ സീറ്റുകളിലേക്ക് ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചു. രണ്ടു സീറ്റിൽ കെട്ടിവച്ച കാശുപോലും നൽകാതെയാണ് ജനങ്ങൾ വഞ്ചനയ്‌ക്ക് പകരം വീട്ടിയത്. കോൺഗ്രസിൽനിന്നും രാജിവച്ചവർ തന്നെയാണ് അഞ്ചു സീറ്റിൽ മത്സരിച്ചത്. ഫലത്തിൽ ബിജെപിയെ ശക്തിപ്പെടുത്തുകയാണ് കോൺഗ്രസ് ചെയ്തത്. ഈ തെരഞ്ഞെടുപ്പ് ഫലത്തോടെ അവശേഷിക്കുന്ന കോൺഗ്രസ് എംഎൽഎമാരും ബിജെപിയിലേക്ക് വരുമെന്ന് ബിജെപി മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 2017ൽ വഗേലയുടെ നേതൃത്വത്തിൽ 17 എംഎൽഎമാർ കോൺഗ്രസിൽനിന്നും രാജിവച്ചിരുന്നു എന്നതും പ്രസക്തം.
മധ്യപ്രദേശിൽ 28 സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടി വന്നതും കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് കൂറുമാറിയതോടെയാണ്. കഴിഞ്ഞ ലോക്‌സഭയിൽ കോൺഗ്രസ് ഉപനേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയാണ് അതിന് നേതൃത്വം നൽകിയത്. ബിജെപിക്ക് ബദലായി ജനങ്ങൾ തെരഞ്ഞെടുത്ത മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന് ഇതുവഴി ഭൂരിപക്ഷം നഷ്ടപ്പെട്ട് രാജിവയ്‌ക്കേണ്ടി വന്നു. ഈ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 19 സീറ്റിലും ബിജെപി വിജയിച്ചു. മണിപ്പുരിൽ അഞ്ചു സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നതും കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയതിനെ തുടർന്നാണ്. അവിടെയും ഒരു സീറ്റിലും കോൺഗ്രസിന് വിജയിക്കാനായില്ല. ഇവിടെ ആകെ 13 എംഎൽഎമാരാണ് കോൺഗ്രസിൽനിന്നും കൂറുമാറിയത്.
ഇതോടൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്ന യുപിയിൽ കോൺഗ്രസിന് ദയനീയ പരാജയമാണുണ്ടായത്. മൽഹാനിയിൽ 2671, ദൊരാറിയയിൽ 3692, നൗഗവാനിൽ 4532 എന്നിങ്ങനെയാണ് കോൺഗ്രസിന് കിട്ടിയ വോട്ടുകൾ. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തെ കോൺഗ്രസിന്റെ ദയനീയമായ അവസ്ഥയാണ് ഇതു കാണിക്കുന്നത്. രണ്ടു ശതമാനം വോട്ടുകൾ പോലും നേടാൻ കഴിയാത്ത പാർടിയായി കോൺഗ്രസ് മാറി.
ഭരണഘടനയെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുന്ന ബിജെപിക്കെതിരായി വിശാലമായ യോജിപ്പും സ്ഥായിയായ മതനിരപേക്ഷ നിലപാടും വേണമെന്ന് ആഗ്രഹിക്കുന്നവരിൽ ഉൽക്കണ്ഠയുളവാക്കുന്നതു കൂടിയാണിത്. കോൺഗ്രസിന്റെ ദൗർബല്യം മനസ്സിലാക്കിയും മതനിരപേക്ഷ, ജനാധിപത്യ ശക്തികളുടെ ധാരണയ്‌ക്ക് മുൻകൈ എടുക്കുന്നവർ മാത്രമല്ല ഈ വിമർശം ഉയർത്തുന്നത്. കോൺഗ്രസിനകത്തുനിന്നും വിയോജിപ്പുകൾ ഉയരുന്നുവെന്നത് കാണാതിരുന്നുകൂടാ.
ബിജെപിക്ക് ഫലപ്രദമായ ബദൽ ആയി കോൺഗ്രസിനെ ജനങ്ങൾ കാണുന്നില്ലെന്ന ശക്തമായ വിമർശനം കോൺഗ്രസ് നേതാവായ കപിൽ സിബൽ തന്നെ പരസ്യമായി ഉന്നയിച്ചു. ജനങ്ങൾ തങ്ങളിലേക്ക് വരുമെന്ന് ഇനി പ്രതീക്ഷിക്കാൻ കഴിയില്ല എന്നും അതുപോലൊരു ശക്തിയല്ല ഇന്ന് കോൺഗ്രസ് എന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഒറ്റപ്പെട്ട അഭിപ്രായമല്ല. ശക്തമായ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്നതിന് കോൺഗ്രസിന് കഴിയുന്നില്ല. രാമക്ഷേത്ര നിർമാണം സർക്കാർ പരിപാടിയാക്കി മാറ്റിയതിനോട് പ്രതികരിച്ചില്ലെന്നു മാത്രമല്ല അതിനെ പിന്തുണച്ച് പരിപാടികൾ സംഘടിപ്പിക്കുകയാണ് കോൺഗ്രസ് നേതാക്കൾ ചെയ്തത്. ബാബ്‌റി മസ്ജിദ് തകർത്ത കേസിലെ വിധിന്യായത്തോട് കുറ്റകരമായ മൗനം പാലിച്ചതും ഇതേ വിധേയത്വത്തിന്റെ ഭാഗം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതുൾപ്പെടെയുള്ള പ്രശ്നങ്ങളിലും സമയത്ത് പ്രതികരിക്കാൻ കോൺഗ്രസ് തയ്യാറായിരുന്നില്ല.
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ ഉയർത്തുന്നതിലും അവർ പരാജയപ്പെടുന്നു. കർഷക നിയമഭേദഗതികൾ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നെന്നത് പ്രതിഷേധങ്ങളെ ദുർബലമാക്കി. തെരഞ്ഞെടുപ്പ് പോലെ നിർണായക സന്ദർഭങ്ങളിൽ നേതൃത്വം എവിടെയാണെന്ന് ആർക്കും അറിയാത്ത അവസ്ഥയാണെന്ന് പാർടി നേതാക്കൾ തന്നെ പറയുന്നു.
ബിജെപിക്ക് ബദലാകാൻ കഴിയുന്നില്ലെന്ന വിമർശനത്തേക്കാളും ഗൗരവമാണ് സ്ഥിതിയെന്നത് കേരളത്തിലെ കോൺഗ്രസ് സമീപനം വ്യക്തമാക്കുന്നു. ബിജെപിയുടെ ഭാഗമെന്ന നിലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ കോൺഗ്രസ് ഫലത്തിൽ ബദലാകാനല്ല, അവരുടെ വാലാകാനാണ് ശ്രമിക്കുന്നത്. ഇടതുപക്ഷ വിരുദ്ധത മാത്രമാണ് കോൺഗ്രസിനെ നയിക്കുന്നത്. സംഘപരിവാരത്തിന്റെ ഭാഗമായ സ്വദേശി ജാഗരൺ മഞ്ചിന്റെ അഭിഭാഷകനായി കോൺഗ്രസ് നേതാവ് തന്നെ വന്നത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. അഭിഭാഷക മികവല്ല, കെപിസിസി ഭാരവാഹിത്വമാണ് സംഘപരിവാരത്തിന്റെ തെരഞ്ഞെടുക്കലിന്റെ മാനദണ്ഡമെന്നത് ആർക്കാണ് അറിയാത്തത്.
വികസന കാര്യത്തിൽ അത്ഭുതകരമായ മുന്നേറ്റം ജനവികാരത്തെ ഇടതുപക്ഷത്തിന് അനുകൂലമാക്കുന്നെന്ന തിരിച്ചറിവാണ് ജനങ്ങൾക്ക് എതിരെ തിരിയുന്നതിന് കോൺഗ്രസ് ബിജെപി കൂട്ടുകെട്ടിനെ പ്രേരിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിനെതിരെ സ്ഥായിയായ നിലപാട് സ്വീകരിക്കുന്നതിൽ ദൗർബല്യം കാണിക്കുന്നെങ്കിലും അന്വേഷണ ഏജൻസികളുടെ രാഷ്ട്രീയ ദുരുപയോഗത്തിനെതിരെ ശക്തമായ വിമർശനം കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം സ്വീകരിച്ചിരുന്നു. എന്നാൽ, കേരളത്തിലെ കോൺഗ്രസ് അന്വേഷണ ഏജൻസികളുടെ ദുരുപയോഗത്തെ ബിജെപിക്കൊപ്പം വാഴ്‌ത്തുന്നു. ഫലത്തിൽ രണ്ടു പാർടികളും തമ്മിൽ വ്യത്യാസമില്ലാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്.
ഇടതുപക്ഷത്തെ പരാജയപ്പെടുത്തി കോൺഗ്രസിനെ വിജയിപ്പിക്കുന്നതിനാണ് ബിജെപി ശ്രമിക്കുന്നത്. അതു കഴിഞ്ഞാൽ ബിജെപിയായി മാറാൻ തയ്യാറുള്ള ജനപ്രതിനിധികളെയാണ് ഒരുക്കിയെടുക്കുന്നതെന്ന ശരിയായ ധാരണ ബിജെപിക്കുണ്ട്. അതിനു നേതൃത്വം നൽകാൻ തയ്യാറായ ജ്യോതിരാദിത്യ സിന്ധ്യമാരെ ചെന്നിത്തലാദികളിൽ അവർ കാണുന്നുണ്ട്. തലമുതിർന്ന നേതൃത്വത്തെ പോലും അവഗണിച്ച് ബിജെപി പ്രവർത്തിക്കുന്നത് ഇക്കൂട്ടരെ മുന്നിൽ കണ്ടാണ്.
മതനിരപേക്ഷ ജനാധിപത്യ കേരളത്തിന്റെ തുടർച്ചയ്‌ക്ക് ഇടതുപക്ഷത്തിന്റെ തുടർച്ചയും അനിവാര്യമാകുന്നത് ഈ സാഹചര്യത്തിൽ കൂടിയാണ്. ബിഹാർ തെരഞ്ഞെടുപ്പിൽ 16 സീറ്റിൽ ഇടതുപക്ഷത്തിന് വിജയിക്കാൻ കഴിഞ്ഞത് ആത്മവിശ്വാസം പകരുന്ന ഘടകമാണ്. 2015ലെ തെരഞ്ഞെടുപ്പിൽ കേവലം 1.3 ശതമാനം വിജയനിരക്ക് മാത്രം ഉണ്ടായിരുന്ന ഇടതുപക്ഷത്തിന് 2020ൽ 55.2 ശതമാനത്തിലേക്ക് ഉയരാൻ കഴിഞ്ഞത് സ്ഥായിയായ മതനിരപേക്ഷ ജനകീയ നിലപാടുകൾ സ്വീകരിക്കാനും ജനകീയ മുന്നേറ്റങ്ങൾ സംഘടിപ്പിക്കാനും കഴിഞ്ഞതിന്റെ കൂടി ഭാഗമാണ്.
അംഗബലത്തിനപ്പുറത്ത് മുന്നണിക്ക് ഇടതുപക്ഷം നൽകുന്ന കുതിപ്പാണ് പ്രധാനമെന്ന് ആർജെഡി നേതാവ് മനോജ് ഝാ തെരഞ്ഞെടുപ്പിന് മുമ്പ് വ്യക്തമാക്കിയിരുന്നു. കോൺഗ്രസാണ് തകർച്ച നൽകുന്ന ഘടകമെന്ന് ഇപ്പോൾ അവർ വ്യക്തമാക്കിയതും പ്രസക്തം. ഈ അനുഭവത്തിന്റെ കൂടി അടിസ്ഥാനത്തിൽ ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയ കേരളത്തിലെ കോൺഗ്രസിനെ പരാജയപ്പെടുത്തേണ്ടത് രാജ്യത്തെ ബിജെപി വിരുദ്ധ മതനിരപേക്ഷ ജനാധിപത്യ ചേരിക്ക് പുതിയ കുതിപ്പ് നൽകും.
പി രാജീവ്
No comments:
Post a Comment