കിഫ്‌ബിയെ ചാരി പ്രതിപക്ഷം നടത്തുന്ന നിഴൽയുദ്ധം സംസ്ഥാനത്തെ 54,000 കോടി രൂപയുടെ വികസന പദ്ധതികളെ സ്‌തംഭിപ്പിക്കും. ഇത് കേരളത്തിന്റെ വികസനം തകർക്കും. തെരഞ്ഞെടുപ്പ് നേട്ടമെന്ന കേവല രാഷ്‌ട്രീയലക്ഷ്യത്തിനായി സിഎജിയെ കൂട്ടുപിടിച്ചുള്ള പ്രതിപക്ഷ നീക്കത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്. രണ്ടുദശകങ്ങളെങ്കിലും മുൻകൂട്ടിക്കണ്ടുള്ള പദ്ധതികളെയാണ് കഴുത്ത് ഞെരിക്കാൻ ശ്രമിക്കുന്നത്. ഇതുവരെ 60,000 കോടിയുടെ പദ്ധതികൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. 5400 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയായി. 30,000 കോടി രൂപയുടെ പദ്ധതികൾ ടെൻഡർ നടപടികളിലാണ്. ഇവയാകെ അവതാളത്തിലാകും. യൂണിടാക് ഇടപാടിന്റെ പേരിൽ വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതി സ്‌തംഭിപ്പിച്ചത് മാതൃകയാക്കിയാണ് പുതിയ നീക്കം. ഇന്റർനെറ്റ് കുത്തകകൾക്കായി കെ ഫോണിനെ തകർക്കുക എന്നതും ഈ നീക്കത്തിന്റെ മറ്റൊരു ലക്ഷ്യമാണ്.
കിഫ്‌ബിയെ വിവാദത്തിലാക്കുന്നത് അന്താരാഷ്‌ട്ര ധന ഏജൻസികളിൽനിന്നടക്കം വികസന പദ്ധതികൾക്ക് പണം ലഭ്യമാക്കാനുള്ള ശ്രമങ്ങൾക്കും തിരിച്ചടിയാകും. പാവപ്പെട്ടവർക്ക് അടച്ചുറപ്പുള്ള വീട് ലഭ്യമാക്കുന്ന ലൈഫ് മിഷൻ, വിവരസാങ്കേതികതയുടെ പ്രയോജനം സാധാരണക്കാരിൽ എത്തിക്കാനുള്ള കെ- ഫോൺ, യുവാക്കൾക്ക് തൊഴിൽ നൽകാനാകുന്ന ടോറസ് ഐടി പാർക്ക്, ഇലക്ട്രിക് വാഹനമെന്ന ലക്ഷ്യത്തിനായുള്ള ഇ മൊബിലിറ്റി തുടങ്ങിയ പദ്ധതികൾ അട്ടിമറിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടർച്ചയായി ശ്രമിക്കുന്നു. ഇതിന്റെ തുടർച്ചയായാണ് കിഫ്‌ബിക്കെതിരെയും സംശയപുകമറ സൃഷ്ടിക്കുന്നത്.
രാജ്യം മാന്ദ്യത്തിന്റെ പിടിയിൽ അമർന്നപ്പോഴും കേരളം വികസന പ്രവർത്തനങ്ങളിൽ പിന്നോട്ടായില്ല. അതിനെ തകർക്കാനാണ് ബിജെപിക്കൊപ്പം യുഡിഎഫും പ്രതിപക്ഷ നേതാവും കൈകോർക്കുന്നത്. കേരളത്തിന്റെ വിവിധ വികസന പദ്ധതികളുടെ ചുറ്റുവട്ടത്തായി അഞ്ച് കേന്ദ്ര അന്വേഷണ ഏജൻസിയാണ് വട്ടമിട്ട് പറക്കുന്നത്. ഇവയ്‌ക്കൊന്നിനും കിഫ്‌ബിയെ ലക്ഷ്യംവയ്‌ക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സിഎജിയെ വളഞ്ഞവഴിയിൽ ഉപയോഗിച്ച് ചുറ്റിപ്പിടിക്കാൻ ശ്രമിക്കുന്നത്.
ജി രാജേഷ് കുമാർ
No comments:
Post a Comment